Image

സ്വാതന്ത്ര്യം തന്നത് ലേബർ, ശ്രീരാമനെപ്പോലെ സ്റ്റാർമർ, സാജൻ ആദ്യ മലയാളി എംപി (കുര്യൻ പാമ്പാടി)

Published on 05 July, 2024
സ്വാതന്ത്ര്യം തന്നത് ലേബർ, ശ്രീരാമനെപ്പോലെ സ്റ്റാർമർ, സാജൻ  ആദ്യ മലയാളി എംപി (കുര്യൻ പാമ്പാടി)

പഞ്ചാബിയെങ്കിലും നാരായണമൂർത്തിയുടെയും  എഴുത്തുകാരിയായ സുധാമൂർത്തിയുടെയും മകൾ അക്ഷതയുടെ ഭർത്താവു എന്ന നിലയിൽ ഋഷി സുനക്കിന് പ്രധാനമന്ത്രി പദം നഷ്ട്ടമായതിൽ  മലയാളികൾക്ക് പ്രത്യേകിച്ച്  ദുഃഖമൊന്നുമില്ല. പകരം 14 വർഷത്തെ വനവാസം കഴിഞ്ഞു ശ്രീരാമൻ അയോധ്യയിലെ രാജാവായി തിരിച്ചെത്തിയതുപോലെ ലേബർ നേതാവ് കിയർ സ്റ്റാമർ  ഡൗണിങ്സ്ട്രീറ്റ് 10ൽ സ്ഥാനം ഉറപ്പിക്കുമ്പോൾ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ ഏറെ വകയുണ്ട്.

ചരിത്രത്തിലാദ്യമായി ലേബർ ടിക്കറ്റിൽ  സോജൻ ജോസഫ്  എന്ന മലയാളി  ബ്രിട്ടീഷ് പാർലമെന്റിൽ കടന്നുവെന്നതാണ് ഏറ്റവും അഭിമാനിക്കാവുന്ന നേട്ടം. എതിരാളികളുടെ കുത്തകയായിരുന്ന കെന്റ് പ്രവിശ്യയിലെ ആഷ്‌ഫഡ്  സീറ്റാണ് സാജൻ പിടിച്ചെടുത്തത്.  കോട്ടയം ഒണംതുരുത്തു സ്വദേശിയായ സാജൻ 1779 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഡാമിയൻ ഗ്രീന്നെ തോൽപ്പിച്ചു. തെരേസ മേയ്‌ ഗവര്മെന്റിൽ മന്ത്രിയും അല്പകാലം ആക്ടിങ് പ്രധാനമന്ത്രിയും ആയിരുന്നു ഡാമിയൻ. ഒരു അട്ടിമറി വിജയം.

സാജൻ ജോസഫ്-ചരിത്രത്തിൽ ആദ്യത്തെ  മലയാളി  എംപി

 

കെന്റിൽ എൻഎസ്എച് മാനസികാരോഗ്യ ട്രസ്റ്റിൽ നഴ്‌സിംഗ് മേധാവിയാണ് സോജൻ. കൈപ്പുഴ ചാമക്കാല യിൽ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകൻ. ബ്രൈറ്റ്  ഭാര്യ. ഹന്ന, സാറ, മാത്യു മക്കൾ.

സാജൻ ജയിച്ചുവെങ്കിലും സുനകിന്റെ പാർട്ടിയിൽ മത്സരിച്ച് പരാജയപെട്ട വർക്കലയിലെ എറിക് സുകുമാരനെയും മറന്നു കൂടാ. അദ്ദേഹം ഗ്രേറ്റർ ലണ്ടനിലെ ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പക്ഷെ പ്രായം സുനക്കിനും എറിക്കിനും അനുകൂലമാണ്. സുനക്കിന് 44, എറിക്കിന് 38. ഇനിയും എത്രയോ അങ്കത്തിനു ബാല്യമുണ്ട്!

രണ്ടു പാർട്ടികളിലും ഇന്ത്യക്കാരായ  പല പ്രഗത്ഭരും  വീണ്ടും ജയിച്ചു വന്നിട്ടുണ്ട്. ലേബറിന്റെ പ്രീത് കൗൾ ഗിൽ അവരിൽ ഒരാൾ. 51 വയസുള്ള പ്രീത് രണ്ടു തവണ മുമ്പ് എഡ്ജ്ബാസ്റ്റണിൽ ജയിച്ചപ്പോൾ ബ്രിട്ടീഷ് പാർലമെന്റിൽ എത്തുന്ന ആദ്യത്തെ സിഖ് വനിത ആയിരുന്നു. ഇത്തവണ മന്ത്റിയാകുമെന്നു ഉറപ്പിക്കാം. പ്രീത് തോൽപ്പിച്ചവരിൽ ഒരാൾ റിഫോം പാർട്ടി ടിക്കറ്റിൽ മത്സരിച്ച മാത്യൂസ് ജോഷ്വ ആണ്.

 പ്രധാനമന്ത്രി കിയർ സ്റ്റാ മർ, ഭാര്യ വിക്ടോറിയ

എസ്സക്സിലെ വിതാം  മണ്ഡലത്തിൽ നിന്ന് കൺസർവേറ്റിവ് ടിക്കറ്റിൽ പ്രീതി പട്ടേൽ വീണ്ടും ജയിച്ചിട്ടുണ്ട്.  മുമ്പ് ആരോഗ്യ വകുപ്പിൽ ഷാഡോ മന്ത്രിയായിരുന്നു.

ഇന്ത്യക്കു സന്തോഷിക്കാനുള്ള ഏറ്റവും പ്രധാനകാരണം എഴുപത്തേഴു വർഷം  മുമ്പ് ഇന്ത്യക്കു സ്വാത്രന്ത്ര്യം നൽകിയത് ലേബർ പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി ആയിരുന്നു എന്നതാണ്. സൂര്യൻ അസ്തമിക്കാത്ത ബ്രിറ്റേഷ സാമ്രാജ്യത്തിനുവേണ്ടി രണ്ടാം ലോകമഹായുദ്ധ്യത്തിൽ ജീവൻ ബലികൊടുത്തത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. അങ്ങിനെ മരിച്ച നിരവധി മലയാളികളുടെ പേരുകൾ തങ്കലിപികളിൽ നാഗാലാൻഡിലെ വാർ സെമിത്തേരിയിൽ ഇംഗ്ളീഷ്‌കാർ എഴുതി വച്ചിട്ടുണ്ട്.

വെള്ളക്കാരായ ഓഫീസർമാർക്ക് സെമിത്തേരിയിൽ പ്രത്യേക കല്ലറകൾ സ്ഥാപിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒന്നിച്ചുകൂട്ടി പൊതു കല്ലറയിൽ അടക്കം ചെയ്യുകയായിരുന്നു. ലാൻസ് നായിക്ക് പിള്ള, സുബേദാർ നായർ എന്നൊക്കെയുള്ള പേരുകൾ വായിച്ച് ഞാൻ തരിച്ചു നിന്നിട്ടുണ്ട്.

എന്നാൽ ഇന്ത്യക്കു സ്വാതന്ത്ര്യം നൽകാൻ പാടില്ലെന്ന് കടുംപിടുത്തം പിടിച്ച കൺസർവേറ്റിവ് പ്രധാനമന്ത്രിയായിരുന്നു രണ്ടാം ലോകമഹായുധ്ധത്തിൽ  ബ്രിട്ടനെ നയിച്ച വിൻസ്റ്റർ ചർച്ചിൽ. യുവാവായിരുന്ന കാലത്ത്  ഇന്ത്യയിൽ വന്ന അദ്ദേഹം മടങ്ങിപ്പോയി  'ദി പയനിയർ' പത്രത്തിന്റെ ബ്രിട്ടീഷ് ലേഖനായും  പേരെടുത്തു. ദി പയനിയർ വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ  കൊച്ചിയിലും യൂണിറ്റ്  ഉണ്ടായിരുന്നു.

കൺൺസർവേറ്റ് നേതാവ് പ്രീതി പട്ടേൽ

 

ആറര കോടി ജനവും കേരളത്തിന്റെ ആറിലൊന്നു വലി[പ്പവുമുള്ള ബ്രിട്ടനിൽ പത്തുലക്ഷം ഇൻഡ്യാക്കാരാനുള്ളത്. പക്ഷെ അവർ ഹിന്ദുക്കൾ എന്ന നിലയിൽ ശക്തരാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി സുനക്   അവരുടെ അമ്പലങ്ങളിൽ പോയി പൂജകഴിക്കുന്നതും തേങ്ങാ  ഉടയ്ക്കുന്നതും.  വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്തനുള്ള ഈ തന്ത്രം കിയർ സ്റ്റാമറും  പയറ്റുകയുണ്ടായി. സ്ടാമാർക്കു നേട്ടമുണ്ടായി.  

വടക്കൻ ഇംഗ്ലണ്ടിലെ യോർക് ക്ഷയറിൽ റിച്ചമണ്ട് നോർഹാർലട്ടൻ  മണ്ഡലത്തിൽ സുനക്  ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. "ഏതു ആടിനെ നിർത്തിയാലൂം ഇവിടെ കൺസർവേറ്റിവ് പാർട്ടി ജയിക്കു"മെന്ന് മണ്ഡലണ്ഡലത്തിൽ പര്യടനം നടത്തിയ ന്യൂ യോർക്ക് ടൈംസ് ലേഖകനോട് തലമൂത്ത ഒരു വോട്ടർ പറഞ്ഞുവത്രേ.

ഫാൻബറോയിലെ  എംആർസിപി ദമ്പതിമാർ ഹിതേഷ്, റീല, മകൻ ജേസൻ

 

എന്നാൽ കോടീശ്വരൻമ്മാരായ താരദമ്പതികളിൽ സുനാക്കിന് ഭൂരിപക്ഷം കുറയാൻ കാരണം അവരുടെ കയ്യിലിരിപ്പാണെന്നു വ്യഖ്യാനമുണ്ട്. അധികാരത്തിലേറിയ കാലത്ത് ഇൻഫോസിസ് ഓഹരി മുഖേന തനിക്കു ലഭിച്ച കോടികൾ ഇന്ത്യയിൽ തന്നെ സൂക്ഷിച്ച് ബ്രിട്ടീഷ്  നികുതിയിൽ നിന്ന് അക്ഷത രക്ഷ നേടി എന്ന് ആരോപണം ഉണ്ടായിരുന്നു. പിന്നീട് അക്ഷത നിക്ഷേപം ബ്രിട്ടനിലേക്ക് കൊണ്ടു പോയി നികുതി അടച്ചു.

ഇതൊക്കെ പുറത്തുകൊണ്ടുവന്ന പത്രലേഖകരെ സ്വാന്തനപ്പെടുത്താൻ  വേണ്ടി അക്ഷത ലണ്ടനിലെ വസതിയിൽ അവർക്കായി ചായസൽക്കാരം നടത്തി. ചായയും കടിയും വിളമ്പിയ കപ്പും സോസറും ലോകത്തതു ഏറ്റവും വിലപ്പിടിപ്പുള്ള ബ്രാന്ഡുകളുടേതായിരുന്നുവെന്നു വീണ്ടും വിമർശനം വന്നു.

ക്ലെമന്റ് ആറ്റ്ലിയുടെ ഇടത്ത് പ്രധാനമന്ത്രി നെഹ്‌റു

 

സാമ്പത്തിക വിദഗ്ദ്ധനെന്നു പേരെടുത്ത സുനക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിഴവ് കാട്ടി എന്നാണ് വിമർശനം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊരുതി മുട്ടി. ആരോഗ്യ പരിരക്ഷനൽകുന്ന  എൻഎച്എസ് (ധാരാളം മലയാളി നഴ്‌സുമാരും ഡോക്ടർമാരും ജോലി ചെയ്യുന്ന നാഷണൽ ഹെൽത് സർവീസ്) വിവേകപൂർവം  നടത്തുന്നതിൽ ഭരണകക്ഷി പരാജയപെട്ടു.

പുതിയ പ്രധാനമന്ത്രി കിയർ സ്ടാമറും  ഭാര്യ വിക്ടോറിയയും അഭിഭാഷകരാണ്‌. യഹൂദ  വംശജയായ വിക്ടോറിയ ആരോഗ്യ പരിരക്ഷാ  മേഖലയിൽ കാലുറപ്പിച്ചിരിക്കയായാണ്. ആ അനുഭവ പരിജ്ഞാനം എൻഎച്എസിൽ പൊളിച്ചെഴുത്തു നടത്താൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

തലവേദനകൾ വേറെയുമുണ്ട്. ജഗ്വാർ കാർ പ്ലാന്റ് വാങ്ങിയ ടാറ്റാ ഗ്രൂപ്പിന് അവരുടെ ഇരുമ്പയിൽ ഫർനസ് ആധുനീകരിക്കാൻ പ്ലാനുണ്ട്. ജോലി നഷ്ട്ടപെടാൻ ഇടയുള്ള മൂവായിരം തൊഴിലാളികൾ അതിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കയാണ്.  ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർഥികളെ ആഫിക്കയിലെ റുവാണ്ടയിലേക്കു മാറ്റിപ്പാർപ്പിക്കാനുള്ള കൺസർവേറ്റിവ് ഗവർമെന്റ് പരിപാടി ഒരിടത്തും എത്തിയിട്ടില്ല. നാടാകെ അതിനോട് എതിർപ്പാണ്.

പാർലമെന്റ്; അധികാരത്തിൽ നിന്നകന്നു നിന്ന  ലേബർ നേതാവ്ജോൺ പണിക്കർ  

 

ഇന്ത്യൻസ്വാതന്ത്രമാകുന്നതിനു മുന്പുഇംഗ്ലണ്ടിലെത്തി ലേബർ രാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ഇന്ത്യക്കു വേണ്ടി ജയിലിൽ പോവുകയും ചെയ്ത കൊല്ലാം കുണ്ടറയിലെ ജോൺ പണിക്കരെ ഓർമ്മിക്കാൻ കൂടി ഇത് അവസരം ഒരുക്കുന്നു. ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആസ്ഥാനമായ ഇന്ത്യ ഹൗസിൽ ത്രിവർണ പതാക ഉയരുകയും വികെ കൃഷണ മേനോൻ ഹൈക്കമ്മിഷണർ ആവുകയും ചെയ്‌തെങ്കിലും അധികാരത്തിന്റെ പിറകെ പോകാതെ,  ധനികനായിജനിച്ചിട്ടും നിസ്വനായി മടങ്ങി വന്നു അദ്ദേഹം. ഒടുവിൽ സ്വതന്ത്ര്യ സമര പെൻഷൻ മൂന്നു തവണ മാത്രം വാങ്ങി  2001ൽ അന്തരിച്ചു.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചു നൂറ്റാണ്ടുകളോളം ഇന്ത്യയുടെ സമ്പത്തു മുഴുവൻ കടത്തികൊണ്ടു പോയവരാണ്  ഇംഗ്ലീഷീകുമാർ എന്നാണല്ലോ ചരിത്രം. കാലം മാറി ഒരു ഇന്ത്യക്കാരൻ ആ നാടിന്റെ പരമാധികാരിയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാകമ്പനിയുടെ ലണ്ടനിലെ ആസ്ഥാനം ഒരു ഇന്ത്യക്കാരന്റെ വകയാണ് ഇപ്പോൾ.

ലുലുമാൾ ഉടമഎം കെ യുസഫലിക്കു അവിടെ വൻകിട ഹോട്ടലുകൾ ഉണ്ട്. മമ്മൂട്ടി ലണ്ടനിൽ പോയപ്പോൾ  യൂസഫലിയുടെ റോൾസ് റോയ്‌സ് കാർ ഓടിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.

 ഇലക്ഷൻ അപഗ്രഥനം ചെയ്ത ലീഡ്‌സിലെ എൻ വാസുദേവ്, എസക്സിലെ ഡോ.  ടിജി  അരുൺ  

ബ്രിട്ടനിൽ എംആർസിപിയും എഫ്ആർസിഎസും നേടി അവിടെ സേവനം ചെയ്യുന്ന മലയാളികൾ ധാരാളമുണ്ട്. എന്റെ അടുത്ത ബന്ധുക്കളായ ഹിതേഷും ഭാര്യ റീലയും  അങ്ങിനെ ഒരു ദമ്പതിമാരാണ്. ഇരുവരും സറേയിലെ ഫാൻബറോയിൽ ഫ്രിമ് ലി പാർക്  ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു. ആഗോള എയർ ഷോ നടക്കുന്ന സ്ഥലമാണ് ഫാൻബറോ.

ജപ്പാനിലെ നഗോയ ഇൻസ്റ്റിറ്റിയൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ചെയ്ത ഒരാളുണ്ട് എന്റെ പരിചയവലയത്തിൽ-ഡോ. പദ്‌മജ  വാസുദേവ്. മേരി ക്യുറി ഫെല്ലോഷിപ് നേടിയ  തിരുവനന്തപുരംകാരി ഇപ്പോൾ  ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ  മറ്റിരിയൽ സയൻസ്  പഠിപ്പിക്കുന്നു. ഭർത്താവ് ആകാശ വാണി അസ്സിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന എൻ. വാസുദേവ്.  പിതാവ് വിഎൻ ഉണ്ണി എഐആറിൽ ഡയറക്ടർ ആയിരുന്നു. കേരള സാക്ഷരതാ മിഷൻ ഡയറക്ടറും.

വാസുദേവ് ഭാഷാപോഷിണിയുടെ സ്ഥിരം എഴുത്തുകാരനാണ്. ബ്രിട്ടീഷ് തെരെഞ്ഞെടുപ്പ് ഫലം എങ്ങിനെ വരുമെന്ന് സുന്ദരമായി വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു ഫുൾ പേജ് ലേഖനം വോട്ടെടുപ്പിന്റെ തലേന്ന് കേരളം കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.  മാതൃഭൂമി ചാനലിൽ തെരെഞ്ഞെടുപ്പ് ആഴത്തിൽ  വിശകലനം ചെയ്ത ഡോ. ടി.ജി അരുണിനെയും അറിയാം. എസ്സക്സ് സർവകലാശാലയിൽ പ്രൊഫസർ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക