Image

ഓസ്‌ട്രേലിയ സ്റ്റുഡൻ്റ് വീസ ഫീസ് ഇരട്ടിയാക്കി, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

Published on 02 July, 2024
ഓസ്‌ട്രേലിയ സ്റ്റുഡൻ്റ് വീസ ഫീസ് ഇരട്ടിയാക്കി, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ടൊറന്റോ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി സ്റ്റുഡൻ്റ് വീസ ഫീസ് വർധിപ്പിച്ച് ഓസ്‌ട്രേലിയ. ഉയർന്ന കുടിയേറ്റം കാരണം ഭവന വിപണി നേരിടുന്ന സമ്മർദ്ദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള വീസ ഫീസ് 710 ഓസ്‌ട്രേലിയൻ ഡോളറിൽ ($473) നിന്നും 1600 ഡോളറിലേക്ക് ($1,068) വർധിപ്പിച്ചത്. ഫീസ് വർധന ഓസ്‌ട്രേലിയൻ സ്റ്റുഡൻ്റ് വീസയ്‌ക്ക് അപേക്ഷിക്കുന്നത് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെലവേറിയതാക്കും.

ഇന്ന് പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും മികച്ച മൈഗ്രേഷൻ സംവിധാനം സൃഷ്‌ടിക്കുന്നതിനും സഹായിക്കുമെന്ന് ഓസ്ട്രേലിയ ആഭ്യന്തര, സൈബർ സുരക്ഷ മന്ത്രി ക്ലെയർ ഒനീൽ പറയുന്നു. സ്റ്റുഡൻ്റ് വീസയ്ക്ക് ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയതായി ക്ലെയർ ഒനീൽ അറിയിച്ചു. ഒരു സ്റ്റുഡൻ്റ് വീസയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സമ്പാദ്യം 24,505 ($16,146) ഓസ്‌ട്രേലിയൻ ഡോളറിൽ നിന്നും 29,710 ($19,576) ഓസ്‌ട്രേലിയൻ ഡോളറായി ഉയർത്തിയിട്ടുണ്ട്.

ആൻ്റണി അൽബനീസ് ഗവൺമെൻ്റിൻ്റെ ഈ പുതിയ നീക്കം ഓസ്‌ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികളുടെ രണ്ടാമത്തെ വലിയ കൂട്ടായ്മയായ ഇന്ത്യൻ വിദ്യാർത്ഥികളെ സാരമായി ബാധിക്കും. കൂടാതെ, താത്കാലിക ഗ്രാജ്വേറ്റ്, വിസിറ്റർ, മാരിടൈം ക്രൂ വീസയുള്ള താൽക്കാലിക വീസ ഉടമകൾക്ക് ഓസ്‌ട്രേലിയയിൽ ആയിരിക്കുമ്പോൾ സ്റ്റുഡൻ്റ് വീസയ്ക്ക് അപേക്ഷിക്കാൻ ഇനി അർഹതയുണ്ടായിരിക്കില്ല. നിലവിൽ രാജ്യത്ത് താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കും.

2022-ൽ 100,009 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ 1.22 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുമുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക