രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് സിനിമ മുഴുവനായി ചുമലിൽ വഹിക്കുന്നതെന്ന വലിയ പ്രത്യേകതയാണ് ഉള്ളൊഴുക്കിന്റെ കരുത്ത്.
മനുഷ്യ പ്രകൃതിയുടെ ഉൾത്തടങ്ങളിലൂടെയുള്ള അനവധി പ്രവാഹങ്ങളുടെ ഗതിമാറ്റങ്ങളാണീ സിനിമ.
പുറമെ പടരുന്ന ചിരികൾക്കും കരച്ചിലിനുമപ്പുറം ജീവിതമെന്ന വെള്ളപ്പൊക്കത്തിന് എത്രയെത്ര ആഴങ്ങൾ ... ഓരോരോ അകങ്ങളിലായി അതങ്ങനെ തുള്ളിത്തുളുമ്പി വിതാനിച്ച് നിറയുന്നു.
സ്നേഹമെപ്പോഴെങ്കിലുമൊക്കെ സ്വാർത്ഥമാകാതിരിക്കില്ല. അവനവന്റേത് നെഞ്ചിൽ ചേർക്കാൻ മറ്റൊന്നിനെ ബലിവസ്തുവാക്കുമ്പോഴും അതിനു നേർക്കും പൊഴിച്ചു നിൽക്കുന്ന കാരുണ്യത്തുടിപ്പുകളും നിസ്സഹായമായ ന്യായവാദങ്ങളും . അറിയാത്ത മട്ടിൽ മന:പൂർവം ചെയ്യുന്ന തട്ടിക്കളികൾ.
എല്ലാവർക്കുമുണ്ട് പരിഭവങ്ങൾ; പരാതികൾ . എന്നാൽ മൊത്തമായൊരു കണക്കെടുപ്പിൽ സകലതും ന്യായമാകുകയാണ്.
സിനിമയുടെ കഥ പറച്ചിൽ ഇവിടെ ലക്ഷ്യമാക്കുന്നില്ല.
ഇങ്ങനെയുള്ള സിനിമകൾ ഇനിയും വരാൻ പ്രേക്ഷകർ കാത്തിരിക്കും.
കണ്ടിറങ്ങുമ്പോഴേക്കും ഒന്നുമില്ലാത്ത പൊള്ളയായ പടങ്ങൾ വിജയിക്കുന്ന കണക്കുകൾ കേട്ട് അത്ഭുത സ്തബ്ധരാകാൻ വിധിക്കപ്പെടുന്ന കാണികളാകുന്നു നമ്മൾ.
എന്നാൽ
ഇവിടെ തീയേറ്റർ എന്തൊരു മികച്ച അനുഭവമാകുന്നു.
ഉയരുന്ന നിശ്ശബ്ദതയുടെ കഠിന ഭാരവുമായി സിനിമയിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന പ്രേക്ഷകർ .
ഇങ്ങനെ പിടിച്ചിരുത്താൻ കഴിയുന്ന സിനിമയുണ്ടാക്കാൻ മലയാളത്തിൽ ഇപ്പോഴും പ്രതിഭകളുണ്ടെന്നത് എത്ര
അഭിമാനമാകുന്നു.
കോലാഹലങ്ങളുയർത്തുന്ന കാഴ്ചക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ ഉണരുന്ന ചിന്തകളോടെ, ചിത്രത്തെക്കുറിച്ച് പകർന്നു കിട്ടിയ വലിയ പ്രതീക്ഷകളുമായെത്തിയ കുറെയധികം നല്ല കാണികൾ ഉണ്ടായിരുന്നു.
കണ്ടിട്ടിറങ്ങുമ്പോഴും അവരുടെ മുഖങ്ങളിൽ സിനിമയുടെ വിജയം എഴുതി വച്ചിരിക്കുന്നത് കണ്ടു.
ഉണ്ടാകട്ടെ ഇനിയും ഉൾക്കനമുള്ള നല്ല ചിത്രങ്ങൾ.
സംവിധായകന്
ഉർവശിക്ക്
പാർവതിക്ക്
മറ്റ് അഭിനേതാക്കൾക്ക്
സാങ്കേതിക വിദഗ്ധർക്ക്
അവസാന രംഗം കണ്ടിറങ്ങി നടക്കുമ്പോഴും സ്ക്രീനിറങ്ങി കൂടെ വന്ന മനോജ്ഞമായ മഴപ്പെയ്ത്തിന്
അങ്ങനെ എല്ലാത്തിനും നന്ദി..