Image

ബി.ജെ.പി ശ്രമിക്കുന്നത് ക്രൈസ്തവരെ ഭിന്നിപ്പിക്കാൻ ; കെ. സുരേന്ദ്രന്റെ വാക്കുകൾ ജനാധിപത്യത്തിനെതിരെന്ന് കേരള കാത്തോലിക് ബിഷപ്സ് ഐക്യ ജാഗ്രത കമ്മീഷന്‍

Published on 02 July, 2024
ബി.ജെ.പി ശ്രമിക്കുന്നത് ക്രൈസ്തവരെ ഭിന്നിപ്പിക്കാൻ  ; കെ. സുരേന്ദ്രന്റെ വാക്കുകൾ ജനാധിപത്യത്തിനെതിരെന്ന് കേരള കാത്തോലിക് ബിഷപ്സ് ഐക്യ ജാഗ്രത കമ്മീഷന്‍

കൊച്ചി: ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിനെതിരേ ആഞ്ഞടിച്ച് കേരള കാത്തോലിക് ബിഷപ്സ് ഐക്യ ജാഗ്രത കമ്മീഷന്‍. ക്രൈസ്തവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആഹ്വാനം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഭിന്നിപ്പുണ്ടാക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങള്‍ അപലപനീയമാണ്. 

അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണന്നും കെസിബിസി ചൂണ്ടിക്കാണിച്ചു.

മതമേലദ്ധ്യക്ഷന്മാരുടെ വാക്കുകള്‍ തള്ളി കളഞ്ഞ് വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ സഹായിച്ചിട്ടും കഴിഞ്ഞ വര്‍ഷങ്ങളില്‍ സഭാനേതൃത്വത്തിന്റെ ഭാഗത്തു നിന്ന് എതിര്‍ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണവും സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു.

‘കേന്ദ്രമന്ത്രിമാര്‍ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണെന്ന ധ്വനിയാണ് സുരേന്ദ്രന്റെ വാക്കുകളിലുള്ളത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ ക്രൈസ്തവര്‍ അവരെ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന ആഹ്വാനം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ക്രൈസ്തവര്‍ക്ക് എല്ലാവരെയും പോലെ ന്യായമായത് മാത്രം ലഭിച്ചാല്‍ മതി. അനര്‍ഹവും അന്യായമായതുമായ ഒരു സഹായവും മതത്തിന്റെ പേരിലോ വര്‍ഗത്തിന്റെ പേരിലോ ഉണ്ടാകാതിരിക്കുക എന്നതാണ് ഒരു ജനാധിപത്യരാജ്യത്തില്‍ പ്രധാനം. അതാണ് മതേതര രാജ്യത്തിന്റെ അന്തസത്ത,’ കെ.സി.ബി.സി ജാഗ്രത കംമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളും ഭരണസേവകരും പ്രവര്‍ത്തിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഷ്ട്രീയ കാര്യലാഭത്തിനു വേണ്ടിയാണ് സുരേന്ദ്രന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക