Image

എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നത് കാരണം ; എം.വി ഗോവിന്ദന്‍

Published on 02 July, 2024
എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നത് കാരണം ; എം.വി ഗോവിന്ദന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നത് കൊണ്ടാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍  ഇന്ത്യ മുന്നണി അധികാരത്തിലെത്താതിരിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ തെറ്റായ നിലപാടുകളാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഇന്ത്യ മുന്നണി രാജ്യത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ മുന്നണിയിലെ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ മത്സരിച്ചു. അതു ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ഇതുമൂലമാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത്. സംസ്ഥാനം ഒരു യൂനിറ്റ് ആയി കാണണം. അവിടെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റുന്ന പാര്‍ട്ടിയിലേക്ക് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇക്കാര്യം ഉറപ്പാക്കിയാല്‍ ഇന്ത്യ മുന്നണിക്ക് അധികാരത്തില്‍ വരാം. പക്ഷേ, കോണ്‍ഗ്രസ് അതിന് വിലങ്ങു തടിയായി നിന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്.

തമിഴ്നാട്ടില്‍ ഡി.എം.കെ ഉള്ളതുകൊണ്ട് എല്ലാ സീറ്റും ലഭിച്ചു. എന്നാല്‍, കര്‍ണാടകയില്‍ കോണ്‍ഗ്രസാണ് നേതൃത്വം. അവിടെ വിജയം ഉണ്ടായില്ല. തെലങ്കാനയിലും ഉണ്ടായില്ല. യു.പിയില്‍ എസ്.പി നേതൃത്വം കൊടുക്കുകയും ബി.ജെ.പി തോല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും കോണ്‍ഗ്രസായിരുന്നു. അവിടെയൊക്കെ ബി.ജെ.പി വിജയിക്കുകയും ചെയ്തു.

ബി.ജെ.പിയെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് മുസ്ലിം ജനവിഭാഗം ചിന്തിച്ചത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നു. ഇവര്‍ക്കൊക്കെ മണ്ഡലങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുണ്ട്. അങ്ങനെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിച്ചത്. വടകരയില്‍ അതു തീവ്രമാകുകയും ചെയ്തെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക