1
രക്തബന്ധു വായ്ക്കരിയിട്ടത്
കിലൊവിന് നൂറ്റെൺപതു രൂപ
വില വരുന്ന ഡെഹ്റാഡൂൺ ബസുമതി !
പിശുക്കിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ശവം പിറുപിറുത്തു:
നാലുറുപ്പ്യയുടെ റേഷനരി
വീട്ടിലുള്ളപ്പഴാ ഈ ലക്ഷ്വറി!!
2
"ഇപ്പൊ പൊറപ്പെട്ടാല്
ലവൽ ക്രോസിൽ ബ്ലോക്കാവില്ല.
പെട്ടെന്ന് ശ്മശാനത്തിലെത്താം."
ശവപേടകശകടത്തിന്റെ
സാരഥി അറിയിച്ചപ്പോൾ
ശവം ചൂടായി കയർത്തു:
"ബ്ലോക്ക് എന്ന വാക്ക് മാത്രം ഇവിടെ എടുക്കരുത്. അതു നിമിത്താ ഇത്ര വേഗം കാലന് പ്യാരെ ആയത്! ഇതു
വല്ലതും അറിയോ തനിക്ക്?"
3
"ഇനി ആരെങ്കിലും ബാക്കീണ്ടൊ കാണാൻ?"
ജഡത്തിന്റെ മുഖം മറക്കും മുമ്പ് ഉത്സാഹക്കമ്മിറ്റിയിലെ യൂത്ത്
കോർഡിനേറ്റർ വിളിച്ചു ചോദിച്ചു:
"ഉണ്ടല്ലോ, കാശിക്ക് പോയ ഒരു കാവതിക്കാക്ക!"
ജീവിച്ചിരിക്കെ ജീവിക്കാനും ചിരിക്കാനും മറന്നു പോയ, പരേതന്റെ കോമഡി ജവാബ് പെട്ടെന്നായിരുന്നു.
4
ഫ്യൂണറൽ ഫിനാലെയ്ക്ക്
അലമുറ ഹൃദ്യമായ പശ്ചാത്തല സംഗീതമൊരുക്കി.
അപരിചിതനായ ഒരാൾ നിലവിളിച്ചത് അഴിച്ചു വെച്ചിരുന്ന പുതിയ ചെരിപ്പ്
അപ്രത്യക്ഷപ്പെട്ടതിന്റെ വകയിൽ.
"കോമ്രേഡ്, സങ്കടപ്പെടേണ്ട: ഞാനും നിങ്ങളുമൊക്കെ ഒരേ തോണിയിലാ."
ശവം അയാളെ ആശ്വസിപ്പിച്ചു:
"കഴിഞ്ഞയാഴ്ച ഓൺലൈനിൽ വാങ്ങിച്ച എന്റെ പുതിയ മാഗ്നറ്റിക്
ചപ്പലാ, ഇപ്പം അഭിവാദ്യം അർപ്പിച്ചതിനു ശേഷം സ്ഥലത്തെ ബഹുമാനപ്പെട്ട വാർഡ് മെംബർ ബ്ള്സ്കിയത്!"
5
ശവം ആംബുലൻസിലേക്ക്
മാററുന്നതിനിടെ ഒരതിഥിത്തൊഴിലാളി ആരോടെന്നില്ലാതെ പറഞ്ഞു:
"സേട്ടാ, റീത്തെടുക്കണേ."
ശവക്കോടിയ്ക്കുള്ളിൽ നിന്നും
ഒരു ഭൂതപൂർവ്വ പരിസ്ഥിതി വാദിയുടെ കമന്റ്:
"ഭായ്, പൊതുശ്മശാനം എന്തിനാ മലിനമാക്കുന്നത? സാധനം
സെക്കനാൻഡല്ലേ!"
6
കരച്ചിലിന്റെയും അലമുറയുടെയും
ഉദ്ദേശശുദ്ധിയും ഹൃദയവിശുദ്ധിയും ചോദ്യം ചെയ്യുന്നില്ല. എങ്കിലും പരേതനു ഇപ്പോൾ വേണ്ടത് ഇത്തിരി നിത്യശാന്തിയാ. ഈ നിമിഷം വല്ല ചമത്ക്കാരവും സംഭവിച്ച് പരേതൻ മൂരി നിവർന്ന് ഉയിർത്തെഴുന്നേൽക്കുകയാണെങ്കി
ഇവന്മാരൊക്കെ ചേർന്ന് അയാളെ
പച്ചക്ക് കത്തിക്കാനും മടിക്കില്ല!
7
കൊള്ളി വെയ്ക്കാൻ തയ്യാറായി
നിൽക്കുന്ന രക്തബന്ധുവോട്
ചിരട്ടശയ്യയിൽ കിടന്ന നിശ്ചലശവം
അന്ത്യാഭിലാഷം അറിയിച്ചു:
" സ്പോഞ്ചായ ഷ്വാസകോഷ് ഇനി കേടാകുമെന്ന പേടി വേണ്ട. മോനെ ദിനേഷാ,നിന്റെ പേരിലുള്ള ഒരു ബീഡി കത്തിച്ചു താ! പരലോകം പൂകും മുമ്പ് ഞാൻ റിലാക്സായി ഒരു പുക വിടട്ടെ!"