Image

ജൂലൈ 11നു വിധി വരുന്ന ഹഷ് മണി കേസ് സുപ്രീം കോടതി വിധി കണക്കിലെടുത്തു തള്ളിക്കളയണമെന്നു ട്രംപ് (പിപിഎം)

Published on 02 July, 2024
ജൂലൈ 11നു വിധി വരുന്ന ഹഷ് മണി കേസ് സുപ്രീം കോടതി വിധി കണക്കിലെടുത്തു തള്ളിക്കളയണമെന്നു ട്രംപ് (പിപിഎം)

മൻഹാട്ടൻ കോടതിയിൽ ഡൊണാൾഡ് ട്രംപിനെ കുറ്റക്കാരനായി കണ്ട ഹഷ് മണി കേസ് തള്ളിക്കളയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്ന നിലയിൽ ചെയ്തിട്ടുള്ള ഔദ്യോഗിക കാര്യങ്ങളിൽ ട്രംപിനു നിയമപരിരക്ഷ അല്ലെങ്കിൽ ഇമ്മ്യൂണിറ്റി ഉണ്ടെന്ന സുപ്രീം കോടതി വിധിയാണ് അതിനു ന്യായമായി അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്.

വ്യക്തി എന്ന നിലയിൽ ചെയ്ത കാര്യങ്ങൾക്കു ഇമ്മ്യൂണിറ്റി സാധ്യമല്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.

ജഡ്‌ജ്‌ യുവാൻ മെർഷനു ട്രംപിന്റെ അഭിഭാഷകർ അയച്ച കത്തിലാണ് ജൂലൈ 11നു വിധി പറയാൻ വച്ചിട്ടുള്ള കേസ് തള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. വിധി പ്രഖ്യാപനം നീട്ടി വയ്ക്കണം എന്നും അവർ ആവശ്യപ്പെട്ടു.

കത്തിനു മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ ഓഫിസ് ചൊവാഴ്ച പ്രതികരിക്കും എന്നാണ് പ്രതീക്ഷ.

നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസുമായി ഉണ്ടായെന്നു ആരോപിക്കപ്പെടുന്ന രഹസ്യ ബന്ധം മറച്ചു വയ്ക്കാൻ 2016 തിരഞ്ഞെടുപ്പിനു മുൻപ് അവർക്കു $130,000 നൽകുകയും അക്കാര്യം രഹസ്യമാക്കി വയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തുകയും ചെയ്തു എന്നതാണ് മൻഹാട്ടൻ കോടതിയിലെ 'ഹഷ് മണി' കേസ്. ട്രംപ് 34 ഫെലനികൾക്കും കുറ്റക്കാരൻ ആണെന്നു കോടതി കണ്ടെത്തിയിരുന്നു.  

പ്രസിഡന്റിന്റെ നടപടികളിൽ ഏതൊക്കെയാണ് ഔദ്യോഗികം എന്ന നിലയിൽ ഇമ്മ്യൂണിറ്റി അർഹിക്കുന്നത് എന്നു തീരുമാനിക്കാനുള്ള അവകാശം സുപ്രീം കോടതി കീഴ്കോടതികൾക്കു നൽകിയിട്ടുണ്ട്. വാഷിംഗ്‌ടണിൽ ഫെഡറൽ ജഡ്‌ജ്‌ ടാന്യ ചുട്ക്കൻ ഡിസംബറിൽ ട്രംപിന്റെ ഇമ്മ്യൂണിറ്റി അപേക്ഷ തള്ളിയിരുന്നു.

Trump wants hush money case dismissed 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക