നിളയുടെ നമ്പ്യാർ എന്ന ജാതിവാലിൽ ചുറ്റിയൊരു വിവാദം കൊഴുക്കുകയാണ് കേരളത്തിൽ. നിളയൊരു നദിയല്ലേ, അതു തന്നല്ലേ നമ്മുടെ ഭാരതപ്പുഴ എന്നൊക്കെ ചിന്തിക്കുന്ന നിഷ്കളങ്കരേ, ഇത് അതല്ല സംഭവം. ഒരു നടി, നടിയെന്ന് വിശേഷിപ്പിക്കുന്നത് ഭാഗിക സത്യമാണ്. കാരണം ഇവർ ഒരു ഫോട്ടോ ഷൂട്ട് നടിയാണ്. ചില ഗൃഹാതുരത്വ ഫോട്ടോ ഷൂട്ടുകൾ നടത്തി അത് ഇൻസ്റ്റയിലും യൂട്യൂബിലും ഒക്കെ പോസ്റ്റ് ചെയ്യുന്നു. അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിൻ്റെ അളവു കുറവും മുഖത്ത് അത്യാവശ്യം വശ്യ ഭാവങ്ങൾ വിടർന്നു മറയുകയും ചെയ്യുന്നതു കൊണ്ട് ഗൃഹാതുരത്വം ഇഷ്ടപ്പെടുന്ന നാട്ടിലെ നല്ലൊരു പങ്ക് ഇത്തരം പ്രത്യേക ചിത്രങ്ങളുടെ ആരാധകരും അവരുടെ ഫോട്ടോകൾക്ക് മനസ്സറിഞ്ഞ് ലൈക്കും കമൻറും നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തിൽ ഇവിടം വരെ എല്ലാം സ്വാഭാവികമായും ശാന്തമായിരുന്നു. കേരളത്തിൻ്റെ സണ്ണി ലിയോണി എന്നൊക്കെ ചിലർ ഇവരുടെ വീഡിയോകൾ കണ്ട് ആവേശം കൊണ്ടു. ഷക്കീലയ്ക്കു ശേഷം ആ വഴി പിൻപറ്റിയ എല്ലാവർക്കും ഒരു പ്രചോദനമായി അവർ മാറുന്ന വേളയിലാണ് നിലവിലെ വിവാദം രൂപപ്പെട്ടത്. അതല്ലെങ്കിലും തെളിഞ്ഞു കത്തുന്ന പകലിലേക്ക് പൊടുന്നനെ കടന്നുവരുന്ന ന്യൂനമർദ്ദമേഘം പോലാണല്ലോ വിവാദങ്ങളും.
ഇവിടെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പുത്തൻ നിളയുടെ യഥാർത്ഥ ഉറവിടം ചികഞ്ഞു ചെന്നു. അപ്പോളറിയുന്നു നിള നിളയേ അല്ല എന്ന്. ഒന്നോർക്കണം, ഷക്കീലയെന്നോ മറിയമെന്നോ രേഷ്മയെന്നോ കേട്ടപ്പോൾ മലയാളികൾ അതിൽ ചില ആനന്ദമേകുന്ന ഘടകങ്ങൾ ഉണ്ടെന്നതിനപ്പുറം, അവർ പോൺനടികളാണ് എന്നതിനപ്പുറമൊന്നും ചിന്തിച്ചിട്ടില്ല. കാണുന്നു രസിക്കുന്നു, അത്ര തന്നെ.
ഒന്നുകൂടിയുണ്ട്, നിള എന്ന പേര് ഉപയോഗിച്ചാൽ ഭാരതപ്പുഴയും കേസിനു പോകില്ല. മണലുവാരിത്തീർത്ത് ഗർത്തങ്ങളാക്കിയതു ക്ഷമിച്ചു, പിന്നാ ഒരു പേര് എന്നേ പുഴയും കരുതൂ. പക്ഷേ, ഇവിടെ നടിക്ക് പുലിവാലായത് ഒരു ജാതിപ്പേർ ഒപ്പം ചേർത്തതാണ്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ നിങ്ങൾക്ക് മതം മാറാം പക്ഷേ, ജനിച്ച ജാതി മാറ്റാനാകില്ല. ബർത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ജാതി മാറ്റൽ ചെറിയ കാര്യമല്ല. അപ്പോൾ, നിളയുടെ പേരിലെ ആ ജാതിപ്പേർ എങ്ങനെ വന്നു? അതിനൊരു വിശദീകരണം അവർ തന്നെ തരണമല്ലോ. അവർ വിശദീകരണം തന്നു കഴിഞ്ഞു.
വിവാദത്തിനൊടുവിൽ പുറത്തുവന്ന അവരുടെ അഭിമുഖത്തിൽ ചിലതൊക്കെ ദുർബലമായി അവർ ന്യായീകരിക്കുന്നതു കാണാം. അതിൽ പറയുന്നതു പ്രകാരമാണെങ്കിൽ ആനകൾക്ക് ഹിന്ദു നാമം നൽകുന്നില്ലേ എന്നൊരു വാദമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. അതു ഭാഗികമായി ശരിയുമാണ്. കാരണം പത്മനാഭൻ എന്ന ആനയുണ്ടെങ്കിലും, ഒരാനയ്ക്കും പത്മനാഭൻ നമ്പൂതിരി എന്നോ പത്മനാഭപിള്ളയെന്നോ, നായരെന്നോ, മേനോനെന്നോ, നമ്പ്യാരെന്നോ പേരിട്ടു കേട്ടിട്ടില്ല. അപ്പോ സംഗതി അത്ര നിഷ്കളങ്കമല്ല എന്നു വരുന്നു. അല്പവസ്ത്രം ധരിച്ച ഫോട്ടോ ഷൂട്ട് നടത്തിയതിനെത്തുടർന്ന് സമുദായം പുറത്താക്കിയപ്പോൾ തനിക്കിഷ്ടപ്പെട്ട ഒരു പേരു സ്വീകരിച്ചു എന്നതും സമ്മതിക്കാം, എന്നാൽ അവിടെ ഒരു ജാതിപ്പേര് കൂട്ടിച്ചേർക്കുമ്പോൾ അത്ര നിഷ്കളങ്കമല്ല ശ്രീമതിയുടെ പേരിനു പിന്നിലെ കാണാക്കളികൾ എന്നു തോന്നിയാൽ കുറ്റം പറയാമോ?
അമ്മയാണ്, ഭാര്യയാണ്, ഭർത്താവ് എല്ലാറ്റിനും പിന്തുണ നൽകുന്നുമുണ്ട്. പിന്നെന്താ സമൂഹമേ നിങ്ങൾക്ക് നഷ്ടം എന്നു ചോദിച്ചാൽ ശരിയാണ്, അതവരുടെ ഇഷ്ടം, എന്നാൽ എല്ലാ തൊഴിലിലും പ്രത്യേകിച്ച് സിനിമ, ആഡ് ഫിലിം മേഖലകളിൽ വഴിവിട്ട ആവശ്യങ്ങൾ ഉണ്ടാകുന്നതു കണ്ടു മടുത്താണ് താൻ ഇത്തരത്തിലെ അല്പവസ്ത്ര വീഡിയോകൾ ചെയ്യുന്നത് എന്നു പറയുന്നത് ഒരു അടച്ചാക്ഷേപിക്കൽ അല്ലേ? അപ്പോൾ പറഞ്ഞു വന്നത് ഇതാണ്, ശ്രീമതി നിള, നിങ്ങൾ ഭർത്താവിൻ്റെ സമ്മതത്തോടെയോ അല്ലാതെയോ വസ്ത്രം ധരിച്ചോ ഒട്ടും ധരിക്കാതെയോ റീൽസ് ചെയ്യൂ. ഞങ്ങൾക്കതിൽ തെല്ലുമില്ല പരിഭവം. ആവശ്യക്കാർ കാണുകയും അല്ലാത്തവർ കാണാതിരിക്കുകയും ചെയ്യും. പക്ഷേ, പേരിലെ ആ കപടത വേണ്ടിയിരുന്നില്ല. കുറഞ്ഞ പക്ഷം, ജാതി നോക്കിയല്ല ആരും പോൺ കാണുന്നതെന്നങ്കിലും നിങ്ങൾ തിരിച്ചറിയണമായിരുന്നു. പിന്നെ, ഈ വിവാദം നിങ്ങൾക്ക് ഗുണകരമായിട്ടുണ്ടാകും എന്നുറപ്പുണ്ട്. വ്യൂസ് കൂടട്ടെ. വ്രണിത ഹൃദയരിലും, നിരാശാഭരിതരിലും, ആകുലതകൾ കൊണ്ടു വിഷാദിച്ചിരിക്കുന്നവരിലും നിമിഷമാത്ര ആനന്ദം നിറയ്ക്കാൻ നിങ്ങൾക്കാകട്ടെ.
ഏതു പേരും സ്വീകരിക്കൂ, എന്നാൽ ആ ജാതിപ്പേര്, അതവിടെ വേണ്ടതുണ്ടോ?