ഇക്കാലത്ത് മുഖപുസ്തകപാരായണം ചെയ്യാത്ത മനുഷ്യരില്ല. ചിലരുടെ ഈ പുസ്തകത്തിന് ആയിരത്തിനു മേൽ പേജുകൾ ഉണ്ട്. പേജുകളുടെ എണ്ണം കൈവശക്കാരന്റെ അഭിരുചിയും ജിജ്ഞാസയും അനുസരിച്ചിരിക്കും. ഞാനും ഈ പുസ്തകം ഒന്ന് സ്വന്തമാക്കി. അപ്പോഴാണറിയുന്നത് വളരെ കുറച്ച് പേജുകൾ മാത്രമേ എനിക്കുള്ളുവെന്നു. അല്ലെങ്കിൽ തന്നെ കുറെ പേജുകൾ ഉണ്ടായാൽ വായിക്കാൻ പ്രയാസമായിരിക്കും. സാമൂഹ്യ ശൃംഖലകളിൽ കെട്ടപ്പെട്ടു കഴിയാൻ താല്പര്യമില്ലാത്തതുകൊണ്ടു പേജുകൾ വർദ്ധിപ്പിക്കാൻ ശ്രമിച്ചില്ല. വിശ്വാസവും പരിചയവുമുള്ളവരും മാത്രമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
അപ്പോഴതാ വർഷങ്ങൾക്കുമുമ്പ് ഇ-മെയിൽ വഴി ഒരു കഥാമത്സരത്തിന്റെ വിവരങ്ങൾ കൈമാറിയ, പരിചയക്കാരി എന്ന് ഞാൻ കരുതിയ ഒരാളുടെ മുഖപുസ്തകതാളുകൾ എന്റെ മുന്നിൽ തെളിയുന്നു. അവർ സാഹിത്യകാരിയാണ്. മുഖപുസ്തകത്തിലൂടെ അവർ എഴുതുന്നതൊക്കെ വായിക്കാമെന്ന ഉദ്ദേശ്യത്തോടെ അവർക്ക് മുഖപുസ്തകത്തിൽ സ്നേഹിതനാക്കണമെന്ന അപേക്ഷ അയച്ചു. അങ്ങനെയുള്ള അപേക്ഷകൾ അയക്കാറില്ല. ഇത് പരിചയമുള്ള ആൾ എന്ന നിലക്ക് അയച്ചതാണ്. ഒരു മറുപടിയും വന്നില്ല. ചിലപ്പോൾ ചുരുക്കമായി മുഖപുസ്തകം തുറക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളയാളായിരിക്കും അവർ. പുസ്തകം വായിക്കാൻ മടിയുള്ളവർ എല്ലാക്കാലത്തും ഉണ്ടാകും. അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്ദേശം "നിങ്ങൾ ആരാണെന്നു വെളിപ്പെടുത്തുക" പരിചയക്കാരിയുടെ അപരിചിതസ്വരം അമ്പരിപ്പിച്ചു. എന്ത് വെളിപ്പെടുത്താൻ ഇത് ഞാനാണ്, കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ഉണ്ടല്ലോ. കൂടുതലായി എന്ത് വിവരങ്ങൾ വേണം. എന്ന് അവരെ എഴുതി അറിയിച്ചു. പിന്നെ വിവരം ഒന്നുമില്ല. എന്തായാലും സുഹൃത്തു ആകണമെന്ന ആവശ്യമയച്ചത് ഒരു പക്ഷെ അവർക്കിഷ്ടമായില്ലെന്നു കരുതി ഒരു ക്ഷമാപണം അയച്ചു. അപ്പോൾ അവരുടെ മറുപടി "കൂടുതലായി എന്ത് വിവരങ്ങൾ" എന്ന് നിങ്ങൾ ചോദിച്ചതിൽ ഔചിത്യമില്ല അത് സൗഹൃദപരമായി തോന്നിയില്ല. അതുകൊണ്ടാണ് അവർ അപേക്ഷ സ്വീകരിക്കാത്തതെന്നു. അങ്ങനെ അപേക്ഷിക്കലും നിരസിക്കലും കഴിഞ്ഞു. ഞാൻ കരുതിയത് അവർ എന്നെ ഓർമ്മിക്കും അവർക്ക് എന്നെ അറിയാമെന്നാണ്. അപ്പോൾ ബുദ്ധി ഉപദേശിച്ചു ഡാ സുധീറേ നീ കരുതുന്ന പോലെ നിന്നെ ആളുകൾക്ക് പരിചയമില്ല, ഒരു പക്ഷെ ആ പാവം സ്ത്രീ മുഖപുസ്തകത്തിന്റെ ചളിക്കുഴിയിൽ എപ്പോഴെങ്കിലും വീണുപോയ ഹതഭാഗ്യയായിരിക്കും. അതുകൊണ്ടു അവർ കൂടുതൽ മുൻകരുതൽ എടുക്കുന്നതായിരിക്കും.". Resistance of a woman cannot be considered as her virtue but most often her experience. (says an English writer) ഒരു സ്ത്രീയുടെ ചെറുത്ത്നിൽപ്പ് അവളുടെ സദാചാരത്തിന്റെ സൂചനയാകണമെന്നില്ല പലപ്പോഴും അവളുടെ മുൻകാലഅനുഭവങ്ങളുടെ പ്രതിഫലനമാകാം.
കഥ ഇവിടെ തീരുന്നില്ല. ജീവിതത്തിൽ ചിലപ്പോൾ പല സംഭവങ്ങളും നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അത് വരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത മുഖപുസ്തകത്തിലൂടെ മാത്രം അറിയുന്ന ഒരു സാഹിത്യകാരി ഒരു സന്ദേശം അയക്കുന്നു. അവരുടെ പുസ്തകത്തിന് അനുബന്ധമായി ചേർക്കാൻ ഒരു കുറിപ്പ് എഴുതാമോ? ശരിയെന്നു സമ്മതിച്ചു. അത് കിട്ടിയപ്പോൾ അവർ പറഞ്ഞു. മുഖപുസ്തക ചങ്ങാതിയാകാൻ അഭ്യർത്ഥിച്ച സ്ത്രീയെ എനിക്ക് പരിചയമുണ്ട്. അവർ എന്നോട് സംസാരിച്ചപ്പോൾ കഥകളൊക്കെ പറഞ്ഞു. അവർ ഒരു പാവം സ്ത്രീ. അവർ നിങ്ങളുമായി മുഖപുസ്തക ചങ്ങാത്തം വേണ്ടെന്നു വച്ചത് നിങ്ങൾ അറിയുന്ന ഒരു സ്ത്രീ പറഞ്ഞിട്ടാണ്. ആ സ്ത്രീ അമ്പതാം വയസ്സിലെത്തിയിട്ടും കാമപരവശയാണ്. കണ്ടാൽ താഴ്ന്ന ഒരാളുമായി അടുപ്പത്തിലാണ്. അടുപ്പം എന്ന് പറഞ്ഞാൽ പ്രേമമൊന്നുമല്ല. കാമപൂരണം തന്നെ, അത് ഞങ്ങൾക്കൊക്കെ അറിയാം. ആരും പുറത്തു പറയുന്നില്ല. നിങ്ങൾ ചങ്ങാതിയാകാൻ ബന്ധപ്പെട്ട സ്ത്രീ ചങ്ങാത്തം മുറുകുമ്പോൾ പ്രസ്തുത സ്ത്രീയുടെ അശ്ളീല കഥകൾ നിങ്ങളോട് പറയുമോ എന്ന പേടിയിൽ അവർ നിങ്ങളുമായി ബന്ധപെടുന്നത് മുടക്കുകയായിരുന്നു. നിങ്ങൾ അഹങ്കാരിയും, നിസ്സാരകാര്യത്തിനു കോപിക്കുന്ന പ്രകൃതക്കാരനുമാണെന്നു അവർ തെറ്റിദ്ധരിപ്പിച്ചു. ഞാൻ ആ തെറ്റിദ്ധാരണ നീക്കി. ഇപ്പോൾ അവർ പശ്ചാത്തപിക്കയാണ്. മേൽപ്പറഞ്ഞ കാമരൂപിണി കിഴവി തന്റെ കഥകൾ മറ്റുള്ളവർ അറിയാതിരിക്കാനുള്ള അടവുകളുമായി നടക്കുന്നു. സ്ത്രീ നിർവചിക്കാനാവാത്ത ഒരു പ്രതിഭാസം.
ഒരു മുഖപുസ്തക ചങ്ങാത്തത്തിന് പോയ കഥ. സമൂഹത്തിലെ പുഴുക്കുത്തുകൾ അവരുടെ മലിനമായ കഥകൾ മറയ്ക്കാൻ നമുക്ക് നേരെ ചെളിവാരി എറിയുന്നു. സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഈ കാലത്ത് വളരെ ജാഗരൂകരാവേണ്ടതുണ്ട്.
ശുഭം
(നമുക്ക് ചുറ്റും തുടരും)