Image

റീന ചരിത്രം പറയുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 26- സാംസി കൊടുമണ്‍)

Published on 08 July, 2024
റീന ചരിത്രം പറയുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 26- സാംസി കൊടുമണ്‍)

ആന്‍ഡ്രു പറഞ്ഞത് അമേരിക്കന്‍ ചരിത്രത്തെ തീരെക്കുറഞ്ഞത് നാലുഘട്ടങ്ങാളയെങ്കിലും കാണണമെന്നായിരിക്കാം. നാലല്ല നാനൂറ് ഘട്ടങ്ങളായിതിരിച്ചാലും പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത പീഡനത്തിന്റെയും, സഹനത്തിന്റെയും കഥകള്‍ ഒരടിമയുടെ ജീവിതത്തിനുണ്ടെന്ന് എത്രപേര്‍ക്കറിയാം. അല്ലെങ്കില്‍ അടിമക്ക് ജീവിതമുണ്ടെന്നെത്രപേര്‍ സമ്മതിക്കും. ഒരടിമയുടെ ഒരോദിവസങ്ങളും ഒരോ അദ്ധ്യായങ്ങളാണ്. ചിരിത്രത്താളുകളില്‍ ചേര്‍ക്കാന്‍ വിട്ടുപോയ, അല്ലെങ്കില്‍ മനഃപ്പൂര്‍വ്വം മറന്നുപോയ ഏടുകള്‍. വിട്ടുപോയ കണ്ണികളെ വീണ്ടെടുക്കാനോ, തുന്നിച്ചേര്‍ക്കാനോ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ...? അങ്ങനെ ചെയ്തവരെ ഒക്കെ ഒറ്റപ്പെടുത്താനും, അവര്‍ രേഖയിലാക്കിയതിനെയൊക്കെ ചോര്‍ത്തിക്കളയാനും അവര്‍ക്ക് മടിയില്ലായിരുന്നു. അവര്‍ എന്നു പറയുമ്പോള്‍ കറുത്തവര്‍ അല്ലാത്ത എല്ലാവരും എന്നര്‍ത്ഥമാക്കരുത്. പകരം വംശിയവാദികളായ വെളുത്തവരുടെ ലോകം എന്നു വായിച്ചാല്‍ മതി. അകവും പുറവും വെളുത്ത അനേകം വെളുത്തവരുടെ സ്‌നേഹവും കരുതലും അനുഭവിച്ച ഒത്തിരിയേറെ അടിമകള്‍ ഉണ്ടായിരുന്നു.

ആന്‍ഡ്രു പറഞ്ഞ കാലങ്ങള്‍ ഏതൊക്കയാകും...? അമേരിയ്ക്കന്‍ ചരിത്രം വെളിയില്‍നിന്നു വായിക്കുന്നവന്റെ ചരിത്രാറിവുകളായിരിക്കില്ല അകത്തനുഭവിച്ചവന്. ചരിത്രകാരന്‍ ഇങ്ങനെയായിരിക്കും എഴുതുന്നത്; അമേരിയ്ക്കയുടെ ചിലഭാഗങ്ങളിലൊക്കെ അടിമകളുടെമേല്‍ വിവേചനങ്ങള്‍ ഉണ്ടായിരുന്നു. വളരെ ലളിതമായി, എത്രയും ലഘൂകരിച്ചു പറഞ്ഞിരിക്കുന്ന ഈ ചരിത്രഭാഗം വായിയ്ക്കുന്ന ഒരു അന്ന്യന്‍ അതിനെ എങ്ങനെ പരിഭാഷപ്പെടുത്തും. ഒരു സ്ത്രീയെ, അവള്‍ക്കിഷ്ടപ്പെട്ട ഒരുവന്റെകൂടെ ഇണചേര്‍ന്നകുറ്റത്തിന് (അതു കുറ്റമാണത്രേ) അവളുടെ ഇരുകാലുകളിലും കയറുകെട്ടി രണ്ടുമരക്കൊമ്പുകളില്‍ വലിച്ചുകെട്ടി, അടിയില്‍ തീയ്യിട്ടത് വളരെ ലളിതമായ വിവേചനമായിരുന്നത്രേ... അതാണു ചരിത്രത്തിന്റെ് അനുഭവപാഠങ്ങള്‍ക്കപ്പുറമുള്ള വായന. അവര്‍ എന്റെ ഗോത്രമാതാവാണ്. അവര്‍ അന്നനുവഭവിച്ചതു വേദനയായിരുന്നുവോ...? അന്നവര്‍ക്ക് വേദനതോന്നിയിട്ടുണ്ടാകില്ല പകരം പകയുടെ അഗ്നിയില്‍ അവളുടെ ഉപസ്ഥം ഉരുകിയിട്ടുണ്ടാകും. തലമുറകളിലേക്കവളതു പകര്‍ന്നു. ഇന്നും ആ വംശപരമ്പരയിലെ സ്ത്രീകളുടെ ഉപസ്ഥത്തില്‍ കെട്ടടങ്ങാത്ത തീയ്യും പുകച്ചിലുമാണ്. ' റീന സാമിന്റെ അപ്പാര്‍ട്ടുമെന്റിലേക്കുള്ള യാത്രയിലും, സാമിനോടൊന്നും പറയാതെ നീറുന്ന ഉപസ്ഥങ്ങളുടെ അമര്‍ഷങ്ങളില്‍ ആയിരുന്നു.ചരിത്രത്തിലെ രണ്ടാംഘട്ടമായിരുന്നോ അത്. കുടിയ്യേറ്റക്കാരുടെ കോളനിവല്‍ക്കരണം.

രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലെ അടിമവംശപോരാട്ടങ്ങള്‍, ഒളിച്ചോട്ടങ്ങളുടെയും പീഡനങ്ങളുടെയും കാലമായിരുന്നിരിക്കാം.അത് അടിമകളുടെ ചരിത്രം വായിക്കുന്നവര്‍ക്ക്. അല്ലാത്തവര്‍ക്ക് അത് അമേരിയ്ക്ക എന്ന സാമ്രാജ്യത്തിന്റെ അടിത്തറ പണിതവരുടെ ചരിത്രമാണ്. അതില്‍ മുഖവും പേരും ഇല്ലാത്തവന്റെ രാവും പകലും ഇല്ലാത്ത വേലയുടെ ചരിത്രം ഉണ്ടാകില്ല. ഉപത്ഥം വെന്തപെണ്ണിന്റെ നാഭിയില്‍നിന്നും പിറവികൊണ്ട തലമുറകളുടെ കഥ കാണില്ല. അവരൊന്നും ചരിത്രത്തില്‍ ഇടം നേടാനുള്ള വലിപ്പം ഉള്ളവരായിരുന്നില്ല. ജോര്‍ജ്ജയില്‍ ഒരു കോട്ടന്‍ പ്ലാന്റേഷനില്‍നിന്നും റോസി എന്ന ഉപസ്ഥം കരിഞ്ഞവളുടെ തലമുറയെ എണ്ണിത്തുടങ്ങാം. പെറ്റ് അധികം കഴിയാതെ റോസി മരിച്ചു എന്ന് അങ്കിള്‍ ടോം പറഞ്ഞതായി ലെമാര്‍ പറഞ്ഞ കഥകളില്‍ എവിടെയോ കേട്ടതുപോലെ. റോസി പെറ്റ പെണ്ണ് ഏതെല്ലാം ചങ്ങലകളില്‍ തളയ്ക്കപ്പെട്ടന്നാരറിഞ്ഞു.എന്നാലും പേരുപോലം രേഖകളില്ലാത്തവളില്‍ നിന്നും തലമൂറകള്‍ പിറന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലെ പ്ലാന്റേഷനുകള്‍ സന്താനങ്ങളെ പെറ്റു. പലപുരുഷന്മാരുടെ മക്കള്‍. വെളുത്തവരും, കറുത്തവരും അവര്‍ക്ക് മക്കളെ ജനിപ്പിച്ചു. യജമാനന്റെ തോട്ടക്കാരും, അടുക്കളക്കാരികളുമായി ജീവിച്ചവരുടെ ശാഖയില്‍ വിദ്യ ഉള്ളവരുണ്ടായി. തോട്ടങ്ങളില്‍ പണിതവരുടെ ശാഖയില്‍ കലാപത്തിന്റെ അണപൊട്ടാത്ത ധാരനിലനിന്നു. രണ്ടുകൂട്ടരും പരസ്പരം അറിയാത്തവര്‍ ആയിരുന്നു. ആര്‍ക്കും ഗ്രെഗറി എന്ന തണ്ടപ്പേരു ലിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ഒരു കുലത്തില്‍പ്പിറന്നവര്‍ അയിരുന്നില്ല. ഒരോ തോട്ടങ്ങളിലും അവരുടെ പേര് തോട്ടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അവര്‍ ജിനിച്ചതവിടെയായിരുന്നു. ഒരടിമപ്പെണ്ണില്‍ ആര്‍ക്കും സന്താനങ്ങളെ ജനിപ്പിക്കാമായിരുന്നു.

എല്ലാവര്‍ഷവും യജമാനന്റെ തൊഴുത്തിലേക്കൊരു കിടാവ്...ഒരുമാസത്തെ ഇടവേളയില്‍ അവള്‍ വീണ്ടും ഗര്‍ഭംധരിക്കണം. കൂടിപ്പോയാല്‍ രണ്ടുമാസത്തെ ഇടവേള. പത്തൊ പതിനഞ്ചോ പ്രസവിക്കുന്ന ഒരടിമ മുപ്പതു, നല്പതില്‍ കൂടുതല്‍ ജീവിക്കില്ല. അടിമജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ ഇങ്ങനെ ആയിരിക്കാം. വിലകൊടുത്തുവാങ്ങുന്നവന് ഇരട്ടിലാഭം കിട്ടുന്ന മറ്റൊരു കച്ചോടം അക്കാലത്തില്ലായിരുന്നു. അടിമയില്‍ അവന്‍ മുതല്‍മുടക്കി. അമേരിയ്ക്കയുടെ സമ്പദ്യവ്യവസ്ഥയുടെ അടിത്തറ അടിമയുടെ വിയര്‍പ്പം, വെന്തുകരിഞ്ഞ ഉപസ്ഥത്തിന്റെ നീറ്റലുമാണന്ന് ഇന്നാരെങ്കിലും സമ്മതിക്കുമോ.സമ്മതിച്ചാലും ഇല്ലെങ്കിലും അതാണു സത്യം. ഞങ്ങളുടെ ഇടയില്‍ കലാപകാരികളും ഒളിപ്പോരാളികളും ഉണ്ടായിരുന്നു. ചങ്ങലയില്‍ ആയിരിക്കുമ്പോഴും അവര്‍ പൂര്‍ണ്ണമായും കീഴടങ്ങിയവര്‍ ആയിരുന്നില്ല. തോക്കുകൊണ്ട് ആരേയും വരുതിയിലാക്കാമെന്നു കരുതിയവര്‍ക്ക് കണക്കുകള്‍ പിഴയ്ക്കാറില്ലെ...ഉണ്ട്...' റീന അല്പം ഉറക്കെ സാമിനോട് എന്നപോലെ പറഞ്ഞു. റീനപറഞ്ഞതെന്തെന്നു മനസ്സിലാകാതെ സാം കാറോടിക്കുന്നതിനിടയില്‍ ഒന്നു മൂളുക മാത്രം ചെയ്തതു.

'ആയിരത്തി എഴുനൂറ്റി മുപ്പത്തൊമ്പതിലെ (1739) സ്റ്റോനോ കലാപത്തെക്കുറിച്ച് സാം കേട്ടിട്ടുണ്ടോ.' പറഞ്ഞുവന്നതിന്റെ ബാക്കിയെന്നോണം റീന ചോദിച്ചു. സാം ഇല്ലന്നര്‍ത്ഥത്തില്‍ തലയാട്ടി. 'ചിലപ്പോള്‍ ആന്‍ഡ്രുവിനറിയാമായിരിക്കും. അയാള്‍ ചരിത്രം പഠിച്ചവനാണല്ലോ...' റീന ഒരു സിഗരറ്റിനു തീ കൊളുത്തി ഒരുകവിള്‍ പുക ആഞ്ഞുവലിച്ച് അല്പനേരം വെളിയിലെ കാഴ്ചകളില്ലേക്കു നോക്കി തുടര്‍ന്നു. ' ഇരുപതോളം പീഡകരെ അല്ലെങ്കില്‍ വെളുത്തവരെ, കറുത്തവരായ അടിമകള്‍ കൂട്ടക്കൊലക്കിരയാക്കിയ ചരിത്രമാണത്. ഇരുപത് വെളുത്തവരെങ്കിലും മരിച്ചു എന്ന് അവരുടെ ചരിത്രം പറയുമ്പോള്‍ എത്ര കറുത്തവരെ കൊന്നു എന്ന് രേഖകളില്‍ ഇല്ല. നാളിതുവരെ കറുത്തവന്റെ മരണത്തിനു കണക്കുകളില്ല.' റീന അധികം സിഗരറ്റുവലിയുള്ളവളല്ല. ഇന്ന് അവള്‍ എന്തെല്ലാമൊ വികാരങ്ങള്‍ക്ക് വിധേയ ആയവളെപ്പൊലെയായിരുന്നു. സാം. അവളെ അല്പം നേരം നോക്കിയിരുന്ന് നെടുവീര്‍പ്പിട്ടു. അവള്‍ക്കും വികാരംകൊള്ളാന്‍ കാരണങ്ങല്‍ ഉണ്ടല്ലോ എന്ന് വിചാരപ്പെട്ടു. അവളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള കഥകള്‍ പറയുമ്പോഴോക്കെ അവള്‍ അങ്ങനെയാണ്. 'ഞാനും എന്റെ വംശവും സാമ്രാജ്യത്തിന്റെ ഇരകളാണ്.' അങ്ങനെയാണവള്‍ അതിനെക്കുറിച്ചു പറയുന്നത്. ശരിയാണ് എല്ലാ സാമ്ര്യാജ്യ ഊറ്റങ്ങളും ഇരകള്‍ക്കുമേലുയര്‍ന്നതാണ്. സാം റീനയുടെ ചിന്തകള്‍ക്കൊപ്പം എന്താനെന്നവണ്ണം മനസ്സില്‍ ഓര്‍ത്തു.

'സൗത്ത് കരോലീനയിലെ സ്റ്റോനോയില്‍ നടന്ന കലാപം തുടങ്ങിയത് ജെമ്മി എന്ന കോംഗൊയില്‍ നിന്നും പിടിക്കപ്പെട്ട ഒരു നിഗ്രോയില്‍ നിന്നും ആണെന്ന് ചരിത്രത്തില്‍ പറയുന്നു. വെള്ളക്കാര്‍ക്കു നേരെയുണ്ടായ കലാപം എന്നതിനാലായിരിക്കാം അതു രേഖയില്‍ വന്നത്. കറുത്തവന്റെ നൂറുകണക്കിനു ജഡം മറവുചെയ്തവര്‍ അതൊന്നും രേഖയില്‍ ചേര്‍ത്തില്ല എന്നെടുത്തുപറയാനാ ഞാന്‍ ശ്രമിക്കുന്നത്.' റീന ഒരു മൈതാനപ്രസംഗം നടത്തുന്നപോലെയാ പറയുന്നത്. കാറിനുള്ളില്‍ തങ്ങള്‍ രണ്ടാളെയുള്ളുവല്ലോ എന്നോര്‍ത്ത് സാം ചിരിച്ചു.

സ്റ്റോനോ കലാപം മുന്നില്‍ കാണുന്നപോലെ റീന വിദൂരങ്ങളില്‍ എവിടെയോ കണ്ണുനട്ട് ആ രംഗങ്ങള്‍ കാണാന്‍ തുടങ്ങി. വിളഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എപ്പോള്‍വേണമെങ്കിലും കൊയ്തിനു പാകാമായിരിക്കുന്നു. ജെമ്മി എന്തൊക്കയോ കണക്കുകൂട്ടലില്‍ എന്നപോലെ വിളഞ്ഞുകിടക്കുന്ന പാടമാകെ ഒന്നു നോക്കി. ജെമ്മിയായിരുന്നു തലപ്പുലയന്‍. തലപ്പുലയന്‍ എന്നത് ആന്‍ഡ്രു അയാളുടെ നാട്ടിലെ പാടങ്ങളിലെ കൃഷിയുടെ മേല്‍നോട്ടക്കാരന്റെ പേരങ്ങനെയെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകോണ്ടോ ആ പേര് മനസ്സില്‍ ഉറച്ചു. പിന്നീട് ചരിത്രം വായിക്കുമ്പോള്‍ ഒരൊ തോട്ടത്തിലും ഒരോ തലപ്പുലയനെ പ്രതിഷ്ഠിക്കും. ജെമ്മി നെല്‍കൃഷിയുടെ അകവും പുറവും അറിയാവുന്നവനായിരുന്നു. നിലമൊരുക്കി (നിലം തെരഞ്ഞെടുക്കുന്നതിലും ജെമ്മിയുടെ തീരുമാനം അവസാന വാക്കായിരുന്നു) വിത്തുപാകിക്കിളുപ്പിച്ച്, ഞാറു നിരയായി നട്ട്, വളം ഇട്ട്, കളപറിച്ച്, നെല്ലിന്റെ വളര്‍ച്ചക്കൊപ്പം, വേണ്ടതൊക്കെ ചെയ്ത്, കൊയ്ത്, പതിരുതിരിച്ച്, ചാക്കില്‍കെട്ടി' മൊത്തക്കച്ചോടക്കാര്‍ വന്നു കൊണ്ടുപോകുന്നതുവരേയും, ജെമ്മി യജമാനന്റെ നല്ല ഉപദേശകനായിരുന്നു. ഇവിടെ എപ്പോഴും ജെമ്മിക്കുചുറ്റും അടിമകള്‍ കാണും. കോട്ടണ്‍പ്ലാന്റേഷനിലെപ്പോലെ ഒറ്റക്കുക്കൊറ്റക്ക് പണിതാല്‍ നെല്പാടങ്ങളിലെ പണി നീങ്ങില്ല. മാത്രമല്ല യജമാനന് ജെമ്മിയോട് നല്ല താല്പര്യം ഉണ്ടായിരുന്നതിനാല്‍ ഒരിക്കലും സംശയിച്ചും ഇല്ല. എന്നാല്‍ ജെമ്മിയുടെ അന്തരങ്ങത്തിലെ സ്വാതന്ത്ര്യ വാഞ്ച പുറത്തുകാണിച്ചതുമില്ല.

ഫ്‌ളോറിഡയില്‍ നിന്നും യാത്രക്കിടെ വിശ്രമിക്കാന്‍ വരുന്ന മുതലാളിയുടെ ബന്ധുക്കളില്‍ നിന്നും കിട്ടിയ വിവരങ്ങളില്‍ നിന്നുമാണ്, സ്‌പെയിനിന്റെ കോളനിയായ ഫ്‌ളോറിഡയില്‍ എത്തിയാല്‍ അടിമച്ചങ്ങലയില്‍ നിന്നും മോചിതരാകാമെന്നും, ബ്രിട്ടനോടുള്ള എതിര്‍പ്പുമൂലം അവരുടെ കോളനിയില്‍ നിന്നും ഒളിച്ചോടുന്നവരെ സഹായിക്കാന്‍ സ്പാനീഷ് ചര്‍ച്ചുകളും, പാതിരിമരും ഉണ്ടന്നും അറിഞ്ഞത്. മോചനത്തിന്റെ സ്വപ്നവുമായി നടക്കൂന്നവര്‍ക്ക് അതൊരു സ്വ്പ്നമായി അവരുടെ ഉള്ളില്‍ ഉണര്‍ന്നു. മുപ്പതുപേരടങ്ങുന്ന ഒരു സംഘം അവിടെ നിന്നും ഒളിച്ചോടിയിട്ട് ആറുമാസത്തോളം ആയിരുന്നു. എങ്ങനേയും ഒളിച്ചോടണമെന്ന് മനസില്‍ കുറിച്ച ജെമ്മി ഒരൊരുത്തരെയായി കണ്ട് കൂടെവരാമെന്നുറപ്പിച്ചു. പക്ഷേ ആദ്യകൂട്ടരുടെ ഒളിച്ചോട്ടത്തിനു ശേഷം തോട്ടത്തിനുള്ളിലും ചുറ്റുവട്ടത്തും തോക്കേന്തിയ കാവല്‍ക്കാര്‍ എപ്പോഴും ഉണ്ടായിരുന്നു.ഏകദേശം ഇരുനൂറ്റമ്പതോളം ആളുകള്‍ ഈ പ്രദേശത്തുനിന്നുമാത്രമായി ഒളിച്ചോടി ഫ്‌ളോറിഡായില്‍ അഭയം പ്രാപിച്ചെന്ന കണക്കെടുപ്പില്‍ കലിപൂണ്ട മുതലാളിമാര്‍ കൂട്ടമായി ഏര്‍പ്പെടുത്തിയ ഗുണ്ടകളും ഒറ്റുകാരും എപ്പോഴും കറങ്ങിനടന്നിരുന്നു. (കൂട്ടത്തില്‍ പറയട്ടെ അമേരിക്കയില്‍ 1500 കളോടെ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഫ്‌ളോറിടായില്‍ എത്തിയിരുന്നതായി പറയുന്നു.)

എന്തിന് ജെമ്മി ആ പകല്‍ ഒളിച്ചോട്ടത്തിനായി തിരഞ്ഞടുത്തു...? അറിയില്ല. രക്ഷപെടാന്‍ തോക്ക് വേണമെന്ന ആശയമായിരിക്കുമോ...?ചിലപ്പോള്‍ ആ അയുധചിന്തയായിരിക്കും ദുരന്തങ്ങളിലേക്ക് നയിച്ചത്. കൊയ്ത്ത്,പാടത്തിന്റെപകുതിയോളം എത്തിയപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതിന്‍ പ്രകാരം ഒരോരുത്തരായി പതിനഞ്ചോളം പേര്‍ തോട്ടുതീരത്തെ കുറ്റിക്കാടുകളുടെ മറവിലായി ജെമ്മിനുവേണ്ടി കാത്തു. തോടുകടന്നു ചെന്നാല്‍ അത്യാവശ സാധങ്ങള്‍ക്കായുള്ള ഒരു കടയും, തോക്കുകള്‍ വില്‍ക്കുന്ന മറ്റൊരു കടയുമാണ്. ഉച്ച സമയത്ത് അവിടെ അധികം ആളുകള്‍ കാണില്ല എന്നതും അങ്ങനെ ഒരു സമയം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. അവര്‍ പതിനഞ്ചാളുകള്‍ (ആളുകളുടെ എണ്ണം അങ്ങനെ തന്നെയായിരുന്നുവോ... അറിയില്ല) കടയില്‍ കടന്ന് തോക്കും ഉണ്ടയും ബലാല്കാരമായി എടുത്ത് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേ കടയിലുണ്ടായിരുന്ന രണ്ടുപേരും കാര്യങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞുള്ളു. അത്ര വേഗത്തിലുള്ള ഒരു കയ്യേറ്റമായിരുന്നത്. അവിടെ നിന്നും എത്രയും പെട്ടന്ന് രക്ഷപെടുകയെന്ന മുന്‍കൂട്ടിയുള്ള ആസുത്രണം പെട്ടെന്നു തകരാറിലായി.കലാപകാരികാളായ നീഗ്രോകള്‍ കടകൊള്ളയടിച്ചു എന്ന അപായച്ചങ്ങലയുടെ മണികിലിക്കി കടക്കാര്‍ നാട്ടുകാരെ ഒക്കെ അറീച്ചു. പെട്ടന്നാണ് ജെമ്മിക്ക് പെട്ട അപകടത്തിന്റെ ആഴം മനസ്സിലായത്. അളുകള്‍ ഓടിക്കൂടുന്നതിനുമുമ്പേ കടയിലെ രണ്ട്‌പേര്‍ക്കു നേരയും വെടിവെച്ചു. പിന്നെ അയല്‍ വീട്ടില്‍ നിന്നും ഇറങ്ങിവന്ന ഒരു കുഞ്ഞിനേയും അമ്മയേയും തോക്കുകൊണ്ടു ചുട്ടു. (ആ അമ്മയേയും കുഞ്ഞിനേയും കൊന്നത് എന്തിന്റെ പേരിലായാലും ന്യായികരിക്കാന്‍ പറ്റില്ല. റീന കഥക്കിടയില്‍ പറഞ്ഞ് നെടുവീര്‍പ്പിട്ടു.) പിന്നീട് ഓടിക്കൂടിയവരെയൊക്കെ ആള്‍ക്കൂട്ടം ഭ്രാന്തമായ ആവേശത്തോട് വെടിവെച്ചു. അടിമയുടെ സ്വാതന്ത്രപ്പോരാട്ടമായി ആതാരെങ്കിലും കാണുമോ എന്തോ... ഒരോ അടിമയും അതിനെ അങ്ങനെയാണു കാണുന്നത്.

മീലേഷ്യന്‍ പട്ടാളം എന്തുമ്പോഴേക്കും ഏകദേശം ഇരുപതോളം വെളുത്തവര്‍ മരിച്ചിരുന്നു. പട്ടാളം വരാന്‍ അധിക സമയം എടുത്തില്ല. കാരണം പുറപ്പാടിനുമുന്നേ കൂടെയുള്ള, ഒളിച്ചോടാന്‍ സമ്മതിരിച്ചിരുന്നവര്‍ അവരെ ഒറ്റി. പട്ടാളം ഒളിച്ചോട്ടക്കാരായ കറുത്തവരെ മാത്രമല്ല, അവിടെയുണ്ടായിരുന്ന കണ്ണില്‍കണ്ട നീഗ്രോകളെ മുഴുവന്‍ വെടിവെച്ചു കൊന്നു. എണ്ണം ഇന്നും ആര്‍ക്കും അറിയില്ല. ഒളിച്ചോട്ടക്കാര്‍ക്കുള്ള താക്കിതെന്നപോലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. നീഗ്രോകള്‍ക്കുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാക്കി. അവരെ ചങ്ങലകളില്‍ പ്രത്യേക ക്യാബിനുകളില്‍ പാര്‍പ്പിക്കാന്‍ തുടങ്ങി. ഇന്ന് പത്തുനാനൂറ് വര്‍ഷങ്ങള്‍ക്കുശേഷം ചരിത്രത്തെ ഒര്‍ത്ത് വിങ്ങിക്കരായാനെ കഴിയുന്നുള്ളു. ഇന്നും നീഗ്രോയെ തമസ്‌കരിക്കാനുള്ള, അവന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന അധികാരവര്‍ഗ്ഗത്തോട് പേരാടേണ്ടിയിരിക്കുന്നു.' സാം അപ്പാര്‍ട്ട്‌മെന്റെ കതക്റീനക്കായിതുറന്നു.

'സാം നിലയ്ക്കാത്ത പോരാട്ടങ്ങളാണു ഞങ്ങളുടെ ജീവിതം...ഉറച്ചനിലത്ത് കാലൂന്നാന്‍ അവര്‍ സമ്മതിക്കില്ല. പുതിയ നിയമപാശങ്ങളാല്‍ അവര്‍ കുരുക്കുകുകള്‍ പണിയും. വെര്‍ജീനയിലെ ക്യുന്‍സി പ്ലന്റേഷനില്‍ നിന്നാണ് ഞങ്ങളുടെ പ്രയാണം ആരംഭിക്കുന്നതെന്നു പറഞ്ഞാല്‍ ശരിയാകില്ല. പ്രയാണം എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങളെ മൊത്തം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരു പദമാണോ...? അടിച്ചു തെളിയ്ക്കല്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ ശരിയാകുമായിരിക്കും.ഞങ്ങള്‍ സ്വയം ആഗ്രയിച്ച ഓട്ടങ്ങളായിരുന്നില്ല ഇതൊന്നും. ഞങ്ങള്‍ക്കു പുറകില്‍ എന്നും ചാട്ടാവറുകളുടെ ഹൂങ്കാരങ്ങളും, വെടിയുണ്ടയുടെ 'ഠ' ഘോഷങ്ങളും ഉണ്ടായിരുന്നു. ഓട്ടം ആയിരുന്നില്ല ഓടിക്കലായിരുന്നു. വെര്‍ജീനയിലെ പ്ലാന്റേഷനില്‍ നിന്ന് ജോര്‍ജ്ജയിലെ പ്ലാന്റേഷനിലേക്ക്, അല്ലെങ്കില്‍, നോര്‍ത്ത് കരോലീന, സൗത്ത് കരോലീന, മിസ്സസ്സിപ്പി, ടെക്സ്സാസ്, ഫ്‌ളോറിഡ, അരിസോണ....തലമുറകളെ ഒരു കുതിരാലയത്തില്‍ നിന്നും മറ്റൊരു കുതിലായത്തിലേക്കുള്ള മാറ്റക്കച്ചോടം. അടിമയുടെ നില എല്ലായിടത്തും ഒരുപോലെയായിരുന്നു. ചങ്ങലപൊട്ടിക്കാന്‍ ശ്രമിച്ചവരെയൊക്കെ അവര്‍ മെരുക്കാനെന്നവണ്ണം കൂടുതല്‍ പീഡിപ്പിച്ചു.

സ്റ്റോനോ കലാപത്തിന്റെ കാലം അമേരിയ്ക്ക എന്ന രാജ്യം ഉണ്ടാകുന്നതിനുമുമ്പ് ഒരോ സ്റ്റേറ്റും ഒരോ കോളനികളായിരുന്നകാലത്തായിരുന്നു. സ്‌പെയിന്‍, ഡെച്ച്, റോം, ബ്രിട്ടണ്‍, കൂടാതെ സെപ്നിന്റെ അധികാരപരിധിയില്‍ പെടുന്ന മെക്‌സിക്കോ എന്നിവര്‍ക്ക് പലസ്റ്റേറ്റുകളുടെ മേലും അധികാരം ഉണ്ടായിരുന്നു. ആയിരത്തി എഴുനൂറ്റമ്പതില്‍ (1750) ബ്രിട്ടന്റെ പതിമൂന്നു കോളനികള്‍ ചേര്‍ന്ന്യുണേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിയ്ക്ക രൂപീകരിയ്ക്കുമ്പോള്‍ ഇവിടെയുള്ള അടിമകളുടെ അവസ്ഥ എന്തായിരുന്നു...? വന്‍ങ്കിട പ്ലന്റേഷനുകള്‍ രൂപപ്പെട്ടിരുന്നു. ഏറയും ബ്രിട്ടനില്‍ നിന്നും കുടിയേറിയവര്‍ എന്നതിനേക്കാള്‍, കൃഷിഭൂമികള്‍ കൈയ്യേറിയും, ബ്രിട്ടനോട് വിലയ്ക്കുവാങ്ങിയും, പുതുമണ്ണില്‍ പൊന്നുവിളയിക്കാന്‍ വന്നവരായിരുന്നു. അവര്‍ പ്രഭുകുടുംബങ്ങളില്‍ നിന്നും ഓഹരി വാങ്ങി പുതിയ രാജ്യത്തെ പുത്തന്‍ മണ്ണില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ വന്നവരായിരുന്നു. അവരെ കുടിയേറ്റക്കാര്‍ എന്നു വിളിക്കാമോ...? ബ്രിട്ടണ്‍ ലോകമെല്ലാം തങ്ങളുടെ കോളനികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയ കാലത്തില്‍ ലോകവ്യാപാര രംഗത്തെ പുത്തന്‍ സാദ്ധ്യതകളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍, പരുത്തിയുടേയും, പഞ്ചാസാരയുടെയും കുത്തക നേടിയെടുക്കാനുള്ള മുതളാളിത്വലാഭക്കണ്ണുമായി വന്നവരായിരുന്നു ഏറയും. സ്വന്തം കപ്പലില്‍ പണിയായുധങ്ങളും, അത്യാവശ്യംവേണ്ട ആശ്രിതരുമായി വന്നിറങ്ങിയവര്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അങ്ങനെയുള്ള തോട്ടങ്ങളിലേക്ക് പണിയെടുക്കാന്‍ തൊഴിലാളികളെ അന്വേഷിച്ചു നടന്നവര്‍ക്കു മുന്നില്‍ അറ്റ്‌ലാന്റിക്ക് ട്രെയിഡ് വഴികളിലൂടെ അയിരക്കണക്കായി അടിമകളെ എത്തിച്ചുകൊടുക്കാന്‍ ഏജന്റന്മാരുണ്ടായി. ഒരു ഭൂഖണ്ഡത്തില്‍ കാടിന്റെ സുരക്ഷയില്‍, അന്നത്തെ ആഹാരത്തിനുള്ള വേട്ടയിറച്ചിയും സമ്പാദിച്ച്, ആടിയും പാടിയും നടന്നിരുന്ന ഒരു ജനതയെ കെണിയില്‍ പെടുത്തി കപ്പലുകയറ്റിയവര്‍, അവര്‍ ചെയ്യുന്ന ക്രൂരതയുടെ ആഴവും വലുപ്പവും തിരിച്ചറിഞ്ഞിരുന്നുവോ...? ഒരു ജനതയേയും അവന്റെ വിധിയേയും മാറ്റിയെഴുതിയവര്‍ അധികരികളും, ഉടയവരും ആയി. എല്ലാം അവരുടേതാണ്. അടിമവര്‍ഗ്ഗം സ്വന്തം കഴുത്തിലെ കുരുക്കു തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ അവരെ കലാപകാരികള്‍ എന്നു വിളിക്കാന്‍ ഭരണവര്‍ഗ്ഗത്തിന് രണ്ടാമതൊന്നലോചിക്കേണ്ടി വന്നില്ല. അവരെ കൂട്ടക്കുരുതിക്ക് വിധിച്ചു. നടപ്പാക്കാന്‍ വര്‍ഗ്ഗീയത കുത്തിവെച്ച വെളുത്ത തലമുറ തോക്കുമായി തെരുവില്‍ ഊരുചുറ്റുന്നു.

'ഇതുടനെ ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. വെളുത്തവന്‍കറുത്തവന്റെ അവകാശങ്ങളെ അംഗീകരിക്കുന്ന ഒരു നാള്‍ വെറും സ്വപ്നം മാത്രം. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അടിച്ചമര്‍ത്തലിന്റെ തന്ത്രങ്ങളുമായി വെളുത്തവന്റെ തോക്കിന്‍കുഴല്‍ നമ്മുടെ നെഞ്ചിനുനേരെ ഉന്നം പിടിച്ചിരിയ്ക്കും അല്ലെ സാം'റീന സാം തുറന്ന വാതില്‍ക്കല്‍, പറഞ്ഞവാക്കിന്റെ പൊരുള്‍ സാമിനു മനസിലായോ എന്ന മട്ടില്‍ നിന്ന് സാമിനെ നോക്കി. സാം റീന ഉള്ളില്‍ ആയി എന്നുറപ്പാക്കി വാതില്‍ അടച്ചു.

“ഞങ്ങള്‍ അവകാശങ്ങള്‍ക്കായുള്ള സമരത്തിലാണ്... നീയോ ...?” റീന സാമിന്റെ അടുക്കും ചിട്ടയുമില്ലാത്ത മൂറിയാകെ ഒന്നോടിച്ചു നോക്കി നിര്‍വികാരതയുടെ മുഖം മൂടിയും ധരിച്ച് സോഫയിലേക്ക് തളര്‍ന്നിരുന്നു ചോദിച്ചു.

സാം റീനയുടെ തളര്‍ന്ന ശബ്ദം പതിവില്ലാത്തതാണല്ലോ എന്നു ചിന്തിച്ചു. സാധാരണ മുറിയില്‍ വന്നാല്‍ തന്റെ അലസതയെ ശകാരിച്ച് മുറിയാകെ അടിക്കിപ്പെറുക്കി, തൂത്തു തുടച്ചെ എവിടെയെങ്കിലും ഇരിയ്ക്കു.

“റീന നിനക്കെന്തു പറ്റി... നിന്റെ പ്രസരിപ്പെല്ലാം എവിടെപ്പോയി..?” സാം ഉല്ക്കണ്ഠപ്പെട്ടു.

“സാം എത്രകാലമായിത്തുടങ്ങിയ സമരമാണീത്.... എത്ര ജീവനുകള്‍ ബലികൊടുത്തു. ഇനി എത്രനാള്‍... എത്ര തലമുറകള്‍...? എല്ലാ ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവം മനുഷ്യനെ മാത്രം എന്തിനിങ്ങനെ സൃഷ്ടിച്ചു. ദൈവം എല്ലാ മനുഷ്യരേയും തുല്ല്യരായി സൃഷ്ടിച്ചു എന്നു രക്ഷയുടെ പുസ്തകത്തില്‍ പറയുന്നുണ്ടെന്നാണ് പാസ്റ്റര്‍ പ്രസംഗിക്കുന്നത്.ക്രിസ്ത്യാനികളെല്ലാം അതേറ്റു പറയുന്നുണ്ടെങ്കിലും, ആരും അതു വിശ്വസിക്കുന്നതായി തോന്നുന്നില്ല. എന്തിന്... എത്ര മതപുരോഹിതന്മാര്‍ അതനുസരിക്കുന്നു. എല്ലാവര്‍ക്കും അവരവരുടെ കീഴില്‍ അടിമകളെ വേണം. മതത്തിനവരു പറയുന്നതിനെ ചോദ്യം ചെയ്യാത്, അവരുടെ നുകത്തിനു കീഴില്‍ നില്‍ക്കുന്നവരെയാണു വേണ്ടത്. ഞങ്ങളേയും അവരങ്ങനെ തന്നെ തളച്ചു. ഞങ്ങളുടെ സ്വാതന്ത്ര്യമോ, അവകാശങ്ങളോ അവരെ വേവലാതിയുള്ളവരാക്കുന്നില്ല. ഞങ്ങളുടെ ഉള്ളിലെ അടങ്ങാത്ത പകയുടെ കണക്ക് ആരോടു പറയും. ഒരു ദൈവവും ഞങ്ങളുടെ തുണയ്ക്കില്ല. ഞങ്ങളുടെ കാടും, നാടും, സംസ്‌കാരവും, ഒപ്പം ഞങ്ങളുടെ ദൈവങ്ങളേയും ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത്, ഞങ്ങളെ അടിമകളാക്കി, നൂറ്റാണ്ടുകള്‍ ചൂക്ഷണം ചെയ്തവരോട് പകയല്ലാതെ എന്താണു തോന്നേണ്ടത്. ഇപ്പോള്‍ നഷ്ടപ്പെട്ട ഞങ്ങളുടെ കാലങ്ങളേയും തലമുറകളുടേയും കണക്കാണു ഞങ്ങള്‍ ചോദിക്കുന്നത്. നഷ്ടമായതൊക്കെ തിരിച്ചുതരാന്‍ ആര്‍ക്കു കഴിയും...?”

റീന ആവേശത്താല്‍ എന്തൊക്കയോ പറഞ്ഞ് സാമിനെ നോക്കി. ക്രമേണ അവള്‍ ശാന്തമാകുന്നപോലെ സാമിനു തോന്നി. പിന്നെ അവള്‍ മെല്ലെ പറഞ്ഞു; “എന്റെ വംശത്തോട് അവര്‍ ചെയ്തതൊക്കെ ഓര്‍ക്കുമ്പോള്‍ എന്നില്‍ കലിബാധിക്കും. പിന്നെ ഞാന്‍ എന്നെത്തന്നെ മറന്നു പോകുന്നു. ആട്ടെ സാം ഞാന്‍ നിന്നോട് ഒന്നു ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഈ പോരാട്ടത്തിന് മതിയായ കാരണങ്ങള്‍ ഉണ്ട്.... പക്ഷേ... നീയും നിന്നേപ്പോലുള്ള ആയിരങ്ങളും എന്തിന് ഞങ്ങളടൊപ്പം അണിചേരുന്നു.”

''റീന ഇതൊരാളുടെയോ ഒരു വംശത്തിന്റെയോ പോരാട്ടമല്ല. ഇത് കാലം ആവശ്യപ്പെടുന്ന പോരാട്ടമാണ്. ഇത് നിന്റയോ നിന്റെ വംശത്തിന്റേയോ മാത്രമായ പ്രശ്‌നമാകുന്നതെങ്ങനെ...? ജനാധിപത്യത്തിനുമേല്‍ വംശാധിപത്യവും, അവര്‍ക്കു കൂട്ടായി മതാധിപത്യവും കൈകോര്‍ക്കുമ്പോള്‍ ഏകാധിപത്യത്തിന്റെ കാല്‍നാട്ടുകര്‍മ്മമാണു നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ അതപകടമാണ്. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരോരുത്തരം ആ തിരിച്ചറിവിലേക്ക് എത്താനുള്ള വിളബരയാത്രയാണിത്. അതില്‍ അണിചേരുന്നതില്‍ എനിക്കഭിമാനമേയുള്ളു.” അത്താഴത്തിനു വാങ്ങിയ ‘പിസ’ യുടെ ചീസുരുകിയ കൊതിപ്പിക്കുന്ന മണം വിശപ്പിനെ ഉണര്‍ത്തിയതു തിരിച്ചറിഞ്ഞ സാം ഒരു പേപ്പര്‍ പ്ലെയിറ്റില്‍ രണ്ടു കഷണം പീസയും, ചിക്കന്‍വിംഗ്‌സു, ഫ്രിജില്‍ നിന്നും തണുത്ത ബീയറിന്റെ ഒരു ക്യാനും റിനക്ക് കൊടുത്ത്, തനിക്കുള്ള പങ്കും എടുത്ത് റീനക്കരുകിലായി സോഫയില്‍ ഇരുന്നു. സാവധാനം ഭക്ഷണം കഴിക്കുന്ന റീനയുടെ അന്തര്‍ സഘര്‍ഷങ്ങളെ തിരിച്ചറിഞ്ഞിട്ടെന്നപോലെ സാം പറഞ്ഞു;

“എന്നെപ്പോലെയുമുള്ള കുടിയേറ്റക്കാര്‍ അസ്ഥിത്വം നഷ്ടപ്പെട്ടാവരാണ്. സ്വന്തം ഇടം നഷ്ടപ്പെട്ടവര്‍. ഞങ്ങള്‍ ആര്‍ക്കൊപ്പം കൂടും…? . അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ എന്റെ അടുക്കല്‍ വരുവിന്‍;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നു പറഞ്ഞു നമ്മെ ചേര്‍ത്തു നിര്‍ത്താന്‍ ഒരു രക്ഷകനോ, പ്രത്യയശാസ്ത്രമോ ഇന്നില്ല. അതെല്ലാം അവര്‍ സ്വന്തമെന്നവകാശപ്പെടുന്നു. വേണമെങ്കില്‍ നമുക്ക് അവരുടെ അരുകുപറ്റി അവരുടെ പിന്നാലെ പോകാം. ഒരിക്കലും അവരുടെ കണ്ണിലെ കരടാകരുത്. ഇതാണു വരേണ്യവര്‍ഗ്ഗ മത സ്ഥാപനങ്ങളുടെ നിലപാട്. ഇന്നലെ വരെ അടിമകളായി മാറ്റിനിര്‍ത്തിയിരുന്ന നീഗ്രോകളെ അവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് വിളിച്ചു. അതു കലാപങ്ങളുണ്ടാക്കാതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു എന്ന് എനിക്കു തോന്നുന്നു. മതം അവരെ അടിമത്വത്തിന്റെ മറ്റൊരു ചങ്ങലയില്‍ കെട്ടി. പാസ്റ്റര്‍ പ്ലാന്റേഷനുകളിലെ കങ്കാണിമാരുടെ സ്ഥാനം ഏറ്റെടുത്തു എന്നേയുള്ളു. അമേരിയ്ക്കന്‍ കുടിയേറ്റത്തില്‍ അനേകം കണ്ണികളുണ്ടെങ്കിലും മൊത്തം മൂന്നു ധാരകളെന്നു വേണമെങ്കില്‍ പറയാം. യൂറോപ്പില്‍ നിന്നും വന്ന വെളുത്തവര്‍...വെളുത്ത തൊലിയുള്ള എല്ലാവരും, അവര്‍ ഏതു രാജ്യത്തുനിന്നു വന്നവരായാലും, പ്രത്യേക അടയാളങ്ങളായി മാറിനില്‍ക്കാതെ ഒരു ധാരയില്‍ ലയിക്കുന്നു. രണ്ടാമതു കറുത്തവരായ അടിമകളായിരുന്ന നീഗ്രോകള്‍. അവര്‍ക്കൊപ്പം കറുത്ത വംശജരായ എല്ലാവരും ചേര്‍ക്കപ്പെടുന്നു. പിന്നെ എന്നെപ്പൊലെയുള്ള പലരാജ്യങ്ങളില്‍ നിന്നുള്ളകുടിയേറ്റക്കാര്‍. അവര്‍ എന്നും ഭിന്ന സ്വത്വബോധത്തേയും താങ്ങി നടക്കുന്നവരും, കണ്ടാല്‍ പെട്ടന്നു തിരിച്ചറിയപ്പെടുന്നവരുമാണ്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ഇരയാക്കപ്പെടുന്നു. അവര്‍ ഒരിക്കലും ഇവിടുത്തെ മുഖ്യധാരയുമായി ഇഴുകിച്ചേരുകയില്ല. എന്നും ഈ മൂന്നു ധാരകളും നിത്യ സംഘര്‍ഷത്തില്‍ ആയിരിക്കും. അധികാരവും ധനവും ഉള്ള വരേണ്യര്‍ തന്നെയായിരിക്കും നാടുവാഴികള്‍. നമ്മള്‍ നീതിക്കായി നിലവിളിച്ചുകൊണ്ടേ ഇരിക്കണം. അതു കൊണ്ടാണ് ഞാന്‍ നീതിക്കായി നിലവിളിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.”

റീന സാം പറഞ്ഞതിന്റെ പൊരുള്‍ തിരിച്ചെടുക്കുന്നവളെപ്പോലെ മൗനത്തില്‍ സാമിനെനോക്കി, ഇടയ്ക്കിടെ ബീയര്‍ക്യാന്‍ ഒന്നു മൊത്തി, പിസ്സയുടെ അരുകം മൂലയും കടിച്ചു. രണ്ടുപേരും അവരവരുടെ ലോകങ്ങളിലേക്ക് വഴുതി. സാം തന്റെ അത്താഴം തീര്‍ത്ത്, അഴുക്കും പൊടിയും തട്ടി ഗാര്‍ബേജ് ബാഗിലാക്കി, മേശയെല്ലാം തുടച്ച് കിടക്കയെ നോക്കി. റീന സാമിന്റെ തിടുക്കും തിരിച്ചറിഞ്ഞിട്ടെന്നവണ്ണം തന്റെ പാത്രവും അഴുക്കുകൊട്ടയില്‍ നിക്ഷേപിച്ച് സോഫയില്‍ നിന്നും എഴുനേറ്റു. അപ്പോഴേക്കും സാം ശുചിമുറിയിലെ തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി, റീനക്കായി ഇടം ഒരുക്കി. റീന സാധാരണ വെള്ളിയാഴ്ച വൈകിട്ട് വന്നാല്‍ പിന്നെ തിങ്കളാഴ്ച രാവിലെ ഒന്നിച്ചാണു ജോലിക്കുപോകുന്നത്. ഒറ്റപ്പെട്ട സാമിന്റെ ജീവിതത്തില്‍ റീന നല്‍കുന്ന നിറവുകളുടെ ഊര്‍ജ്ജമാണ് ജീവിക്കാനുള്ള പ്രേരണ. റീന അവനെ പൊതുസമൂഹവുമായി ബന്ധപ്പെടുത്തുന്നു. ഒറ്റപ്പെട്ടുപോയവന്റെ ജീവിതത്തിന് നീരോട്ടം ഉണ്ടായതുപോലെ.

സീത എവിടെയോ ഇരുന്ന് ചിരിക്കുന്നു. സീതേ...ഞാന്‍ നിന്നെ മറന്നതല്ല.... നിനക്ക് എന്റെ ഹൃദയത്തിലുള്ള സ്ഥാനം മറ്റാര്‍ക്കുംഞാന്‍ കൊടുക്കില്ല. മോളെയും ഞാന്‍ മറന്നതല്ല. അവളുടെ ജീവിതത്തിന് അതാണു നല്ലതെന്നെനിക്കു തോന്നുന്നു. നിന്റെ അച്ഛനും അമ്മയും മോളോടേറെ പറഞ്ഞിരിക്കുന്നു. ഞാന്‍ നിന്നെ അവരില്‍ നിന്നും തട്ടിയെടുത്തു കൊന്നുകളഞ്ഞു എന്നാണവര്‍ പറഞ്ഞത്. മോള്‍ കഴിഞ്ഞദിവസം കണ്ടപ്പോള്‍ എന്നോടങ്ങനെ ചോദിച്ചു. എന്തിനാണെന്റമ്മയെ കൊന്നതെന്ന്.സീതെ ഞാനൊന്നും പറഞ്ഞില്ല. പറയുവാന്‍ കഴിയുമായിരുന്നില്ല. ഹൃദയം നുറിങ്ങിയവന്‍ എന്താണു പറയേണ്ടത്. നീയായിരുന്നുവെങ്കില്‍ എന്തു പറയുമായിരുന്നു.ഞാന്‍ നിന്നെ സ്‌നേഹിച്ചില്ലെന്നു പറയുമോ.... നിനക്കങ്ങനെ പറയാന്‍ കഴിയില്ലല്ലോ... ഞാന്‍ എന്റെ വിധിക്കൊപ്പം നീന്തിയും തുടിച്ചും ജീവിക്കും. കുത്തഴിഞ്ഞ എന്റെ ജീവിതം അങ്ങനെ ആയി. നേരെയാക്കാന്‍ നീ എനിക്കൊപ്പം കൂടി. എല്ലാം ഒന്നു നേരെയായിവന്നപ്പോഴേക്കും ദൈവം നമ്മുടെ കളിക്കളത്തില്‍ ഇറങ്ങി. അല്ലെങ്കില്‍ നീ അങ്ങനെ കരുതുന്നു. നീ എന്നും ഒരു ദൈവവിശ്വാസി ആയിരുന്നുവല്ലോ... നിന്റെ ദൈവങ്ങള്‍ക്കുള്ള പൂജാ പുഷ്പങ്ങള്‍ ഞാന്‍ ഒരിക്കലും മറന്നിരുന്നില്ല. എന്നിട്ടും.... സീതെ നീ തന്ന എല്ലാ സന്തോഷങ്ങളും ഞന്‍ എന്നും ഓര്‍ക്കും.പിന്നെ ഇപ്പോള്‍ റീന എന്തിന്....? അതാണോ നിന്റെപരിഭവത്തിനു കാരണം...'

സാം സീതയുടെ ഫോട്ടോയുടെ മുന്നിലെ വാടിയ പൂവിതളുകള്‍ മാറ്റി, അന്നു വാങ്ങിയ പുതിയപൂക്കള്‍ വിതറുമ്പോള്‍ സീത സാമിലേക്കിറങ്ങുന്നതായി അവനു തോന്നി. ഇപ്പോള്‍ കുറെനാളായി സീത തന്നിലേക്കിറങ്ങി വരാറില്ലായിരുന്നു. പതിവുപോലെ എല്ലാദിവസവും പുഷ്പാര്‍ച്ചന നടത്താറുണ്ടെങ്കിലും അതൊരു ചടങ്ങു മാത്രമായി മാറിയിരുന്നു. ഇന്നെന്തോ സീത...? സാം വെറുതെ സീതയുടെ പടത്തെ തുറിച്ചു നോക്കി. ബാത്തുറൂമില്‍ നിന്നും വന്ന റീന സാമിനെ അല്പനേരം നോക്കി ചോദിച്ചു;

“നീയെന്താ സീതയുമായി ശൃംഗരിക്കയാണോ...?” റീന ഒന്നൂറിച്ചിരിച്ചു. സീത മരിച്ച് ഏറെക്കാലം അവള്‍ തനിക്കൊപ്പം ഉണ്ടെന്നും...അവള്‍ ജീവിച്ചിരുന്നപ്പേള്‍ തന്ന എല്ലാ സന്തോഷങ്ങളും തരാറുണ്ടെന്നും, പലപ്പോഴായി റീനയോടു കൂടുതല്‍ അടുത്തപ്പോല്‍ അനുഭങ്ങള്‍ പങ്കുവെച്ചതോര്‍ത്തായിരിക്കും റീന ചോദിച്ചതെന്നു സാം അറിഞ്ഞു.ശരിയാണ് റീനയുമായി അടുത്തപ്പോള്‍ അവള്‍ തന്നില്‍നിന്നും അകന്നതായിരിക്കാം. പക്ഷേ സീതയുടെ സമ്മതം കിട്ടിയതിനു ശേഷമേ റീനയെ താന്‍ തന്റെ കിടക്കയിലേക്കു കൂട്ടിയുള്ളു. മറ്റാരൊക്കയുമായി രമിച്ചാലും അതൊന്നും സീതയാകില്ലെന്നു സാം സ്വകാര്യമായി സീതയോടെന്നപോലെ പറയുമായിരുന്നു. സാം സീതയെ അത്രമാത്രംസ്‌നേഹിച്ചു... എന്തിന്കൗമാരത്തിലെ തന്റെ ദുഃഖമെല്ലാം അവളേറ്റെടുത്ത്, അവളുടെ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവന്നതിന്.... ഇന്നെല്ലാം ഓര്‍മ്മകളാണ്. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.

“സാം നീ സീതയ്ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ എന്തെങ്കിലും മുടക്കിയോ... ഞങ്ങളുടെ പൂര്‍വ്വികര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്, മരിച്ചവര്‍ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ മുടങ്ങിയാല്‍, അവര്‍ നമ്മെ നിരന്തരം അതോര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുമെന്ന്...ഞാന്‍ അതൊന്നും വിശ്വസിക്കുന്നില്ലെങ്കിലും നീയൊന്നോര്‍ത്തു നോക്ക് എന്തെങ്കിലും മുടക്കം വന്നിട്ടുണ്ടോ എന്ന്...” റീന ചോദിച്ചു.

“എന്നും അവള്‍ക്കിഷ്ടമുള്ള പൂക്കള്‍ കൊടുക്കാറുണ്ട്.... മറ്റൊന്നും ...”

“ഇന്നവളുടെജന്മദിനമാണെന്നു നീ മറന്നുവോ...” റീന അല്പം കുറ്റപ്പെടുത്തുന്നപോലെ ചോദിച്ചു.

സാം റീനയെ നോക്കി...റീന...നീയതോര്‍ത്തു....എങ്കിലും ഞാനതെന്തേ മറന്നു.... സീതയോടു ഞാനതുു മറന്നു എന്നെങ്ങനെ പറയും... സാം ഗദ്ഗതപ്പെട്ടു.

“സരമില്ല സാം... മറവി നല്ലതാണ്... എല്ലാവരും എല്ലാം മറക്കണം...അതാണു ജീവിതം...മറവി...”. റീന ദീര്‍ഘമായി ഒന്നു നിശ്വസിച്ച് സാമിന്റെ ചുമലുതലോടി.

“സാം നീ ഇന്ന്സീതയോടൊപ്പം അവളുടെ പരാതിയും പരിഭവവും കേട്ടുറങ്ങു... എനിക്കും ഒന്നുറങ്ങണമെന്നുണ്ട്....ഒപ്പം ഒത്തിരികാര്യങ്ങള്‍ മറവിയുടെ ചുരുളുകളില്‍ പൊതിയണം.”

ഗുഡ്‌നൈയിറ്റ് പറഞ്ഞ് റീന കട്ടിലിന്റെ ഒരുപകുതിലേക്കു ചരിഞ്ഞു. സാം കുറ്റബോദത്തോട് സീതയുടെ ചിത്രത്തിനു മുന്നില്‍ അല്പം നിന്ന് മുറിയിലെ വെളിച്ചം അണച്ച്, റീന മാറ്റിവെച്ച കിടക്കയുടെ പകുതിയുടെ അവകാശം ഏറ്റു. രണ്ടാളും രണ്ടു ചിന്താധാരയുടെ പ്രവാഹത്തിലായിരുന്നു. സാം സീതയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഒരോ അണുവില്‍ക്കൂടിയും നീന്തി നീന്തി ഒടുവില്‍ പുഴതീര്‍ന്ന് വറ്റിവരണ്ട കരയില്‍ കാലുറയ്ക്കാതെ നിന്ന ഏതോകാലത്താണ് റീനയെ അിറഞ്ഞത് സീതമരിച്ച്, ജോലിയില്‍ മനസുറയ്ക്കാതെ, മെയിലുകള്‍ വീടുമാറി ഇടുകയും, ക്രിത്യമായി ജോലിക്കുപോകാതെ, സീതയ്ക്കുമുമ്പുള്ള തന്നിലെ മനുഷ്യനിലേക്കുള്ള തിരിച്ചുപോക്കിന്റെ ഒരു കാലം; ജോലിയില്‍ നിന്നു പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതു ബോധിപ്പിക്കാനുള്ള നോട്ടിസുമായി ലഞ്ചുറൂമില്‍ ഇരിക്കുമ്പോഴാണ് ആന്‍ഡ്രു പഴയ സഹപ്രവര്‍ത്തകരെ കാണാനായി അവിടെക്കു വന്നത്.ആന്‍ഡ്രു അപ്പോഴേക്കും സൂപ്പര്‍വൈസര്‍ ആയിട്ട് ഒരു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ആന്‍ഡ്രു ഒരു സാധാരണ മെയില്‍മാനായിരുന്നപ്പോള്‍ എല്ലാവരും ഇഷ്ടപ്പെടുന്നതായി നടിച്ചു. എന്നാല്‍ ടെസ്റ്റെഴുതി ഒരുപടികൂടി കടന്ന് അവരുടെ മുകളില്‍, അധികാരസ്ഥാനത്തിന്റെ ഒന്നാം പടകില്‍ എത്തിയപ്പോള്‍ അവരില്‍, എന്നോട് എന്തുചെയ്യണമെന്നു പറയാന്‍ നീയാരെന്ന നിലപാടുകളില്‍ നിസഹകരണത്തിന്റെ മനോഭാവത്തില്‍ ആയി. ഒരു വരുത്തനായ ഇന്ത്യാക്കാരന്റെ കീഴില്‍ വയ്യ എന്ന വെളുത്തവന്റെ മനോഭാവത്തില്‍ പലരും പുറമേ ചിരിച്ചു കറുത്തവനും അവന്റെ താഴെയുള്ള ഒരുചവുട്ടുപടിയാണു മറ്റുള്ള കുടിയേറ്റക്കാര്‍ എന്നു് അധികാര ശ്രേണിയെ വിഭജിച്ച് ഇമ്മിണിവലിയവരാണെന്ന് സ്വയം പ്രതിഷ്ഠിക്കുന്നു. അങ്ങനെ അവര്‍ അവരുടെ അസ്ഥിത്വം ഉറപ്പിക്കാനുള്ള ശ്രമമായിരിക്കാം. അതെന്തായാലും ആന്‍ഡ്രു ഇവരുടെ നടുവില്‍ നിലനില്പില്ലാതെ സ്വയം ഒഴിയുമെന്നുകരുതിയവര്‍ക്കു തെറ്റി. ആന്‍ഡ്രുവിനെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും യൂണിയനിലും, അപ്പര്‍മാനേജുമെന്റിലും ഉണ്ടായിരുന്നതിനാല്‍ മെയില്‍ സോര്‍ട്ടിങ്ങിലേക്കു മാറ്റി. ഏതുപ്രശ്‌നത്തിനും പരിഹാരം പറയാന്‍ കഴിയുന്ന സൂഷ്മബുദ്ധിയാണ് മാനേജുമെന്റിനെ ആന്‍ഡ്രുവിന്റെ മിത്രമാക്കിയത്.

ആന്‍ഡ്രു യൂണിയനിലെ പരിചയവും, ഒരു മുന്‍കാല ഭാരവാഹിയെന്ന സ്വാധീനവുംഉപയോഗിച്ച് തന്നേയും മെയില്‍സോര്‍ട്ടിങ്ങിലേക്ക് മാറ്റി. അവിടെ റീനയും, തെരേസയും ഉണ്ടായിരുന്നു. അവരിലൂടാണ് ലെമാറും മറ്റുള്ളവരും സുഹൃത്തുക്കളായത്. ആന്‍ഡ്രുവിന്റെ നിരന്തരമായ ഉപദേശങ്ങളും, റീനയുടെ സഹതാപനിര്‍ഭരമായ കരുതലും തന്നെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവന്നു എന്ന കാര്യം നന്ദിയോട് റീനയോടു പലപ്പൊഴും പറയാറുണ്ട്. റീനയാണു പറഞ്ഞത്; ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മോളെ കാണണമെന്ന്. അച്ഛനും അമ്മയും എന്ന കരുതലിന്റെയും സ്‌നേഹത്തിന്റെയും ഇഴയടുപ്പം അനുഭവിക്കാന്‍അനുവദിക്കാത്ത ക്രൂരതയുടെ സന്താന പരമ്പരകള്‍ക്ക് അതിന്റെ വേദന നന്നായി മനസിലാകും. നീ നിന്റെ കുഞ്ഞിനെ സ്‌നേഹിക്കണം; അവള്‍ ഒറ്റപ്പെടരുത്. ഒരു പെണ്‍കുഞ്ഞിനെ അമ്മയില്ലാതെ എങ്ങനെ വളര്‍ത്തും എന്ന ചിന്തയൊന്നുകൊണ്ടുമാത്രമാണ് സീതയുടെ അച്ഛനമ്മമാരൊടൊപ്പം അവളെ വിട്ടത്. അവളിനി പെട്ടന്ന് വളരും... അവളുടെ സ്വകാര്യ ആവശ്യങ്ങള്‍ ഒരച്ഛനോടെന്നതില്‍ കൂടുതല്‍ മുത്തശ്ശിയോട് പറയട്ടെ എന്നു കരുതി. മാത്രമല്ല സീതയുടെ അച്ഛനും അമ്മക്കും അവരുടെ മകളെ അവരില്‍ നിന്നും പറിച്ചുമാറ്റിയവനോടുള്ള പകയും അടങ്ങിയിരുന്നില്ല. റീന പറഞ്ഞപ്പോള്‍ മകളെ തന്നോടൊപ്പം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മകള്‍ തന്നില്‍ നിന്നും ഏറെ അകലുന്നപോലെ തോന്നി. റീനയുമായുള്ള അടുപ്പമായിരുന്നിരിക്കാം കാരണം. പത്തുവയസുകഴിഞ്ഞവള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അവളെക്കാള്‍ ഏഴുവയസുകള്‍ക്ക് മൂത്തവനായ സഹോദരന്റെ വെള്ളത്തിലെ മരണവും ആ കുരുന്നു മനസ്സിനെ മറ്റൊരു തരത്തില്‍ ചിന്തിപ്പിച്ചിട്ടുണ്ടാകും. ആ മരണത്തില്‍ സീതയെന്നപോലെ പലരും തന്നെ കുറ്റക്കാരനായി കാണുന്നു. മകനെ കൂടുതല്‍ നിയന്ത്രിച്ച് വളര്‍ത്തിയില്ല എന്ന തെറ്റ് സമ്മതിക്കുമ്പോള്‍ തന്നെ അവനില്‍ തന്റെ ബാല്യത്തിന്റെ ആത്മാവല്ലെ, കുറെ നടന്ന് അവന്‍ തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചു. പക്ഷെ തിരിച്ചുവരവില്ലാതെ അവന്‍ യാത്രയായി. ഈ കഥകളൊക്കെ തനിക്കെതിരെയുള്ള കുറ്റപത്രമായി കൊച്ചുമകളെ അവര്‍ പറഞ്ഞു ബോധിപ്പിച്ചിട്ടുണ്ടാകും. എല്ലാകുറ്റങ്ങളും സ്വയം ഏറ്റ് താന്‍ തന്റെ ഏറുമാടത്തില്‍ ഒതുങ്ങി. വല്ലപ്പോഴും ആന്‍ഡ്രുവുമായി ഒരു ബീയര്‍ കഴിച്ച് കുറെ കാര്യങ്ങള്‍ പറയും. ഏറയും തന്റെ ബുദ്ധിക്കപ്പുറമായിരുന്നെങ്കിലും, ആന്‍ഡ്രുവിനെ കേള്‍ക്കാന്‍ ആനന്ദമായിരുന്നു. ഒരദ്ധ്യാപകനെപ്പോലെ ക്ഷമിയോടുള്ള ആ പറച്ചില്‍ ഒത്തിരികാര്യങ്ങള്‍ ഓതിത്തന്നു.

റീന പിന്നെ എപ്പോഴാണു തന്നിലേക്കു വന്നത്.... അറിയില്ല... ഒരുവശം കിടന്നുറങ്ങാന്‍ ശ്രമിക്കുന്ന റീനയെനോക്കി ഒന്നു നെടുവീര്‍പ്പിട്ട്, സീതയോടുവീണ്ടും മാപ്പുപറഞ്ഞ് സീതയില്‍ രമ്യതപ്പെടാന്‍ ശ്രമിക്കവേ റീന ചോദിച്ചു; 'നിനക്കുറങ്ങാന്‍ കഴിയുന്നില്ലെ... കാലം എല്ലാ മുറുവുകളേയും ഉണക്കും എന്നാണു പറയുന്നത്... പക്ഷേ എനിക്കതിനോട് അശേഷം യോജിപ്പില്ല.ചിലതല്ലാം മറക്കാതെ സൂക്ഷിക്കണം. എങ്കിലെ ജീവിക്കാനുള്ള പ്രചോദനവും ആശയുമുണ്ടാകു.... നീ സീതയെ മറക്കരുത്... സീതയെ മറന്നുള്ള സ്‌നേഹം ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ഉണ്ടായാല്‍ എനിക്ക് നിന്നോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെടും. ഞങ്ങള്‍ പൊള്ളയായ വാക്കുകളില്‍ വിശ്വസിക്കുന്നില്ല.ഞങ്ങളൊക്കെ ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയുന്നവരാണ്.തലമുറകളായി ഞങ്ങളുടെ പാഠം അതായിരുന്നു.മൂന്നോ നാലോ വയസാകുമ്പോള്‍ ഒരു കുഞ്ഞിനെ അടിമച്ചന്തയില്‍ വില്‍ക്കുന്ന ഉടമക്ക്മനസാക്ഷി എന്നൊന്നില്ലായിരുന്നു.... മുതലാളിത്വ സംസ്‌ക്കാരത്തിന് അതില്ലല്ലോ... പെണ്‍കുട്ടിയാണെങ്കില്‍ അഞ്ചുവയസുമുതല്‍ അവള്‍ക്കുനേരെയുള്ള പീഡനകഥകള്‍ ആരംഭിക്കും. അവളുടെ ജീവിതത്തില്‍ അതുവെറും കഥകളല്ല...മുഴച്ചു നില്‍ക്കുന്ന സത്യങ്ങളാണ്. ഒമ്പതിലും പത്തിലും പ്രസവിക്കുന്നവര്‍ ഉണ്ട്.പിന്നെ കൈമാറ്റങ്ങളുടെ പരമ്പരയാണ്. അനുഭവങ്ങളിനിനും ഞങ്ങള്‍ കരയെരുതെന്നു പഠിച്ചു. എന്നാല്‍ ഞങ്ങളില്‍ കലാപകാരികള്‍ ഉണ്ടായി. ചോദ്യം ചോദിക്കുന്നവരും ചെറുത്തുനില്‍ക്കുന്നവരും ഉണ്ടായി. ഒളിപ്പോരാളികള്‍ ഐതിഹാസികമായ ചില മോചനപ്പോരാട്ടങ്ങള്‍ നടത്തി. പക്ഷേ ഒരോ പോരാട്ടങ്ങളുടേയും ഒടുവില്‍ കൂടുതല്‍ ശക്തമായ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്തി കൂടുതല്‍ പീഡിപ്പിക്കുകയും, കലാപകാരികള്‍ എന്നു സംശയിക്കുന്നവരെപ്പോലും അതിദാരുണമായി തൂക്കുമരത്തില്‍ കഴുവേറ്റി. അധികാരവും, നീതിപീഠങ്ങളും അവര്‍ക്കൊപ്പമായിരുന്നു.'

'എന്നിട്ടും കലാപങ്ങള്‍ അടങ്ങിയോ...? ഇല്ല... ചരിത്രത്തില്‍ രേഖപ്പെടുത്തിയ പോരാട്ടങ്ങള്‍ ഏറെ. ആയിരത്തി എഴുനൂറ്റിപന്ത്രണ്ടിലെയും (1712) നാല്പത്തിരണ്ടിലേയും (1742) ന്യുയോര്‍ക്ക് കലാപത്തില്‍ നീഗ്രോകളും വെളുത്തവരും മരിച്ചു. പക്ഷേ ഒരു വെളുത്തവന് പകരം എത്ര കറുത്തവര്‍... അതിനു കണക്കുകള്‍ ഇല്ല. കണ്ണില്‍ കാണുന്നവരേയും, കയ്യില്‍ കിട്ടുന്നവരേയും; ചിലപ്പാള്‍ ഗ്രാമം ഒന്നായി ചുട്ടെരിക്കും....അധികാരം അവര്‍ക്കനുകൂലമാണ്...അന്നുമുതല്‍ ഇന്നുവരേയുമുള്ള പോരാട്ടങ്ങളുടെ ആകെത്തുക അതുതന്നെയാണ്. അതാരും സമ്മതിച്ചു തരില്ല. നീഗ്രോകള്‍ കലാപകാരികളെന്നുമുദ്രകുത്തി, അവരെ സ്വതന്ത്രരാക്കിയാല്‍ ആവര്‍ മുഴുവന്‍ തൊലിവെളുത്തവനേയും ഉല്മൂലനും ചെയ്യുമെന്ന കള്ളപ്രചരണത്തില്‍ കുടുങ്ങിയ അനേകം പാവങ്ങളും, നന്മനിറഞ്ഞവരുമായ വെളുത്തവര്‍ ഈ രാജ്യത്തേറെയുണ്ട്. അവരേയും നമ്മള്‍ ശത്രുക്കള്‍ എന്ന് എണ്ണാമോ... ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു. വംശീയവിദ്ദ്വേഷം ബാധിച്ചാല്‍ പിന്നെ അതങ്ങനെ ആണ്. സാമിന്റേയും റീിയുടേയും കഥകള്‍ രണ്ടുവഴിക്കായിരുന്നു.
 

Read: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക