Image

ഉഷയും മുളകിട്ട കോട്ടയം മീൻകറിയും (ആന്റണി കണയംപ്ലാക്കൽ)

Published on 28 June, 2024
ഉഷയും  മുളകിട്ട കോട്ടയം മീൻകറിയും (ആന്റണി കണയംപ്ലാക്കൽ)

ഇന്ത്യൻ എക്സ്പ്രസ്സ്,' ഒരു പക്ഷെ അതായിരുന്നു 'പയ്യോളി എക്‌സ്പ്രസ്സി'നു  ചേരുന്ന ഇപ്പോഴത്തെ ചെല്ലപ്പേര് . ഇന്ത്യൻ എക്സ്പ്രസ്സ് ഉടമ  ഗോയങ്ക   ഉടമസ്ഥാവകാശ  കേസുമായി വരുമെന്ന ഭയം വേണ്ട. വേണമെങ്കിൽ കാശ് ഇങ്ങോട്ടു തരും .

ഉഷയുടെ പിതാവ് ഇ .പി .എം. പൈതൽ പയ്യോളിയിൽ ഒരു  ടെക്സ്റ്റ്ടൈൽ  കട  തുടങ്ങാൻ ആലോചിച്ചപ്പോൾ കണ്ടുവച്ച  ഏറ്റവും അനുയോജ്യമായ പേര് 'വനിത ' എന്നായിരുന്നു . ആ പേരിലുള്ള മാസിക ഉടമകൾക്ക് അതൊരു ബുദ്ധിമുട്ടു ഒരു രീതിയിലും  ഉണ്ടാക്കരുതെന്നു കരുതി ഉഷ കോട്ടയത്ത് പോയി മിസ്സിസ് .കെ .എം .മാത്യുവിനെ ( അന്നമ്മ  കൊച്ചമ്മ) കണ്ടു . അവർ അതിലുള്ള സന്തോഷം പങ്കിടുക മാത്രമല്ല  അനുഗ്രഹിച്ചു വിടുകയും ചെയ്‌തു.  

ദേശീയപാതയിൽ പയ്യോളി ജംഗ്ഷൻ കഴിഞ്ഞു ഇടതു വശത്തെ 'വനിത'യെ നിങ്ങൾ കാണാതിരിക്കില്ല    . അന്ന് മിസ്സിസ്   കെ .എം . മാത്യു ഉഷക്ക് പ്രിയപ്പെട്ട മുളകിട്ട കോട്ടയം  മീൻകറി വിളമ്പിയോ എന്ന് അറിയില്ല. പിന്നീട് ഒരു അവസരത്തിൽ മനോരമയുടെ  പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്ത് പോയപ്പോൾ അന്നമ്മ കൊച്ചമ്മ കോട്ടയം മീൻകറി മുളകിട്ടതും, കുടംപുളിയിട്ടതും നൽകിയ കാര്യം ഉഷ തന്നെ ഒരു പുസ്‌തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുണ്ട്  . മുളകിട്ട  മീൻ കറി  ഉടനെ വിളമ്പാം   നമുക്കും ഉഷയോടൊപ്പം

അവർ സ്ഥിരമായി ഓടുന്ന  ട്രാക്ക് ഒന്ന് മാറ്റി പിടിക്കാനാണു   ഈ മീൻകറി കാര്യം പറഞ്ഞത് . കാരണം ഇന്ത്യ ഉഷ @ 60 ആഘോഷിക്കുകയാണ്. ഉഷ തന്നെ മാധ്യമങ്ങളുമായി പങ്കുവച്ചു , നിങ്ങൾ പറയുമ്പോളാണ് അറുപത് എന്റെ ശ്രദ്ധയിൽ വന്നത് . തീർച്ചയായും . ഉഷ ഓട്ടത്തിനിടക്ക് ക്‌ളോക്ക്  നോക്കിയിരുന്നെങ്കിൽ ഈ മെഡലുകളുടെ കൂമ്പാരം അവരുടെ അലമാരയിൽ എത്തുമായിരുന്നില്ലല്ലോ  . ഉഷ ഇപ്പോഴും ഓട്ടത്തിലാണ്, ട്രാക്കിൽ അല്ല . സ്പോർട്സ് ഭരണനിർവഹണ മേഖലയിൽ .വർഷങ്ങൾ പോലും കടന്നു പോകുന്നത് അറിയാതെ .

ഉഷ ബ്യൂട്ടി പാർലറിൽ പോകാറുണ്ടോ? പലരും ആലോചിച്ചിട്ടുണ്ടാവും . ഒരു കാര്യം  ഉറപ്പാണ് . മുപ്പത്തിമൂന്നു വര്ഷം മുൻപ് 1991 ൽ  നവവധുവായി ഒരുങ്ങാൻ ഉഷ കോഴിക്കോട് ജഫാർഖാൻ കോളനിയിലെ ഗ്ലാമർ ബ്യൂട്ടി പാർലറിൽ പോയ കാര്യം അവർ എഫ്ബിയിൽ പോസ്റ്റ് ചെയ്തട്ടുണ്ട് . അതും ഗ്ലാമർ ബ്യൂട്ടി പാർലറിന്റെ മുപ്പതാം വാർഷികത്തിൽ ഇട്ട എഫ്‌ബി പോസ്റ്റ് ഷെയർ  ചെയ്താണ് . ഗ്ലാമറിന്റെ ഉടമ സൂന ആന്റണി പറയുന്നു  'ഉഷാജി വരുന്ന പതിവ് ഇത്രയും വർഷങ്ങളായിട്ടു  ഒരിക്കലും തെറ്റിച്ചിട്ടില്ല  . ഇത്രയേറെ തിരക്കിനടയിലും അവർ സമയം കണ്ടെത്തുന്നത് സന്തോഷകരം തന്നെ . ചിലപ്പോൾ വിദേശത്തേക്കോ ഡെൽഹിക്കോ ഫ്ലൈറ്റ് പിടിക്കാൻ പോകുന്ന യാത്രക്കിടയിലായിരിക്കും.'

ഒരു എഫ്‌ബി പോസ്റ്റ് കൂടി . തിരുച്ചുവരവിലൂടെ നവ്യ നായർ അതിഗംഭീര്യമാക്കിയ സിനിമ  'ഒരുത്തീ ' യുടെ പോസ്റ്റർ  ഉഷ ലോഞ്ച് ചെയ്‌തത് എഫ്‌ബിയിൽ ഷെയർ ചെയ്തിട്ടുണ്ട് . പ്രശ്നങ്ങളെ നേരിടുകയും തിരിച്ചു വരികയും ചെയ്ത ഉഷയുടെ ജീവിതവുമായി നവ്യയുടെ രാധാമണി വിക്ടറി സ്റ്റാൻഡിൽ ചേർന്നു  നില്കുന്നപോലെ.

ഇനിയും  മീൻകറിയിലേക്ക്  . പ്രശസ്ത  സ്പോർട്സ് എഡിറ്റർ കെ .അബൂബക്കറിനെപ്പറ്റി ഒരു പുസ്‌തകം പ്രസിദ്ധികരിക്കാൻ തീരുമാനിച്ചപ്പോൾ അവതാരിക എഴുതാനായി മറ്റൊരാളുടെ പേരും  ആർക്കും നിർദ്ദേശിക്കാൻ ഇല്ലായിരുന്നു. 'കീപ്പർ അബു - കളി എഴുത്തിന്റെ ഉസ്താദ്' ൽ, ഒളിംപ്യന്റെ ഓർമ്മകൾ എന്ന  അവതാരിക  ഉഷയുടെ ട്രാക്കിലെ മികവ് പോലെ  തെളിഞ്ഞു നില്കുന്നു. എഴുത്തും  മനോഹരം . ചൂട് ചായയിൽ തുടങ്ങി വെള്ളപ്പവും 'ഇഷ്ടു'വും കഴിഞ്ഞു  കോട്ടയം  മീൻ കറിയിലൂടെ മുംബൈക്കാരൻ  റഫറി ജെ .പി കൗളിഞ്ഞോയിലേക്കുള്ള  ആ നീണ്ട ഷോട്ട് അവിസ്മരണീയം തന്നെ .  

കീപ്പറിന്റെ അവതാരിക ഉഷ  എഴുതണം എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ലെങ്കിലും, ഉഷ ഒരു തർക്ക വിഷയമായ പുസ്‌തക കഥ ഇതാ. പ്രശസ്ത പത്രപ്രവർത്തകൻ തോമസ്  ജേക്കബിനെക്കുറിച്ചുള്ള പുസ്‌തകത്തിനു ആശയങ്ങളുടെ ആശാൻമാരായ  പത്രപ്രവർത്തക സുഹൃത്തുക്കൾ തലക്കെട്ടു നിർദ്ദേശങ്ങളുടെ  പെരുമഴക്കാലം തീർത്തു .. അവസാനം എത്തിയത്  'ഒരേ ഒരു തോമസ് ജേക്കബി'ൽ .. അവിടെയും പ്രശ്‍നം തീരുന്നില്ല .  തലക്കെട്ടിൽ  എവിടെയോ കേട്ട ഫീൽ ഉണ്ടാവില്ലേ എന്ന് . സ്പോർട്സ് ലേഖകനും മാതൃഭുമിയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന വി . രാജഗോപാലിന്റെ വളരേയേറെ വായിക്കപ്പെടുന്ന പുസ്തകമാണ് ' ഒരേ ഒരു ഉഷ.' ഒന്ന് സ്പോർട്സും മറ്റത് പത്രപ്രവർത്തനവുമാണല്ലോ എന്ന് തീർപ്പു കൽപ്പിച്ചു ഫൈനൽ വിസിൽ ഊതി.

രാജഗോപാൽ ഉഷയുടെ ഓട്ടത്തിൽ മാത്രമേ അച്ചടി മഷി പുരട്ടിയുള്ളു  . 'ഒരേ ഒരു ഉഷ' 2-നായി ജനം കാത്തിരിക്കുന്നു . പക്ഷെ രാജഗോപാൽ അത് മുഴുവിക്കാതെ വിട പറഞ്ഞു. ആ ചുമതല ബാക്കി നിൽക്കുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രഥമ  വനിതാ പ്രസിഡന്റ് ആയ  ഉഷ എന്ന സൂപ്പർ സ്പോർട്സ് സംഘാടകയുടെ സ്വര്ണമെഡലുകളുടെ കഥകളുമായി . ജൂലൈ 26 നു പാരിസിൽ ആരംഭിക്കുന്ന  ഒളിമ്പിക്സിൽ   നിന്നും തുടങ്ങാം  .

ഫ്രാൻസ് അല്ലെ അപ്പോൾ കിടക്കട്ടെ ഫ്രഞ്ചിൽ ഒരു ഓൾ ദി ബെസ്ററ് ......TOUS MES VOEUX ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക