Image

'മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം' ജൂലൈ നാലിന് തിരശ്ശീല ഉയരും; തിരുവചനത്തിന്റെ പ്രഭ ചൊരിയുന്ന ദിനരാത്രങ്ങള്‍ക്കായി ഹൂസ്റ്റണ്‍ പട്ടണം ഒരുങ്ങി.

നിബു വെള്ളവന്താനം (നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) Published on 02 July, 2024
'മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം'  ജൂലൈ നാലിന് തിരശ്ശീല ഉയരും; തിരുവചനത്തിന്റെ പ്രഭ ചൊരിയുന്ന ദിനരാത്രങ്ങള്‍ക്കായി ഹൂസ്റ്റണ്‍ പട്ടണം ഒരുങ്ങി.

ഹൂസ്റ്റണ്‍ : അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് സമൂഹം ഒരു വര്‍ഷമായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിന്ന ധന്യ മുഹൂര്‍ത്തത്തിന് ഇനി രണ്ട് നാള്‍ മാത്രം. കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എന്‍.എ.കെ ആത്മീയ സമ്മേളനത്തിന് 5 ന് വ്യാഴാഴ്ച ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമാകും.

വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റര്‍ കെ. പി മാത്യുവിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന മഹാസമ്മേളനം  നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  'മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിന്‍'' (ലൂക്കോസ് 3:8) എന്നതാണ് കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം.

ലോക്കല്‍ സെക്രട്ടറി സജിമോന്‍ ജോര്‍ജ് സ്വാഗതവും ലോക്കല്‍ കണ്‍വീനര്‍ പാസ്റ്റര്‍ സണ്ണി താഴാംപള്ളം സങ്കീര്‍ത്തന വായനയും നിര്‍വ്വഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രാസംഗികരെ നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ സദസ്സിന് പരിചയപ്പെടുത്തും. പാസ്റ്റര്‍മാരായ ഫെയ്ത്ത് ബ്ലെസ്സന്‍ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്.

ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സദ്ധികളുടെ സ്വരലയ താളങ്ങളിലേക്ക് ഏവരെയും കൊണ്ടെത്തിക്കുവാന്‍ അനുഗ്രഹീത ഗായകന്‍ കെ ബി ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായക സംഘവും ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പങ്കെടുക്കുന്ന വിശ്വാസികള്‍ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റണ്‍ പട്ടണം വേദിയാകുന്നത്.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനവുമുള്ള പാസ്റ്റര്‍ വ്‌ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹില്‍, ആന്‍ഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസ്സന്‍, പാസ്റ്റര്‍ ജസ്റ്റിന്‍ ശാമുവല്‍, ഡോ. ഏഞ്ചല്‍ എല്‍സാ വര്‍ഗ്ഗീസ് - യു.കെ എന്നിവരാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ മുഖ്യ പ്രസംഗകര്‍. ഇവരെ കൂടാതെ സ്വദേശത്തും വിദേശത്തും നിന്നുമുള്ള ദൈവഭൃത്യന്മാര്‍ വിവിധ സെക്ഷനുകളില്‍ വചനം പ്രഘോഷിക്കും.

കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, സഹോദരിമാര്‍ക്കും വിവിധ ദിവസങ്ങളില്‍ പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം സമ്മേളനം, ഒമാന്‍ പെന്തക്കോസ്തല്‍ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്‌സ് സംഗമം, കോട്ടയം സംഗമം, ഉണര്‍വ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലീഷ് സെക്ഷന്‍, സ്‌പോര്‍ട്ട്‌സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോണ്‍ഫ്രന്‍സിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

ജൂലൈ 7ന് ഞായറാഴ്ച സംയുക്ത ആരാധനയോടും ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും. ദേശീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റണ്‍ പട്ടണത്തില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സമ്മേളന നഗറിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ഹൂസ്റ്റണ്‍ IAH, HOU എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി കോണ്‍ഫ്രന്‍സ് സെന്ററില്‍ എത്തിച്ചേരുവാന്‍ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാര്‍ മാര്‍ഗ്ഗമായി എത്തിച്ചേരുന്നവര്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗജന്യ പാര്‍ക്കിംഗ് ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്.

വ്യത്യസ്തമായ പ്രോഗ്രാമുകള്‍, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ - ലോക്കല്‍ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnakhouston.org


 

Join WhatsApp News
നിരീശ്വരൻ 2024-07-02 21:43:20
"മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ" നിങ്ങൾ പറയുന്നത് ഫലം കായ്ച്ചു കഴിഞ്ഞിട്ട് മാനസാന്തരം സംഭവിക്കണം എന്നാണ്. കോഴിയാണോ ആദ്യം ഉണ്ടായത് കോഴിമുട്ടയാണോ എന്ന ചോദ്യപോലെ ഇത് ഒരു ക്യാച്ച് 22 ആണ് . ഇത് ഒരു തെറ്റായ പഠനമാണ് നിങ്ങൾ നിങ്ങളുടെ ഗുരു യേശു പറഞ്ഞത് പഠിപ്പിക്കാതെ പാസ്റ്റർ ലുക്ക് പറഞ്ഞത് എടുത്തു പഠിപ്പിച്ചു. കാരണം അതാണല്ലോ എളുപ്പം. ഫലം കായിച്ചാലേ രക്ഷയുള്ളൂ എന്ന് ചുരുക്കം. യേശു പറഞ്ഞത്, "അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി." (മത്തായി 4:17). ഞാൻ യേശു ദൈവമാണെന്നോ ദൈവപുത്രനാണെന്നോ വിശ്വസിക്കാത്ത ഒരു നിരീശ്വരനാണ്. പക്ഷെ ആ മനുഷ്യന്റെ പഠന ങ്ങളിലെ ആന്തരിക സത്യങ്ങളിൽ ഞാൻ ആകൃഷ്ടനാണ്. മനസിനുള്ളിൽ മാറ്റം വരാതെ പ്രവർത്തി ശരിയാകില്ല. മനസ്സിനുള്ളിൽ മാറ്റം വന്നാൽ, പിന്നെ കായ്ക്കുന്ന ഫലം ഒരുപോലെയുള്ളതായിരിക്കും . എന്നാൽ ലൂക്കിന്റ വഴിയേപോയാൽ നിങ്ങൾ ഒരു കാലത്തും നന്നാകില്ല. അങ്ങനെയുള്ള നിങ്ങളാണ് ട്രമ്പിനെപ്പോലെയുള്ളവരെ യേശുവിന്റെ അവതാരമായി കാണുന്നത്. " നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുകയും അവയിൽ നിത്യജീവൻ ഉണ്ടെന്ന് നിരൂപിക്കുകയും ചെയ്യുന്നു. അത് എന്നെക്കുറിച്ചുള്ള ഒരു സാക്ഷ്യം മാത്രമാണ് . ജീവൻ പ്രാപിക്കേണ്ടതിന് നിങ്ങൾ എന്റെ അരികിൽ വരുവാൻ മടികാട്ടുന്നു' (ജോൺ 5:39 ) നിങ്ങളുടെ ഗുരുവിന്റെ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ആരംഭിക്കുന്നത് 'മനസാന്തരപ്പെടുവിൻ' എന്ന് പറഞ്ഞുകൊണ്ടാണ്. അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി." (മത്തായി 4:17) എന്നുമുതൽ എന്നചോദ്യത്തിന് ഉത്തരം 'അന്നുമുതൽ' അതായത് സ്വർഗ്ഗരാജ്യം വേണമെങ്കിൽ മനസാന്തരപ്പെടണം എന്ന് പറഞ്ഞുതുടങ്ങിയ നാൾ തുടങ്ങി. നിങ്ങളുടെ യേശു ഫലം നോക്കിയല്ല വ്യക്‌തികളെ കണ്ടത്. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്ന പലർക്കും മനസാന്തരത്തിനു യോഗ്യത ഇല്ലായിരുന്നു. അവരിൽ എല്ലാം മാനസാന്തരമാണ് ആദ്യം സംഭവിച്ചത്. എനിക്ക് തോന്നുന്നില്ല അവിടെ കൂടിയിരിക്കുന്ന ഒരെണ്ണത്തിനെ മാതൃകയാക്കാൻ കൊള്ളില്ലെന്ന്. അതുകൊണ്ട് ആദ്യം മാനസാന്തരപ്പെടുക അപ്പോൾ നല്ല ഫലങ്ങൾ ഉണ്ടായിക്കൊള്ളും. നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം "ജീവൻ പ്രാപിക്കേണ്ടതിന് നിങ്ങൾ എന്റെ അരികിൽ വരുവാൻ മടികാട്ടുന്നു"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക