Image

കാത്തിരിപ്പിനൊടുവിൽ (നാല്പതു വർഷത്തിനാലെ-5 : മീനു എലിസബത്ത്)

Published on 30 June, 2024
കാത്തിരിപ്പിനൊടുവിൽ (നാല്പതു വർഷത്തിനാലെ-5 : മീനു എലിസബത്ത്)

എൺപതുകൾ അമേരിക്കൻ സിനിമയുടെയും ടെലിവിഷന്റെയും  സുവർണ്ണകാലമെന്നു തന്നെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി കുടുംബ കേന്ദ്രികൃതമായ സിറ്റ്‌വേഷൻ കോമഡികൾ കുടുംബപ്രേക്ഷകരെ വൈകുന്നേരങ്ങളിൽ ടെലവിഷനു മുന്നിലേക്ക് ആനയിച്ചു. ആഴ്ചയിൽ ഒന്ന് വെച്ച് സംപ്രേഷണം ചെയ്യുന്ന ക്രൈം ഷോകളും, കുറ്റാന്വേഷണ കഥകളും  കാണുവാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നു.  

ഞങ്ങളുടെ ഇംഗ്ലീഷ്  നന്നാകുവാനും ഉച്ചാരണം ശരിയാകുവാനുമായി എല്ലാവരും ഒരുമിച്ചുള്ള വൈകുന്നേരങ്ങളിൽ സിറ്റ്കോമുകൾ  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സിറ്റുവേഷൻ കോമഡി ഷോകൾ കാണുന്നത് പതിവായിരുന്നു. സ്റ്റുഡിയോയിൽ സെറ്റിട്ടു കാണികളുടെ മുന്നിൽ വെച്ചു ഷൂട്ട്‌ ചെയ്തു പ്രക്ഷേപണം ചെയ്യുന്ന സിറ്റ്കോമുകൾക്ക് തമാശ വരുന്നിടത്തു കാണികളുടെ പൊട്ടിച്ചിരി കൂടി നമുക്ക് കേൾക്കാം. ഫാമിലി ടൈസ്,  ഗോൾഡൻ ഗേൾസ്, ഡിഫറൻറ് സ്‌ട്രോക്സ്,  ഇവയൊക്കെ അക്കാലത്തെ പ്രശസ്ത ഷോകളാണ്. ഏറ്റവും  റെയിറ്റിങ് ഉണ്ടായിരുന്ന ഷോ കോസ്ബി ഷോ ആയിരുന്നു.

ഒരു അപ്പർ ക്ലാസ് കറുത്ത വർഗ കുടുംബത്തിന്റെ ജീവിതത്തിലെ ചില സുന്ദര മുഹൂർത്തങ്ങളാണ് കഥാ തന്തു. ഫിലീഷ്യ റഷാദും ബിൽ  കോസ്ബിയും തകർത്തഭിനയിക്കുകയായിരുന്നു ഓരോ എപ്പിസോഡും. പിന്നീട് പീഡനക്കേസിൽ പെട്ട് ജെയിലിൽ കഴിയേണ്ടി വന്ന കോസ്ബിയെ അമേരിക്ക ഓർമ്മിക്കുന്നത് ഡോക്ടർ ഹസ്റ്റബിൾ എന്ന ആ തമാശക്കാരനായ അച്ഛൻ കഥാപാത്രത്തിലൂടെയാകും.

അതുപോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ട  ഷോകളായിരുന്നു മർഡർ ഷി റോട്ട് , അൺസോൾവ്ഡ് മിസ്റ്ററീസ് എന്നിവ. 1987-ൽ  പ്രക്ഷേപണം തുടങ്ങിയ അൺസോൾവ്ഡ് മിസ്റ്ററീസ് ഷോ അക്കാലത്തെ ഹിറ്റ് ഷോകളിൽ ഒന്നായി മാറി. നടൻ റോബർട്ട് സ്റ്റാക്കിന്റെ കരിയർ ഗ്രാഫ് കുതിച്ചുയരുന്നത് അൺസോൾവ്ഡ് മിസ്റ്ററിയുടെ വൻവിജയത്തിലൂടെയാണ്. തുമ്പില്ലാത്ത കൊലപാതാളങ്ങളുടെ ചുരുളഴിക്കൽ, ഭൂത പ്രേത പിശാചുക്കളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ, കാണാതെ പോയവരെ ഒന്നിപ്പിക്കൽ, അങ്ങിനെ പല വിധമായിരുന്നു അൺ സോൾവ്ഡ് മിസ്റ്ററിയുടെ എപ്പിസോഡുകൾ നീങ്ങിയിരുന്നത്.  ഷോ തുടങ്ങുന്നതിനു മുൻപുള്ള പ്രത്യേക ബാക് ഗ്രൗണ്ട് മ്യൂസിക് കാണികളിൽ ഭീതി ജനിപ്പിക്കാൻ പോന്നതായിരുന്നു.  

സ്‌കൂൾ പഠനകാലത്തു പിരിയേണ്ടി വന്ന രണ്ടു കൂട്ടുകാർ അൻപത്  വർഷങ്ങൾക്ക്  ശേഷം കണ്ടു മുട്ടിയ ഒരു എപ്പിസോഡ് ആ ആഴ്ചയിലെ അൺസോൾവ്ഡ് മിസ്റ്ററിയിൽ കണ്ടുകഴിഞ്ഞപ്പോൾ  അമ്മയുടെ ആത്മഗതം. “എന്റെ കൂട്ടുകാരിയേയും എന്നെങ്കിലും ഒന്ന് കാണാൻ കഴിയുമായിരിക്കും”!

കോളജ് കാലത്തു പിരിയേണ്ടി വന്ന തന്റെ ഒരു പ്രിയ കൂട്ടുകാരിയെക്കുറിച്ചു അമ്മ നാട്ടിൽ വെച്ച് തന്നെ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഇവർ നാല്  വർഷം ക്ലാസ് മേറ്റ്സും ഹോസ്റ്റൽ  മേയ്റ്റ്സ് ആയിരുന്നു.  എഴുപതുകളുടെ ആദ്യം ഈ കൂട്ടുകാരി  കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക് പോന്നെന്നു മാത്രം അമ്മക്കറിയാം.  അമ്മയുടെ ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ ഈ കൂട്ടുകാരിയുണ്ട്.

അമേരിക്കയിലെത്തിയപ്പോൾ മുതൽ ഈ കൂട്ടുകാരിയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അമ്മ പറയാൻ തുടങ്ങി.  അന്ന് ഇന്റര്നെറ്റില്ലന്നു പറയണ്ടല്ലോ. ഉള്ളത് കുട്ടിത്തലയിണ വലുപ്പമുള്ള ഫോൺ ബുക്കുകളാണ്. അതിൽ ആ സിറ്റിയിലുള്ളവരുടെ മാത്രം പേരുകളേ  ഉണ്ടാവു. ഇനി ഫോൺ കമ്പനിയെ വിളിച്ചു ചോദിക്കാമെന്ന് വെച്ചാൽ തന്നെ ലാസ്‌റ് നെയിം വേണം. അമ്മക്ക് അവരുടെ പഴയ പേരറിയാം. അവരുടെ ഭർത്താവിന്റെ പേര് ഓർമ്മയുമില്ല.

ആരും മറക്കാനിടയില്ലാത്ത ഒരു പേരായിരുന്നു അമ്മയുടെ കൂട്ടുകാരിക്ക്! മനോരമ! ആ പേര് കോട്ടയത്ത് നിന്നും ഇറങ്ങുന്ന പത്രത്തിനല്ലാതെ വേറെ ആർക്കും ഉള്ളതായി  കേട്ടിട്ടില്ല.  അതിനാൽ തന്നെ ആ പേര് മനസ്സിൽ തങ്ങി നിന്നു.  

ഇവർ  എന്നെങ്കിലും ഒരുമിച്ചിരുന്നെങ്കിലെന്നു ഞാനും ആഗ്രഹിച്ചു. പക്ഷെ എങ്ങിനെ അവരെ തപ്പിയെടുക്കുമെന്നുള്ളതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടുമില്ല.  അതിനുള്ള അറിവുമില്ല. അവരെ അന്വേഷിക്കാമെന്നു വെച്ചാൽ പോലും നാല്പതു വർഷങ്ങൾക്ക് മുൻപ് ഇന്റർനെറ്റും  മറ്റു സാമൂഹിക മാധ്യമങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പഴയ സുഹൃത്തുക്കളെ തിരഞ്ഞു പിടിക്കുകയെന്നത്  അത്ര എളുപ്പമായിരുന്നില്ല.  അമേരിക്കയിലെ 52 സ്റ്റേറ്റുകളിൽ  എവിടെ പോയി കണ്ടു പിടിക്കും?

അമ്മയുടെ മനോരമ ഒരു മരീചികയായി തന്നെ തുടർന്നു.  

പിന്നീടുള്ള വർഷങ്ങളിൽ ഞാൻ അടുത്തുള്ള കമ്യൂണിറ്റി കോളജിൽ വൈകുന്നേരങ്ങളിൽ ചേർന്ന് ബേസിക് ക്ലാസ്സുകളൊക്ക പഠിക്കുകയാണ്.  ക്‌ളാസിൽ ആയിടക്ക് ഹൂസ്റ്റണിൽ നിന്നും ഡാലസിലേക്ക് താമസം മാറി  വന്ന ഒരു   പെണ്കുട്ടിയെ പരിചയപ്പെട്ടു. ജാനറ്റ്.  മുടി പറ്റെ വെട്ടിയ ഒരു ചെമ്പൻ മുടിയുള്ള മദാമ്മ.

ഹ്യൂസ്റ്റൺ  വല്ലാതെ മിസ് ചെയ്യുന്നുവെന്ന് തന്റെ ഗ്രാൻഡ് പേരെന്റ്സിനെ കാണുവാൻ ഇടക്കൊക്കെ ഹ്യൂസ്റ്റനിൽ പോകാറുണ്ടെന്നും ജാനറ്റ് പറഞ്ഞു. എന്റെ മിസ്സിംഗ് കഥകൾ അവളുമായി ഞാനും പങ്കു വെച്ചു.  

“ എന്നെ ഹൈ സ്‌കൂളിൽ പഠിപ്പിച്ചത് ഒരു ഇന്ത്യക്കാരി  ടീച്ചർ ആണ്”!  ഒരു ദിവസം ജാനറ്റ്  പറഞ്ഞു.
ഓ !!!
“എന്താണവരുടെ പേര്” ?
അത്ഭുതത്തോടെ ഞാൻ ചോദിച്ചു. ഞാൻ അത് വരെ ഇന്ത്യക്കാരായ അധ്യാപകരെ അമേരിക്കയിൽ കണ്ടിട്ടില്ല. കേട്ടിട്ടുമില്ല.

“ഹേർ നെയിം വോസ്‌ മിസ് മാണോ റാമാ”!

ജാനെറ്റ് പറഞ്ഞ പേര്  എനിക്ക് മനസിലായില്ല. എനിക്കുണ്ടോ അന്ന് കടുത്ത   ടെക്സസ് അക്‌സെന്റ് മനസിലാകുന്നു!  ഒരു കൗതുകത്തിനു ഞാനവളെക്കൊണ്ട് ആ പേര് രണ്ടു മൂന്നു പ്രാവശ്യം പറയിപ്പിച്ചു. അവസാനം അവളൊരു കടലാസിൽ എഴുതി.

MANORAMA!

മനോരമ! ?

ഞാനൊന്നു ഞെട്ടി!

ഇതാകുമോ അമ്മയുടെ അമേരിക്കയിലെവിടെയോ ഉള്ള ആ പ്രിയ കൂട്ടുകാരി ? അമ്മയുടെ  ലോങ്ങ് ലോസ്റ്റ് ഫ്രണ്ടിനെക്കുറിച്ചു  ഞാൻ  ജാനറ്റിനോട് പറഞ്ഞു. അവരുടെ പേരും മനോരമയെന്നാണറിഞ്ഞപ്പോൾ  അവൾക്കും അത്ഭുതമായി.
മനോരമയുടെ  ലാസ്‌റ് നെയിം ഒരു മലയാളി പേര് തന്നെ!

“ഒരു  പക്ഷെ നിന്റെ അമ്മയുടെ കൂട്ടുകാരി ഇത് തന്നെയാവും എലിസബത്ത്!”
അവൾ പറഞ്ഞു.
ഞാൻ നിശബ്ദയായി തലയാട്ടി. ആയിരിക്കണെന്ന് മനസിൽ പ്രാർഥിച്ചു.

ഇനി ഹ്യൂസ്റ്റനിൽ  മുത്തച്ഛനേയും മുത്തശ്ശിയേയും കാണാൻ പോകുമ്പോൾ മനോരമ ടീച്ചറുടെ വീട്ടിൽ പോയി ഇക്കാര്യം പറയാമെന്നും ആൾ അത് തന്നെയാണങ്കിൽ  ഞങ്ങളുടെ നമ്പർ അവർക്കു കൊടുക്കാമെന്നും ജാനറ്റ് ഉറപ്പു തന്നു. ഞാൻ അമ്മയുടെ പേരും വീട്ടിലെ ഫോൺ  നമ്പറും ജാനെറ്റിന് കൊടുത്തു.
അമ്മയോട് വന്നു  കാര്യങ്ങൾ പറഞ്ഞു. ഒരു ചെറിയ  പുഞ്ചിരി ആ  മുഖത്ത് വിടർന്നു.

മാസങ്ങൾക്ക് ശേഷം ആ നീണ്ട സെമസ്റ്റർ കഴിഞ്ഞാണു  ജാനറ്റ്  തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാൻ ഹ്യൂസ്റ്റന് പോയത്. പിന്നെ നടന്നതൊക്കെ ഒരു സിനിമാക്കഥ പോലെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. ജാനറ്റിന്റെ പ്രിയപ്പെട്ട മിസ് മാനോ റാമ തന്നെയായിരുന്നു എന്റെ അമ്മയുടെ പ്രിയപ്പെട്ട  കോളജ് കൂട്ടുകാരി മനോരമ.
ജാനറ്റ് ചെന്ന് പറഞ്ഞതനുസരിച്ചു അവർ ഫോണിൽ വിളിച്ചു അമ്മയുമായി സംസാരിച്ചു. അമ്മക്ക് അതീവ സന്തോഷം. മനോരമക്കും അങ്ങിനെ തന്നെ ആയിരുന്നിരിക്കണം.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.   മനോരമയുടെ ക്ഷണം സ്വീകരിച്ചു ഞങ്ങൾ നാല് പേരും കൂടി ഒരു വാരാന്ത്യത്തിൽ ഹ്യൂസ്റ്റനിൽ ചെല്ലുന്നു. ഹ്യൂസ്റ്റൺ പട്ടണത്തിൽ നിന്നും പിന്നെയും മുന്നോട്ട് പോകണം. ഒരു ചെറിയ ഗ്രാമം എന്ന് തന്നെ പറയാം.  തടാകങ്ങളും വലിയ മരങ്ങളുമുള്ള  ഒരു മനോഹരമായ ഒരു പ്രദേശം.  മനോരമയും കുടുംബവും സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. അമ്മയും മനോരമയും കെട്ടിപ്പിടിച്ചു. കരഞ്ഞു. കുടുംബങ്ങൾ അന്യോന്യം   പരിചയപ്പെട്ടു. . അവർ എഴുപതുകളിൽ ഇവിടെ വന്നതാണ്. മക്കളെല്ലാം ഇവിടെ ജനിച്ചവർ. അവരുടെ ഭർത്താവ്  അടുത്തുള്ള യൂണിവേഴ്സിറ്റിയിൽ പ്രോഫസ്സർ.  മനോരമ വന്ന കാലം മുതൽ ഹൈ സ്‌കൂളിൽ പഠിപ്പിക്കുന്നു.  തങ്ങളെ ഒരുമിപ്പിച്ച ജാനെറ്റിനെ ഫോണിൽ   വിളിച്ചു രണ്ടു പേരും നന്ദി പറഞ്ഞു. ഞാനും.

ഹ്യൂസ്റ്റണിലേക്കുള്ള ഞങ്ങളുടെ കന്നി യാത്ര കൂടി ആയിരുന്നു അത്.  കുറെ മണിക്കൂറുകൾ ആ കുടുംബത്തോടൊപ്പം അന്ന് ചിലവഴിച്ചതിന് ശേഷം  വൈകുന്നേരമാണ് ഞങ്ങൾ തിരികെ വരുന്നത്. മറക്കാനാവാത്ത ഒരു ദിവസം.  ഒരു മിസ്റ്ററിക്ക് ഉത്തരം കിട്ടിയ ദിവസം.  ഇതൊരു സ്വപ്നമായി മാത്രമേ അമ്മക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. എനിക്കും. അതെ ചില സുഹൃത് ബന്ധങ്ങൾ രക്ത ബന്ധങ്ങളേക്കാൾ ആഴമുള്ളതാണ്.
ഇന്നിപ്പോൾ അമ്മ പോയിട്ട് പതിനഞ്ചു വര്ഷം കഴിഞ്ഞു.  
മനോരമ ആന്റി  സുഖമായിരിക്കുന്നുവെന്നു വിശ്വസിക്കുകയാണ്. 

Read: https://emalayalee.com/writer/14

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക