Image

സ്‌കൂളുകളിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോ എന്നത് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം ; ഹൈക്കോടതി

Published on 02 July, 2024
സ്‌കൂളുകളിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോ എന്നത് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം ; ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണോ എന്ന കാര്യത്തില്‍ സകൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള സ്‌കൂള്‍ അധികൃതരുടെ തീരുമാനം നടപ്പിലാക്കാന്‍ സഹായം വേണമെങ്കില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനാണ് ഹരജിയില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.

സ്‌കൂളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടാനൂര്‍ കെ.പി.സി എച്ച്.എസ്.എസ് പ്രിന്‍സിപ്പലും മാനേജരും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തങ്ങളുടെ സ്‌കൂളില്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന 1996 നവംബര്‍ എട്ടിലെ ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തില്‍ നടത്തരുതെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്ര രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കുട്ടികള്‍ പ്രാപ്തരല്ലെന്നും തങ്ങളുടെ സ്‌കൂള്‍ വളപ്പില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനോ തെരഞ്ഞെടുപ്പ് നടത്താനോ അവകാശമില്ലെന്നും ഹരജിയില്‍ പറയുന്നു.

സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരാണ് ഹരജിയിലെ എതിര്‍കക്ഷികള്‍. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക