Image

ടു സര്‍ വിത്ത് ലവ്, ചൈനാതിര്‍ത്തിയില്‍ മുഖ്യമന്ത്രിയും കോശിയും ചങ്ങാതിമാര്‍ (കുര്യന്‍ പാമ്പാടി )

കുര്യന്‍ പാമ്പാടി Published on 28 June, 2024
ടു സര്‍ വിത്ത് ലവ്, ചൈനാതിര്‍ത്തിയില്‍ മുഖ്യമന്ത്രിയും കോശിയും ചങ്ങാതിമാര്‍  (കുര്യന്‍ പാമ്പാടി  )

ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ  തന്ത്രപ്രധാനമായ സിക്കിമില്‍ രണ്ടാമതും അധികാരമേറ്റ മുഖ്യമന്ത്രി പ്രേംസിങ് തമാങ്  കൊല്ലംകാരനായ മാത്യു കോശി പണിക്കര്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്തു അദ്ദേഹത്തിന്റെ കീഴില്‍ അദ്ധ്യാപകന്‍ ആയിരുന്നു.

വയനാടിന്റെ ഭൂപ്രകൃതി, ഹിമാലയത്തിന്റെ ചെരിവില്‍ ശീതള കാലാവസ്ഥ. എവിടെ നിന്നാലുംകാണാവുന്ന മഞ്ഞണിഞ്ഞ കഞ്ചന്‍ജുന്‍ഗ കൊടുമുടി.വയനാട് ജില്ലയുടെ മൂന്നിരട്ടി വലിപ്പം, മുക്കാലോളം ജനം-6.32 ലക്ഷം. കൃഷിയാണ് പ്രധാനം, വലിയ ഏലത്തിന്റെ ലോക തലസ്ഥാനമാണ്  സിക്കിം. കിലോക്ക് 750 രൂപ വില.  

മകള്‍ സെറീന കഴിയുന്ന സ്യുറിക്കില്‍ കോശിയും വത്സയും;  സെറീന സിക്കിമില്‍; കുടുംബചിത്രം

തേയില തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും നെല്‍പ്പാടങ്ങളും ഉണ്ട്. കപ്പയും കാച്ചിലും ചേനയും കൃഷിയുണ്ട്. തണുത്ത കാലാവസ്ഥയില്‍  ഔഷധ നിര്‍മ്മാണ ശാലകള്‍ നിരവധി.  മലകളില്‍ നിന്നു പാഞ്ഞൊഴുകുന്ന നദികളില്‍ നിരവധി ചെറുകിട ജലവൈദ്യുതി പദ്ധതികള്‍.

ടുറിസം കൊടികുത്തിവാഴുന്ന സംസ്ഥാനമാണ് സിക്കിം ഈ വര്‍ഷം  മാര്‍ച്ച് 31  വരെ 30  ലക്ഷം ടൂറിസ്റ്റുകള്‍ എത്തിയതായാണ് കണക്ക്. പ്രധാന ആകര്‍ഷണം 1962ല്‍   ചൈനീസ് ആക്രമണകാലത്ത് പ്രസിദ്ധിനേടിയ നാഥുല ചുരമാണ്. എന്‍എച് 310 വഴി ഗാംഗ്‌ടോക്കില്‍ നിന്ന് 60 കി മീ തെക്ക്. 14,140  അടി ഉയരത്തിലുള്ള  നാഥുലയില്‍ നിന്നാല്‍  താഴെ ചൈനയിലെ ചുമ്പിവാലി കാണാം. പഴയ  സില്‍ക്ക് റൂട്ടിലാണ് നാഥുല. ഇന്നത് കമ്പിളി റൂട്ടാണ്-കമ്പിളിയാണ് പ്രധാന അതിര്‍ത്തി വാണിഭച്ചരക്ക്.

ഇതെഴുതുമ്പോള്‍  കേട്ടു സിക്കിമിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ലാചുങ്ങില്‍ മഴയും മണ്ണിടിച്ചിലും മൂലം ഒറ്റപ്പെട്ട വിദേശീയര്‍ ഉള്‍പ്പെടെ 1200  ടൂറിസ്റ്റുകകല്‍ കുടുങ്ങിക്കിടക്കുന്നതായി. അവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുദത്തന്‍ ശ്രമം നടക്കുന്നതായും

ലാചുങ്ങും 18 കിമീ മുകളിലുള്ള യുംതാങ്ങും ടൂറിസ്റ്റുകള്‍ തടിച്ചു കൂടുന്ന മേഖലകളാണ് 11,693 അടിഉയരത്തിലുള്ള യുംതാങ്ങ്  കോടമഞ്ഞു പുതച്ചു കിടക്കുന്നു. വേനല്‍ക്കാലത്ത് മൂന്നാറിലേത് പോലെ റോഡോണ്‍ഡ്രോണ്‍ ഉള്‍പ്പെടയുള്ള മരങ്ങള്‍ ചവന്ന പൂക്കള്‍ വിരിച്ച് നില്‍ക്കുന്ന സ്വര്‍ഗം. ചൂടുവെള്ളം നുരച്ചു  പൊങ്ങുന്ന ഉറവകളും ധാരാളം.

 പ്രേം സിങ്ങും ഭാര്യ കൃഷ്ണകുമാരിയും

ആറരലക്ഷം ജനങ്ങളുള്ള സിക്കിമില്‍ നേപ്പാളികളാണ് ഭൂരിപക്ഷം-57ശതമാനം. ഭുട്ടിയകള്‍,   9 ശതമാനം, ലെപ് ചാസ്  8 ശതമാനം. കൂടുതല്‍പേരും ഹിന്ദുക്കള്‍-58  ശതമാനം. ബുദ്ധ മതാനുയായികള്‍ രണ്ടാമത്-30 ശതമാനം. പത്തു ശതമാനമുണ്ട് ക്രിസ്ത്യാനികള്‍.

'എംകെ പണിക്കര്‍ എന്നാണ്  അന്നാട്ടുകാര്‍ എന്നെ വിളിച്ചിരുന്നത്. പടിഞ്ഞാറേ സിക്കിമിലെ സോരംഗ് ഗവ. സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്റെ കീഴില്‍  ഗ്രാഡുവേറ്റ് ടീച്ചറായി വന്ന പ്രേം രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തു.  പിന്നീട് രാജി വച്ച് രാഷ്ട്രീയത്തില്‍ പയറ്റി.

ഗാങ്‌ടോക്കിലെ സത്യപ്രതിജ്ഞ

'പ്രേം സിംഗ് 2019ല്‍ ആദ്യതവണ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഞാനും ഭാര്യ  വത്സയും കൂടി പോയി കണ്ടു പൊന്നാട അണിയിച്ചു. പ്രേം അമ്പരന്നു പോയി.' കോശി പണിക്കര്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ക്കും സ്‌കാര്‍ഫ് കിട്ടി. 'ടു  സര്‍ വിത്ത് ലവ് ' എന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആദരവ് കിട്ടിയ ഓസ്‌കാര്‍ ജേതാവ് സിഡ്നി പോട്ടിയര്‍  എന്ന ബ്‌ളാക് അദ്ധ്യാപകനാണ്  ഞാനെന്ന് തോന്നി.'

' സ്‌കാര്‍ഫ്  (ടൗവല്‍) സമര്‍പ്പിക്കുന്നതിനാണ് പൊന്നാടയണിയിച്ചു എന്നു  പറഞ്ഞത്. സ്വീകരിക്കുമ്പോഴും വിടപറയുമ്പോഴും സ്‌കാര്‍ഫ് നല്‍കുന്നത് വടക്കു കിഴക്കേ ഇന്ത്യയില്‍ പതിവാണ്.  സിക്കിം വിദ്യാഭ്യാസ ഡയറക്ടറായി  റിട്ടയര്‍ ചെയ്തപ്പോള്‍ എനിക്കും സീനിയര്‍ സെക്കണ്ടറി പിജി ടീച്ചറായി റിട്ടയര്‍ ചെയ്തപോള്‍ വല്‍സക്കും കിട്ടി ഒരുപാട് സ്‌കാര്‍ഫുകള്‍.'

ഹോളി ക്രോസ്  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍  ഷെറിന്‍ ജോസും അധ്യാപിക രാജശ്രീ താപ്പയും

'സോരംഗില്‍  പ്രിന്‍സിപ്പല്‍ ആയിരിക്കുമ്പോള്‍ പ്രേമിന്റെ പിതാവ് കാലുസിംഗ് തമാങ് അവിടെ പ്യുണ്‍ ആയി സേവനം  ചെയ്തു. കിറുകൃത്യമായി ജോലിക്കെത്തിയിരുന്ന വ്യക്തി. സ്‌കൂളില്‍ മണിയടിക്കുന്നതും കിറു കൃത്യമായി. അദ്ദേഹം മരിച്ചപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും  ദുഃഖിച്ചു.'

പ്രേം ആദ്യം സിക്കിം ഡെമോക്രറ്റിക്ക് ഫ്രന്റ് (എസ്‌കെഎഫ്) എന്ന പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്വന്തമായി സിക്കിം ക്രാന്തി മോര്‍ച്ച (എസ്‌കെഎം-സിക്കിം വിപ്ലവ കക്ഷി) യുണ്ടാക്കി. 2019ല്‍ കാല്‍നൂറ്റാണ്ടു അവിടെ അടക്കി വാണ മുഖ്യമന്ത്രി നാര്‍ ബഹാദൂര്‍ ഭണ്ഡാരിയെയാണ് പുറത്താക്കിയത്.

പ്രേംസിങ് ഇത്തവണ  ആകെയുള്ള 32  നിയമസഭാ സീറ്റുകളില്‍ മുപ്പത്തിയൊന്നും പിടിച്ചെടുത്തു. ബിജെപിക്കും  കോണ്‍ഗ്രസ്സിനും ഒരു സീറ്റു പോലും ലഭിച്ചില്ല. അതേസമയം ചൈനാ അതിര്‍ത്തിയില്‍ കിഴക്കേ  അറ്റത്തു കിടക്കുന്ന അരുണാചലില്‍ 66ല്‍ 46 സീറ്റും നേടി ബിജെപിയുടെ പേമ ഖണ്ടു  മൂന്നാംതവണയും മുഖ്യമന്ത്രിയായി എന്നതു ശ്രദ്ധേയം.  

വിദ്യാഭ്യാസ ഡയറക്ടര്‍  പണിക്കര്‍  രാഷ്ട്രപതി അബ്ദുല്‍ കലാമിനെ സ്വീകരിക്കുന്നു

നേപ്പാളിനും ഭൂട്ടാനും നടുവിലാണ് സിക്കിം. ഭൂട്ടാനോട് തൊട്ടുരുമ്മി അരുണാചല്‍ പ്രദേശും. നാലായിരം കിമീറ്റര്‍ നീളം വരുന്ന അതിര്‍ത്തിക്ക് തൊട്ടു വടക്ക് ചൈന.  അങ്ങിനെ തന്ത്രപ്രധാനമായ മേഖലയില്‍ ബിജെപിയോട് 'കടക്കു പുറത്ത്' എന്ന് പറയാന്‍ 56കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായതാണ് സിക്കിമിന്റെ പ്രത്യേകത.

ചോംഗ്യാല്‍ രാജാധികാരം  വിട്ടൊഴിഞ്ഞു  പോയ കാലത്ത് 1975ല്‍  ജനഹിതപരിശോധനയിലൂടെ ഇരുപത്തിരണ്ടാം സംസ്ഥാനമായി ഇന്ത്യയില്‍ ലയിച്ച നാടാണ് സിക്കിം. സിക്കിം തങ്ങളുടേതാണെന്നാണ് ചൈന വളരെകാലമായി പറഞ്ഞുകൊണ്ടിരുന്നത്. അതെല്ലാം കഴിഞ്ഞ കഥ.

പ്രേം സിംഗ്  രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച്, രണ്ടിലും വിജയിച്ചു. കഴിഞ്ഞ തവണ മകന്‍ ജയിച്ച മണ്ഡലമായിരുന്നു ഒന്ന്. ആ സീറ്റു കയ്യൊഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.   മകന്‍ ആദിത്യനെ  അവിടെ വീണ്ടും മത്സരിപ്പിരിപ്പിക്കാന്‍ പ്ലാനുണ്ടത്രേ.  മുഖ്യമന്ത്രിയുടെ  ഭാര്യ കൃഷ്ണകുമാരിയും  ജയിച്ചു. എന്നാല്‍ 'പാര്‍ട്ടിയുടെ തീരുമാന പ്രകാരം' അവരും സീറ്റ് വിട്ടൊഴിഞ്ഞിരിക്കയാണ്.

ഏകാംഗകമ്മീഷന്‍ ആയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍  ഇരുവര്‍ക്കും പൊന്നാട

ഇംഗ്‌ളീഷില്‍ എം എയും ബിഎഡും നേടി   സിക്കിമിലെത്തിയ കോശി പണിക്കര്‍ 1975ല്‍ നോര്‍ത്ത് സിക്കിമിലെ മംഗനിലെ  ഗവര്‌മെന്റ് വക സിബിഎസ്ഇ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പിജി   ടീച്ചറായാനു ജോലിയില്‍ പ്രവേശിക്കുന്നത്. 81ല്‍  പ്രിന്‍സിപ്പലായി. അന്നത്തെ മുഖ്യമന്ത്രി ഭണ്ഡാരി വെസ്റ്റ് സിക്കിമിലെ സ്വന്തം മണ്ഡലമായ  സോറങിലെ  സ്‌കൂളിലേക്കു അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി.

വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്‌റായി 1996ല്‍പ്രമോഷന്‍. 2000 ല്‍ അഡിഷണല്‍ ഡയറക്ടര്‍, 2002 ല്‍ ഡയറക്ടര്‍. ഡയറക്ടറായി നാലുവര്‍ക്കാലത്ത് സിക്കിമിലെ വിദ്യാഭാസ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. സിലിഗുരിയിലെ വെസ്റ്റ് ബംഗാള്‍ യുണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ ആദ്യ കോളജ് ഗാങ്‌ടോക്കില്‍ നിലവില്‍ വന്നത് അക്കാലത്താണ്.

ഇടയ്ക്കു ജാംഷെഡ്പൂരില്‍  പ്രസിദ്ധ ജെസ്വിറ്റ് പണ്ഡിതന്‍ തിയോ മത്യാസ് ഡയറക്ടര്‍ ആയ എക്സ്എല്‍ആര്‍ഐ ബിസിനസ് സ്‌കൂളില്‍ പഠിക്കാനും കോശി പണിക്കര്‍ക്ക് കഴിഞ്ഞു. സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഇന്ത്യയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ എന്നറിയപ്പെടുന്നു.

ഡോണ്‍ ബോസ്‌കോ സാരഥികള്‍-ടി.വി. ജോര്‍ജ്, കെ.വി. മാത്യു, വിസി ജോര്‍ജ്, നിജോ ജോണ്‍

വിദ്യാഭ്യാസ  മന്ത്രി  ഉള്‍പ്പെടുന്ന ഡെലിഗേഷനുമായി രണ്ടു തവണ കേരളത്തില്‍ പഠന പര്യടനം നടത്തിയ കാര്യം പണിക്കര്‍ അനുസ്മരിച്ചു. കേരളം എങ്ങിനെ നൂറു ശതമാനം സാക്ഷരത നേടി എന്നതായിരുന്നു ഒരു പഠന വിഷയം.   മുഖ്യമന്ത്രിമാരായ  ഉമ്മന്‍ ചാണ്ടിയെയും ഇകെ നയനാരെയും കണ്ടു.  അന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന ലിഡാ  ജേക്കബുമായുള്ള വ്യക്തി ബന്ധം ഇന്നും ഊഴ് മളമായി കാത്തു സൂക്ഷിക്കുന്നു.

കേരളത്തെ കണ്ടു പഠിച്ചു നടപ്പാക്കിയ  വിദ്യാഭ്യസ പരിഷ്‌കാരങ്ങളുടെ ഫലമായി സിക്കിമിലെ സാക്ഷരത 27 ശതമാനത്തില്‍ നിന്ന് 76 ശതമാനം ആയി വര്‍ദ്ധിച്ചിട്ടുണ്ട്.  ഗാങ്‌ടോക്കിലെ ആദ്യത്തെ കോളജില്‍ ഇന്ന് നാട്ടുകാരായ ഏഴെട്ടു പേര്‍  പിഎച് ഡിക്കാരാണ്.

ബോട്ടണി എംഎസ്സിക്കാരി കൊല്ലം സ്വദേശിനി വത്സ മാത്യുവിനെ 1977ല്‍ വിവാഹം കഴിച്ചു. സിക്കിമിലെ സ്‌ക്കൂളുകളില്‍ അവര്‍ ഒന്നിച്ചാണ് ജോലി ചെയ്തത്. ഡയറക്റ്റര്‍ സ്ഥാനത്തിന് ശേഷം വിദ്യാഭ്യാസ വികസന
ത്തിനായി രൂപവല്‍ക്കരിച്ച ഏകാംഗ കമ്മിഷനായും പ്രവര്‍ത്തിച്ചു. 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2006ല്‍  റിട്ടയര്‍ ചെയ്തു. മൂന്നു പെണ്‍മക്കള്‍-സെറീന, മെറീന, സൂസന്‍.  സെറീന സ്യുറിക്കില്‍,  മെറീന ബാംഗളൂരില്‍, ഡോ. സൂസന്‍ ഡല്‍ഹിയില്‍.  

അതിര്‍ത്തിയിലെ നാഥുല ചുരം; കമ്പിളിയുമായി ചൈനയിലെ ചുംബിവാലി കയറിവരുന്ന ട്രക്ക്  

സിക്കിമിലെ ആദ്യത്തെ  സര്‍വകലാശാല 1995 ല്‍ നിലവില്‍ വന്ന സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയാണ്. രണ്ടു ക്യാമ്പസുകള്‍-ടഡോങ്ങില്‍ മെഡിക്കല്‍  കോളജ്, രംഗ്‌പോയില്‍  എന്‍ജിനീയറിങ് കോളജ്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ വേണ്ടി  ഗവര്‍മെന്റ് വര്ഷം തോറും 2.25 കോടി രൂപ ഗ്രാന്റ് നല്‍കുന്നു.

ഇവയ്ക്കു പുറമെ സിക്കിം യൂണിവേഴ്സിറ്റി, സിക്കിം പ്രൊഫഷനല്‍  യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഇക് ഫായി യൂണിവേഴ്‌സിറ്റി,  എന്‍ഐടി എന്നിവയും ഇപ്പോഴുണ്ട്.

സ്വകാര്യമേഖലയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും നേതൃത്വം നല്കുന്ന സ്‌കൂളുകള്‍ പ്രശസ്തമാണ്.  വെസ്റ്റ് സിക്കിമിലെ മാല്‍ബാസെയില്‍  ഡോണ്‍ബോസ്‌കോ സ്‌കൂള്‍ 1990 ല്‍ ആരംഭിച്ചു. കണ്ണൂര്‍കാരനായ ഫാ. ടിവി   ജോര്‍ജായിരുന്നു സ്ഥാപക പ്രിന്‍സിപ്പല്‍. ഫാ കെ.വി. മാത്യു,  വി.സി. ജോര്‍ജ്, നിജോ ജോണ്‍  എന്നിവര്‍ പിന്നാലെ വന്നു.  തൃശൂര്‍ ജനിച്ച നിജോ ഇപ്പോള്‍ വൈസ് പ്രിന്‍സിപ്പല്‍ ആണ്.

മാല്‍ബാസെയില്‍ നിന്ന് രണ്ടര മണിക്കൂര്‍ അകലെ  ഗെയ് സിങ്ങില്‍ സലേഷ്യന്‍ സിസ്റ്റേഴ്സിന്റെ സെന്റ് മേരീസ് സ്‌കൂള്‍ ഉണ്ട്. പത്തു വര്‍ഷമായി സിസ്റ്റര്‍ ലൂസി ജോണ്‍ ആണ് പ്രിന്‍സിപ്പല്‍. വാഴക്കുളംസ്വദേശി. അഡ്മിനിസ്‌ട്രേറ്റര്‍ ആയി സിസ്റ്റര്‍ മേരി ജോണും ഉണ്ട്. ഗാങ്‌ടോക്ക് പ്രാന്തത്തിലെ  ടഡോങ്ങില്‍ ഹോളിക്രോസ് സിസ് റ്റേഴ്സ് വക സ്‌കൂളുണ്ട്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശി സിസ്റ്റര്‍ ഷെറിന്‍ ജോസ് ആണ് പ്രിന്‍സിപ്പല്‍.

ഗാംഗ് ടോക്കില്‍ അഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന മോണ്ടിസോറി സ്‌കൂളിന്റെ ചുമതല അഞ്ചല്‍ സ്വദേശി സിസ്റ്റര്‍ ഷേര്‍ളി ജോര്‍ജിനാണ്. മാസം 1600 രൂപ ഫീസ്  നല്‍കി കുട്ടികളെ വിടാന്‍ കഴിവുള്ള ധാരാളം ഉദ്യോഗസ്ഥന്‍മാര്‍ നഗരത്തിലുണ്ട്. കപ്പയും കാച്ചിലും ചേനയുമൊക്കെ സിക്കിമില്‍ കൃഷിചെയ്യുന്നുണ്ട്. ഗാങ്‌ടോക്കിലെ ചന്തയില്‍ കപ്പ പുഴുങ്ങി വിലപ്പനയ്ക്കു വച്ചിരിക്കുന്നത് കാണാമെന്നു സിസ്റ്റര്‍ ഷേര്‍ളി.

സെന്റ് മേരീസ്  പ്രിന്‍. ലൂസി  ജോണ്‍., അഡ്മിന്‍ മേരി ജോണ്‍, ടീച്ചര്‍ നിമ്പം ഭുട്ടിയ, കുട്ടികള്‍

സിക്കിം പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങ് കത്തോലിക്കാ രൂപതയുടെ കീഴിലാണ്. മലയാളികള്‍ ആരും കൂടെയില്ലെങ്കിലും  ഞാനയച്ച ച ഈമെയിലിനു ബിഷപ്പ് സ്റ്റീഫന്‍ ലെപ് ച  പിറ്റേന്ന് തന്നെ മറുപടി അയച്ചു. ഗാങ്‌ടോക്കിലെ സെന്റ് തോമസ് പള്ളി വികാരി ഫാ. ജെറാദ് ലെപ് ച   ഉള്‍പ്പെടയുള്ള ചിലരുടെ നമ്പറുകളുമായി. ഫാ. ജെറാദ് ആകട്ടെ സിക്കിമിലെ ചില മലയാളി വൈദികരുടെയും കന്യാസ്ത്രീ കളുടെയും നമ്പരുകള്‍ കൈമാറി.

സിക്കിമിന് വയനാടിന്റെ ഭൂപ്രകൃതി എന്ന് പറഞ്ഞല്ലോ. തന്മൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും  മണ്ണിടിച്ചിലും പതിവാണ്.  ഹൈവേകളും നാഷണല്‍ ഹൈവേകളും മുഖേന കേരളത്തില്‍ ഹൈറേഞ്ചു പോലും ഇന്ന് മാറിപ്പോയി. പക്ഷെ സിക്കിമിലെ ഉള്‍നാടന്‍ വഴികള്‍  തകര്‍ന്നു കിടക്കുന്നു.

കോശി പണിക്കര്‍ സിക്കിമിലെത്തുന്ന 1975 കാലഘട്ടത്തില്‍ ആയിരത്തില്‍ കുറയാതെ മലയാളികള്‍ അവിടെയുണ്ടായിരുന്നു. കൂടുതലും അധ്യാപകര്‍. കാലാന്തരത്തില്‍ നാട്ടുകാര്‍ വിദ്യാസമ്പന്നരായതോടെ ജോലിസാദ്ധ്യതകള്‍ കുറഞ്ഞു. ഇന്ന് പരമാവധി നൂറു പേര്‍ കാണും വൈദികരും കന്യാസ്ത്രീകളും സൈനികരും ഉള്‍പ്പെടെ.

വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ ആയ ചേര്‍ത്തല മടക്കല്‍ സ്വദേശി ബിജുലാല്‍ പ്രഭാകര്‍ ആണ് ഇപ്പോഴും അവിടുള്ള ഒരാള്‍. 32 വര്‍ഷത്തെ സേവനത്തിനു ശേഷം ജോ. ഡയറക്ടര്‍ ആയി 2023ല്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്ത കോട്ടയം കൂത്രപ്പള്ളിയിലെ സജന്‍ സെബാസ്ട്യന്‍ ആണ് ഒടുവില്‍ മടങ്ങിപ്പോന്ന ഒരാള്‍.

ഫുട് ബോള്‍ താരം അര്‍ജുന അവാര്‍ഡ് നേതാവ് പദ്മശ്രീ  ബൈചിങ് ഭൂട്ടിയ സിക്കിമിന്റെ പുത്രനാണ്.  ഈയിടെ കളമൊഴിഞ്ഞ ഫുട്‌ബോള്‍ മാന്ത്രികന്‍ സുനില്‍ ഛേത്രിയും നോര്‍ത്ത് ഈസ്റ്റിലെ നേപ്പാള്‍ വംശജനാണ്, പക്ഷെ മിലിറ്ററി ഓഫീസറുടെ മകനായി സെക്കന്ദ്രബാദില്‍ ജനിച്ചു കൊല്‍ക്കത്തയില്‍ വളര്‍ന്ന ആള്‍.


ചിത്രം

1.  കോശി പണിക്കരും മുഖ്യമന്ത്രി പ്രേംസിങ്  തമാങ്ങും

 

Join WhatsApp News
SAJAN V SEBASTIAN 2024-06-29 11:58:59
സിക്കിമിനെ കുറിച്ചുള്ള വിവരണവും പണിക്കർ സർ നെ കുറിച്ചുള്ള സ്മരണകളും ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ഉളവാക്കുന്നു. സിക്കിമിൽ ജനിച്ച് , വളർന്ന് , 32 വർഷ കാലം ജോലിയും ചെയ്തു നാട്ടിൽ തിരിച്ചെത്തിയ എനിക്ക് ഈ വിവരണങ്ങൾ സന്തോഷമുളവാക്കുന്നു. 1961 -ൽ സിക്കിമിൽ ജോലിക്ക് ചേർന്ന എന്റെ മാതാപിതാക്കൾക്ക് സിക്കിമിന്റെ രാജ്യഭരണവും അതിൽ നിന്നും ജനദീപത്യത്തിലേക്കുള്ള transformation -ഉം വിവരിക്കുവാന് സാധിക്കും. ഞാൻ സജൻ വി സെബാസ്റ്റ്യൻ , സിക്കിം സർകാരിൽ വിദ്യഭ്യാസ വകുപ്പിൽ , 1991-ൽ , ടീച്ചർ ആയി സേവനം ആരംഭിച്ച് 2023 ജനുവരി 31-ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ആയി വിരമിച്ച വ്യക്തി ആണ്. എന്റെ മാതാപിതാക്കൾ 1961 മുതൽ 1991 വരെ സിക്കിമിലേ വിവിധസ്കൂളുകളിൽ സേവനം ചെയ്തു. ലേഖകൻ വിവരിച്ച ലാച്ചുങ്ങ് എന്ന സ്ഥലത്ത് 7 വർഷം എന്റെ മാതാപിതാക്കൾ സേവനം ചെയ്തതും 1971 മുതൽ 5 വർഷം എന്റെ പ്രാധമിക വിദ്യാഭ്യാസം നടന്നതും ലാച്ചുങ്ങ് സ്കൂളിലാണ് ലേഖകന് എല്ലാവിധ ആശംസകളും അനുമോദനങ്ങളും SAJAN V SEBASTIAN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക