വിഷ്ണുപാദജന്യേ, ദേവമാതാ,
ദേവപത്നീ, ഭാഗീരഥീ, മോക്ഷ- *
ദായിനീ, നിന്നെക്കുറിച്ചെത്ര കഥകൾ!
ശ്രേഷ്ഠതമ ഗംഗാമയീ, നിന്നെപ്പോൽ
മറ്റൊരു നദിയില്ല പുണ്യാത്മകം,
മറ്റൊരു നദിയുമില്ലസുരതാമിസ്രമായ്.
നിൻ തീരമണയും ജനകോടികൾക്കു
സ്നാനപാനാദിയും പുണ്യതീർത്ഥവും നീ.
ശവജടിലമലിനതടിനീ, ദുർഗ്ഗന്ധി നീ;
നിൻ തീരെയെരിയുന്നു ഭക്തജഡമയുതം;
നിനക്കാരതി മോഡിയിൽ രാഷ്ട്രിയമായി.
സോമരസബൂസുഭാവനയിലേതൊ ഋഷി
ശിവജഡയിൽനിന്നൂർത്ത സ്വർന്നദീ,
നിന്നെക്കുറിച്ചിനിയാരു പാടും, ഗംഗേ!
‘ലാന’യിൽ സജീവവ്യാപൃതനും അതിന്റെ പ്രസിഡന്റുമായിരുന്ന ശ്രീ പീറ്റർ ണീണ്ടൂർ 1997-ൽ എനിക്കു വായിക്കാൻ തന്ന ‘കുമാരനാശാന്റെ സമ്പൂർണ്ണ കൃതികൾ’ വായിച്ചശേഷവും പിന്നെ എഴുത്തച്ഛന്റെ കിളിപ്പാട്ടും ഹരിനാമകീർത്തനവും വായിച്ചശേഷവുമാണ് ഞാൻ ‘ചിന്താവിഷ്ടനായ ശ്രീരാമൻ’ എന്ന ഖണ്ഡകാവ്യം രചിച്ചത്. അതൊരു ശ്രീരാമവിചാരയജ്ഞം ആയിരുന്നു. അതിപ്പോൾ ഈമലയാളിയിലും വന്നു. എത്രപേർ വായിച്ചുവോ! അതൊരു ശുദ്ധകവിതയായിരുന്നു. അതൊക്കെ ഇപ്പോൾ ആർക്കു വേണം? ഇക്കാലത്ത് മിക്കവർക്കുമുണ്ടല്ലൊ മതപരമോ രാഷ്ട്രിയമോ ആയ ഏതെങ്കിലുമൊരു തട്ടകം; അതില്ലാത്തതാണോ എന്റെ ന്യൂനത? ഞാനോ, യശഃപ്രാർത്ഥിവൈഭവന്യൂനതദോഷൽ സ്വയം promote ചെയ്യുന്നുമില്ല.
ഇതാ ഒരു പിട്രാർക്കൻ [Petrarchan] ഗീതകശ്രമം.
ശ്രീ മധുസൂദനൻ നായരുടെ ‘ഗംഗ’എന്ന കവിതയോടു കടപ്പാട്.
* ഭഗീരഥയജ്ഞകഥ--അങ്ങനെ എത്രയെത പുരാണകഥകൾ!
ഇക്കഴിഞ്ഞ ജൂൺ 18-ന് വാരണാസിയിലെ ഗംഗാപൂജയ്ക്ക് പ്രധാനമന്ത്രി മോദിജിയുടെ കാർമ്മികത്വമാണ് ഉത്തേജനം.
അന്യകൃതീബധിരരായ സാഹിതീയർ ശ്രദ്ധിച്ചാലും: ഞാനൊരു യുക്തിവാദിയല്ല, ആരോടും വാദിക്കാറുമില്ല--അതിനുള്ള പരിജ്ഞാനമോ ആത്മജ്ഞാനമോ എനിക്കില്ല എന്ന അറിവിൽ. പക്ഷേ, ഞാൻ ഏതുകാര്യവും നോക്കുന്നത് അതു യുക്തിസഹമാണോ എന്നാണ്. ആ നിലപാട് ഒരേസമയം എന്റെ ബലവും എന്റെ ദൗർബല്യവുമാണ്. ഞാൻ ഒരു കവിമാത്രം; കവിതയിലൂടെയാണ് എന്റെ സാമൂഹികവ്യാപാരം.
Read: https://emalayalee.com/writer/290