Image

ആർ.ഡി.എക്സ് നിർമതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ; വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ലാഭവിഹിതം നൽകാതെ പറ്റിച്ചെന്ന് തൃപ്പൂണിത്തറ സ്വദേശി

Published on 02 July, 2024
ആർ.ഡി.എക്സ്  നിർമതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ; വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ലാഭവിഹിതം നൽകാതെ പറ്റിച്ചെന്ന് തൃപ്പൂണിത്തറ സ്വദേശി

മലയാളത്തില്‍ വന്‍വിജയം നേടിയ സിനിമകള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി വീണ്ടും. സൂപ്പര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ജനപ്രീതി നേടിയ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വാഗ്ദാനം ചെയ്ത ലാഭ വിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തറ സ്വദേശി അഞ്ജന എബ്രഹാമാണ് നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

സിനിമയ്ക്കായി ആറ് കോടി നല്‍കിയിരുന്നു. മുപ്പത് ശതമാനം ലാഭവിഹിതമായി വാഗ്ദാനം ചെയ്‌തെങ്കിലും അത് നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.

മുടക്കുമുതലും ലാഭവിഹിതവും തിരിച്ചു നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു അരൂര്‍ സ്വദേശി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ മുടക്ക് മുതല്‍ തിരിച്ചു നല്‍കിയെന്നും വാഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതം നല്‍കിയില്ലെന്നുമാണ് ആര്‍.ഡി.എക്‌സ് സിനിമക്കെതിരെ ഉയരുന്ന പരാതി.

നിര്‍മാതാക്കളായ സോഫിയ പോളും ജയിംസ് പോളും പരാതിക്കാരിയെ സമീപിച്ചിരുന്നു. 13 കോടിയോളം രൂപ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് വരുമെന്നും അതില്‍ 6 കോടി ചിത്രത്തിനായി ഇന്‍വെസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്. 30 ശതമാനം ലാഭവിഹിതം തനിക്ക് നല്‍കുമെന്നും കരാറില്‍ ഉള്ളതായി പരാതിക്കാരി പറയുന്നു.

എന്നാല്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ 23 കോടിയോളം ചെലവ് വന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. പടം പുറത്തിറങ്ങിയതിന് പിന്നാലെ ലാഭവിഹിതമോ മുടക്ക് മുതലോ തിരിച്ചുനല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ല. 100 കോടിയോളം രൂപ സിനിമ കളക്ഷന്‍ നേടിയെന്ന് നിര്‍മാതാക്കള്‍ പരസ്യപ്പെടുത്തിയിട്ടും പണം മുടക്കിയ തനിക്ക് ഒരു കോടി പോലും നല്‍കിയില്ല. നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം മാത്രം അവര്‍ തിരിച്ചു നല്‍കി. ലാഭവിഹിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കള്ള കണക്കുകള്‍ നിരത്തുകയാണ് അവര്‍ ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക