Image

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചട്ടങ്ങൾ ലംഘിച്ച് ; രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് വി. മുരളീധരൻ

Published on 02 July, 2024
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചട്ടങ്ങൾ ലംഘിച്ച് ; രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് വി. മുരളീധരൻ

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചർച്ചയിൽ രാഷ്ട്രപതിക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.

പ്രസംഗത്തിൽ വസ്‌തുതകൾക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി. മര്യാദകൾ ലംഘിച്ച കവല പ്രസംഗമായിരുന്നു നടത്തിയത്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും വക്താക്കളാണെന്ന രാഹുലിന്റെ പരാമർശം അപലനീയമായമാണ്. ഈ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് രാഹുൽ ഗാന്ധി മാപ്പു പറയണം. ഈ പ്രസംഗം നടക്കുമ്പോൾ കേരളത്തിലെ എംപിമാർ കൈയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകൾ ലഭിച്ചത് കൊണ്ടാണ് കേരളത്തിലെ എംപിമാർ ജയിച്ചത്. എംപിമാർ കൈയടിച്ചതോടെ മലയാളികൾക്ക് അപമാനം ഉണ്ടായി. രാഹുൽ ഗാന്ധിയ്ക്ക് മാവോവാദി പ്രവർത്തനങ്ങളെക്കുറിച്ച് പറയാനില്ല. നരേന്ദ്ര മോദിയെപ്പറ്റി മാത്രമേ അദ്ദേഹത്തിന് പറയാനുള്ളുവെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്.

ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിൻ്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.

Join WhatsApp News
Nireekshakan 2024-07-02 13:06:55
ഹിന്ദി അറിയാവുന്ന മുരളീധരൻ സാർ എന്താ ഇങ്ങനെയൊക്കെ പറയുന്നത്? രാഹുൽ പറഞ്ഞത് എന്താണ്? “ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ചെയ്യുന്നത് എന്താണ്? ഹിംസ, വെറുപ്പ്, വെറുപ്പ്, വെറുപ്പ്.ഇത് ഹിന്ദു ധർമമല്ല. ഇവർ ഹിന്ദുക്കളല്ല.“ ഈ പറഞ്ഞതിൽ എന്താണ് തെറ്റ്? സത്യത്തെ ഇങ്ങനെ വളച്ചൊടിച്ചു നിങ്ങൾ സംസാരിക്കുന്നതെന്തുകൊണ്ടാണ്? അത് അർത്ഥമാക്കുന്നത് നിങ്ങൾ രാഹുലിനെ ഇപ്പോൾ ഭയപ്പെടുന്നു എന്നാണ്. ആറാം തമ്പുരാനിൽ നരേന്ദ്രപ്രസാദ് പറയുന്നതുപോലെ “അവനെ സൂക്ഷിക്കണം. അവന്റെ കണ്ണിൽ തീ പാറുന്നു.“ അതെ, അവനെ നിങ്ങൾ സൂക്ഷിക്കണം. 50 സീറ്റിൽ താഴെ മാത്രം ഉണ്ടായിരുന്ന കോൺഗ്രസ്സിനെ “പപ്പു" എന്നു വിളിച്ചു നിങ്ങൾ പുശ്ചിച്ചപ്പോൾ മിണ്ടാതെ ഇന്ത്യയുടെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നടന്നു പോയി ജനങ്ങളെ കണ്ട് അവരുടെ കൂടെ ഉണ്ടും ഉറങ്ങിയും സംവാദിച്ചും കോൺഗ്രസ്സിനെ 100 സീറ്റിൽ എത്തിച്ച അവനെ നിങ്ങൾ സൂക്ഷിക്കണം. കാരണം അത് വിത്ത് വേറെയാ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക