Image

താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പിൽ തർക്കവും പൊട്ടിത്തെറികളും ; മതിയായ വോട്ടുകൾ കിട്ടിയിട്ടും താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്തായെന്ന് രമേഷ് പിഷാരടി

Published on 02 July, 2024
താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പിൽ തർക്കവും പൊട്ടിത്തെറികളും ; മതിയായ വോട്ടുകൾ കിട്ടിയിട്ടും താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്തായെന്ന് രമേഷ് പിഷാരടി

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കൂടുതല്‍ വോട്ട് കിട്ടിയിട്ടും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്തായെന്നും ജനാധിപത്യ വ്യവസ്ഥിതിയിലാകണം തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാട്ടി നടന്‍ രമേഷ് പിഷാരടി രംഗത്തുവന്നു. കൂടുതല്‍ വോട്ട് കിട്ടുന്നയാളാകണം വിജയിക്കേണ്ടതെന്നാണ് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പിഷാരടി ചൂണ്ടിക്കാട്ടി.

ഭരണഘടന പ്രകാരം ഭരണസമിതിയില്‍ നാലു സ്ത്രീകള്‍ വേണമെന്നാണ് ചട്ടം. അതിനാലാണ് താന്‍ പുറത്തായതെന്നും വോട്ട് കുറഞ്ഞവര്‍ക്കായി മാറിനില്‍ക്കേണ്ടി വന്നത് ജനഹിതം റദ്ദുാക്കന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. തനിക്ക് വോട്ട് ചെയ്തവരില്‍ പലരും വോട്ട് പാഴായതിനെപ്പറ്റി പരാതി പറയുന്നു. ഈ സാഹചര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ നോമിനേഷന്‍ പിന്‍വലിക്കാന്‍ തയ്യാറായേനെ. അമ്മയില്‍ സ്ത്രീ സംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടനാ ഭേദഗതി വേണമെന്നും പിഷാരടി ആവശ്യപ്പെട്ടു. താന്‍ മാറി നില്‍ക്കേണ്ടി വന്ന സാഹചര്യം മനസിലാക്കാതെ മാധ്യമങ്ങളില്‍ താന്‍ പരാജയപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത വന്നതു തെരഞ്ഞെടുപ്പിന് ശേഷം അമ്മ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കാര്യങ്ങള്‍ യഥാവിധി വ്യക്തമാക്കാത്തതിനാലാണെന്നും രമേഷ് പിഷാരടി കത്തില്‍ വ്യക്തമാക്കി.

വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഉടലെടുത്ത തര്‍ക്കമാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍ എന്നിവരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സിദ്ധീഖ് (ജനറല്‍ സെക്രട്ടറി), ജഗദീഷ്, ജയന്‍ ചേര്‍ത്തല (വൈസ് പ്രസിഡന്റ്, ബാബു രാജ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇതിന് ശേഷമായിരുന്നു എക്‌സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്. 11 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരാജ് വെഞ്ഞാറമൂട്, സരയു മോഹന്‍, സുരേഷ് കൃഷ്ണ, ടിനി ടോം, ടോവിനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. എക്‌സിക്യുട്ടീവിലേക്ക് മത്സരിച്ചവരില്‍ നിന്നും 2 സ്ത്രീകളെ മാറ്റി നിര്‍ത്താനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.

രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ പരാജയപ്പെട്ടു. അന്‍സിബ, സരയൂ എന്നിവരെയായിരുന്നു മാറ്റി നിര്‍ത്തിയത്. ഏറ്റവും കുറവ് വോട്ട് ലഭിച്ചുവെന്ന കാരണത്താലായിരുന്നു ഇവരെ മാറ്റി നിര്‍ത്തിയത്. ഭരണ ഘടനപ്രകാരം നാല് വനിതങ്ങളാണ് ഭരണ സമിതിയില്‍ വേണ്ടത്.

പ്രധാന ഭാരവാഹികളായി വനിതകള്‍ ആരും ഭരണസമിതിയിലില്ല. 3 സ്ത്രീകള്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തണമെന്ന് അംഗങ്ങളായ മറ്റ് സ്ത്രീകളും ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ നിയുക്ത ജനറല്‍ സെക്രട്ടറി സിദ്ധീഖ് സ്വീകരിച്ച നിലപാടും ശ്രദ്ധേയമായി. മത്സരിച്ച 3 നടിമാരും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിദ്ധീഖിന് 157 വോട്ട് ലഭിച്ചപ്പോള്‍ കുക്കു പരമേശ്വരന് 123 വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റുമാരില്‍ ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവര്‍ യഥാക്രമം 245, 215 വോട്ടുകള്‍ നേടി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബാബു രാജിന് 198 വോട്ടും നേടാനായി. കലാഭവന്‍ ഷാജോണ്‍ 294, സുരാജ് വെഞ്ഞാറമൂട് -289, ജോയി മാത്യു – 279, സുരേഷ് കൃഷ്ണ- 275, ടിനി ടോം – 274, അനന്യ- 271, വിനു മോഹനര്‍ -271, ടൊവിനോ തോമസ്- 268, എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ലഭിച്ച വോട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക