കൊച്ചി: ഒരു കാലഘട്ടത്തെ മുഴുവൻ അതിശയിപ്പിച്ച സേനാപതിയുടെ മർമ്മകല വീണ്ടും അഭ്രപാളിയില്‍ പ്രകടിപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
അഴിമതിക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ശങ്കർ – കമല്‍ ഹാസൻ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ‘ഇന്ത്യൻ’ പ്രേക്ഷകർ ഏറ്റെടുത്തത് 28 വർഷങ്ങള്‍ക്ക് മുമ്ബാണ്. ഇപ്പോഴിതാ ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെ ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 12ന് റിലീസിന് തയ്യാറെടുക്കുകയാണ്.
200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ സിനിമ ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ് 15 കോടിയായിരുന്നു. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമല്‍ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലർ റിലീസ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമയില്‍ കാജല്‍ അഗർവാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി,ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, രാകുല്‍ പ്രീത് സിംഗ്,ബോബി സിംഹ, ബ്രഹ്‍മാനന്ദം, തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.