Image

മോട്ടിവേഷനു ശേഷം ( കഥ : തങ്കച്ചൻ പതിയാമൂല )

Published on 09 July, 2024
മോട്ടിവേഷനു ശേഷം ( കഥ : തങ്കച്ചൻ പതിയാമൂല )

ഡോ. സ്റ്റോൺഹോം ഏലിയാസ് അലക്സാണ്ടർ Msc Psychology, PhD (Russia), മോട്ടിവേറ്റർ ആൻഡ് സൈക്കോളജിസ്റ്റ്, എന്ന ബോർഡ് വെച്ച രണ്ട് നിലയുള്ള ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ വ്യക്തമായ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

ഡോക്ടർ പറഞ്ഞതനുസരിച്ച് എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഴയ സഹപാഠികളെയും സന്ദർശിക്കുവാനും പറ്റുമെങ്കിൽ ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കാനുമാണ് തീരുമാനം.

ആദ്യമായി പോയത് ഒരു അടുത്ത ബന്ധുവിന്റെ വീട്ടിലേക്കാണ്. വളരെ കാലത്തിനുശേഷം അവിടെ ചെന്നപ്പോൾ അവർക്ക് അത്ഭുതമായിരുന്നു.

“എന്താണ് വിശേഷം?”
ചെന്നപാടെ അവർ ചോദിച്ചു.

“വിശേഷമൊന്നുമില്ല. ചുമ്മാ വന്നതാണ്” 
എന്ന് പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ല.

കുശലാന്വേഷണങ്ങളും കാപ്പികുടിയും കഴിഞ്ഞശേഷം ഇവിടെനിന്നുള്ള അവസാനത്തെ ബസ്സിന്റെ സമയം അവർ എന്നോട് പറഞ്ഞു. കാര്യം മനസ്സിലായതിനാൽ ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി.

പിറ്റേദിവസം പോയത് ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്കാണ്.

“വരൂ,  വരൂ, എത്ര നാളായി കണ്ടിട്ട്? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? മകന്റെ കല്യാണം വിളിക്കാൻ വന്നതായിരിക്കും അല്ലേ?”
ഒറ്റ ശ്വാസത്തിൽ പഴയ കൂട്ടുകാരൻ ചോദിച്ചു.

“വെറുതെ വന്നതാണ്. വിശേഷം ഒന്നുമില്ല.”
എന്ന് പറഞ്ഞിട്ട് അയാൾക്ക് വിശ്വാസം പോര. അധികം സംസാരിക്കാൻ വിഷയം കിട്ടാതെ ഒരു നാരങ്ങാ വെള്ളവും കുടിച്ച് ഞാൻ തിരിച്ചു നടന്നു.

പിന്നീട് പോയത് ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു. പശുവിന് പുല്ല് കൊടുത്തുകൊണ്ടിരുന്ന തോമാച്ചേട്ടൻ ഓടിവന്നു.

“ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുമോ”.
എന്ന് ചോദിച്ചു കൊണ്ട് സന്തോഷത്തോടെ സ്വീകരിച്ചു.

കൃഷിയിടങ്ങളിലെ നഷ്ടത്തെപ്പറ്റിയും കന്നുകാലികളുടെ കുളമ്പ് രോഗത്തെപ്പറ്റിയും ഒക്കെ നിർത്താതെ സംസാരിച്ചു. വീട്ടിലുള്ളവരോടും കുറച്ചു നേരം നാട്ടുകാര്യം ഒക്കെ പറഞ്ഞ ശേഷം ഊണ് കഴിച്ചു.

“ചേട്ടന് ഊണുകഴിഞ്ഞ് ഉറങ്ങുന്ന ശീലം ഉണ്ടോ?  എങ്കിൽ കുറച്ചു നേരം കിടന്നിട്ട് പോകാം.”

അവർ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി.

“ഇല്ല. ഞാൻ ഉടനെ പോവുകയാണ്.”
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നുമിറങ്ങി.

വീണ്ടും ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി. ചെന്നപ്പോൾ തന്നെ അവൻ ചോദിച്ചു:

“എന്ത്യേ  വന്നേ?  സപ്തതി ആഘോഷത്തിന് വിളിക്കാനാണോ?

“ഒന്നുമില്ല. വെറുതെ ഒരു സൗഹൃദ സന്ദർശനം മാത്രം”.

വരാന്തയിൽ നിന്നു തന്നെ കുറച്ചുനേരം സംസാരിച്ചിട്ട് അവിടെ നിന്നും പോന്നു.

ഇങ്ങനെ ഒരു മാസം കൊണ്ട് അറിയാവുന്ന ബന്ധുവീടുകളും സുഹൃത്തുക്കളെയും ഒക്കെ സന്ദർശിച്ചു കഴിഞ്ഞു.
രണ്ടാമത് ഒന്നുകൂടി എല്ലായിടവും സന്ദർശിക്കുവാൻ തുടങ്ങിയപ്പോഴാണ്  പ്രശ്നങ്ങൾ ആരംഭിച്ചത്.

എല്ലാവരുംതന്നെ ഒരേസ്വരത്തിൽ ഒരേപോലെ  പറയുന്നു :

“എന്തിനാണ് ഇത്രയും യാത്ര ചെയ്ത് വരുന്നത്. ഫോണിൽ കൂടി സംസാരിച്ചാൽ പോരെ?”

“എങ്കിലും നേരിട്ട് കാണുന്ന അത്ര സുഖം അതിനില്ലല്ലോ.”

ഞാൻ യാത്ര തുടർന്നു…

ഒരു ദിവസം എന്റെ കസിന്റെ വീട്ടിൽ ചെന്നപ്പോൾ എന്നെക്കാൾ പ്രായം കുറഞ്ഞ അവൻ പറഞ്ഞു:

“ചേട്ടൻ കുറച്ചു നാളായി ഇങ്ങനെ എല്ലായിടത്തും അലഞ്ഞു നടക്കുന്നു. ആളുകൾ അതും ഇതും ഒക്കെ പറയാൻ തുടങ്ങി..
വീട്ടിൽ തന്നെയിരുന്നു കൂടെ?”

“വെറുതെ മിണ്ടാതെ വീട്ടിലിരുന്നാൽ ഡിപ്രഷനും മറ്റ് അസുഖങ്ങളും ആവില്ലേ? അതിനാലാണ് ഇങ്ങനെ യാത്ര തുടരുന്നത്.”

“അതിന് ഇങ്ങിനെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട കാര്യമില്ല. എനിക്ക് പരിചയമുള്ള ഒരു മോട്ടിവേറ്റർ ഡോക്ടറുണ്ട്. അദ്ദേഹത്തെ കണ്ടാൽ നല്ല ഉപദേശങ്ങളും ആവശ്യമെങ്കിൽ മരുന്നുകളും കിട്ടും.”

“ഏതാണാ ഡോക്ടർ?”

“കേട്ടിട്ടില്ലേ? ഡോക്ടർ സ്റ്റോൺഹോം ഏലിയാസ് അലക്സാണ്ടർ. വിദേശത്തുനിന്ന് ഡോക്ടറേറ്റ് ഒക്കെ എടുത്ത ആളാണ്.”

“ആ ഏലിയാസ് ഡോക്ടർ ആണോ? അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ ഈ യാത്ര തുടങ്ങിയത് തന്നെ.”
കുറച്ചു സമയം അവൻ ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് പറഞ്ഞു:

“വീഡിയോ കോൾ ഉള്ള ഒരു ഫോൺ ഞാൻ ചേട്ടനു വാങ്ങിച്ചു തരാം. അതിലൂടെ എല്ലാവരെയും കണ്ട് സംസാരിക്കാം. ഇനി ആരുടെയും വീടുകളിൽ പോകണ്ട അതൊന്നും ഇക്കാലത്ത് ആർക്കും ഇഷ്ടമല്ല.”

“അപ്പോൾ ഡോക്ടർ പറഞ്ഞതോ?”

“ഇനി ആ ഡോക്ടറെയും കണ്ടേക്കരുത്.”

പറഞ്ഞതുപോലെ അവൻ ഫോൺ കൊണ്ടുവന്നു തന്നു.

ഇനി ഈ ‘കുന്ത്രാണ്ടം’ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ കൂട്ടുകാരെ തേടി ഞാൻ വീണ്ടും യാത്ര ആരംഭിച്ചിരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക