Image

നിന്നിലേക്കെത്താതെ (കവിത : പി.സീമ)

Published on 02 July, 2024
നിന്നിലേക്കെത്താതെ  (കവിത : പി.സീമ)

നിന്നിലേക്കെത്താൻ 
ഞാൻ തിരഞ്ഞ 
വഴികളിലെല്ലാം 
ആയുസ്സറ്റ
ഓരോ നീർക്കുമിളയെയും 
ഉടച്ച്‌ ഒരു 
തോരാമഴ 
പെയ്തു കൊണ്ടേയിരിക്കുന്നു.

നിന്റെ   ഭംഗിയുള്ള മിഴികളിൽ 
മുങ്ങാൻ കൊതിച്ചിരുന്ന
സ്വർണ്ണമൽസ്യങ്ങൾ ഓരോന്നും 
എന്റെ സ്വപ്നങ്ങളിൽ 
ശ്വാസം കിട്ടാതെ 
പിടയുന്നു.

ഓരോ മഴയും 
എനിക്കിപ്പോൾ 
നിന്നെ ഞാൻ എന്നു തൊട്ടോ 
തിരഞ്ഞലഞ്ഞ 
പാതകളിൽ 
തോന്നുമ്പോൾ 
തോരാതെ പെയ്തു 
ഭൂമിയെ മൂടുന്ന 
പ്രളയം 
മാത്രമാകുന്നു

എന്നിട്ടും 
ഇരുകരകളിലെങ്കിലും 
ഇനിയുമൊന്നാകാം 
എന്നൊരു 
മറുമൊഴിയുടെ 
പ്രതിധ്വനിയിൽ 
ഞാൻ  മേഘം പെയ്തൊഴിഞ്ഞ 
ആകാശമാകുന്നു.

എന്റെ മുന്തിരിവള്ളികൾ 
പിന്നെയും 
പൂക്കുന്നു

ഞാൻ 
കാറ്റിന്റെ കൈകളിൽ 
പിന്നെയും പിന്നെയും 
മതി വരാതെ 
ഊഞ്ഞാലാടി 
മാനത്തെ 
മാരിവില്ലിൽ തൊടുന്ന 
മായാമോഹമാകുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക