Image

അപൂർവ മനോഹരം ന്യൂജേഴ്‌സി അക്ഷർധാം മന്ദിർ; കാണാതെ പോകരുത് (നടപ്പാതയിൽ ഇന്ന് - 112: ബാബു പാറയ്ക്കൽ)

Published on 28 June, 2024
അപൂർവ മനോഹരം ന്യൂജേഴ്‌സി  അക്ഷർധാം മന്ദിർ; കാണാതെ പോകരുത്  (നടപ്പാതയിൽ ഇന്ന് - 112: ബാബു പാറയ്ക്കൽ)

ആർഷ ഭാരതീയ വാസ്‌തു ശിൽപ്പകല എന്നും ഒരു അത്ഭുതമായിട്ടാണ് ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആയിരം വർഷങ്ങൾക്കപ്പുറം നിർമ്മിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഇന്നും അതിന്റെ നേർചിത്രങ്ങളായി നിലകൊള്ളുന്നു. തെക്കേ ഇന്ത്യയിൽ തഞ്ചാവൂരും മധുരയും മുതൽ വടക്കേ ഇന്ത്യയിലെ ചില ഗ്രാമങ്ങളിലുള്ള ശിവക്ഷേത്രങ്ങൾ വരെ ഇന്നും മനസ്സിലാകാത്ത അത്ഭുതങ്ങളായി നിലകൊള്ളുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്തുള്ള റോബിൻസ്‌വിൽ ടൗണിൽ പണികഴിപ്പിച്ചിരിക്കുന്ന ബാപ്‌സ് സ്വാമിനാരായൺ അക്ഷർധാം മന്ദിർ. ന്യൂയോർക്ക് സിറ്റിയിൽ നിന്നും വെറും 60 മൈൽ ദൂരം മാത്രമേയുള്ളൂ.  

അമേരിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെതുമായ ഹിന്ദു ക്ഷേത്രമാണിത്.  213 അടി ഉയരത്തിൽ പ്രൗഢഗംഭീരമായി ഉയർന്നു നിൽക്കുന്ന സൗധ ഗോപുരം ന്യൂജേഴ്‌സി ടേൺ പൈക്കിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കാണാവുന്നതാണ്. 185 ഏക്കറിൽ പരന്നു കിടക്കുന്ന അക്ഷർധാം മന്ദിർ സമുച്ചയത്തിലേക്ക് കടക്കുന്നതിനു പ്രവേശന കവാടത്തിൽ പരിശോധനയുണ്ട്. ശനി, ഞായർ ദിവസങ്ങളിലും പ്രത്യേക അവധി ദിവസങ്ങളിലും പ്രവേശനത്തിന് ടിക്കറ്റ് എടുക്കേണ്ടതാണ്. പ്രവേശനം സൗജന്യമാണ്. എന്നാൽ അവരുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത്‌ കിട്ടിയ ബാർകോഡ് കാണിക്കണം. മറ്റു ദിവസങ്ങളിൽ അതിന്റെ ആവശ്യമില്ല.

അകത്തേക്കു കയറിയാൽ പരമോത്ക്കർഷമായ ശ്വേതരക്തവർണ്ണത്തിലുള്ള പ്രത്യേക മാർബിൾ പാകിയ വിശാലമായ മുറ്റമുണ്ട്. അവിടേയ്ക്കു കയറിവരുന്നവരെ സ്വാഗതമോതുവാനെന്ന പോലെ ഒറ്റക്കാലിൽ തപസു ചെയ്‌തു നിൽക്കുന്ന ഒരു യോഗീവര്യന്റെ പൂർണ്ണകായ പ്രതിമയുണ്ട്.

ഇത് തപോമൂർത്തി ശ്രീ നിൽകാന്ത് വർണിയുടേതാണ്. ഇത് ഭഗവാൻ സ്വാമിനാരായണന്റെ കൗമാരത്തിലെ നാമമാണ്. പൂർണ്ണമായി വെങ്കലത്തിൽ തീർത്ത ഈ പ്രതിമയ്ക്ക് 49 അടി ഉയരമാണുള്ളത്. സ്വാമി നാരായൺ ഈ ഭൂമിയിൽ ജീവിച്ച 49 വർഷങ്ങളുടെ സ്മരണാർഥമായിട്ടാണിത്. ശ്രീ നികാന്ത് വർണി തന്റെ ബാല്യത്തിൽ, വെറും 11 വയസ്സുള്ളപ്പോൾ ഏഴു വർഷങ്ങൾ കൊണ്ട് (1792 - 1799) ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു ചുറ്റും 8000 മൈൽ കാൽനടയായി യാത്ര ചെയ്‌ത്‌ ധാരാളം യുവാക്കളെ സ്നേഹത്തിലും സഹാനുഭൂതിയിലും ഊന്നി ജീവിക്കാൻ ആഹ്വാനം ചെയ്‌തു. അന്ന് അദ്ദേഹം യാത്ര ചെയ്‌ത റൂട്ട് ആലേഖനം ചെയ്‌ത ഒരു ബോർഡ് ഇതിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്.

ഈ മൂർത്തിയുടെ തൊട്ടു പുറകിലായി ക്ഷേത്രാങ്കണത്തിൽ വലിയൊരു ജലാശയമുണ്ട്. ഇതിലെ ജലം ഇന്ത്യയിലെ ഗംഗ, യമുന, നർമദ, ഗോദാവരി എന്നീ നാല് പുണ്യ നദികളിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്നതാണ്.  പിന്നീട് പ്രകൃതിയിൽ നിന്നും ലഭിച്ച മഴവെള്ളം മാത്രമാണ് ഇതിൽ ലയിച്ചു ജലനിരപ്പ് കൃത്യമായി സൂക്ഷിക്കുന്നത്. ഈ ജലാശയത്തിനു ചുറ്റിയാണ് ക്ഷേത്രകവാടത്തിനു മുൻപുള്ള 'സ്വാഗത കേന്ദ്ര'ത്തിലേക്ക് പ്രവേശിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധമായ ഇന്ത്യൻ ഹവേലി വാസ്‌തു കലയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ കൊത്തുപണികൾ നിർവ്വഹിച്ചിരിക്കുന്നത് മ്യാൻമർ (പഴയ ബർമ്മ) ലെ ഉൾനാടുകളിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തു കൊണ്ടുവന്ന തേക്കിൻ തടികളിലാണ്.  അതിനിടയിൽ ഹൈന്ദവ സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ നിരവധി പെയിന്റിംഗുകൾ ആകർഷകമായി ഒരുക്കിയിട്ടുണ്ട്..

ഈ 'വെൽക്കം സെന്ററിൽ' സന്ദർശകർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഇൻഫർമേഷൻ ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഇവിടെ ഒരു 'ഓറിയന്റേഷൻ തീയേറ്റർ' കൂടിയുണ്ട്. അക്ഷർധാം മന്ദിരത്തിന്റെ ചരിത്രവും അതിന്റെ പശ്ചാത്തലവും അത് നിർമ്മിക്കപ്പെടുന്ന രീതിയും എല്ലാം വിവരിക്കുന്ന 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചലച്ചിത്രം ഇവിടെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്നു. സന്ദർശകരുടെ സൗകര്യാർത്ഥം വിശാലമായ ശുചിമുറികളും ഈ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് പാദരക്ഷകൾ സൂക്ഷിക്കാനുള്ള പ്രത്യേക സ്ഥലമുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതായിട്ടുണ്ട്. വസ്ത്രധാരണത്തിൽ കാൽ മുട്ടുകൾ മൂടിയിരിക്കണം. മുകളിലേയ്ക്കു 'സ്ലീവ്‌ലെസ്' പാടില്ല. അല്ലാതെ വരുന്നവർക്ക് ധരിക്കുവാൻ പ്രത്യേകമായി മുണ്ടും ഷാളും അവർ തന്നെ നൽകുന്നതാണ്.

ക്ഷേത്രത്തിൽ കടന്നാൽ നാം ഏതോ ഒരത്ഭുത ലോകത്തിലാണെന്നു തോന്നും. മനുഷ്യന്റെ ജ്ഞാനോദയത്തിലേക്കുള്ള തീരാത്ത ദാഹത്തിന്റെ സാക്ഷാത്ക്കാരമാണ് അക്ഷർധാമിലേക്കു കാലു കുത്തുമ്പോൾ നമുക്ക് അനുഭവപ്പെടുക. ഇതിലെ മുഖ്യ ക്ഷേത്രം സ്വാമിനാരായണന് തന്നെ (1781-1831) സമർപ്പിച്ചിരിക്കുന്നു. ഇതിലെ മണ്ഡപം 'പരബ്രഹ്മ മണ്ഡപം' എന്നറിയപ്പെടുന്നു. ദൈവത്വത്തിന്റെ പ്രതാപം സദാ ബഹിർഗമിക്കുന്ന ഈ പരബ്രഹ്മ മണ്ഡപത്തിന്റെ കുംഭ ഗോപുരം അണ്ഡാകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഓരോ ശിൽപങ്ങളും കിറുകൃത്യമായി കൊത്തിയുണ്ടാക്കിയിരിക്കുന്നത് വാസ്തുശിൽപകലയിലെ നിർമ്മാണ വൈദഗ്ധ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ഓരോ ശിൽപ്പവും കല്ലിൽ കൊത്തിവച്ച കവിത പോലെ മനോഹരമാണ്. ആകെ 235 മണ്ഡപങ്ങളാണ് ഈ ക്ഷേത്ര സമുച്ചയത്തിലുള്ളത്.  

ചെറുതും വലുതുമായ ഇരുപതിനായിരം പ്രതിമകളാണ് ഹൈന്ദവ സംസ്ക്കാരത്തിന്റെ മഹത്വം വിളിച്ചോതി വാസ്‌തു ശിൽപ്പ കലയുടെ നൈപുണ്യത്തിന്റെ സാക്ഷികളായി നിലകൊള്ളുന്നത്. താങ്ങി നിൽക്കുന്ന 548 തൂണുകളിലും ഈ കൊത്തുപണികൾ ദൃശ്യമാണ്. ഏതാണ്ട് 1.9 മില്യൺ ക്യൂബക് അടി ശിലകളാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 12,500 വോളണ്ടിയർമാർ ഉൾപ്പെടെ 13,000 ൽ പരം തൊഴിലാളികളുടെ 12 വർഷങ്ങളിലെ ശ്രമഫലമായിട്ടാണ് 96 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ അത്ഭുത ക്ഷേത്ര സമുച്ചയം ഭാരത സംസ്കാരത്തിന്റെ കിരീടത്തിൽ തിളങ്ങുന്ന ഒരു രത്നമായി അമേരിക്കൻ മണ്ണിൽ പ്രൗഢഗംഭീരമായി ഉയർന്നു നിൽക്കുന്നത്.

ഇത് ഒരു ഹിന്ദു ക്ഷേത്രമാണെങ്കിലും ഇവിടെ ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും പ്രവേശിക്കാം. സ്വാമിനാരായൺ ഈശ്വരന്റെ ഒരു അവതാരമായിട്ടാണ് ഈ വിഭാഗത്തിലുള്ളവർ കാണുന്നത്. അക്ഷർധാമിലെ മുഖ്യ പ്രതിഷ്ഠയും സ്വാമിനാരായന്റെയാണ്. ശ്രീ കൃഷ്ണന്റെയും രാധയുടെയും രാമന്റെയും സീതയുടെയും പ്രതിഷ്ഠകളുമുണ്ട്.

സന്ദർശകർക്ക് ആകർഷകമായ ഒരു ഗിഫ്റ്റ് ഷോപ്പും അടുത്തുതന്നെ ഒരു ഭക്ഷണശാലയുമുണ്ട്. എന്തായാലും ഈ ക്ഷേത്ര സമുച്ചയം സന്ദർശിക്കാൻ ചെലവാക്കുന്ന സമയം ഒരിക്കലും നഷ്ടമാകുകയില്ല. ഓരോ ഭാരതീയനും അഭിമാനിക്കാൻ ധാരാളം വകനൽകുന്നു ഈ വാസ്തുശിൽപ്പ സൗകുമാര്യം.
 

അപൂർവ മനോഹരം ന്യൂജേഴ്‌സി  അക്ഷർധാം മന്ദിർ; കാണാതെ പോകരുത്  (നടപ്പാതയിൽ ഇന്ന് - 112: ബാബു പാറയ്ക്കൽ)
അപൂർവ മനോഹരം ന്യൂജേഴ്‌സി  അക്ഷർധാം മന്ദിർ; കാണാതെ പോകരുത്  (നടപ്പാതയിൽ ഇന്ന് - 112: ബാബു പാറയ്ക്കൽ)
അപൂർവ മനോഹരം ന്യൂജേഴ്‌സി  അക്ഷർധാം മന്ദിർ; കാണാതെ പോകരുത്  (നടപ്പാതയിൽ ഇന്ന് - 112: ബാബു പാറയ്ക്കൽ)
Join WhatsApp News
Shaji va 2024-06-28 12:59:58
very good report
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക