Image

വാർതിങ്കൾ (കവിത: വേണു നമ്പ്യാർ)

Published on 01 July, 2024
വാർതിങ്കൾ (കവിത: വേണു നമ്പ്യാർ)

ആര് കടം തന്നു
നഖംവെട്ടി -
സാന്ധ്യനക്ഷത്രമൊ !

മീതെ പടിഞ്ഞാറെ ചെരിവിൽ
കുരുത്തോലത്തിരശ്ശീലയ്ക്ക് പിറകിൽ
നിന്റെ പൊൻനഖച്ചീള്!

കരുതിക്കൂട്ടി നോക്കിയതല്ല
അങ്ങനെ നീ എന്നെയും നോക്കിയതാകാൻ വഴിയില്ല
നന്നായിട്ടറിയാമതൊക്കെ 
എനിക്കും നിനക്കും.

നൂറായിരം പ്രണയിനികൾ
തങ്ങളുടെ പ്രേമരഹസ്യങ്ങൾ
കൈമാറുന്ന മൂന്നാമൻ പ്രപഞ്ചത്തിൽ
നീയല്ലാതെ മറ്റാരാണ്!

പൗർണ്ണമി രാവിൽ നീ മാറില്ലേ
ഒരു പൂമ്പൊടിയുടെ മെഗാ സൈസിലേക്ക്;
അത് എന്തിനാണ്?
ജന്മനാ പാതി ഉന്മാദികളായ
കവികളെയും കാമുകന്മാരെയും
പതിനാലു രാവിന്റെ ഇടവേളയിൽ
ചികിത്സിക്കുന്ന വ്യാജേന ചികിത്സിച്ച് ശരിക്കും കുതിരവട്ടത്താക്കുവാനൊ!

ഒരു നക്ഷത്രത്തിനും കാണില്ല
നിന്റെ അച്ചുതണ്ടിൽ തൊടാനുള്ള
കളിമിടുക്ക്.

തുടർച്ചയായ വിജയത്തിന്റെ 
വിരസത നിമിത്തം
നിനക്ക് ഏറെ നീട്ടുവാനാകില്ല
കരിമേഘങ്ങൾക്കു പിറകിലെ
ഈ കണ്ണുപൊത്തിക്കളി.

ഇടവേളകളിൽ 
കുളത്തിലും തടാകങ്ങളിലും മറ്റും
മുങ്ങാതെ മുങ്ങി അലകൾക്കൊപ്പം
ഉന്മത്തമായി ചാഞ്ചാടിയിട്ട്
നീ ഏകാകികളെ
കൂടുതൽ വേദനിപ്പിക്കുന്നത്
എന്തിനാണ്?

അതൊ
ആത്മാരാമനായ നീ
നാർസിസ്സിനെ അന്ധമായി
അനുകരിക്കയാണൊ?
നിന്റെ വേർപാടിന്റെ ദു:ഖത്തിലൊ
കുളങ്ങൾ കണ്ണീർക്കുളങ്ങളായത്
പുഴകൾ കണ്ണീർപ്പുഴകളായി തീർന്നത്
അമൃതിന്റെ കടൽ ഉപ്പുകടലായത്?

നേർത്ത വെള്ളിത്തലപ്പാവൂരി
ഒന്ന് കുടഞ്ഞപ്പോൾ നിന്റെ
പൊൻകുടുക്കുകളിൽ ചിലതു
മണ്ണിൽ ചിതറി വീണുവത്രെ!

അധികമാർക്കും അറിഞ്ഞുകൂടാത്ത 
ഈ രഹസ്യം എനിക്ക്
ഓതി തന്നത് മറ്റാരുമല്ല;
വഴി തെറ്റി മുറിയിലേക്ക്
വന്ന ഒരു ചങ്ങാതി - മിന്നാമിനുങ്ങ്!

ഞാൻ ജാലകം വിട്ടാലും
കണ്ണടച്ചാലും നീ 
ആ കുരുത്തോലത്തിരശ്ശീലയ്ക്ക് പിറകെത്തന്നെ കാണണം.

ചാന്ദ്രമൗനഹർഷദീപ്തിയിൽ
ഏകാന്തതയും ശാന്തതയും
നുണഞ്ഞ് ഞാൻ കണ്ണടക്കവെ
നീ എനിക്കു വേണ്ടി
ഇരുട്ടിന്റെ കറ്റകൾ അരിഞ്ഞെടുക്കണം.

നിന്റെ നനുത്ത വെളിച്ചം
ഒപ്പിയെടുത്തു തിളങ്ങുവാൻ
കൊതിയുണ്ടെനിക്ക്!
മരണാനന്തരസ്വപ്നത്തിലെങ്കിലും
നിന്നെപോലെ വിളങ്ങുവാൻ
കൊതിയുണ്ടെനിക്ക്!!

Join WhatsApp News
Sudhir Panikkaveetil 2024-07-01 13:51:20
ശ്രീ വേണു നമ്പ്യാരുടെ കവിതകൾ വായിക്കാറുണ്ട്. ഈ കവിത വളരെ ശ്രദ്ധ ആകർഷിച്ചു. ആകാശത്തെ ചന്ദ്രകല കണ്ടു കവിക്ക് അത് ഒരു നഖചീളായി തോന്നുന്നു. നോക്കാൻ വേണ്ടി നോക്കിയതല്ലത്രേ പക്ഷെ കണ്ണിൽ പെട്ടു. നമ്മുടെ നഖാഗ്രങ്ങളിൽ കാണുന്ന ചന്ദ്രകലാകൃതിയിലുള്ള ഭാഗത്തിന് lunula (little moon) എന്നാണു പറയുന്നത്. ആരോ അത് വെട്ടിയെടുത്ത് ആകാശത്തു വച്ചതാണോ എന്ന് കവി മനോരാജ്യം കാണുന്നു. പിന്നെ ആ ചന്ദ്രകല പൂർണ്ണ വികാസം പ്രാപിച്ച് ഭൂമിയിൽ മുഴുവൻ വെള്ളി വിതറുന്നത് പാതി ഉന്മാദികളായ കവികളെയും കാമുകന്മാരേയും മുഴു ഭ്രാന്തന്മാരാക്കാനോ? എന്നൊക്കെ കവി ചിന്തിക്കുന്നു. ജലാശയങ്ങളിൽ പ്രതിബിംബിച്ച് ഏകാകികളെ വേദനിപ്പിക്കുന്നവനാണ് (വേദനിപ്പിക്കുന്നവളാണ് ) ചന്ദ്രൻ എന്നും കവി കുറ്റപ്പെടുത്തുന്നു. സ്വന്തം സൗന്ദര്യത്തിൽ അഭിരമിച്ച് മതിഭ്രമം ഉണ്ടായ നർസിസിസ്റ് ആണോ നീ എന്നും കവി ചോദിക്കുന്നു. ചന്ദ്രൻ തന്റെ വെള്ളിത്തലപ്പാവു ഊരി കുടഞ്ഞപ്പോൾ കുപ്പായക്കുടുക്കുകളിൽ നിന്നും ചിലത് താഴേ വീണു അത് മിന്നാമിനുങ്ങുകളായി. (തലപ്പാവ് എന്ന പ്രയോഗം വയലാറിന്റെ ഒരു പാട്ടിലും ഉണ്ട്. വെൺചന്ദ്രലേഖ ഒരു അപ്സര സ്ത്രീ....കാറ്റത്തു കസവുത്തരീയ മുലഞ്ഞും). കവി ഉറങ്ങുമ്പപോൾ ഇരുട്ടിന്റെ കറ്റകൾ അരിഞ്ഞെടുക്കാൻ കവി അപേക്ഷിക്കുന്നു. പിന്നെ ചന്ദ്രനെപോലെ വിള ങ്ങുവാനുള്ള മോഹവും പ്രകടിപ്പിക്കുന്നു. പ്രതിമാനങ്ങളുടെ സംഗമ സൗന്ദര്യം മുഴുനീളെ നിറഞ്ഞുനിൽക്കുന്നു. അഭിനന്ദനം ശ്രീ നമ്പ്യാർ. (പടം മാറ്റിയത് നന്നായി. )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക