Image

വിശപ്പിന്റെ തീവ്രത ( അനുഭവം : അന്നാ പോൾ )

Published on 30 June, 2024
വിശപ്പിന്റെ തീവ്രത ( അനുഭവം : അന്നാ പോൾ )

വിശപ്പ്,അതിന്റെ എല്ലാ തീവ്രതയോടെയും ഞാൻ കണ്ടതിന്റെ ഒരു ഓർമ്മ പങ്കു വെക്കുകയാണ് ..
 തോരാതെ പെയ്ത മഴ ഒട്ടൊന്നു ശമിച്ച നേരം...... മഴയും തണുപ്പും തന്ന ആലസ്യത്തിൽ വെറുതേയിരുന്നു സമയം പോയതറിഞ്ഞില്ല...
ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടേയുള്ളു... അരി വെന്തു വാർത്തിട്ടു.... കറികൾക്കുളള ആലോചനയിലിരിക്കുമ്പോൾ മുറ്റത്തു ആരോ നിൽക്കുന്നു... വെള്ള ഷർട്ടും വെള്ളമുണ്ടും ധരിച്ച ഒരു വൃദ്ധൻ... അപരിചിതത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു... എത്രയാലോചിച്ചിട്ടും ആരെന്നു മനസ്സിലായില്ല ആഗതൻ ഒന്നും മിണ്ടാതെ നിൽക്കന്നു. 
എന്താ എന്തു വേണം?... വിശക്കുന്നു ചോറുതരുമോ?.. 
ആ മുഖഭാവവും വേഷവും കണ്ടാൽ അങ്ങനെ ഒരാവശ്യം പറയുമെന്നു ആരും വിചാരിയ്ക്കില്ല... തേജസ്സാർന്ന മുഖം... കനിവു തേടുന്ന വാർദ്ധക്യം... ഞാനാകെ വിഷണ്ണയായി ... കറികളായിട്ടില്ല. എങ്ങനെ ചോറു കൊടുക്കും.....? വരാന്തയിലിരിക്കുന്ന ആ മനുഷ്യന്റെ കണ്ണുകൾക്കു അസാധാരണമാം വിധം തിളക്കമുണ്ടെന്നു തോന്നി... 
ആവി പറക്കുന്ന ചോറുമായി വേഗം ഞാൻ എത്തി.. 
ജാള്യതയോടെ ഞാൻ സ്വരം താഴത്തി പറഞ്ഞു കറികളായില്ല... ഇന്ന് എല്ലാം താമസിച്ചു പോയി.....
" ചോറിനു കറി വിശപ്പാ കുഞ്ഞേ..".
ഞാനകത്തേയ്ക്കു തിടുക്കത്തിൽ നടന്നു... അച്ചാറു കാണും... മോരു തീർന്നു പോയിരിക്കുന്നു... അടുക്കളയിൽ നിന്നും വേഗം അച്ചാറുമായ് ഞാൻ വരാന്തയിലേയ്ക്കു നടന്നു.... 
എനിയ്ക്കു കണ്ണുകളെ വിശ്വസിയ്ക്കാനായില്ല... കാലിയായ പാത്രം വരാന്തയിലിരിപ്പുണ്ടു്... കിണറ്റു കരയിലേയ്ക്കുനോക്കി ... കണ്ടില്ല...പരിസരത്തെങ്ങും കണ്ടില്ല...ഞാനടുത്ത വീടുകളിൽ അന്വേഷിച്ചു... അങ്ങനെ ഒരാളെ ആരും കണ്ടില്ല... ഒരു പിടി ചോറുണ്ണാൻ തിടുക്കപ്പെട്ടു കടന്നുവന്ന ആ അജ്ഞാതൻ ആരായിരുന്നു?..
കർമ്മ പരമ്പരയിലെവിടെയോ ഒരു പിടി അന്നം കൊടുക്കാനുള്ള കടം വീട്ടാനുണ്ടായിരുന്നോ? 
ഒരു പരിവ്രാജകനോ അവധൂതനോ പോലെ തോന്നിച്ച തേജസ്സുറ്റ വൃദ്ധൻ ആരായിരുന്നു! ഒരു വാക്കും പറയാതെ തിടുക്കത്തിലെങ്ങനെ മറഞ്ഞു കളഞ്ഞു. ? ഉത്തരം കിട്ടാത്ത ഒട്ടനവധി പ്രഹേളികകൾ നിറഞ്ഞ ഈ ജീവിതത്തിൽ മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജിജ്ഞാസയോടെ ഉത്തരം തേടുകയാണ് ഇന്നും. അബോധ മനസ്സിന്റെ സ്ഫടിക ജാലകങ്ങൾ തുറന്ന് ആ തേജസ്വി എന്റെ ബോധമനസ്സിന്റെ ധവളിമയിൽ ഇടയ്ക്കു കടന്നു വരുo. അപ്പോളൊക്കെ ഞാൻ എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നു,നിമിഷങ്ങൾ കൊണ്ട് ഒരു പ്ലെയിറ്റ് ആവി പറക്കുന്ന ചോറ് ഒരു കറിയുമില്ലാതെ കഴിക്കണമെങ്കിൽ അയാളുടെ ഉള്ളിൽ കത്തിനിന്ന വിശപ്പിന്റെ ചൂട് എത്രയെന്ന് ഏത് തെർമോമീറ്റർ കൊണ്ട് അളക്കാനാവും? എന്റെ കൈകൊണ്ട് വിശപ്പിന് ശമനം തേടിവന്ന, വിശപ്പിന്റെ ശക്തി എത്രയെന്ന് അനുഭവിപ്പിച്ച് ശൂന്യയിലേയ്ക്ക് എന്ന പോലെ മറഞ്ഞ ആ അജ്ഞാതനായ ജ്ഞാനവൃദ്ധൻ ആരായിരുന്നു? 
ഇന്നും ഉത്തരമില്ലാതെ തുടരുമ്പോഴും മനസ്സ് സദാ ചോദിച്ചു കൊണ്ടിരിക്കുന്നു... ആരായിരുന്നു അയാൾ... എന്റെ കൈ കൊണ്ടു നൽകുന്ന അന്നം സ്വീകരിക്കാൻ എന്നെത്തേടി വന്ന ആ അജ്ഞാതന് പതിറ്റാണ്ടുകൾക്കിപ്പുറമിരുന്നു കൊണ്ട് സ്മരണാഞ്ജലി അർപ്പിക്കുന്നു.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക