Image

അരയാല്‍ ( കവിത : ഷൈല ബാബു )

ഷൈല ബാബു Published on 02 July, 2024
അരയാല്‍ ( കവിത : ഷൈല ബാബു )

ഏതോ കരങ്ങളാല്‍
നട്ടുവളര്‍ത്തിയോ-
രരയാലിന്‍ ചില്ലക
ളിളകുന്നു മോദമായ്!

ഇത്തിളിന്‍ വള്ളികള്‍
മാറോടണച്ചു നീ,
പന്തലിച്ചിന്നൊരു
മോഹനശാഖിയായ്!

കണ്ണീരിന്‍ ഗാഥക
ളുരുവിട്ട മനുജന്റെ,
ദീര്‍ഘനിശ്വാസങ്ങ
ളേറ്റു വാങ്ങീടവേ...

വേനലും വര്‍ഷവും
ശിശിരവും താണ്ടി നീ,
എത്രയോ വസന്തങ്ങ
ളൊരുക്കീ, മനോജ്ഞമായ്!

പുലരിയില്‍ കരുതിയ
തുഷാരബിന്ദുക്കളെ,
നിന്നിലക്കുമ്പിളില്‍
ചോരാതെ കാത്തതും;

ആത്മാവിനുള്ളി
ലടിയും വ്യഥകളെ;
നിന്‍ മഹാതൂലിക
കാവ്യം ചമച്ചതും;

ആനന്ദഹര്‍ഷരായ്
സന്താപഹൃദയങ്ങള്‍
നിന്‍ മടിത്തട്ടിലെ
ശീതളച്ഛായയില്‍!

അടരുന്ന മൃദുലമാ
മിലത്തൂവലാലെ നീ,
നീര്‍മണിച്ചാലുക-
ളെത്ര തുടച്ചെന്നോ?

ഇണകളെ തേടുന്ന
ചെല്ലക്കിളികളും
കൂടൊന്നൊരുക്കി
കാതോര്‍ത്തിരിക്കയായ്!

തെരുവിന്റെ മക്കള്‍ക്കു
ശരണാലയമായി നീ,
അഭിമാനപര്‍വമായ്
വിലസുന്നു ധരണിയില്‍!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക