Image

നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് ഇന്ത്യ മുന്നണി നേടിയെടുക്കും ; ആവേശമായി പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രസംഗം

Published on 02 July, 2024
നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് ഇന്ത്യ മുന്നണി നേടിയെടുക്കും ; ആവേശമായി പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രസംഗം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ആദ്യ പ്രസംഗത്തില്‍ തന്നെ ആവേശം വിതറി രാഹുല്‍ ഗാന്ധി.  ഭരണ പക്ഷത്തിന് വായടപ്പന്‍ മറുപടി നല്‍കിയ അദ്ദേഹം പ്രതിപക്ഷ ബെഞ്ചില്‍ ആഹ്ലാദവും ആവേശവും വിതറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണ ഇന്ത്യ സഖ്യത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുലിന്റെ കത്തിക്കയറിയുള്ള പ്രസംഗം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ബി.ജെ.പിയെ തറപറ്റിക്കുമെന്ന് രാഹുല്‍ ബിജെപിയെ വെല്ലുവിളിച്ചു. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകള്‍. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഗുജറാത്തില്‍ ഇത്തവണ ഇന്ത്യ സഖ്യം നിങ്ങളെ തോല്‍പ്പിച്ചിരിക്കും’ -രാഹുല്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.

ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം കേന്ദ്ര സര്‍ക്കാറിന്റെ ഓരോ വീഴ്ച്ചകളും എണ്ണിപ്പറയുന്നതായിരുന്നു. രാമജന്മഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കി. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സര്‍വേ നടത്തി. തോല്‍ക്കുമെന്ന സൂചനയാണ് ലഭിച്ചത്. അങ്ങനെയാണ് അദ്ദേഹം വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

എന്നാല്‍, രാഹുലിന്റെ പ്രസംഗത്തെ ഹിന്ദുക്കള്‍ക്കെതിരേ എന്ന് വ്യാഖ്യാനിച്ച് കുളംകലക്കാനായിരുന്നു ബിജെപി നേതാക്കളുടെ ശ്രമം. ഹിന്ദുക്കളെന്ന് പറയുന്നവര്‍ അക്രമത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നുവെന്നും അവര്‍ ശരിക്കുള്ള ഹിന്ദുക്കളല്ലെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് വളച്ചൊടിച്ചായിരുന്നു നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതികരണം.

എന്നാല്‍, ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക