പണ്ടൊരിക്കൽ
ബഹുമാനപ്പെട്ട മിനറൽ അവർകൾ
നക്ഷത്രങ്ങളെ സ്പർശിക്കാനുള്ള
കലശലായ മോഹവും വാശിയും മൂലം,
മരമായി രൂപാന്തരപ്പെട്ട് ഉയിർത്തെഴുന്നേറ്റുവത്രെ.
മരം,നക്ഷത്രങ്ങളുടെ
നാലയലത്തു പോലും
എത്താനാവില്ല എന്ന അസ്തിത്വവ്യഥയിൽ,
പിന്നീട് മൃഗമായി രൂപാന്തരപ്പെട്ട്,
സ്റ്റൈലിൽ വാലുയർത്തി നടന്നുവത്രെ.
മൃഗം മൃഗീയത കുറക്കണമെന്ന
ആശാപാശത്തിൽ കുടുങ്ങി
പിന്നീട് മനുഷ്യനായി വേഷം കെട്ടി അഹങ്കരിച്ചമറിയത്രെ.
മനുഷ്യൻ തന്നുള്ളിലെ മൃഗത്തെ
സ്വതന്ത്രമാക്കുവാൻ
പിന്നീട് പിശാചായി മാറി
അട്ടഹസിച്ചുവത്രെ.
പിശാച് പാപപരിഹാരാർത്ഥം
ജ്ഞാനസ്നാനപ്പെട്ട്
പിന്നീട് ദൈവക്കരുവായി അവതരിച്ച്
അഭയമുദ്രയിൽ
നല്ല കോഴിക്കോടൻ ഹൽവയുടെ രസത്തിൽ മന്ദഹസിച്ചുവത്രെ.
കാലക്രമേണ
മുപ്പത്തി മുക്കോടി
മിനറൽ പ്രതിഷ്ഠകളായി പിരിഞ്ഞ
ദൈവം
മനുഷ്യഹൃദയങ്ങളിൽ
ഒളിവിൽ കഴിഞ്ഞു പോൽ
സദാ സുഖം സുലഭം
ആരിൽ നിന്നും
ഒരു ശല്യവുമില്ല
സദാ ബ്ലിസ്സ് സുലഭം
ബഹിർമുഖരും ദു:ഖിതരുമായ
മനുഷ്യർ ഒരിക്കലും
തങ്ങളുടെ ഹൃദയം സന്ദർശിക്കില്ല
ദൈവത്തിന്
ഏകാന്തതയിൽ സമാധാനം
അപൂർവ്വങ്ങളിൽ അപൂർവ്വമായ ശാന്തിക്കൊയ്ത്ത്
ഓം ശാന്തി ശാന്തി ശാന്തി!
വാർദ്ധക്യ കാലമായപ്പോൾ
ദൈവത്തിനു മേധാക്ഷയം!
മക്കളെ ഞാനാരാ
ഇപ്പോൾ എവിടെയാ
ദൈവം മനുഷ്യരോട്
ചോദിച്ചു:
ജനിച്ചവർക്കെല്ലാം അതുണ്ട്
എന്ന വടക്കൻ വീരഗാഥ
ശുദ്ധ അസംബന്ധമല്ലേ?
മനുഷ്യരിലെ ഭിഷഗ്വരജ്ഞാനികൾ
പറഞ്ഞു:
രോഗമല്ല,ഒരവസ്ഥ മാത്രമാണ്
അൽഷിമേഴ്സ്.
ഡോൺട് വറി, സർ,
ദിസ് റ്റൂ വിൽ പാസ്സ്!