കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. കുഞ്ഞനന്തന്റെ കട എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി ആയിരിക്കും ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദ്യ സിനിമയായ ആദാമിന്റെ മകന് അബുവിന്റെ ക്യാമറാമാന് മധു അമ്പാട്ട് തന്നെയായാരിക്കും ദശ്യങ്ങള്ക്കു പിന്നില്‍.
കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി സംസാരിക്കും. ആദാമിന്റെ മകന് അബുവിലൂടെ ദേശീയ പുരസ്കാരം നേടിയ നടന് സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സിനിമയില്‍ എലിയും കഥാപാത്രമായി എത്തുന്നുണ്ട്.
ഡിസംബറില്‍ പാലക്കാട്ട് ഷൂട്ടിങ് ആരംഭിക്കും. കുഞ്ഞനന്തന് എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭാര്യാഭര്‍ത്താകന്മാരുടെ ജീവിതമാണ് കഥാതന്തു. സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കുമെന്ന് സലിം അഹമ്മദും റസൂല്‍ പൂക്കുട്ടിയും അറിയിച്ചു.
ആദാമിന്റെ മകന് അബുവിനേക്കാള്‍ സാമൂഹിക പ്രതിബദ്ധതയുളള സിനിമയായിരിക്കും 'കുഞ്ഞനന്തന്റെ കട'. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനും ചിത്രത്തിലൂടെ ശ്രമിക്കും. ആദാമിന്റെ മകന് അബുവില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് പുതിയ ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തത്. അലന്‍സ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങള്‍ അഭിനയിക്കും. ഡിസംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ക്യാമറമാന് മധു അമ്പാട്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.