Image

മയന്മാറിൽ നിന്നുള്ള 13-കാരൻ ഡ്യൂപ്ലിക്കേറ്റ് തോക്ക് ചൂണ്ടി; പോലീസ് വെടിവച്ചു കൊന്നു (പിപിഎം)

Published on 01 July, 2024
മയന്മാറിൽ നിന്നുള്ള 13-കാരൻ ഡ്യൂപ്ലിക്കേറ്റ് തോക്ക് ചൂണ്ടി; പോലീസ് വെടിവച്ചു കൊന്നു (പിപിഎം)

ഡ്യുപ്ലിക്കറ്റ് തോക്കു ചൂണ്ടിയ 13 വയസുകാരനെ കവർച്ചക്കാരൻ എന്നു തെറ്റിദ്ധരിച്ചു പോലീസ് വെടിവച്ചു കൊന്നു. ന്യൂ യോർക്കിലെ യുട്ടിക്കയിലാണ് വെള്ളിയാഴ്ച മയന്മാറിൽ നിന്നുള്ള അഭയാർഥി കുടുംബത്തിൽ പെട്ട ന്യാ എംവേ എന്ന കുട്ടി വെടിയേറ്റു മരിച്ചത്.

രണ്ടു കവർച്ചാ റിപ്പോർട്ടുകൾ ലഭിച്ച പോലീസ് വെള്ളിയാഴ്ച്ച രാത്രി അന്വേഷണത്തിന് ഇറങ്ങിയപ്പോഴാണ് എംവേയും സമപ്രായക്കാരനായ മറ്റൊരു കുട്ടിയും മുന്നിൽ പെട്ടതെന്നു യൂട്ടിക്ക പോലീസ് പറയുന്നു. കറുത്ത നിറത്തിലുള്ള തോക്കുമായി നടക്കുന്ന രണ്ടു ഏഷ്യൻ കുട്ടികളാണ് കവർച്ച നടത്തിയതെന്നു പോലീസിനു റിപ്പോർട്ട് കിട്ടിയിരുന്നു.

വാഹനങ്ങൾ സഞ്ചരിക്കേണ്ട പാതയിൽ കയറി നടന്ന എംവേ നിയമം ലംഘിച്ചെന്ന വാദവും പോലീസ് ഉയർത്തുന്നു. പോലീസ് സമീപിച്ചപ്പോൾ എംവേ ഓടിയെന്നും അവർ പറയുന്നു. ഓടുമ്പോൾ കുട്ടി തോക്കെടുത്തു ചൂണ്ടി.

അത് ഗ്ലോക്ക് പെല്ലറ്റ് കൈത്തോക്കിന്റെ പകർപ്പായിരുന്നുവെന്നു പോലീസ് സമ്മതിക്കുന്നു. ഒരു ഓഫിസർ കുട്ടിയുടെ നെഞ്ചിലാണ് വെടിവച്ചതെന്നു യൂട്ടിക്ക പോലീസ് ചീഫ് മാർക്ക് വില്യംസ് പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു.  

മയന്മാറിൽ നിന്നു സൈനിക ഭരണകൂടത്തിന്റെ പീഡനം ഭയന്നു പലായനം ചെയ്ത 4,200 കുടുംബങ്ങൾ യുട്ടിക്കയിൽ ജീവിക്കുന്നുണ്ട്. കാരൻ ന്യൂനപക്ഷ സമുദായക്കാരനാണ് മരിച്ച കുട്ടി.  

വെടിവച്ച പോലീസ് ഓഫിസരുടെ പേര് പാട്രിക് ഹുസ്‌നേ എന്നാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രൈസ് പാറ്റേഴ്സൺ, ആൻഡ്രൂ സിട്രിനിറ്റി എന്നിവരാണ് കൂടെ ഉണ്ടായിരുന്ന ഓഫിസർമാർ. മൂന്നു പേരും അഡ്മിനിസ്ട്രേറ്റിവ് ലീവിൽ ആയിരുന്നു.

Refugee boy with repilca gun shot dead in NY

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക