പ്രസിഡന്റ് ജോ ബൈഡനു നാഡി വ്യൂഹ ബലക്ഷയം (neurodegeneration) സംഭവിച്ചതായി സൂചനകൾ ഉണ്ടെന്നു പാർക്കിൻസൺസ് രോഗ ചികിത്സാ വിദഗ്ദൻ ഡോക്ടർ ടോം പിറ്റ്‌സ് അഭിപ്രായപ്പെട്ടു. ബൈഡന്റെ പൊതുവേദികളിലെ പ്രവർത്തന രീതികൾ വിലയിരുത്തിയാണ് ന്യൂ യോർക്കിലെ ഡോക്ടർ 'പോസ്റ്റി'നോട് ഈ അഭിപ്രായം പറഞ്ഞത്.
മറ്റൊരു പാർക്കിൻസൺസ് രോഗ ചികിത്സാ വിദഗ്ദൻ കഴിഞ്ഞ വർഷവും ഈ വർഷവുമായി എട്ടു തവണ ബൈഡനെ സന്ദർശിച്ചതിനെ കുറിച്ച് വൈറ്റ് ഹൗസ് വിശദീകരണം നൽകണമെന്ന ആവശ്യം അതിനിടെ ഉയർന്നു.
എൻ ബി സി ന്യൂസിന്റെ 'ടോപ് സ്റ്റോറി വിത്ത് ടോം ലിമാസ്' എന്ന പരിപാടിയിലാണ് ഡോക്ടർ പിറ്റ്‌സ് തന്റെ അഭിപ്രായം പറഞ്ഞത്. ദൂരെ നിന്നു തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാമെന്നു ഡെമോക്രാറ്റ് ആണെന്ന് അവകാശപ്പെട്ട ഡോക്ടർ പറഞ്ഞു.
ബൈഡൻ വാക്കുകൾ മറന്നു പോകുന്നത് ഞരമ്പുകളുടെ ബലക്ഷയത്തിനു ഒരുദാഹരണമായി പിറ്റ്‌സ് ചൂണ്ടിക്കാട്ടി. "ചുവടു വയ്‌പിലും പ്രശ്നമുണ്ട്. വളരെ കുറച്ചു ചുവടുകൾ മാത്രമേ വയ്ക്കുന്നുള്ളൂ. കൈകൾ വീശാൻ ബുദ്ധിമുട്ടുണ്ട്."
ബൈഡനെ അടുത്തു നിന്നു കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് അദ്ദേഹത്തിനു കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നുണ്ടോ എന്നു വിലയിരുത്താൻ സാധിച്ചിട്ടില്ല.
ബൈഡന്റെ ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ' കോണർ ജനുവരിയിൽ വൈറ്റ് ഹൗസിലെ ന്യുറോളജി കൺസൽട്ടൻറ് ഡോക്ടർ കെവിൻ കണാർഡിനെ കണ്ടിരുന്നു. എന്നാൽ ആ കൂടിക്കാഴ്ച്ച ബൈഡന്റെ ആരോഗ്യം ചര്ച്ച ചെയ്യാൻ ആയിരുന്നില്ലെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.
കണാർഡ് എട്ടു തവണ വൈറ്റ് ഹൗസ് സന്ദർശിച്ചതായി വിസിറ്റർ ലോഗുകൾ കാണിക്കുന്നു. കഴിഞ്ഞ വര്ഷം ജൂലൈക്കും ഈ വർഷം മാർച്ചിനും ഇടയിലാണത്.
കണാർഡ് ബൈഡനെ വാർഷിക വിലയിരുത്തലിന്റെ ഭാഗമായി കണ്ടിരുന്നുവെന്നു തിങ്കളാഴ്ച ഒ' കോണർ സമ്മതിച്ചു. അതല്ലാതെ മറ്റൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു മണിക്കൂർ നീളുന്ന ന്യുറോളജി ടെസ്റ്റ് എടുക്കാൻ പിറ്റ്‌സ് ബൈഡനോടും (81) ട്രംപിനോടും (78) നിർദേശിച്ചു. കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രാപ്തി വിലയിരുത്തുന്ന ഏറ്റവും പ്രധാന ടെസ്റ്റാണിതെന്നു ഡോക്ടർ പറഞ്ഞു.
Specialist says Biden has 'neurodegeneration’