Image

സുൽത്താനുമായി ഒരു അഭിമുഖം (ചിഞ്ചു തോമസ്)

Published on 05 July, 2024
സുൽത്താനുമായി ഒരു അഭിമുഖം (ചിഞ്ചു തോമസ്)

വിനീത ചരിത്രകാരൻ താടിക്ക് കൈയും കൊടുത്തു എന്നെത്തന്നെ നോക്കിയിരിക്കയാണ്.

എന്താ എന്നെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കുന്നത്!  

കാണാൻ കൊള്ളാവുന്ന യുവതികളുടെ കണ്ണുനീരും ദുഖവും ഒക്കെ കാണുമ്പോൾ വിനീതനായ ഈ ചരിത്രകാരന്റെ മനസ്സങ്ങു തകർന്നുപോകും എന്ന് ഭവതിക്ക് അറിവുള്ളതല്ലേ? അതുകേട്ടപ്പോൾ എന്റെ മുഖം തങ്കക്കതിര് പോലെ മിന്നിത്തിളങ്ങിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഉവ്വ്.. ഞാൻ കുറേ വായിച്ച് മനസ്സിലാക്കിയിരിക്കുന്നു.

അങ്ങ് പറയുന്നത് ഞാനൊരു സ്വപ്നസുന്ദരിയാണ് എന്നാണോ?

ഹല്ല.. എന്താ സംശയം! എന്നാലും ഒന്ന് ചോദിക്കട്ടെ, പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയോ?

പിന്നല്ലാണ്ട്! മധുരനിർഭരമായ മധുമൊഴികളൊഴുക്കി എന്റെ ഉറക്കം കെടുത്തുകയും എന്നെ അസാധ്യമെന്നുതോന്നിക്കുന്ന ലോകത്തെത്തിക്കുകയും ഒരിക്കലും തീർന്നുപോകാനാഗ്രഹിക്കാത്ത  പുതുമയേറിയ പൂങ്കിനാവിൽ  എന്നെ തളച്ചിടുകയും ചെയ്തു. റാണിയാക്കാം എന്നുവരെ പറഞ്ഞിരിക്കുന്നു! എന്റെ മനസ്സ് പ്രേമാവേശത്താൽ വെള്ളിവെളിച്ചം പൂണ്ടു. അതു വളരെ പ്രകാശിച്ചു. ചുറ്റും വെളിച്ചമേകി. ഞാൻ പറന്നുയർന്നു. പഞ്ഞിപോലെ ഭാരമില്ലാതെയായി. എങ്ങും ഒഴുകിനടന്നു. എന്റെ സമ്മതം ഞാൻ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ആദ്യം വിശ്വസിച്ചില്ല. എങ്കിലും വളരെ സന്തോഷിച്ചു. അദ്ദേഹം കാണുന്നത് ഒരേ ഒരു നക്ഷത്രത്തെയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ആ ഒരു നക്ഷത്രമായി പരന്നു കിടക്കുന്ന  ആകാശത്തു തെളിയുകയായിരുന്നു. എനിക്ക് വേണ്ടി ബാക്കി എല്ലാം മങ്ങി മാഞ്ഞു മറഞ്ഞു. ഞങ്ങൾ പ്രണയിച്ചു. അദ്ദേഹം കുറേ സംസാരിച്ചു. ഞാൻ അതിലേറെ സംസാരിച്ചു. ദിവസവും ഓരോ പുസ്തകങ്ങൾ തുറക്കും പോലെയായിരുന്നു അത്. ഓരോ ദിവസവും പുതുമയുള്ള നിമിഷങ്ങൾ..

എന്റെ ദുഃഖം അവിടെ നിൽക്കട്ടെ, ഞാൻ അങ്ങയുടെ വീടും പറമ്പും ആ മാഗുസ്തി മരത്തണലും കാണാൻ ആഗ്രഹിച്ച് അങ്ങോട്ട്‌ യാത്ര തിരിച്ചതായിരുന്നു. പക്ഷേ വയനാട് എത്തിയപ്പോഴേക്കും മഴ. തോരാമഴ. നെടുനീളൻ പേമാരി!

നാശം.. ഈ സുന്ദരിയെ എന്റെ വീട്ടിൽ കേറ്റാത്ത മഴ! ചരിത്രകാരൻ അതും പറഞ്ഞ് താടിയിൽ കൊടുത്തിരുന്ന കൈ എടുത്ത് മുന്നിലിരുന്ന കട്ടൻ ചായ  കുടിക്കാൻ തുടങ്ങി. ചായ കുടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, യാത്ര ചെയ്യാനും പറ്റാത്ത മഴയായിരുന്നോ അന്ന് നാട്ടിൽ!

പിന്നേ ഇപ്പോൾ മഴ പെയ്തു തുടങ്ങിയാൽ പ്രളയത്തിലാണ് നിൽക്കുക. പിന്നെ മണ്ണിടിച്ചിൽ. മല മൊത്തമായി ഉരുണ്ട് താഴോട്ട് വരുവാണന്നേ. റെഡ് അലെർട്ട് ഓറഞ്ച് അലെർട്ട് യെല്ലോ അലെർട്ട് എന്ന് കളറുള്ള പല ജാഗ്രത നിർദ്ദേശങ്ങൾ വരും. അന്ന് വയനാട്ടിൽ ഓറഞ്ച് അലെർട്ട് ആയിരുന്നു. എന്തും സംഭവിക്കാം എന്ന്. അന്ന് ഞാൻ താമസിച്ചിരുന്നത് വൈത്തിരിയിലും. അവിടെ രണ്ടായിരത്തിപതിനെട്ടിലെ വെള്ളപ്പൊക്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. എന്ത് ചെയ്യും? എങ്ങോട്ട് പോകും? മണ്ണിടിച്ചിലും ഭൂമി ഇടിഞ്ഞു താഴുന്നതുമായി ഇരുന്നൂറ്റിനാൽപ്പത്തിയേഴു കേസുകളാണ് രണ്ടായിരത്തിപതിനെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്ങോട്ട് ഓടും? നേരെ ഓടി വിനീതനായ ചരിത്രകാരന്റെ വീട്ടിലോട്ട് കയറിച്ചെന്നാലെന്താ എന്ന് ഞാൻ ആലോചിച്ചിരുന്നു. അത് റോഡിലൂടെ എങ്ങനെ സാധ്യമാകും!

അതുപോട്ടെ ഞാൻ പറഞ്ഞുകൊണ്ടിരുന്നതെന്തെന്നാൽ ;  ജീവിതം പാലാഴിയിൽ മുങ്ങി മൃദുലമായി ഒഴുകി പ്രേമസുരഭിലമായി സന്തുഷ്ട്ടമായി  മുന്നോട്ട് പോകവേ എന്നെ ഭുലോക കഴുതയായി അദ്ദേഹം കണ്ടു. എന്നോട് ബുദ്ധിയും പക്വതയും കൂട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ശ്ശെ... കോമളനയനേ നിന്നെയോ കഴുതയായി ഗ്രഹിപ്പൂ ഹന്ത പഹയൻ! വിനീത ചരിത്രകാരന് അരിശംമൂത്തു.

ങ്ഹാ..എന്റെ നെഞ്ച് തിരമാലപോലെ പൊങ്ങിത്താണു.

ഹല്ല മഹിളാരത്നമേ.. ഹന്ത പൈത്യക്കാരൻ പഹയന് ഹെന്തിന് കോമളാങ്കി തൻ ബുദ്ധി! സൗന്ദര്യമില്ലേ ഭവതിക്ക് വേണ്ടുവോളം!

ഹെനിക്കറിയില്ല ചരിത്രകാരാ.. വളർന്നു കഴിഞ്ഞ ബുദ്ധി ഞാൻ ഇനിയും എങ്ങനെ കൂട്ടാനാണ്!

ഹല്ല ആ പൈത്യക്കാരൻ ഭവതിയുടെ ഐക്യു ടെസ്റ്റ്‌ നടത്തിയിട്ടായിരുന്നോ മധുമൊഴികൾ വിതറി പിറകേ നടന്നത്?

ഹല്ല.. അല്ലേയല്ല.. ഹെന്നിട്ടോ മൂക്കത്തു ദേഷ്യം കൊണ്ട് നടക്കുന്നു!

ഹൊ...ബ്ലഡി ഫൂൾ!

ഹാര് ഞാനോ?  

ഹല്ല മാൻപേടക്കണ്ണേ.. മൃദുലമായി ചുംബിക്കേണ്ട മിഴികളെ ഹവന്റെ കോപം കൊണ്ട് നനച്ചുവോ? ഭവതിയെക്കൊണ്ട് ആകാശപേടകം നിർമ്മിക്കാൻ ഹന്ത പഹയൻ ആലോചനനടത്തിയിരുന്നോ? ഹല്ല ഭവതിയെ കോപത്തിൽ വേവിക്കാൻ ഹവൻ ചിന്തിച്ചിരുന്നോ? ഹെന്താ ദുനിയാവിലെ  ഈ പഹയന്മാർ ചിന്തിച്ചു കൂട്ടുന്നത്! നിഷ്കളങ്കസുന്ദരകോമളാങ്കിയെ പ്രേമത്തിൽ കെട്ടിയിട്ടാൽ പിന്നെ ഹവന് ഭവതിയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ചാലെന്ത് നഷ്ട്ടം!

ഹീ ലോകത്ത് വിലയില്ലാതായി എന്തേലുമുണ്ടെങ്കിൽ അത് പ്രേമമാണ് ചരിത്രകാരാ.. ഹെന്റെ പ്രേമം! ഒരു മണ്ണാങ്കട്ടയുടെ വിലപോലുമില്ല അതിന്.

ഛായ്.. വിഡ്ഢിത്തം പറയാതിരിക്കൂ.. നമുക്ക് കുറച്ചുനേരം ആ മാംഗുസ്തിയുടെ തണലിലിരിക്കാം. ചരിത്രകാരൻ എന്റെ വേവുന്ന ഹൃദയത്തിൽ ഒരൽപ്പം തണലേകാൻ ആഗ്രഹിച്ചു. ഹല്ല അന്ന് ഈ സുൽത്താന്റെ വീടുകാണാതെ എങ്ങോട്ട് പോയി; അന്ന്… ആ പെരുമഴക്കാലത്തു?

അന്ന് നേരെ ബാംഗ്ലൂരിലേക്ക് വെച്ചുപിടിച്ചു. അവിടൊക്കെ മഴയ്ക്ക് ക്ഷാമമാണന്നേ! ഇപ്പോൾ അവിടെ വെള്ളംകിട്ടാതെ ആളുകള് നെട്ട ഓട്ടമാ..

അതുവ്വോ.. ഒരു കാലത്ത് ഗാർഡൻ സിറ്റി എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാ..

അതിപ്പോഴും അങ്ങനെതന്നെയാ  അറിയപ്പെടുന്നത്.. ഗാർഡന് പകരം കെട്ടിടങ്ങളാണെങ്കിലും! അങ്ങനെ പറയാൻ തുടങ്ങിയാൽ കാര്യങ്ങളേറെയുണ്ട് ഹെന്റെ ചരിത്രകാരാ.. സ്ത്രീകളെ ഓരോ പഹയന്മാർ വിവാഹം കഴിച്ചിട്ട് സ്ത്രീധനം പോരായെന്നും പറഞ്ഞു അടിക്കയും ഇടിക്കയും കഴുത്തിൽ കയറിട്ട് മുറുക്കയും ചത്തുപോയാൽ കെട്ടിത്തൂക്കയുമാണ്! എന്നിട്ട് പറയുന്നതോ ഞങ്ങള് സ്ത്രീധനത്തിന് എതിര്! സ്ത്രീ തന്നെ ധനം! എന്ത് രാക്ഷസ വർഗ്ഗങ്ങളാണിവർ! എന്ത് വിചിത്ര ലോകമാണിത്!

ഹല്ല ഈ സ്ത്രീധനം എന്ന് പറയുമ്പോൾ വല്ല കഴിതേനെയോ പോത്തിനെയോ പശുവിനെയോ മുട്ടക്കോഴികളെയോ ആണോ ഈ പഹയന്മാർ ചോദിക്കുന്നത്?

ഹല്ലന്നേ.. ബിഎംഡബ്ലിയു കാറും നൂറ്റമ്പതുപവൻ സ്വർണ്ണവുമൊക്കെയാ ചോദിക്കുന്നത്!  

ബിഎംഡബ്ലിയു കാറിന് ഒരു മുട്ടനാടിന്റെ വില വരുമോ? ഹെനിക്ക് ആ കാറിനെപ്പറ്റി വലിയ വശമില്ലാത്തോണ്ട് ചോദിക്കുവാ..

ഒരാനയെ വാങ്ങുന്ന ചിലവ് വരും ചരിത്രകാരാ..

അതുവ്വോ! ഹെഡാ..! ചാരുകസേരയിൽ താടിക്ക് കൈയ്യുംകൊടുത്തിരുന്നു  ചരിത്രകാരൻ ദുനിയാവിലെ പഹയന്മാരെപ്പറ്റി ഓർത്ത് നെടുവീർപ്പിട്ടു.

ഓരോ പഹന്മാരുടെ വീട്ടിലും ഒരാനാ.. ആനയെമുട്ടീട്ട് നടക്കാൻ പറ്റുമോ! ചരിത്രകാരൻ എല്ലാ ആനകളും കൂട്ടത്തോടെ തെരുവീഥിയിൽ ഇറങ്ങിയാലുള്ള കോലാഹലങ്ങൾ ഓർത്തങ്ങനെ ചിന്തിച്ചു ചിരിച്ചു!

എന്നിട്ടോ ചരിത്രകാരാ എന്ത് കണ്ടാലും ഭൂലോകം കുലുങ്ങിയാലും തന്മയത്തത്തോടെ ഇടപെട്ടാൽ അപ്പോൾ എന്നോട് ചോദിക്കും,  നീ എന്താ എന്നോടിപ്പോൾ വഴക്കുണ്ടാക്കാത്തത് എന്ന്! 
വഴക്കുണ്ടാക്കാൻ ഇപ്പോൾ എന്തുണ്ടായി പ്രാണനാഥാ എന്ന് ചോദിച്ചാലോ! പണ്ടും ഒരു കാര്യവുമുണ്ടായിട്ടില്ല  എന്ന് പറഞ്ഞുകളയും!എന്നിട്ട് എന്നെ ഭൂലോക കഴുതേന്ന് വിളിച്ചുകളയും.ഇതൊക്കെക്കേട്ടു ഞാൻ എങ്ങനെ വഴക്കുണ്ടാക്കാതിരിക്കും എന്റെ ചരിത്രകാരാ..ഒരുനിലയ്ക്ക് എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല!

എന്താ പറ്റിയെ ഈ ദുനിയാവിലെ പഹയന്മാർക്ക്! പിണങ്ങിയില്ലേൽ പോലും പിണക്കമുണ്ടാക്കിക്കളയും. വഴക്കില്ലേൽപോലും വഴക്കുണ്ടാക്കിക്കളയും! ഇല്ലാത്ത ചൊറി കുത്തിയുണ്ടാക്കി ചൊറിഞ്ഞു ചൊറിഞ്ഞു  ചിരങ്ങാക്കുംപോലെ. ചരിത്രകാരൻ  ഒരെത്തും പിടിയും കിട്ടാതെ ഈ ദുനിയാവിലേക്ക് തുറിച്ചു നോക്കി.

എനിക്കിനി നിങ്ങളെ കാണേണ്ടേ ഒരിക്കലും ഒരിക്കലും കാണേണ്ട എന്നുപറഞ്ഞു പെട്ടീം കിടക്കേം എടുത്തോണ്ട് നാടുവിടാൻ തീരുമാനിച്ചാൽ എന്നെ തെറ്റുപറയാൻ പറ്റുമോ എന്റെ ചരിത്രകാരാ..

ഹേയ്.. ഇല്ലേ ഇല്ല! എന്നിട്ട് ഭവതി എങ്ങോട്ട് പോയി? ലോകം വിശാലമല്ലേ മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ.

അതെല്ലേ കഷ്ട്ടം എന്റെ സുൽത്താനേ! എന്നെ എങ്ങോട്ടും പോകാൻ വിടണ്ടേ?

ആര്? ആ പൈത്യക്കാരനോ?

ഹല്ല.. എന്നോട് വഴക്കിട്ട് അദ്ദേഹത്തിന്റെ അടുത്തുനിന്നും എങ്ങോട്ടും വരുന്നില്ല എന്ന് പറഞ്ഞുകളഞ്ഞു എന്റെ മനസ്സ്! ഇതുപോലൊരു വഞ്ചന ആര് ചെയ്യും! മനസ്സ് ഇട്ടേച്ചു ഞാൻ എങ്ങോട്ട് പോകാനാ. എന്റെ നെഞ്ചു പൊങ്ങിത്താണു വിങ്ങിപ്പൊട്ടി. 
ഇതൊന്നും നടക്കുന്നത് പോരാഞ്ഞു ഞാനൊരു അന്ധവിശ്വസിയാണ് എന്നുകൂടി പറഞ്ഞുകളഞ്ഞു എന്റെ പ്രാണനാഥൻ!
എന്തിന് വനദേവതേ! ആരാമത്തിൽ വിടർന്നു നിൽക്കുന്ന ശശിനാസ് തലോടിചുംബിച്ചുകൊണ്ട് ചരിത്രകാരൻ എന്നോട് ആരാഞ്ഞു.

വൈകിട്ട് വിളക്ക് കത്തിക്കുന്നത്, അടുക്കള വാസ്തുനോക്കി പണിയണമെന്ന് പറയുന്നത്, തെക്കു തലവെച്ചുറങ്ങണമെന്ന് പറയുന്നത്, മണിപ്ലാന്റ് നാലെണ്ണമായി വീട്ടിൽ വെക്കരുത് എന്ന് പറയുന്നതൊക്കെ എന്നെ അന്ധവിശ്വസിയാക്കി. എന്നെ ലോകത്തിന്റെ കൂടെ നടക്കാതെ പിന്നോട്ടു നടക്കുന്നവളായി  അദ്ദേഹം വിധിയെഴുതി.

ഓഹോ.. ഞാനായിരുന്നു എങ്കിൽ ഈ സ്ത്രീരക്നത്തിനെ ഹുന്ത്രാപ്പിബുസ്സാട്ടോ എന്ന് അരുമയായി മന്ദ്രമധുരമായി വിളിച്ചേനെ!

അത് എന്തുവാസാധനം, ഞാൻ വിങ്ങലോടെ വ്യഗ്രതയോടെ ആരാഞ്ഞു!

സ്ത്രീകൾ പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ! ഹൊ സ്ത്രീകൾ പ്രസംഗിക്കും ഉപദേശിക്കും സദാചാരമോതും എങ്കിലും അവൾക്കൊന്നിലും വിശ്വാസമില്ല! അവൾ നിയമം സൃഷ്ടിക്കും. അവൾ അത് ലംഖിക്കും. സർവ ഗുലുമാലുകളുടെയും ഉറവിടമാണ് സ്ത്രീ. ആണിനെ നേർവഴി നടത്താൻ ഈശ്വരൻ സൃഷ്‌ടിച്ച അത്ഭുത ജ്യോതിസ്സാണ് സ്ത്രീ. മണ്ടശിരോമണിയാണ് സ്ത്രീ! ഞാൻ മുൻപുപറഞ്ഞതാണ് ഇതൊക്കെ.ചുരുക്കിപ്പറഞ്ഞാൽ വെറും ഒരു ഹുന്ത്രാപ്പിബുസ്സാട്ടോയാണ് സ്ത്രീ!

ചരിത്രകാരാ.. അങ്ങ് എന്താണ് ഈ പറയുന്നത്! ഞാനൊരു വിഡ്ഢിക്കൂശ്മാണ്ടമാണെന്നോ! അങ്ങും അദ്ദേഹത്തെപ്പോലെ എന്നെ ഭൂലോകകഴുതേന്നു വിളിക്കുകയാണോ!

ഹായ് ഒരിക്കലുമല്ല. സ്ത്രീകൾ എല്ലാമാണ്; അവർ പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ ഓർത്തുവെച്ചാൽ ഹൊ ഹൊ എന്റഹോ! സ്ത്രീയെ അറിഞ്ഞാൽ എല്ലാമറിഞ്ഞു!

എനിക്കിമ്മിണി ദേഷ്യംകുറഞ്ഞു. ഇമ്മിണി സന്തോഷവും കൂടി. അപ്പോൾ ഈ ഹുന്ത്രാപ്പിബുസ്സാട്ടോ സ്ത്രീകൾക്ക്  അങ്ങുനൽകിയ വലിയ ഒരലങ്കാരമാണെല്ലേ! ഡോക്ടറേറ്റ് പോലെയൊന്ന്.

അദ്ദേഹം പുഞ്ചിരിച്ചു. എനിക്ക് തൃപ്തിയായി.

അനന്തവിഹായസ്സ്. പൂർണ്ണ സ്ട്രോബറി ചന്ദ്രനെ അഭ്രപാളികളൊന്നിൽ ഒട്ടിച്ചപോലെ.മൃദുലവും നിർമ്മലവുമായ ശാന്ത വെളിച്ചം ഭൂമിയിലേക്കൊഴുകി.
താരാട്ടുപാട്ടുപോലെ ആർദ്രതലോടലാൽ തിങ്കൾക്കതിർ നിദ്രയുണർത്തി . 
എന്നിട്ടും എനിക്ക് പുസ്തകമടയ്ക്കാൻമനസ്സായില്ല . എന്റെ വിനീത ചരിത്രകാരൻ മടങ്ങിപ്പോകില്ലേ!

പോകാനോ ഹെവിടെ! അദ്ദേഹം ചോദിച്ചു.
ഭവതിയെന്നെ വായിക്കുകയല്ലേ ദിവസവും. പിന്നെ ഞാനെവിടെപ്പോകാൻ!  

എന്റെ സ്നേഹം സ്വീകരിക്കാൻ ആളില്ലാതെയായി. അത് കറങ്ങിത്തിരിഞ്ഞു ഒടുവിൽ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങിവന്നു. എങ്കിലുമെന്റെ പ്രാണനാഥൻ എന്നെ.. 
അല്പം ഉറങ്ങൂ.. നമുക്ക് പിന്നെ സംസാരിക്കാം. ചരിത്രകാരൻ എന്നെ ഉറങ്ങാൻ നിർബന്ധിച്ചു. 
അങ്ങ് എന്നും എന്റെ നിത്യകാമുകനായിരിക്കും. ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.
സുൽത്താൻ ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു!

ശുഭം
 

Join WhatsApp News
Bepur sultan 2024-07-07 05:26:07
Basheerumayulla oru abhimukam kanda feel. Adey style adey responses :) beautifully articulated . Hey pahayathi, hingal Kollam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക