Image

ബർത്ത് ഡേ കേക്ക് (കവിത: വേണുനമ്പ്യാർ)

Published on 08 July, 2024
ബർത്ത് ഡേ കേക്ക് (കവിത: വേണുനമ്പ്യാർ)

പ്രപഞ്ചം
ദൈവത്തിന്റെ
ബർത്ത് ഡേ കേക്ക്

നിറനിശ്ശൂന്യതയുടെ ഓവനിൽ
പുടപാകം ചെയ്തെടുത്തൊരു
പിറന്നാളപ്പം

മുറിപ്പാൻ
ആർക്കുണ്ടുശിര്

മുറിച്ച് മുറിച്ച്
തുണ്ടമാക്കിയാൽത്തന്നെ 
പുരാണ കഥയിലെ
രാക്ഷസനെപ്പോലെ
തൽക്ഷണം താനേ
തുണ്ടുകളെല്ലാം കൂടിച്ചേർന്ന്
മുൻരൂപത്തിലക്ക്
മടങ്ങിവരില്ലേ

ജനിമൃതിസർപ്പം
ദംശിക്കാത്തവന്
ജന്മദിനമുണ്ടൊ
ഓർമ്മദിനമുണ്ടൊ
ആർക്കറിയാം
അറിയുന്ന ആരെങ്കിലും
എവിടെയെങ്കിലും
ഉണ്ടെങ്കിൽത്തന്നെ
അറിയിക്കുവാൻ ഒത്തിരി
പാട് പെടേണ്ടി വരും

ഭൂമിയിലെയും ചന്ദ്രനിലെയും
പാറകളും കല്ലുകളും ഒക്കെ 
മെഴുകായി മാറേണ്ടി വരും
അവിടത്തെ വയസ്സിനനുപാതമായി
മെഴുകുതിരി കത്തിക്കണമെങ്കിൽ

ഒറ്റ മെഴുകുതിരിയുടെ
നീല-മഞ്ഞ വെളിച്ചത്തിൽ
ഔപചാരികതയുടെ നാമത്തിൽ
ആശംസിക്കട്ടെ:
ഹാപ്പി ബർത്ത് ഡേ റ്റു യു
മൈ ബിലവഡ് ഗോഡ്!

ഒറ്റ മെഴുകുതിരി
ഊതിക്കെടുത്തിയപ്പോൾ
നക്ഷത്രങ്ങളും അണഞ്ഞു

വെള്ള- പിങ്ക് ബലൂണുകൾ
മുറിയിൽ
മേഘങ്ങളുടെ കമാനമൊരുക്കി

പാനപാത്രത്തിലെ
അവസാനത്തെ വീഞ്ഞുതുള്ളിയും
സിരകളിൽ ബാഷ്പമായി

വെളിവിനും 
വെളിവുകേടിനുമപ്പുറത്ത്
മഞ്ഞ നഷ്ടപ്പെട്ട 
ഒരു നീല വെളിച്ചത്തിന്റെ
മൃദുസ്മേരം

ഹൃദയം കല്ലിച്ച നില വിട്ട്
മെഴുകായി ഉരുകട്ടെ
അവിടത്തെ അൾത്താരയിൽ

മെഴുകു കടലിൽ
സമനില തെറ്റുവോളം
അല്ല സമനിലയ്ക്കപ്പുറവും
നിശയുടെ ആകാശനീലിമ
സമനില പാലിക്കട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക