Image

മേൽപ്പാലത്തിൽ നിന്നും തെറിച്ചുവീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; വാഹനമോടിച്ച സഹോദരിക്കെതിരേ കേസ്

Published on 02 July, 2024
മേൽപ്പാലത്തിൽ നിന്നും തെറിച്ചുവീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; വാഹനമോടിച്ച സഹോദരിക്കെതിരേ കേസ്

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ ഇടിച്ച് യുവതി റോഡിലേക്ക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരിക്കെതിരേ കേസെടുത്ത് പൊലീസ്. അമിത വേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറിന് പിന്നിലിരുന്ന സിമിയാണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യയും സിനിയും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ  ദേശീയപാത കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ വെൺപാലവട്ടം മേൽപ്പാലത്തിലായിരുന്നു സംഭവം. കൊല്ലം മയ്യനാട്ട്‌ ബന്ധുവിന്റെ മരണത്തിനു പോയി മടങ്ങുകയായിരുന്നു സഹോദരിമാർ. നിയന്ത്രണം തെറ്റി സ്കൂട്ടർ പാലത്തിന്റെ കൈവരിയിലിടിച്ചപ്പോൾ മൂന്നുപേരും അഞ്ച് മീറ്ററോളം താഴ്ചയിൽ സർവീസ് റോഡിലേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ സിമിയുടെ തല ഓടയുടെ കെട്ടിൽ അടിച്ച് ഗുരുതരമായി പരിക്കേറ്റു. സിനി ഒാടയ്ക്കകത്തേക്കാണ്‌ വീണത്‌. ശിവന്യ അമ്മയുടെ മുകളിലേക്കു വീണതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്നുപേരെയും നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിമിയുടെ ജീവൻ രക്ഷിക്കാനായില്ല. ശിവന്യയേയും സിമിയേയും പിന്നിലിരുത്തി സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആദ്യ പാലത്തിന്‍റെ മധ്യഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൈവരിയിലിടിച്ച് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിന്‍റെ നിയന്ത്രണം വിട്ടതോടെ മൂന്നു പേരും താഴേയ്ക്ക് വീഴുകയായിരുന്നു. സ്കൂട്ടർ കൈവരിയിൽ ഇടിച്ചു നിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക