Image

യുക്തിരഹിതവും മതവാദപരവുമായ ഒരു ബാലചിത്രകഥ (കൽക്കി: പ്രകാശൻ കരിവെള്ളൂർ)

Published on 01 July, 2024
യുക്തിരഹിതവും മതവാദപരവുമായ ഒരു ബാലചിത്രകഥ (കൽക്കി: പ്രകാശൻ കരിവെള്ളൂർ)

കമലഹാസനെയും അമിതാഭ് ബച്ചനെയും പാർശ്വങ്ങളിൽ നിർത്തി പ്രഭാസ് നായകനായെത്തുന്ന ടിപ്പിക്കൽ തെലുങ്ക് സിനിമാപ്പടപ്പാണ് കൽക്കി . ഒരു ബാലചിത്രകഥയുടെ കെട്ടും മട്ടുമാണതിന് . എന്നാൽ അങ്ങനെയൊരു സൃഷ്ടിക്ക് ഉണ്ടായിരിക്കേണ്ട വ്യക്തതയും സുതാര്യതയും തൊട്ട് തീണ്ടിയിട്ടില്ലതാനും . ഇതിഹാസകാലം തൊട്ട് 2093 ലെ പ്രകൃതിരഹിതയന്ത്രവൽകൃത ഭാവികാലം വരെയുള്ള കുറേ സങ്കൽപ്പങ്ങളെ തികഞ്ഞ അസംബന്ധമായി കോർത്തിണക്കാനുള്ള ആഭാസമാണ് ഇവിടെ നടന്നിരിക്കുന്നത്. അങ്ങനെ ഒരു വൈകൃതം പ്രേക്ഷകരിൽ നിന്ന് മറച്ചു പിടിക്കാൻ 600 കോടിയും സകല ടെക്നോളജിയും പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനവും ധൂർത്തടിച്ചിട്ടുണ്ട് സിനിമ . കോടികൾ  വാരിയെറിഞ്ഞ് കോടാനുകോടി തിരിച്ചു പിടിക്കാനുള്ള ഈ ഞാണിന്മേൽക്കളി മഹാഭാരതത്തിലെ ചിരഞ്ജീവി അശ്വത്ഥാമാവിനെയും കർണ്ണനെയുമൊക്കെ പുനർജ്ജീവിപ്പിക്കുന്ന ഒരു പ്രമേയത്തിന് സയൻസ് ഫിക്ഷൻ എന്ന് വിശേഷിപ്പിച്ചതിലെ  കോമഡിയാണ് തീരെ മനസ്സിലാവാത്തത് .

ചരിത്രം എന്ന് മുഴുവൻ അർത്ഥത്തിൽ പറയാൻ കഴിയാത്ത മിത്തുകളുടെയും അതിശയകഥകളുടെയും സമാഹാരമാണ് ലോകത്തെവിടെയായാലും ഇതിഹാസകാവ്യങ്ങൾ . അക്കൂട്ടത്തിലൊന്നായ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഭാവിയിലെ ശാസ്ത്ര പരീക്ഷണങ്ങളോടൊക്കെ ചേർത്തു വെക്കുന്നതിൻ്റെ സാംഗത്യം ഫാൻ്റസിയുടെ കഥാ യുക്തി കൊണ്ട് ന്യായീകരിക്കാവുന്ന സാംഗത്യമൊന്നും കൽക്കിയിൽ തപ്പിപ്പരതിയാൽ മരുന്നിന് പോലും കണ്ടു കിട്ടില്ല . സനാതന ഭാരതം കൽക്കി ജനിക്കും എന്ന് കഥ പ്രവചിച്ച തമിഴ് നാട്ടിലെ ശംബാലയിൽ ഹിന്ദുമതത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമതത്തെയും ബുദ്ധമതത്തെയും അണി നിരത്തി ഒരു നവലോകം പടുത്തുയർത്തും എന്നാണ് ഈ വിശ്വഹിന്ദു കോംപ്ളക്സിന് സമർത്ഥിക്കാനുള്ളത് . ഈ കോംപ്ളക്സിൽ ഇസ്ളാമിന് യാതൊരു ഇടവുമില്ലെന്ന് പറഞ്ഞ് വെക്കാൻ സിനിമ പ്രത്യേകം ജാഗ്രത പുലർത്തുന്നു . ഈ മതവാദ അയുക്തി സമർത്ഥനത്തിന് കമല ഹാസനെപ്പോലൊരു ഡെമോക്രാറ്റിക് ജീനിയസിൻ്റെ പങ്കാളിത്തം എങ്ങനെ ലഭിച്ചു എന്നതും വല്ലാതെ ആശങ്കയുണർത്തുന്നു . മുടക്കു മുതലിൻ്റെയും ടെക്നോളജിയുടെയും ബാഹുബലത്തിന് അടിപ്പെട്ടു പോവുകയാണ് സിനിമകളുടെ ജൈവാവിഷ്കാരങ്ങൾ . സ്രഷ്ടാക്കൾക്ക് വ്യാപാരവും പ്രേക്ഷകർക്ക് കൂറ്റൻ കാഴ്ച്ചകളും എന്നതിനപ്പുറം സിനിമകളുടെ കലയും സാമൂഹ്യബോധവും ഒന്നും ഈ വീഡിയോ സിറ്റിയിൽ ഇനി നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഇത്തരം കെട്ടുകാഴ്ച്ചകൾ നമുക്ക് പകരുന്ന ഭീകരമായ ദുരന്തബോധം .

-- പ്രകാശൻ കരിവെള്ളൂർ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക