Image

ഇന്നലെയുടെ മുറിവുകൾ ! (ജയൻ വർഗീസ്)

Published on 06 July, 2024
ഇന്നലെയുടെ മുറിവുകൾ ! (ജയൻ വർഗീസ്)

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ലേക്കുള്ള യാത്ര ) കഴിഞ്ഞ ലക്കം തുടർച്ച  ( 3 )

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ' അശനി ' എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു.  ശ്രീ പോൾ  കോട്ടിൽ സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ  രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളു.  ആൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻതെരഞ്ഞെടുത്തത് കോർമലയിൽ നിന്നുള്ള  പോൾ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞുതുളഞ്ഞ അൽപ്പ വസ്ത്ര ധാരിയായ നായിക ' മനീഷ' യെ അവതരിപ്പിക്കാൻ തയ്യാറായി വന്നത് എറണാകുളംജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കടവൂർ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയായിരുന്നു. നാടക പ്രവർത്തകനായ ഭർത്താവിനോടൊപ്പം ഒരു അമേച്വർ നാടക നടിയായി അറിയപ്പെട്ടിരുന്ന  ട്രീസ ഒരുകഴിവുറ്റ സുന്ദരിയായിരുന്നു.  സാമ്പത്തിക നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലെന്നറിഞ്ഞിട്ടും, ട്രീസക്കും, അവളുടെ ഭർത്താവായ ശശിക്കും നാടക രംഗത്തോടുള്ള ആരാധനയും, എന്നോടുള്ള ബഹുമാനവും കൊണ്ടാണ്അഭിനയിക്കാൻ സമ്മതിച്ചത്. എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമറ്റത്തു നിന്ന് മൂന്നര- നാല് മൈൽ ദൂരെയാണ്ട്രീസയുടെ വീട്. അര മൈലിലധികം ദൂരം നടന്നു  തന്നെ വേണം ട്രീസയുടെ വീട്ടിലെത്താൻ. ഒരു സൈക്കിൾപോലും പോകാത്ത വഴിയാണത്. അഭിനയിക്കാൻ സമ്മതിക്കുമ്പോൾ തന്നെ ട്രീസ പറഞ്ഞിരുന്നു, അവൾക്ക്വീടും, കുട്ടിയേയും വിട്ട് ദൂരെയൊന്നും വരാൻ കഴിയില്ലെന്ന്. കഥാപാത്രത്തിന് പറ്റിയ രൂപവും, ഭാവവും മാത്രമല്ലാ, കഴിവും ഉള്ളവൾ ആയിരുന്നത് കൊണ്ട് അവൾ പറഞ്ഞതെല്ലാം ഞങ്ങൾ  സമ്മതിക്കുകയും അവളുടെകൊച്ചുവീട്ടിൽ വച്ച് റിഹേഴ്സലുകൾ നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.

റിഹേഴ്‌സൽ ട്രീസയുടെ വീടിന്റെ ഒരു ചെറിയ മുറിയിൽ വച്ച് ആരംഭിച്ചു. മൂന്നു ദിവസങ്ങൾ വീതമുള്ള കുറെതവണകൾ നിശ്ചയിക്കപ്പെട്ടു  പോളും, ജോസേട്ടനും എന്റെ വീട്ടിൽ ആണ് കിടപ്പ്. ട്രീസയുടെ ഭർത്താവിന് പകൽടെലിഫോൺ എക്സ്ചേഞ്ചിൽ ജോലിയായതു കൊണ്ട് ആറു മണി കഴിഞ്ഞേ റിഹേഴ്സലിന്‌ സൗകര്യമുള്ളു. പകലൊക്കെ എന്റെ വീട്ടിലും പരിസരങ്ങളിലുമൊക്കെയായി കഴിഞ്ഞു കൂടുന്ന ഞങ്ങളും, പി.സി.ജോർജിനെപ്പോലെ വളരെ അടുത്ത സുഹൃത്തുക്കളും മാത്രം സന്ധ്യയോടെ ട്രീസയുടെ വീട്ടിലെത്തിറിഹേഴ്സൽ ആരംഭിക്കുന്നു. രണ്ട് റിഹേഴ്‌സൽ എന്നാണ് പ്ലാനിട്ടിരുന്നത് എങ്കിലും ഒരു റിഹേഴ്സലിനു മാത്രമേസമയം തികഞ്ഞിരുന്നുള്ളു.

രണ്ടുമൂന്നു  ടേമുകൾ കഴിഞ്ഞു.കുറേ റിഹേഴ്സലുകൾ ഭംഗിയായി നടന്നു. നാടകാവതരണത്തിന് രണ്ടാഴ്ചമാത്രം ബാക്കി. രണ്ടാം വട്ട റിഹേഴ്‌സൽ ക്യാമ്പ് കഴിഞ്ഞു മടങ്ങിപ്പോയ ജോസേട്ടന്റെ ഒരു കാലിന് ഏതോ ഭയങ്കരവേദനയാണെന്ന് പോൾ അറിയിച്ചു. തീരെ നടക്കാൻ മേല. താങ്ങിപ്പിടിച്ചിട്ടാണ് പ്രാഥമിക കർമ്മങ്ങൾ പോലുംനടക്കുന്നത്. റിഹേഴ്സലിനു ഇനി വരാൻ പറ്റില്ലെന്ന് ജോസേട്ടന്റെ കുടുംബം അറിയിച്ചതായി പോൾ പറഞ്ഞു. നാടകം ഉപേക്ഷിക്കുകയല്ലാതെ വേറേ മാർഗ്ഗമില്ല  എന്ന ഒരു വേദനയിൽ എല്ലാവരും എത്തി.

ഒരു ദിവസം വൈകുന്നേരം എന്റെ കടയുടെ മുന്നിൽ ഞങ്ങളുടെ നാട്ടിലെ ഏക ബസ് സർവീസായ ' അനിത ' ബസ് നിറുത്തി. നോക്കുമ്പോൾ ജോസ് അരീക്കാടനെ പോൾ കോട്ടിൽ താങ്ങിപ്പിടിച്ച് ഇറക്കുകയാണ്. ഒരു കാൽപൊക്കിപ്പിടിച്ചു തന്നെ കടയിലേക്ക് കയറ്റി; പിന്നെ വീട്ടിലേക്കും. പിറ്റേന്ന് റിഹേഴ്സൽ തുടങ്ങുകയാണ്. ജോസേട്ടാ, സാരമില്ല എന്ന് പറഞ്ഞെങ്കിലും, എന്നെ അവിടെ എത്തിച്ചാൽ മതി എന്നായി കക്ഷി. വഴിയുള്ളസ്ഥലം വരെ സൈക്കിളിന്റെ പിന്നിലിരുത്തി യാത്ര. ( അന്ന് ഓട്ടോ റിക്ഷകൾ വ്യാപകമായിട്ടില്ല ) പിന്നെ പോളുംപി. സി.യും കൂടി രണ്ടു വശത്തും നിന്ന് ജോസേട്ടന്റെ ഓരോ കൈകൾ തങ്ങളുടെ കഴുത്തിലൂടെ ചേർത്തു പിടിച്ചുകൊണ്ട് ഒരു കാൽ മാത്രം ഇടയ്‌ക്ക്‌ നിലത്തു കുത്തിച്ചു കൊണ്ട് തൂക്കിയെടുത്താണ് യാത്ര. ഇരുന്നു കൊണ്ടുള്ളറിഹേഴ്സൽ മതിയെന്ന് പറഞ്ഞെങ്കിലും ജോസേട്ടൻ സമ്മതിച്ചില്ല. അത്രക്ക് വയ്യെങ്കിൽ മാത്രമേ അദ്ദേഹംഇരുന്നുള്ളു.

ട്രീസയുടെ വീട്ടിലെ ഉള്ള സൗകര്യത്തിൽ താമസിക്കാം എന്ന ഓഫർ ജോസേട്ടൻ സ്വീകരിച്ചില്ല. തിരിച്ചുവീട്ടിലേക്കും ഇതേപോലെ യാത്ര. എന്തോ ആയുർവേദ മരുന്നുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ട്. അതിന്റെപ്രയോഗവും, ചൂട് വെള്ളത്തിൽ കുളിയും ഒക്കെയായി പകൽ എന്റെ വീട്ടിൽ. രാത്രിക്കു  മുമ്പ് പഴയ പടുതിയിൽറിഹേഴ്‌സൽ സ്‌ഥലത്തേയ്‌ക്ക്. റിഹേഴ്സലുകൾ മുടങ്ങാതെ നടന്നു എന്ന് മാത്രമല്ലാ, ജോസേട്ടൻ കാൽവേദനയിൽ നിന്ന് പതുക്കെ മുക്തി നേടുന്നതുമാണ് അടുത്തടുത്ത ദിവസങ്ങളിൽ കണ്ടത്. ആത്മ നിഷ്ഠമായകലാ സപര്യയ്‌ക്ക്‌ ശാരീരിക രോഗങ്ങൾ ശമിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ മനസിലാക്കി.  വൈദ്യ രത്‌നം പി. എസ് . വാര്യർ കോട്ടക്കൽ ആര്യ വൈദ്യ ശാലയോടൊപ്പം കോട്ടക്കൽ കഥകളി സംഘത്തെയുംവളർത്തിയെടുത്തത് ഇത് കൊണ്ടായിരിക്കണം  എന്നും ഞാൻ തിരിച്ചറിഞ്ഞു. എക്കാലത്തും എന്റെ പിന്നിൽഎനിക്ക് തണലായി നിന്നിട്ടുള്ള എന്റെ ദൈവത്തിനെ ഞാൻ വീണ്ടും ഓർത്തു.

വിജയകരമായി റിഹേഴ്‌സൽ പൂർത്തിയാക്കി എല്ലാവരും മടങ്ങി. നാടകത്തിലെ പശ്ചാത്തല സംഗീതവും, എഫെക്ടുകളും റെക്കാർഡ് ചെയ്തിരുന്നു. അന്ന് ഒരു ടേപ്പ് റിക്കാർഡർ സ്വന്തമായി ഉണ്ടായിരുന്ന കടവൂരിൽതന്നെയുള്ള ശ്രീ പദ്‌മകുമാർ എന്ന നാടക പ്രവർത്തകനാണ് പശ്ചാത്തല സംഗീതത്തിന്റെ ചുമതലയേറ്റു കൊണ്ട്  ഇത് ചെയ്തു തന്നത്. ആഗോള ആറ്റം സ്പോടനത്തിനു ശേഷമുള്ള ഭൂമിയിൽ അത്ഭുതകരമായി അവശേഷിച്ചമൂന്നു മനുഷ്യരുടെ കഥയാണ് അശനി. അപ്രതീക്ഷതമായി കണ്ടു മുട്ടി സൗഹൃദം സ്ഥാപിച്ച അവർക്കിടയിൽക്രമേണ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഇരയുടെയും, ഇണയുടെയും അവകാശ തർക്കങ്ങളിൽ വീണ്ടും അവർക്ക്ആയുധമെടുത്ത് ഏറ്റുമുട്ടേണ്ടി വരികയാണ്. ഇവിടെ  തന്റെ ചോയിസ് നില നിർത്താനായി  തങ്ങൾക്ക് കിഴങ്ങുമാന്താനായി സംഘം കണ്ടെടുത്ത ഇരുമ്പ് ദണ്ട് കൊണ്ട്  സ്ത്രീക്ക് ഒരു പുരുഷനെ കൊല്ലേണ്ടി വരുന്നു. ആയുധംസൂക്ഷിക്കുമ്പോൾ  അതുപയോഗിക്കേണ്ടി വരുന്നു എന്ന തിരിച്ചറിവുമായി ഉണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞുകൊണ്ട് പുതിയ കാല സ്വപ്നങ്ങളിലേക്ക് അവർ നടന്നു മറയുമ്പോൾ നാടകം അവസ്സാനിക്കുന്നു. എല്ലാം നശിച്ചുകഴിഞ്ഞ ഭൂമിയിൽ പൊടിയും, ചാരവും പറത്തിയെത്തുന്ന പിശിരൻ  കാറ്റിന്റെ ഇരമ്പൽ  മാത്രമാണ് പശ്ചാത്തലസംഗീതം.  കാറ്റിലൂടെ പറന്നു വരുന്ന ചാരം അവതരിപ്പിക്കുവാൻ ബ്ലോവറും, മൃദുവായ യഥാർത്ഥ ചാരവുംഉപയോഗിക്കുക വഴി എറണാകുളം കലാഭവൻ ഓഡിറ്റോറിയത്തിലെ ക്ഷണിക്കപ്പെട്ട അതിഥികളിൽചിലരെയെങ്കിലും ചുമ കൊണ്ട് വിഷമിപ്പിക്കേണ്ടി വന്നതിൽ ഇന്നും വേദനിക്കുന്നു. നാട്ടുമ്പുറത്തെ ദരിദ്രസാഹചര്യങ്ങളിൽ നിന്നുള്ള ഞങ്ങൾക്ക് മറ്റൊരു ചോയിസ് ഉണ്ടായിരുന്നില്ല.

അഞ്ചു ദിവസങ്ങളിലായി അരങ്ങേറിയ നാടകോത്സവത്തിലെ മൂന്നാം ദിന നാടകമായിരുന്നു ഞങ്ങളുടേത്. നാടകം വലിയ വിജയമായിരുന്നു. വിശിഷ്ട അതിഥികളിൽ ചിലർ സ്റ്റേജിനു പിന്നിലെത്തി അഭിനന്ദനങ്ങൾചൊരിഞ്ഞു. നാടകമെഴുതിയ എന്നെ പ്രത്യേകമായി പലരും പരിചയപ്പെട്ടു. നാടകാവതരണത്തിന്അനുവദിക്കപ്പെട്ട തുകയും കൈപ്പറ്റി പാതിരാ കഴിഞ്ഞ നേരത്ത് ഞങ്ങൾ പുറത്തിറങ്ങി. ഒന്ന് തലചായ്‌ക്കുവാനുള്ള ഏർപ്പാടുകളൊന്നും മുന്നമേ ചെയ്തിരുന്നില്ല. അതിനുള്ള സാമാന്യ വിവരം പോലുംഞാനുൾപ്പടെ ആർക്കും തോന്നിയില്ല. ട്രീസയും, ഭർത്താവും, പദ്‌മ കുമാറും, തബലിസ്റ്റും ഞങ്ങൾ വന്ന കാറിൽതിരിച്ചു പോയി. ട്രൂപ്പിലെ മിക്കവരും ബസ്സിലാണ് എത്തിയത് എന്നതിനാൽ രാവിലെ ബസിൽ വേണം തിരിച്ചുപോകാനും. അടുത്തുള്ള ഒരു ലോഡ്ജിൽ ചെന്ന് മുറി കെഞ്ചി. ദൂരെ നിന്ന് നാടകം കളിക്കാൻ വന്നവർ എന്നപരിഗണന കൊണ്ടാവാം, ഒഴിവുണ്ടായിരുന്ന ഒരു സിംഗിൾ റൂം കിട്ടി. രണ്ടാൾ മാത്രമേ കിടക്കാവൂ എന്ന കരാറിൽ. ബാക്കിയുള്ളവർക്ക് ഇടനാഴിയിൽ കഴിയാനുള്ള ഒരു മൗനാനുവാദവും.

പി. സി. യും, ജോസ് അരീക്കാടനും മുറിയിൽ കിടന്നു. ബാക്കിയുള്ളവർ ഇടനാഴിയിൽ കൂടി. ഞാനും, പോളും, ടീമിലെ സഹായിയും, ജ്വാലയുടെ ബി. ടീമിലെ പ്രധാന നടനുമായ ഭാസ്‌ക്കരനും, മറ്റു ചിലരും കൂടിയുണ്ട്. ഓരോരുത്തരായി ചാഞ്ഞു തുടങ്ങി. തോർത്തുമുണ്ടും, പത്രക്കടലാസും ഒക്കെ വിരിച്ചിട്ടാണ് ഇടനാഴിയുടെകുറുകെയുള്ള കിടപ്പ്. ഭിത്തിയിൽ ചാരി തല അൽപ്പം ഉയർത്തി വയ്ക്കാനുള്ള സൗകര്യം നോക്കി ആദ്യത്തയാൾചെയ്തത് നോക്കിയിട്ടാണ് എല്ലാവരും ഈ രീതിയിൽ കിടന്നത് എന്ന് തോന്നുന്നു.

വെളുപ്പിന് നാലുമണി കഴിഞ്ഞ് കാണണം, ഒരു മദാമ്മ പുറത്തേക്ക് പോകാനായി ഇടനാഴിയിലെത്തുന്നു. ഞങ്ങളെല്ലാം കൂർക്കം വലിച്ചുറക്കമാണ്. മദാമ്മ എന്തൊക്കെയോ പറയുകയും, ആംഗ്യം കാണിക്കുകയും ഒക്കെചെയ്തുവെന്ന് ഉറങ്ങാതെ കിടന്ന ഭാസ്‌ക്കരൻ പറയുന്നു. കുറച്ചുനേരത്തെ ഇത്തരം പരിശ്രമങ്ങൾക്ക് ശേഷംസഹികെട്ട മദാമ്മ ഓരോരുത്തരെയായി കവച്ചു കടക്കുകയാണ്. ഉറക്കം നടിച്ച്‌ ഉറങ്ങാതെ കിടന്ന ഭാസ്‌ക്കരൻ ആനിമിഷങ്ങളെക്കുറിച്ച് പിറ്റേ ദിവസം പി. സി. ജോർജിനോട് വിവരിച്ചതിങ്ങനെയാണ് : " ഒരു ചുവപ്പ് കണ്ടുചങ്ങാതീ! "

തുടർന്ന് തൃശൂർ ജില്ലയിലെ ചിലയിടങ്ങളിൽ ' അശനി ' ക്ക് ഏതാനും ബുക്കിങ്ങുകൾ കിട്ടുകയും, അക്രോപ്പോളീസ്‌ ആർട്സിന്റെ ബാനറിൽ അവിടങ്ങളിൽ നാടകം അവതരിപ്പിക്കുകയും ചെയ്തുവെങ്കിലും,  അർദ്ധ നഗ്നയായി അഭിനയിക്കേണ്ടി വരുന്ന ട്രീസയുടെ അഭ്യർത്ഥനയെക്കൂടി മാനിച്ച് രംഗാവതരണംഅവസാനിപ്പിച്ചു.

1982 ലെ റേഡിയോ നാടകോത്സവത്തിന്റെ ഭാഗമായി ഈ നാടകം തെരെഞ്ഞെടുക്കപ്പെടുകയും, തൃശൂർ നിലയംഡയറക്ടറായിരുന്ന ശ്രീ സി. പി. രാജശേഖരന്റെ സംവിധാനത്തിൽ കേരളത്തിലെയും, ഇന്ത്യൻ സ്റ്റേറ്റുകളിലെയും, പോർട് ബ്ലെയറിലെയും ആകാശവാണി  നിലയങ്ങൾ ' പ്രവാസം. ' എന്ന പേരിൽ പല തവണ പ്രക്ഷേപണംചെയ്യുകയും ഉണ്ടായി. ശ്രീമതി സുധാ വർമ്മ, ശ്രീ സി. കെ. തോമസ്, ശ്രീ എൻ. സോമസുന്ദരം എന്നീ കലാപ്രതിഭകളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്റെ  മറ്റു ചില നാടകങ്ങളും ആകാശവാണിയുടെകേരളത്തിലേയും, പോർട് ബ്ളയറിലേയും നിലയങ്ങൾ പ്രക്ഷേപണം ചെയ്യുകയുണ്ടായിട്ടുണ്ട്.

ശ്രീ സി. പി. രാജശേഖരനുമായുള്ള പരിചയത്തിൽ ആകാശവാണിയുടെ നാടകങ്ങളിൽ പങ്കെടുക്കാനായിഅദ്ദേഹമെന്നെ ഓഡീഷൻ ടെസ്റ്റിന് വിധേയനാക്കിയെങ്കിലും ഞാൻ പരാജയപ്പെട്ടു. പണ്ട് കെ.പി. വർക്കിസാറിന്റെ മലയാളം ക്ലാസിൽ ' മഡ്‌സ്ടൺ ' എന്ന പേര് മറ്റാരേക്കാളും വ്യക്തമായി ഉച്ചരിച്ചിരുന്ന ഞാൻ, ഇവിടെടെസ്റ്റിന്റെ ഭാഗമായി   ' ചരുവിലൊരു ചരലുരുളുന്നു, ചരുവിലൊരുരലുരുളുന്നു ' എന്ന് പല വട്ടം പറയുമ്പോൾനാക്കു കുഴഞ്ഞു പോയി എന്നതായിരുന്നു പരാജയ കാരണം.

വീണ്ടും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ആകാശവാണിയുടെ   ' സ്റ്റാഫ് ആർട്ടിസ്റ്റ് ' വിഭാഗത്തിലേക്കള്ളഉദ്യോഗാർത്ഥിയായി ഞാൻ അപേക്ഷിച്ചുവെങ്കിലും, ആ തസ്തികയുടെ മിനിമം വിദ്യാഭ്യാസ യോഗ്യതഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആയിരുന്നു എന്നതിനാൽ ഞാൻ തഴയപ്പെട്ടു. സംഗീത നാടകഅക്കാദമിയുടെ ഏറ്റവും നല്ല നാടക രചയിതാവിനുള്ള അവാർഡ് ലഭിച്ചയാളും, റേഡിയോ നാടകോത്സവത്തിലെഏറ്റവും ശ്രദ്ധിക്കപ്പെട്ട നാടകത്തിന്റെ രചയിതാവും ഒക്കെ ആയിരുന്ന ഞാൻ ആ തസ്‌തികയിൽ ഉദ്യോഗം നേടാൻസർവഥാ യോഗ്യനാണ് എന്ന ധാരണയിൽ ആയിരുന്നു സി.പി. എന്നോട് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്എങ്കിലും, എന്റെ അക്കാദമിക് വിദ്യാഭ്യാസ യോഗ്യത വെറും വട്ടപ്പൂജ്യം മാത്രമായിരുന്നുവെന്ന്  മറ്റു പലരെയുംപോലെ ബഹുമാന്യനായ ശ്രീ സി. പി. രാജശേഖരനും അറിയില്ലായിരുന്നുവല്ലോ ?

എനിക്ക് വിധിച്ചിട്ടുള്ളത് സർക്കാർ ഉദ്യോഗമല്ലാ എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ലളിതമായ എന്റെ ജീവിതപരിസരങ്ങളിലേക്ക് ഞാൻ മടങ്ങിപ്പോരുമ്പോൾ, സാധാരണയായി കോളേജ് അധ്യാപനത്തിൽ കുറയാത്തസാമൂഹ്യ പദവികളിൽ വിരാജിക്കുന്നവരാണ് സാഹിത്യത്തിന്റെ സങ്കീർണ്ണ വേദിയിൽ പയറ്റുന്നത് എന്നയാഥാർഥ്യം എനിക്കറിയില്ലായിരുന്നു. കുറേ മാസ്റ്റേഴ്‌സും, ഡോക്ടറേറ്റും ഒക്കെ എടുത്തിട്ടുള്ള പ്രതിഭാശാലികളായ  വലിയ വലിയ ആളുകൾ തങ്ങളുടെ തൊപ്പിയിൽ മറ്റൊരു വർണ്ണത്തൂവൽ കൂടി ചാർത്താനുള്ള  ശ്രമവുമായി മാറ്റുരയ്‌ക്കുന്ന ഈ അഭിനവ അരീനയിൽ അതിനുള്ള യാതൊരു ക്വളിറ്റിയുമില്ലാത്ത ഞാൻ വന്നുപെടരുതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.  നമ്മുടെ താല്പര്യങ്ങൾക്കും, തീരുമാനങ്ങൾക്കും അനുസരിച്ച്മാത്രമല്ലല്ലോ കാര്യങ്ങൾ സംഭവിക്കുന്നത് എന്നതിനാൽ, ഒരു ജീവിത കാലം അനുഭവിച്ച അവഗണനയും, ആക്ഷേപവും സഹിച്ച്‌  ഇത് വരെ വന്ന എനിക്കിനി എത്ര ശ്രമിച്ചാലും എല്ലാം അവസാനിപ്പിച്ച് മടങ്ങിപ്പോകാനുംസാധിക്കുന്നില്ല. ഉള്ളിൽ ഊറിക്കൂടുന്ന നൊമ്പരച്ചിരിയിൽ  എല്ലാം ഒളിപ്പിച്ചു കൊണ്ട് മുന്നോട്ടു തന്നെ  പോവുകയേ നിവർത്തിയുള്ളു എന്നതാണ് സത്യം. കലപ്പയിൽ കൈ വച്ചിട്ട് തിരിഞ്ഞു നോക്കരുത് എന്നാണല്ലോപ്രമാണം ?

തുടരും.


https://emalayalee.com/writer/127

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക