Image

സാലിയെന്ന പെൺകുട്ടി (നാല്പതു വർഷത്തിനാലെ-6: മീനു എലിസബത്ത്)

Published on 09 July, 2024
സാലിയെന്ന പെൺകുട്ടി  (നാല്പതു വർഷത്തിനാലെ-6: മീനു എലിസബത്ത്)

“ആന്റി എനിക്ക് കുറച്ചു പൈസയുടെ ആവശ്യമുണ്ടായിരുന്നു, നാട്ടിൽ അച്ചാച്ചന് സുഖമില്ല. ഹോസ്പിറ്റലിലാണ്, സർജറി വേണോന്നു പറഞ്ഞു ഇന്നലെ അമ്മച്ചി വിളിച്ചിരുന്നു.”

ജോലിയുടെ ലഞ്ച് ബ്രേക്കിൽ സാലിയുടെ  ശബ്ദം. അമ്മയോടാണ്. അമ്മ  കൂടുതൽ വിവരങ്ങളൊക്ക ചോദിക്കുന്നതും സാലി കരയുന്നതുമെല്ലാം ഞാൻ ശ്രദ്ധിച്ചു.

ഞാനും അമ്മയുമൊക്ക കൊടി കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലം.  ആയിടക്ക് ന്യൂ യോർക്കിൽ നിന്നൊരു ചങ്ങനാശേരിക്കാരി പെൺകുട്ടി ഡാലസിലുള്ള തന്റെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി വന്നിരുന്നു. അവളും ഞങ്ങളുടെ കൂടെ ജോലിക്കു വരുന്നു. സാലി. അന്നവൾക്കു ഏകദേശം ഇരുപത്തിയാറു വയസുണ്ടാകും. വിഷാദം ഭാവം. സംസാരം മിതം. മറ്റ്‌ ആരോടും വലിയ അടുപ്പമോ ഒന്നുമില്ല. അമ്മയോട് അല്പമൊക്ക സംസാരിക്കും. അമ്മയും അത്ര വലിയ സംസാരപ്രിയയും ബഹളക്കാരിയും അല്ല. അതാവും സാലിക്ക് അമ്മയോട് ഒരടുപ്പം തോന്നിയത്.

അമ്മ സാലിയെ സഹായിക്കുകയും  പിന്നീട് സാലി ആ  കടം വീട്ടുകയും ചെയ്തു. ഇടക്ക് സാലി അമ്മയെ കാണാൻ  വീട്ടിലേക്ക് വരും. ഏകദേശം  ആറു മാസം ആ കമ്പനിയിൽ   ജോലി ചെയ്ത  ശേഷം സാലിക്ക് നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടി പഠിക്കാൻ പോയതായി കേട്ടു. പിന്നീട് ഞാൻ സാലിയെ കണ്ടിട്ടില്ല.

വര്ഷങ്ങൾക്ക്  ശേഷം ഒരിക്കൽ അമ്മ സുഖമില്ലാതെ കരോൾട്ടണിൽ ഒരു ആശുപത്രിയിൽ കിടക്കുന്നു. കുറെ നാളായി മാറ്റി  വെച്ചിരുന്ന ഒരു സർജറി. രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ഉണ്ടാകും. വൈകിട്ട് അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കുന്നത് ഞാനാണ്.

ജോലിയും ക്ലാസും കഴിഞ്ഞു എട്ടു  മണിക്ക് ഹോസ്പിറ്റൽ ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് ഓടിപ്പിടഞ്ഞു അമ്മയുടെ മുറിയിൽ ചെല്ലുമ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.
ഞാൻ വെളിയിൽ കാത്തിരുന്നു.  
നേഴ്‌സ് അമ്മയുടെ  ബാൻഡേജ് മാറ്റുകയാണെന്നു  അറിഞ്ഞു. . അൽപ്പ സമയത്തിനു ശേഷം കതകു തുറന്നു വെളിയിൽ വന്ന ആ നേഴ്‌സിനെ എവിടെയോ കണ്ട നല്ല മുഖ പരിചയം, അവരെന്നെ നോക്കി പുഞ്ചിരിച്ചിട്ടു തിടുക്കത്തിൽ നേഴ്സസ് സ്റ്റേഷനിലേക്ക് നടന്നു. ഞാൻ അമ്മയുടെ മുറിയിലേക്കും.

“കൊച്ചിന് മനസിലായോ ആ  പോയതാരാന്നു”?!
ഇല്ലന്ന് ഞാൻ തലയാട്ടി.
“എടി അത് പണ്ട് കൊറച്ചു കാലം നമ്മടെ കൂടെ നാഷണൽ ബാനറിൽ ജോലി ചെയ്തോണ്ടിരുന്ന സാലിയാ!
“അയ്യോ അത് സാലിയാരുന്നോ ? എനിക്ക് എവിടെയോ കണ്ടത് പോലെ തോന്നിയിരുന്നു”.!
ഞാൻ അത്ഭുതപ്പെട്ടു. അവർക്ക് മുമ്പ് ഇത്ര വണ്ണമുണ്ടായിരുന്നില്ല.
അമ്മ സാലിയെക്കുറിച്ചു പറഞ്ഞു തുടങ്ങി! അന്നോളം അമ്മ  സാലിയെക്കുറിച്ചു കൂടുതലായി ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.  
അന്ന് ഉറങ്ങുന്നിടം വരെ അമ്മ  സാലിയുടെ കഥ പറഞ്ഞിരുന്നു. അതൊരു കഥ തന്നെയായിരുന്നു. അതിജീവനത്തിന്റെ, ത്യാഗത്തിന്റെ, കുടുംബ സ്നേഹത്തിന്റെ, ക്ഷമയുടെ, സ്നേഹത്തിന്റെ എല്ലാം ഒരു കഥ. വെറും കഥയല്ല. ഒരു സാധാരണ പെൺകുട്ടി അസാധാരണമായ ജീവിത പ്രതിസന്ധികളെ നേരിട്ട് വിജയിച്ച കഥ.

നാല് കുട്ടികളുള്ള വീട്ടിലെ മൂത്ത മകളാണ്  സാലി. അപ്പൻ  ഇലക്ട്രിസിറ്റി ബോർഡിലെ   ലൈൻ മാൻ. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. പ്രി ഡിഗ്രി കഴിഞ്ഞു നേഴ്സിങ്ങിന് പോകാനായിരുന്നു സാലിയുടെ ആഗ്രഹം. ഭീമമായ തുക കെട്ടി വെയ്ക്കാനില്ലാഞ്ഞതിനാൽ സാലി ബി എസ് സിക്ക്  ടൗണിലേ കോളജിൽ ചേർന്നു. നല്ല മാർക്കോടെ പാസായി. അപ്പോഴേക്കും ബാങ്കുകാർ  പഠിക്കാൻ ലോണുകളൊക്കെ കുട്ടികൾക്ക് കൊടുത്തു തുടങ്ങിയിരുന്നു.
സാലിയുടെ അപ്പൻ ജോസ്,  മകളുടെ  തുടർപഠനത്തിന് ലോണിന്റെ കാര്യങ്ങൾ തിരക്കാൻ  ഒരു ബാങ്കിൽ ചെല്ലുമ്പോഴാണ് തന്റെ ഒരു പഴയ സുഹൃത്ത് ജോര്ജുകുട്ടിയെയും  കുടുംബത്തെയും കാണുന്നതും സൗഹൃദം  പുതുക്കുന്നതും.  ചെറുപ്പത്തിൽ അവർ അയൽക്കാരായിരുന്നു. കൂട്ടുകാരും.  ജോർജുകുട്ടി ഒരു നേഴ്‌സിനെ കല്യാണം കഴിച്ചു പണ്ടെങ്ങോ അമേരിക്കയ്ക്ക് പോയതാണ്. ഇപ്പോൾ അവധിക്ക് വന്നിരിക്കുന്നു. അവരുടെ മൂത്ത മകന്  കല്യാണപ്രായമായി. നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ നോക്കണം.  അതാണ് വരവിന്റെ ഉദ്ദേശം. പഴയ കഥകളും കാര്യങ്ങളുമൊക്ക പറഞ്ഞു കൂട്ടുകാർ കെട്ടിപ്പിടിക്കുന്നു. ജോസ്  അവരെ  വീട്ടിലേക്കു ക്ഷണിക്കുന്നു. എല്ലാവരും കൂടി വീട്ടിൽ  കാറിൽ വന്നിറങ്ങുന്നു. കുടുംബങ്ങൾ പരിചയപ്പെടുന്നു. . വർഷങ്ങളോളം കാണാതിരുന്ന കൂട്ടുകാർ പഴയ ഓർമ്മകൾ അയവിറക്കുന്നു.

പുതിയ പിള്ളേരുടെ ഭാഷ കടം എടുത്താൽ പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ജോർജ്ജുകുട്ടിയുടെ  മൂത്ത മകൻ ജോമോനെക്കൊണ്ട് സാലിയെ കെട്ടിക്കാൻ ആലോചന നടക്കുന്നു. സാലിയെ മകന്റെ ഫോട്ടോ കാണിക്കുന്നു.  കണ്ടാൽ മിടുക്കൻ. അമേരിക്കയിൽ നല്ല ജോലി.  നാട്ടിലാണ് ജോമോൻ ജനിച്ചതും ഏഴാം ക്ലാസ്സു വരെ പഠിച്ചതും.  സിറ്റിസൺ ആയതിനാൽ ഒരു വർഷത്തിനകമോ ഒരു പക്ഷെ ആറു മാസത്തിനകമോ സാലിക്കും അമേരിക്കക്കു പോകാം. സാലിയുടെ ആഗ്രഹപ്രകാരമുള്ള നേഴ്സിങ് പഠനം അമേരിക്കയിൽ ചെന്നും തുടരാം. കല്യാണച്ചിലവും പെണ്ണിന്  വേണ്ട സ്വർണ്ണം, സാരി മുതൽ എല്ലാം  ചെറുക്കന്റെ വീട്ടുകാർ കൊടുക്കും.
സാലിയുടെ അപ്പന് രണ്ടിലൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ജോര്ജുകുട്ടിയുമായി ദീർഘനാളത്തെ പരിചയം. അറിയാവുന്ന കുടുംബക്കാർ. അവിടെ വെച്ച് വാക്കു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു പെണ്ണുകാണൽ. ചെറുക്കൻ നാട്ടിൽ  പഠിച്ചതിനാൽ അത്യാവശ്യം മലയാളമൊക്കെ പറയും. അവർ സംസാരിച്ചു. രണ്ടാഴ്ചക്കകം ഉറപ്പും വിരുന്നും. പിറ്റേ  ആഴ്ച്ച കല്യാണം. കല്യാണം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞു ചെറുക്കനും കുടുംബവും തിരികെ അമേരിക്കയിലേക്ക്. പിന്നെ കത്തുകൾ മാത്രം.
സാലിയുടെ വീട്ടിൽ ഫോണില്ലാത്തതിനാൽ വിളിയൊന്നുമില്ല. ചങ്ങനശ്ശേരി ടൗണിൽ പോയി  ട്രങ്ക് കോൾ ബുക്ക് ചെയ്തു  സാലി ജോമോനെ വിളിക്കും. ജോമോന്റെ മാതാപിതാക്കളുടെ നീണ്ട കത്തുകൾക്ക് അവൾ മറുപടി എഴുതും.

ഏകദേശം ഒന്നേകാൽ വർഷം   കഴിഞ്ഞു സാലി ന്യൂ യോർക്കിലെത്തുന്നു. എയർ പോർട്ടിൽ സാലിയെ സ്വീകരിക്കാൻ ഭർത്താവു ജോമോൻ വരാഞ്ഞത് ജോലിത്തിരക്ക് മൂലമാണെന്ന് അമ്മായിഅമ്മ പറഞ്ഞത് അവൾ  വിശ്വസിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ജോമോൻ  വീട്ടിൽ വരാഞ്ഞപ്പോൾ സാലിക്ക് എന്തോ പന്തികേടു തോന്നാൻ തുടങ്ങിയിരുന്നു. കൂടുതൽ എന്തിനു പറയുന്നു. ജോമോന്  ഒരു പോർട്ടോറിക്കൻ ഭാര്യയും   അതിലൊരു കുഞ്ഞുമുണ്ടെന്ന സത്യം സാലി അറിഞ്ഞു.  ഒരു ദിവസം ജോമോൻ തന്നെയാണ് ഇക്കാര്യം ക്ഷമാപൂർവം സാലിയോട് വെളിപ്പെടുത്തിയത്. തങ്ങൾക്ക് തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും ആ അച്ഛനും അമ്മയും കാലു പിടിച്ചു സാലിയോട് ക്ഷമ ചോദിച്ചു. നാട്ടിൽ വന്നൊരു പെണ്ണ് കെട്ടിച്ചാൽ മകന് മാറ്റമുണ്ടാകുമെന്ന് വിചാരിച്ചാണ് തങ്ങൾ  അങ്ങിനെയൊരു പാതകത്തിനു  മുതിർന്നതെന്ന് അവർ പറഞ്ഞു. സാലിയെ കെട്ടുമ്പോൾ പോർട്ടറിക്കത്തി ഗർഭിണി ആയിരുന്നില്ലെന്നും പിന്നീടാണ് ഇതെല്ലം സംഭവിച്ചതെന്നും അവർ അവളോട് ആണയിട്ടു പറഞ്ഞു. സാലിയെ നേഴ്സിങ് പഠിക്കാൻ സഹായിക്കാമെന്നും എത്ര നാൾ വരെയും അവരുടെ കൂടെ നിൽക്കാമെന്നും അവർ പറഞ്ഞു .

ഉടനെ വിവാഹ മോചനം നടത്തിയാൽ സാലിക്ക് ഗ്രീൻ കാർഡ്  കിട്ടില്ല. തന്റെ വീട്ടിലെ സ്ഥിതിയോർത്തും  ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തന്നിലാണല്ലോയെന്നോർത്തും സാലി അവരുടെ ഓഫർ സ്വീകരിച്ചു. എങ്കിലും അവിടെ തനിക്ക് ഇനി നിൽക്കാനാവില്ല എന്ന് പറഞ്ഞാണവൾ  ഡാലസിലുള്ള ബന്ധുവിന്റെ അരികിലേക്ക് വരുന്നത്. അങ്ങിനെയാണ് ഞങ്ങളുടെ കൂടെ കമ്പനിപ്പണി ചെയ്യാനെത്തിയതും.  ഇത് തൽക്കാലം  തന്റെ വീട്ടിലറിയരുതെന്നും അവൾ അപേക്ഷിച്ചു.

സാലി ഡാലസിൽ നിന്ന് തിരികെ പോയി ജോമോന്റെ മാതാപിതാക്കളുടെ  കൂടെ താമസിച്ച്   നേഴ്സിങ് പഠിച്ചു. അവളുടെ എല്ലാ ചിലവുകളും അവർ വഹിച്ചു. വൈകാതെ സാലി  ഗ്രീൻകാർഡ്  കരസ്ഥമാക്കി. നല്ല മാർക്കോടെ  നേഴ്സിങ് പാസ്സായി. പിന്നീടാണ് ജോലിയായി   ഡാലസിലേക്കു താമസം മാറ്റുന്നത്.

അവൾ ന്യൂ യോർക്കിൽ താമസിച്ചിരുന്ന കാലത്തു ഇടക്കൊക്കെ ഒരു അതിഥിയെപ്പോലെ ജോമോൻ കുഞ്ഞുമായി വരും. അവളോട് സംസാരിക്കാൻ പോലും അയാൾ മുഖം കൊടുത്തില്ല. തന്നെ വേണ്ടാത്തവരോട് സംസാരിക്കുവാൻ സാലിയും താല്പര്യപെട്ടില്ല. അവൾ നേഴ്സിങ് ജോലിയായി ഡാലസിലേക്ക് പോകുന്നതിന് മുൻപൊരു ദിവസം അയാൾ അവളോട്  വീണ്ടും മാപ്പപേക്ഷിച്ചു.

തന്റെ വീട്ടുകാർ പലവിധ ഭീഷണികൾ മുഴക്കിയതിനാലാണ് തൻ കല്യാണത്തിന് സമ്മതിച്ചതെന്നും തിരികെ വന്നു കഴിഞ്ഞപ്പോഴാണ് തന്റെ ഗേൾ ഫ്രണ്ട് ഗർഭിണിയാണെന്ന കാര്യം അറിയുന്നതെന്നും അവർ തമ്മിൽ പിരിയാൻ കഴിയാത്തതു പോലെ അടുത്ത് പോയെന്നും തന്നോട് ക്ഷമിക്കണമെന്നും ജോമോൻ അപേക്ഷിച്ചു.

എന്തായാലും സാലിയുടെ സഹന ശക്തിയും  കുടുംബ സ്നേഹവും നിശ്ചയ ധർഢ്യവും അവളെ മുന്നോട്ടു നയിച്ചു.  എല്ലാവരോടും അവൾ ക്ഷമിച്ചു.  ഭാര്യ മരിച്ചു ഡാലസിൽ തനിയെ താമസിച്ചിരുന്ന ജോസഫിന്റെ ആലോചന വന്നപ്പോൾ ജോമോന്റെ മാതാപിതാക്കൾ മുൻ കൈ എടുത്തു സാലിയുടെ  കല്യാണവും നടത്തിക്കൊടുത്തു. ചെറുക്കൻ ജോസഫിനെക്കുറിച്ചു  പലരെക്കൊണ്ടും സാലി അന്വേഷിപ്പിച്ചു. നല്ല റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമായിരുന്നു കല്യാണം. ഇനിയൊരു ചതി പറ്റരുതല്ലോ.  ഇക്കാലമത്രയും  ജോമോന്റെ വീട്ടുകാർ സാലിയുടെ അപ്പച്ചന് മാസം തോറും ഒരു നല്ല തുക അയച്ചും കൊടുത്തിരുന്നു. അവളുടെ എല്ലാക്കാര്യങ്ങൾക്കും ഒപ്പം നിന്ന് സഹായിച്ചു. അങ്ങിനെ വേണമല്ലോ.

ജോസഫിനോടും നാല് വയസുള്ള മോനോടുമൊപ്പം സന്തോഷമായി ജീവിക്കുന്ന സാലിയെ കണ്ടതിന്റെ സന്തോഷമായിരുന്നു അമ്മക്ക്. രണ്ടാമത് ഗര്ഭിണിയുമായിരുന്നു സാലിയപ്പോൾ.

“അവള് മനസ്സിൽ നന്മ്മയുള്ള ഒരു കൊച്ചാരുന്നു.  ഒരിക്കലും അവൾ ആ വീട്ടുകാരെകുറിച്ചോ ആദ്യം കെട്ടിയ ചെറുക്കനെക്കുറിച്ചോ ഒരു കുറ്റം പറഞ്ഞു കേട്ടിട്ടില്ല. അത് പോലെ തന്നെ അവൾക്ക് അവളുടെ അപ്പനേം അമ്മേം വിഷമിപ്പിക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തായാലും ദൈവം അവളുടെ പ്രാർത്ഥന കേട്ടു. നല്ല ഒരു ജീവിതവും കൊടുത്തു. ജോമോന്റെ അപ്പനും അമ്മയും ഇപ്പോഴും സാലിയെ വിളിക്കും. അവളെങ്ങോട്ടും. അവൾക്കു കൊച്ചൊണ്ടായപ്പോൾ അവര് ന്യൂയോർക്കിൽ നിന്ന് കാണാൻ വന്നിരുന്നു പോലും.”!
അമ്മ ഒരു സമാധാനത്തോടെ പറഞ്ഞു നിർത്തി.

അന്നും ഇന്നും ധാരാളം പെൺകുട്ടികളും ആൺകുട്ടികളും അമേരിക്കൻ കല്യാണങ്ങളിൽ വീഴ്ച്ച സംഭവിച്ചു ദുഃഖത്തിന്റെ പടുകുഴിയിൽ വീണു പോയിട്ടുണ്ട്. സഹായത്തിനാരുമില്ലാതെ അലഞ്ഞിട്ടുണ്ട്.
തങ്ങളുടെ ഭാഗത്തു നിന്നും വന്നു പോയ വലിയ വീഴ്ച്ച തിരുത്താൻ ജോമോന്റെ മാതാപിതാക്കൾ കാണിച്ച വലിയ മനസും ഇവിടെ പറഞ്ഞെ പറ്റു.  

അന്നൊക്കെ ഇവിടെ ജനിച്ചു വളർന്ന പിള്ളേർക്ക് ജാതിയോ വർഗ്ഗമോ മാറിയുള്ള ബന്ധങ്ങൾ ഉണ്ടായാൽ ഭീഷണിപ്പെടുത്തിയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നാട്ടിൽ കൊണ്ട് പോയി കല്യാണം കഴിപ്പിച്ചിരുന്ന കഥകൾ മുൻപും കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് മലയാളി കുറച്ചൊക്കെ മാറിയിരിക്കുന്നു. ഒന്നുവല്ലേൽ തന്റെ പെൺകുട്ടി ഒരാണിനെയോ, ആൺകുട്ടി പെണ്ണിനെയോ കെട്ടണെയെന്നാണ് ഇന്ന് മലയാളിയുടെ പ്രാർത്ഥന. ഗേ - ലെസിബിയൻ മക്കളെ ഉൾക്കൊള്ളാനൊന്നും ഇന്നും മലയാളി മനസ് വളർന്നിട്ടില്ലല്ലോ. ചുരുക്കം ചിലർക്ക് മാത്രമേ ആ വിശാലതയൊക്കെ ഉള്ളു. അതിന്റെ കഥകളും വഴിയേ.

എന്തായാലും  സാലിയുടെ ജീവിതം ഒരു നല്ല ക്ലൈമാക്സിൽ കണ്ടതിൽ ദൈവത്തിനു നന്ദി പറയുന്നു.  ഇന്നും മനസ്സിൽ നൻമ്മയുള്ള അനേകർ ഉള്ളതിനാലാണല്ലോ ഈ ലോകം ഒട്ടൊക്കെ സമാധാനത്തിൽ പോകുന്നതെന്നുള്ളത് വസ്തുത ഓർത്തു പോവുകയാണ്.

തുടരും 

Read: https://emalayalee.com/writer/14


 

Join WhatsApp News
Jayan varghese 2024-07-09 15:48:39
ഒരു തരി മഞ്ഞ മണ്ണ് അടിച്ചു പരത്തി ഇലയുടെ രൂപത്തിലാക്കി തുല്യ പദവിയിലുള്ള ഒരു വ്യക്തിയുടെ കഴുത്തിൽ ഒരു നമ്പർ പ്ളേറ്റ് പോലെ കെട്ടിത്തൂക്കിയാൽ അത് ആ വ്യക്തിയിൽ മറ്റേ വ്യക്തിക്കുള്ള അവകാശ പത്രം ! എന്തൊരു നാണം കെട്ട ആചാരങ്ങളുടെ കൂട്ടിരിപ്പുകാരാണ് നമ്മൾ? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലേക്കു കുതിക്കുന്ന മനുഷ്യ വർഗ്ഗം നേടിയെന്ന് പറയുന്ന പുരോഗതി ഇത്രയ്ക്കു വില കുറഞ്ഞത് ആയിരുന്നുവല്ലോ എന്ന് ചിന്തിച്ചു പോയാൽ മത - രാഷ്ട്രീയ യജമാനന്മാരുടെ പല്ലിറുമ്മലിന്റെ ശബ്ദം സ്വന്തം കാതുകളിൽത്തന്നെ നമുക്കും കേൾക്കാം. !
Abdul 2024-07-10 19:46:33
Easy reading stories...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക