പ്രസിഡന്റ് ജോ ബൈഡനു നാലു വർഷം കൂടി ആ ചുമതല വഹിക്കാൻ കഴിയുമെന്നു താൻ കരുതുന്നില്ലെന്നു കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത എബിസി ന്യൂസ് ആങ്കർ ജോർജ് സ്‌റ്റെഫാനോപൗലോസ് പറഞ്ഞു. ഒരു വഴിപോക്കനും അദ്ദേഹവുമായി നടന്ന സംഭാഷണം ടിഎംസെഡ് റെക്കോർഡ് ചെയ്തിരുന്നു.
പറഞ്ഞ അഭിപ്രായം തലക്കെട്ടുകൾ പിടിച്ചപ്പോൾ മണിക്കൂറുകൾക്കു ശേഷം സ്‌റ്റെഫാനോപൗലോസ് 'പക് ന്യൂസി'നോടു പറഞ്ഞു: "ഞാൻ ഖേദിക്കുന്നു. നേരത്തെ ഒരു വഴിപോക്കൻ ചോദിച്ചപ്പോൾ ഞാൻ അങ്ങിനെ മറുപടി പറഞ്ഞു. പറയാൻ പാടില്ലായിരുന്നു."
എബിസി പറഞ്ഞു: "ജോർജ് സ്വന്തം അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അത് എബിസി ന്യൂസിന്റെ അഭിപ്രായമല്ല."
ഡെമോക്രാറ്റിക് പാർട്ടി ഉപദേഷ്ടാവാണ് മൃദുഭാഷിയായ സ്‌റ്റെഫാനോപൗലോസ്. ബിൽ ക്ലിന്റൺ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന്റെ ഉപദേഷ്ടാവും ആയിരുന്നു.
ജൂൺ 27നു ബൈഡൻ അടിതെറ്റി വീണ ഡിബേറ്റിനു ശേഷം നടന്ന ആദ്യ അഭിമുഖത്തിൽ പ്രസിഡന്റ് ജൂലൈ 5നു സ്‌റ്റെഫാനോപൗലോസിനോട് 22 മിനിറ്റ് സംസാരിച്ചിരുന്നു. ബൈഡന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ പക്ഷെ അതിനു കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ.
താൻ എല്ലാ ദിവസവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് പരിശോധിക്കുന്ന കോഗ്നിറ്റീവ് ടെസ്റ്റ് ചെയ്യുന്നുണ്ടെന്നു ബൈഡൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതൽ പരിശോധന ആവശ്യമില്ല.
മത്സരത്തിൽ നിന്നു പിന്മാറാമെന്ന ആവശ്യം അദ്ദേഹം തള്ളി. "ദൈവം ഇറങ്ങി വന്നു പറഞ്ഞാൽ മാത്രമേ പിന്മാറൂ. ദൈവം അങ്ങിനെ ചെയ്യുന്നില്ല."
Stephanopoulos says Biden can't serve 4 more years