Image

പ്രാർഥനകള്‍ക്ക് ശുഭാന്ത്യം! റിയാദില്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദാക്കി

Published on 02 July, 2024
പ്രാർഥനകള്‍ക്ക് ശുഭാന്ത്യം! റിയാദില്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദാക്കി

പ്രാർഥനകള്‍ക്ക് ശുഭാന്ത്യം.

18 വർഷത്തിലേറെയായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കി. രാവിലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ റഹീമിനെ ഹാജരാക്കിയിരുന്നു. ഇരുവിഭാഗം വക്കീലുമാരും കോടതിയില്‍ എത്തിയിരുന്നു. ദയാധനം സ്വീകരിച്ച്‌ മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതോടെയാണ് ശിക്ഷ റദ്ദാക്കിയത്. ഇതോടെ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും.

15 മില്യൻ റിയാല്‍ ഏകദേശം 34 കോടി ഇന്ത്യൻ രൂപയാണ് കൊല്ലപ്പെട്ട അനസ് അല്‍ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. റഹീം റഹീം സഹായ സമിതിയുടെ നേതൃത്വത്തില്‍ ക്രൗഡ് ഫണ്ടിംഗ് വഴി ഈ തുക കണ്ടെത്തുകയും കഴിഞ്ഞ മാസം മൂന്നിന് അത് റിയാദ് ക്രിമിനില്‍ കോടതിയില്‍ കെട്ടിവെക്കുകയും ചെയ്തിരുന്നു. 

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരിലുള്ള ചെക്ക് കൈമാറിയത്. ഇതോടെ കുടുംബം മാപ്പ് നല്‍കാൻ തയ്യാറായി. റഹീമിന് മാപ്പു നല്‍കിയുള്ള കുടുംബത്തിന്‍റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും. ഇതോടെ റഹീമിന് ഉടൻ നാട്ടില്‍ തിരിച്ചെത്താനാകും. ജയില്‍ മോചനമുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഹീമിന് മാപ്പു നല്‍കാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയില്‍ എത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് കോടതിയുടെ പരിഗണിച്ചപ്പോള്‍ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.

2006 നവംബർ 28നാണ് സഊദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അല്‍ശഹ്റി വാഹനത്തില്‍ മരണപ്പെട്ടത്. തുടർന്ന് 2011 ഫെബ്രുവരി രണ്ടിനാണ് റിയാദ് ജനറല്‍ കോടതി അബദുർറഹീമിന് വധശിക്ഷ വിധിച്ചത്. 2022 നവംബർ 15ന് സുപ്രിം കോടതിയും വധശിക്ഷ ശരിവച്ച്‌ ഉത്തരവിടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക