Image

സുപ്രീം കോടതി ട്രംപിനു നൽകിയത് ഏകാധിപധി ആവാനുളള അനുമതിയെന്നു ബൈഡൻ പക്ഷം (പിപിഎം)

Published on 02 July, 2024
സുപ്രീം കോടതി ട്രംപിനു നൽകിയത് ഏകാധിപധി ആവാനുളള  അനുമതിയെന്നു ബൈഡൻ പക്ഷം (പിപിഎം)

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഔദ്യോഗിക നിലയിൽ ചെയ്ത കാര്യങ്ങളിൽ ഇമ്മ്യൂണിറ്റി അനുവദിച്ച സുപ്രീം കോടതി അദ്ദേഹത്തിനു ഏകാധിപത്യത്തിനുള്ള താക്കോലാണു നൽകിയതെന്നു പ്രസിഡന്റ് ജോ ബൈഡന്റെ കാമ്പയ്ൻ ആരോപിച്ചു.

നവംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിനു എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ഈ കോടതി വിധിയെന്നു കാമ്പയ്ൻ ചൂണ്ടിക്കാട്ടി. ട്രംപിന് ഏത് ഔദ്യോഗിക നടപടിക്കും പൂർണമായ നിയമ പരിരക്ഷ ഉണ്ടെന്നാണ് കോടതി തീർപ്പു കൽപിച്ചത്. 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമം ഔദ്യോഗിക നടപടിയോ വ്യക്തിപരമോ എന്നു കോടതി വ്യക്തമാക്കിയില്ല.

പ്രസിഡന്റായാൽ ട്രംപിനു എതിരാളികളെ ജയിലിൽ അടയ്ക്കാനുളള നിയമപരമായ അവകാശം ഈ കോടതി വിധി നൽകുന്നു. ലാറ്റിനോകളെ കാരണമൊന്നും കാണിക്കാതെ ജയിലിൽ അടയ്ക്കുകയും നാടു കടത്തുകയും ചെയ്യാം. തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ വൈസ് പ്രസിഡന്റിനോടു നിർദേശിക്കാം. ഇതെല്ലാം ഔദ്യോഗിക നടപടികളായി കാണാൻ കോടതി അനുവദിച്ചാൽ അത് ഏകാധിപത്യം ആകുന്നുവെന്നു കാമ്പയ്ൻ ഡെപ്യൂട്ടി മാനേജർ ക്വെന്റിൻ ഫാൾക്സ് പറഞ്ഞു.

പ്രസിഡന്റ് നിയമത്തിനു അതീതനല്ല എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഔദ്യോഗികമല്ല. എന്നാൽ എന്തൊക്കെയാണ് ഔദ്യോഗികം എന്നും എന്തൊക്കെയാണ് അല്ലാത്തതെന്നും തീരുമാനിക്കാനുള്ള അധികാരം കീഴ്കോടതികൾക്കു വിട്ടു.

കീഴ്കോടതികൾ എന്ത് തീരുമാനിച്ചാലും ജനുവരി 6 കേസിൽ ട്രംപിനു കൂടുതൽ സമയം കിട്ടും. ഒരു പക്ഷെ നവംബർ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ കേസ് നീണ്ടു പോകാം.

 ഏകാധിപത്യത്തിനുള്ള താക്കോൽ

ബൈഡൻ കാമ്പയ്ൻ പറഞ്ഞു: "ഡൊണാൾഡ് ട്രംപിന് ഏകാധിപത്യത്തിനുള്ള താക്കോൽ അവർ നൽകി. അധികാരം കിട്ടാൻ എതിരാളികളായ ആരെയും ജയിലിൽ അടയ്ക്കാനും വധിക്കാനുമുള്ള അനുമതി അവർ നൽകി.

"ഇത് നമ്മുടെ രാജ്യത്തിനു നിർണായക മുഹൂർത്തമാണ്. ഞങ്ങൾ ട്രംപിനെ തുടർന്നും വിമർശിക്കയും ഉത്തരവാദിയായി കാണുകയും ചെയ്യും."

ഡെമോക്രാറ്റിക്‌ നാഷനൽ കമ്മിറ്റി ചെയർ ജെയ്‌മി ഹാരിസൺ പറഞ്ഞു: "ഇന്നത്തെ കോടതി വിധി കക്ഷി രാഷ്ട്രീയ വിഷയം മാത്രമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്.

"വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷെ ട്രംപ് കൂടുതലായി നിയന്ത്രണമില്ലാത്ത ശൈലിയിലേക്കു നീങ്ങും. അധികാരമേറ്റാൽ ആദ്യദിവസം തന്നെ ഏകാധിപത്യവുമെന്നു അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.

"സാധുവായ തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാൻ ഭരണഘടനയെ കുപ്പയിലെറിയാൻ അദ്ദേഹം മടിക്കില്ലെന്നു സൂചന നൽകിയിട്ടുണ്ട്. തോറ്റാൽ രാജ്യത്തു ചോരപ്പുഴ ഒഴുകുമെന്നും പറഞ്ഞിട്ടുണ്ട്.

"ഡൊണാൾഡ് ട്രംപ് നമ്മുടെ ജനാധിപത്യത്തിനു നേരെ ഉയർത്തുന്ന ഭീഷണികളെ ചെറുക്കാൻ കഴിയുന്നത് പ്രസിഡന്റ് ബൈഡനു  മാത്രമാണ്. നവംബറിൽ അമേരിക്കൻ ജനത ഒരിക്കൽ കൂടി ജനാധിപത്യത്തിന്റെ പക്ഷത്തു നിൽക്കും."

മുൻ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു: "ഇന്നു സുപ്രീം കോടതിക്കു വഴി പിഴച്ചു. ആരും നിയമത്തിനു അതീതരല്ല എന്ന അമേരിക്കൻ അടിസ്ഥാന തത്വം അവർ ലംഘിച്ചു. മുൻ പ്രസിഡന്റ് ഇമ്മ്യൂണിറ്റി അവകാശപ്പെടുന്നത് നമ്മുടെ രാഷ്ട്ര പിതാക്കന്മാരോടുള്ള അവഹേളനമാണ്. ഒരു രാജാവിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരാണ് അവർ."

റെപ്. ജാസ്മിൻ ക്രോക്കറ്റ് (ഡെമോക്രാറ്റ്-ടെക്സസ്) പറഞ്ഞു: ഇതൊരു നല്ല പ്രഭാതമാണോ എന്നെനിക്കറിയില്ല. സുപ്രീം കോടതി തീരുമാനം എല്ലാം തകർക്കുന്നതാണ്."

നിയമം ലംഘിച്ചു നമ്മുടെ ജനാധിപത്യത്തെ തകർക്കാനുള്ള അധികാരമാണ് 'മാഗാ സ്കോട്ടസ്' ട്രംപിനു നൽകിയതെന്നു സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷൂമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു. ട്രംപ് തന്നെ നിയമിച്ച മൂന്നു ജസ്റ്റിസുമാർ ആണ് ഈ നാണം കെട്ട തീർപ്പിനു സഹകരിച്ചത്.

സുപ്രീം കോടതിക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ കൈക്കൊള്ളുമെന്നു റെപ്. അലെക്‌സാൻഡ്രിയ ഒക്കാഷ്യോ-കോർട്ടസ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു.

ബൈഡൻ അനുഭാവിയായ ഹാരി ഡൂൺ ട്രംപിനെ നമ്മുടെ ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയെന്നു വിളിച്ചു. ജനുവരി 6നു ക്യാപിറ്റോൾ ആക്രമിക്കപ്പെട്ടപ്പോൾ അതിനെ നേരിട്ട പോലീസ് ഓഫീസറാണ് അദ്ദേഹം.

 

വിധി ആഘോഷിച്ചു ട്രംപ്

 

സുപ്രീം കോടതി വിധി ഡൊണാൾഡ് ട്രംപ് ആഘോഷമാക്കി. "നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വമ്പിച്ച വിജയം. അമേരിക്കൻ ആണെന്നതിൽ ഏറെ അഭിമാനം," തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിൽ അദ്ദേഹം കുറിച്ചു.

"എനിക്കെതിരായ ഒട്ടു മിക്ക ആരോപണങ്ങളും സുപ്രീം കോടതി ഇന്നു തള്ളി." 

Biden camp lambasts Supreme Court decision

 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക