Image

നാട്ടിലെ നിയമമല്ല,വിദേശത്ത് ബിഗ് ബെന്‍ റിവ്യൂ

Published on 02 July, 2024
നാട്ടിലെ നിയമമല്ല,വിദേശത്ത്  ബിഗ്  ബെന്‍ റിവ്യൂ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നത് ലക്ഷണക്കണക്കിന് വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരുമാണ്. മുമ്പൊക്കെ നഴ്‌സിങ്ങ് പഠിച്ചതിനു ശേഷമാണ് വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ തന്നെ നഴ്‌സിങ്ങ് പഠിച്ച് അവിടെ ജോലി ചെയ്യുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതായിരിക്കുന്നു രീതികള്‍.

വിദേശ രാജ്യങ്ങളിലെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ്. നിയമങ്ങള്‍ എന്തു തന്നെ ആയിരുന്നാലും അവിടെയുള്ള ജനങ്ങള്‍ അത് അനുസരിക്കുന്നു. പൊതു സമൂഹത്തില്‍, എപ്രകാരമാണ് ഇടപെടേണ്ടതെന്നുള്ളവ്യക്തമായ പാഠങ്ങള്‍ അവര്‍ ചെറുപ്പം മുതല്‍ പഠിക്കുകയും ശീലിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടെ ജോലിക്കായി ചെല്ലുന്ന മലയാളികള്‍ അവിടെ നിലനില്‍ക്കുന്ന നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് നമ്മുടെ നാട്ടിലെ പോലെ അച്ചടക്കമില്ലാതെ പെരുമാറുമ്പോള്‍ സംഭവിക്കുന്ന അപകടം വലുതാണ്. അങ്ങനെഒ ഒരു വിദേശരാജ്യത്ത് എത്തുന്ന ജീന്‍ എന്ന മലയാളി യുവാവിന് നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ബിഗ് ബെന്‍ എന്ന ചിത്രം പറയുന്നത്.

നാട്ടില്‍ പോലീസായി ജോലി ചെയ്യുകയാണ്. ജീന്‍. ഭാര്യ ലൗലി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു. ഇരുവര്‍ക്കും ഒരു മോളുണ്ട്. ഒരു കേസില്‍ പെട്ട് സസ്‌പെന്‍ഷനിലായി നില്‍ക്കുന്ന ജീന്‍ ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞുമായി ഭാര്യയുടെ അടുത്തേക്ക് പോകുന്നതാണ് സിനിമയുടെ തുടക്കം. നാട്ടിലെ തനി സ്വഭാവം ജീന്‍ വിദേശത്തും മെല്ലെ പുറത്തെടുക്കുന്നതോടെ പ്രശ്‌നങ്ങള്‍ തല പൊകകുന്നു. മുന്‍കോപിയായ ജീനിന്റെ സ്വഭാവം നിയന്ത്രിക്കാന്‍ ഭാര്യ ലൗലി ഏറെ ശ്രമിച്ചിട്ടും പലപ്പോഴും പരാജയപ്പെടുകയാണ്. അങ്ങനെയിരിക്കേ ഒരു ദിവസം ജീന്‍ അബദ്ധത്തില്‍ ഒരു തെറ്റിലകപ്പെടുന്നു. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. വിദേശത്തു വച്ച് അറിയാത ചെയ്തു പോയ ഒരു തെറ്റിന്റെ പ്രതിസന്ധികളില്‍ നിന്നും രക്ഷപെടാന്‍ ജീന്‍ നടത്തുന്ന പരിശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരു ത്രില്ലര്‍ സിനിമയുടെ വഴിയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കിയാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം വരെയധികം പിരിമുറുക്കത്തോടെയാണ് കഥ മുന്നേറുന്നത്. ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ പ്രത്യേകതകളോടും കൂടിയാണ് പിന്നീടുള്ള കഥയുടെ സഞ്ചാരം. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാതെ പ്രേക്ഷകനെ കുടുക്കിയിടാനും ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബിനോ അഗസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നവാഗത സംവിധായകനാണ് എന്നു തോന്നിപ്പിക്കാത്ത വിധം കൈയ്യടക്കത്തോടെ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അനുമോഹന്‍ ആദ്യമായി മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ് ബെന്‍. അഭിനന്ദനാര്‍ഹമായ രീതിയില്‍ തന്നെ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കോപിയായ പോലീസുകാരനും ഭര്‍ത്താവുമൊക്കെയായി മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്. ലൗലിയായി എത്തിയ അതിഥി രവി വിദേശ രാജ്യത്ത് ജീവിക്കുന്ന പുതിയ കാലത്തെ പെണ്ണായി സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കാനായി. ഇവര്‍ക്കൊപ്പം വിജയ് ബാബു, വിനയ് ഫോര്‍ട്ട്, നിഷ സാരംഗ്, ബിജു സോപാനം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും സജാദ് കുക്കുവിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി.

വിദേശരാജ്യത്തെ മെച്ചപ്പെട്ട ജോലിയും ഇഷ്ടം പോലെ പണവും ആഘോഷകരമായ ജീവിതവും സര്‍വോപപരി സ്വാതന്ത്ര്യവും മോഹിച്ച് അവിടെയെത്തുന്ന ഏതൊരു ചെറുപ്പക്കാര്‍ക്ക് സംഭവിക്കാവുന്ന തെറ്റാണ് ബിഗ് ബെന്നിലെ ജീനും സംഭവിക്കുന്നത്. നിയമങ്ങള്‍ അങ്ങേയറ്റം കണിശതയോടെ പാലിക്കപ്പെടുന്ന വിദേശരാജ്യങ്ങളില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി അതിന്റേതായ അര്‍ത്ഥത്തില്‍ പറഞ്ഞു തരാന്‍ ബിഗ് ബെന്നിന്ന് കഴിയുന്നുണ്ട്. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. സമകാലിക പ്രസക്തിയുള്ള ചിത്രമാണ് ബിഗ് ബെന്‍.തീര്‍ച്ചായും കണ്ടിരിക്കേണ്ട ചിത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക