Image

ഡോ.ആർ.ശ്രീലതാവർമ്മ : കവിത, നിരൂപണം, മീമാംസ! (വിജയ് സി.എച്ച്)

Published on 10 July, 2024
ഡോ.ആർ.ശ്രീലതാവർമ്മ : കവിത, നിരൂപണം, മീമാംസ! (വിജയ് സി.എച്ച്)

ഡോ.ആർ.ശ്രീലതാവർമ്മ കവിതകളും, സാഹിത്യനിരൂപണങ്ങളും രചിക്കാൻ തുടങ്ങിയതു സ്വാഭാവികമായ കാരണങ്ങളാൽ സ്വഗൃഹത്തിൽ നിന്നു ലഭിച്ച പ്രചോദനംകൊണ്ടാണ്. പിതാവ് ഓമല്ലൂർ രാജരാജവർമ്മ കവിയും എഴുത്തുകാരനുമായിരുന്നു. മാതാവിൻ്റെ വല്യപ്പൂപ്പൻ എഴുതിയ 'കേരള പാണിനീയം', 'ഭാഷാഭൂഷണം', 'വൃത്തമഞ്ജരി' മുതലായ പ്രശസ്ത പുസ്തകങ്ങളെക്കുറിച്ചു മുതിർന്നവർ ചർച്ചചെയ്യുന്നതു പതിവായി കേട്ടുവളർന്ന ഡോ.ശ്രീലതാവർമ്മ, ഗ്രന്ഥകർത്താവായ എ.ആർ.രാജരാജവർമ്മയുടെ ഇളംതലമുറക്കാരിയായി ജനിച്ചത് തൻ്റെ വലിയ ഭാഗ്യമെന്നു കുഞ്ഞുന്നാളിലേ കരുതി.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, എം.ഫി-ലും, പി.എച്ച്.ഡി-യും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഏറ്റെടുത്തിരുന്ന അധ്യാപന ഉദ്യോഗവും, കാമ്പുള്ള കുറേ പുസ്തകങ്ങൾ രചിക്കാൻ ഡോ.ശ്രീലതാവർമ്മയ്ക്ക് ഇന്ധനം നൽകി. തുടർന്നു കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ എൻഡോവ്മെൻ്റ് പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും, അക്കാദമിയുടെ ഭരണസമിതി അംഗത്വവും അവരെ തേടിയെത്തി.
ഡോ.ശ്രീലതാവർമ്മയോടു സംസാരിക്കുകയെന്നാൽ, കാവ്യമീമാംസയിലേയ്ക്കും, നിരൂപണ ഉത്കൃഷ്ടതയിലേക്കുമുള്ളൊരു എത്തിനോട്ടമാണ്...


🟥 കേരള പാണിനി പുരോഗമനവാദി
ശ്രേഷ്ഠമായ മലയാള ഭാഷാ വ്യാകരണഗ്രന്ഥം, 'കേരള പാണിനീയം' രചിച്ച എ.ആർ.രാജരാജവർമ്മയെ കുടുംബ സദസ്സുകളിൽ ഞങ്ങൾ സംബോധന ചെയ്യുക 'എ.ആർ.അപ്പൂപ്പൻ' എന്നാണ്. കേരള പാണിനി എന്ന സ്ഥാനപ്പേരുള്ള അദ്ദേഹത്തിൻ്റെ നാലാം തലമുറക്കാരിയെന്നു പറയുന്നതിൽ എനിയ്ക്ക് അഭിമാനമുണ്ട്! നമ്മുടെ ഭാഷയിലെ പുത്തൻ എഴുത്തു നിയമങ്ങൾ അപ്പൂപ്പൻ ചിട്ടപ്പെടുത്തിയ വ്യവസ്ഥകളിൽ നിന്നു വ്യതിചലിച്ചിട്ടുണ്ടായിരിക്കാം, പക്ഷേ പുതുമകളെയും പരീക്ഷണങ്ങളെയും തള്ളിക്കളഞ്ഞിട്ടില്ലാത്ത വ്യക്തിയായതിനാൽ നൂതനമായ രചനാരീതികളെ അദ്ദേഹം സ്വാഗതം ചെയ്യുമെന്നാണ് എൻ്റെ ഉത്തമ വിശ്വാസം. മഹാകവി കുമാരനാശാൻ്റെ ഏറ്റവും വിശിഷ്ടമായ ഖണ്ഡകാവ്യമായി അറിയപ്പെടുന്ന 'നളിനി'യ്ക്ക്, 1911-ൽ അപ്പൂപ്പൻ എഴുതിയ അവതാരിക ഒന്നു വായിച്ചു നോക്കിയാൽ മാത്രം മതി കാരണവർ പുരോഗമനവാദിയെന്നു കണ്ടെത്താൻ. അദ്ദേഹത്തിൻ്റെ കാവ്യമീമാംസ മികവുറ്റതും ആദരണീയവുമെന്ന് എല്ലാവരും പറയാറുണ്ട്. അപ്പൂപ്പൻ്റെ ആസ്വാദന സങ്കേതം എന്നും കാവ്യാനുഭൂതിയുമായിരുന്നു. മലയാള കവിതാചരിത്രത്തിൽ കാല്പനിക കാവ്യരീതികൾക്ക് തുടക്കം കുറിച്ചുകൊണ്ടു അപ്പൂപ്പ൯ രചിച്ച 'മലയവിലാസ'ത്തിലും, ആശാൻ്റെ 'നളിനി'യിലെ രസം ശൃംഗാരമാണെന്ന് ഉറപ്പിച്ചുപറയുന്നിടത്തും അനുവാചകർ അപ്പൂപ്പനെ കാണുന്നത് പുരോഗമന പക്ഷത്താണ്. അദ്ദേഹം ജീവിച്ചിരിക്കുന്നുവെങ്കിൽ, ഇന്നിൻ്റെ ഹൃദയമിടിപ്പുകളായ മലയാള കവിതകളും കഥകളും ഉള്ളുകൊണ്ടറിയുമെന്നു തന്നെയാണ് എൻ്റെ വിചാരം.


🟥 നിരൂപണസാഹിത്യം നിലച്ചില്ല
മാരാരും, മുണ്ടശ്ശേരിയും, പോളും, കേസരിയും, കെ.പി.അപ്പനുമൊന്നും ഇന്നില്ലെങ്കിലും, ലയാള സാഹിത്യ നിരൂപണരൂപ ശാഖയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നു ഞാൻ കരുതുന്നില്ല. എന്നാൽ, സാഹിത്യത്തിനു തന്നെയും, അതിൻ്റെ പഠനരീതികൾക്കും ഇന്നു വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുകൊണ്ടിരിക്കുന്നു. ഉത്തര ഉത്തരാധുനികതയിൽ എത്തി നിൽക്കുന്ന ഇക്കാലത്തും സാഹിത്യം വേണ്ടത്ര പഠിക്കപ്പെടുന്നുണ്ട്, വിശകലനം ചെയ്യപ്പെടുന്നുണ്ട്. അച്ചടിമാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലും സാഹിത്യവും അതിൻ്റെ അവലോകനങ്ങളും ഓജസ്സോടെ നിലനിൽക്കുന്നു. എഴുത്തും, എഴുത്തുകാരും മുൻപില്ലാത്തവിധം വായനക്കാരോട് അടുത്തിട്ടുമുണ്ട്. തുടർച്ചയായി അരങ്ങേറുന്ന സാഹിത്യോത്സവങ്ങളിൽ എഴുത്തുകാരുമായി സംവദിക്കാനും അവർ പറയുന്നതു കേൾക്കാനും വായനക്കാർക്ക് അവസരങ്ങളും ലഭിക്കുന്നു. അനുവാചകരുടെ പ്രതികരണങ്ങൾ രചയിതാക്കൾ നേരിട്ടറിയുന്നു. എം.പി.ശങ്കുണ്ണി നായരുടെ 'ഛത്രവും ചാമരവും', എം.ലീലാവതിയുടെ 'വർണരാജി', എം.എൻ.വിജയൻ്റെ 'ചിതയിലെ വെളിച്ചം' മുതലായ നിരൂപണ കൃതികൾ എത്ര തവണ വേണമെങ്കിലും ആസ്വദിച്ചു വായിക്കാം. ആവർത്തിച്ചു വായിക്കുന്തോറും കൃതികളുടെ സത്തയിലേക്ക്, ഭാവ-രസങ്ങളിലേയ്ക്ക്, പുതിയ അനുഭൂതികളോടെ നാം സഞ്ചരിച്ചുകൊണ്ടേയിരിക്കും. മാരാരുടെയും, മുണ്ടശ്ശേരിയുടെയും വിമർശന ഗ്രന്ഥങ്ങൾ ക്ലാസ്സിക്കുകളാണ്. ഭേദപ്പെട്ട പാശ്ചാത്യ നിരൂപണ രീതികൾ മലയാളത്തിലേക്കെത്തിച്ച പ്രൊഫസ്സർ പോളും, ചരിത്രാധ്യാപകൻ കേസരിയും ഏറെ വായിക്കപ്പെട്ടു. 'പിതൃഘടികാരം: ഒ.വി.വിജയൻ്റെ കലയും ദർശനവു'മെഴുതിയ പി.കെ.രാജശേഖരനെപ്പോലെയുള്ള സമകാലികർ അവലോകന കലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ, മലയാള സാഹിത്യ നിരൂപണ രൂപത്തിനു വംശനാശം സംഭവിക്കുകയുമില്ല.


🟥 വായനാനുഭവം മാത്രമല്ല നിരൂപണം
സർഗാത്മക രചനകളെക്കാൾ ഒരു പടി താഴെയാണ് സാഹിത്യനിരൂപണമെന്നൊരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ടെങ്കിലും, ഒരുവിധ സൃഷ്ടിപരതയുമില്ലാത്ത ഒരാൾക്ക് സാഹിത്യ നിരൂപകനാകുവാ൯ കഴിയുകയില്ലയെന്നു ഞാൻ വിശ്വസിക്കുന്നു. നിരൂപണം ദ്വിതീയമായ പ്രവൃത്തിയെന്നു കരുതപ്പെടാനുള്ള കാരണം, അദ്യം നടക്കുന്നത് മൗലികമായ രചനയായതുകൊണ്ടു മാത്രമാണ്. കവിതയും, കഥയും, നോവലും, നാടകവുമൊക്കെ എഴുതപ്പെട്ടതിനു ശേഷമാണ് അവയുടെ നിരൂപണം ആരംഭിക്കുന്നത്. അതിനാൽ നിരൂപകനു ആദ്യം വേണ്ടത് അനുഭാവനം ചെയ്യുവാനുള്ള മനസ്സാന്നിധ്യമാണ്. ഒപ്പം മറ്റുള്ളവരുടെ കൃതികൾ വായിച്ചു അവ വ്യാഖ്യാനിക്കാനുമുള്ള സർഗശേഷിയും. വ്യക്തം, വായനാനുഭവം മാത്രമല്ല നിരൂപണം! ഒരുകാലത്ത് ഒരു ബഹുവൈജ്ഞാനിക മേഖല തന്നെയായിരുന്നു അത്. മലയാള സാഹിത്യ വൈജ്ഞാനികതയിലേക്ക് മറ്റു പല വിജ്ഞാന ശാഖകളെയും കൊണ്ടുവന്നത് നിരൂപണ കലയാണ്. മനശാസ്ത്ര തത്ത്വങ്ങളും, സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളും, നരവംശ ശാസ്ത്ര ശ്രേണികളും മലയാള വായനക്കാർ മനസ്സിലാക്കിയത് സാഹിത്യ നിരൂപണങ്ങളിലൂടെയാണ്!


🟥 നിരൂപണത്തിൻ്റെ കരുത്ത്
കേവലമായ ആസ്വാദനത്തിൻ്റെ ഉപരിതല ദർശനത്തിനപ്പുറം ഉള്ളിലേക്കിറങ്ങുന്ന ചില ഉൽഖനനങ്ങളാണ് യഥാർത്ഥ നിരൂപണസാഹിത്യം. ധൈഷണികവും, ദാർശനികവുമായ അവഗാഹത്തോടെ കൃതികൾ വിലയിരുത്തപ്പെടണം. അന്തർവൈജ്ഞാനിക ശാഖ എന്ന നിലയിൽ വിമർശന സാഹിത്യം ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടാ. ഓർക്കണം, നിരൂപണം പലപ്പോഴും ദ്വിതീയമായൊരു വ്യവഹാരവുമല്ല! ബഷീറിൻ്റെ 'ബാല്യകാലസഖി'യെക്കുറിച്ചു പോൾ എഴുതിയ, "ജീവിതത്തിൽനിന്നു വലിച്ചു ചീന്തിയ ഒരേട്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു" എന്നും മറ്റുമുള്ള അഭിപ്രായം ആ നോവലിനോളം തന്നെ വിഖ്യാതമായിത്തീർന്നില്ലേ? കാളിദാസൻ്റെ 'മേഘസന്ദേശ'ത്തെക്കുറിച്ചു "സന്ദേശം അതൊന്നേയുള്ളൂ" എന്നു മുണ്ടശ്ശേരി പറയുമ്പോൾ, ആ നിരൂപണ വാക്യങ്ങളുടെ പ്രമാണിത്തവും പ്രൗഢിയും ഒന്നു വേറെയാണ്! സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പുരസ്കാരം ലഭിച്ചത് മാരാർക്കാണ്. 1966-ൽ, 'കല ജീവിതം തന്നെ' എന്ന പുസ്തകത്തിന്. 'ഭാഷാസാഹിത്യ ചരിത്ര'മെഴുതി, 1955-ൽ, ആർ.നാരായണ പണിക്കർ പ്രഥമ സാഹിത്യ പുരസ്കാരവും നേടി.


🟥 കാവ്യബിംബങ്ങൾ
അക്ഷരങ്ങളിലൂടെ അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ ബിംബങ്ങൾ അനിവാര്യം. കവിതാരചനയിൽ ഇമേജറിയുടെ ദൗത്യങ്ങൾ ബൃഹത്തായതാണ്. വാക്കുകളുടെ സൂക്ഷ്മമായ പ്രയോഗമാണല്ലോ കവിത. ഓരോ സവിശേഷ സന്ദർഭത്തിലും വാക്കുകൾ അർത്ഥത്തെ കൂടുതൽ പ്രകാശിപ്പിക്കാൻ സഹായകമാകണം. കാണുക, കേൾക്കുക, ഗന്ധമറിയുക, രുചിയറിയുക, സ്പർശമറിയുക തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിൽ കവിതയിൽ പദങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് കരുതിക്കൂട്ടി ചെയ്യുന്നതല്ല. സ്വാഭാവികമായി കവിയുടെ മനസ്സിലെത്തുന്ന വാക്കുകളാണല്ലോ കവിതയായി രൂപപ്പെടുന്നത്. പടർന്ന ചില്ലകളുള്ള ഒരു വൻ വൃക്ഷത്തിൽ നടരാജരൂപം കാണുന്ന ഒരു സന്ദർഭം 'മരത്തിൽ കാണണം' എന്ന പേരിലുള്ള എൻ്റെ കവിതയിലുണ്ട്. "നോക്കിയിരിക്കവേ ആകാശത്തേയ്ക്ക് വിടർന്ന ജടകൾ ഭൂമിയ്ക്ക് സമർപ്പിച്ച നോട്ടം പ്രഭ വിടർത്തിയ നടരാജരൂപം ശിവം, സനാതനം" എന്നതാണ് സന്ദർഭം. ഒരു വൻ വൃക്ഷത്തെ നോക്കിയിരുന്നപ്പോൾ മനസ്സിൽ രൂപപ്പെട്ട ഒരു ഇമേജറിയാണിത്. 'വിരൽത്തുമ്പിൽ' എന്ന കവിതയിൽ, "വിരൽത്തുമ്പിലേറ്റം തണുപ്പുണ്ടു പൊള്ളും ശിരസ്സിൽ പതുക്കെത്തലോടുന്ന നേരം" എന്ന വരികളിൽ തണുപ്പും ചൂടും വിഷയമാകുന്നു. തണുപ്പ് ആർദ്രതയെയും ചൂട് ആർദ്രതയ്ക്കായി വെമ്പുന്ന അവസ്ഥയെയും കുറിക്കുന്നു. ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണ്. 'കയങ്ങൾ' എന്ന കവിതയിലെ ചില വരികൾ ഇങ്ങനെയാണ്: "ദ്വീപുകളുടെ ഏകാന്തതയെക്കുറിച്ച് പറയാൻ നിന്നിലേക്ക് ഇനി ഞാൻ വരില്ല. പണ്ട് നമ്മുടേതായിരുന്ന വൃക്ഷ സങ്കടങ്ങൾ, വേനൽ മുറിവുകൾ, ശലഭ സ്വപ്നങ്ങൾ, സംഗീത സ്നായുക്കൾ ഒന്നും ഇപ്പോൾ നമ്മുടേതല്ല. വിഷവല്ലികളിൽ വിടരുന്ന അമൃതപുഷ്പങ്ങൾ തേടി ഒരു കാട്ടിലേയ്ക്കും ഇനി പോകേണ്ടതില്ല." ഏകാന്തത, പ്രണയം, വിരഹം മുതലായവയെ മൂർത്തമാക്കുന്ന ബിംബകല്പനകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരാണത്വങ്ങളെ വെടിഞ്ഞ് അസാധാരണമായ, വിശിഷ്ടമായ, വിചിത്രമായ അർത്ഥത്തിലേയ്ക്കാണ് ഏതു കവിതയും സഞ്ചരിക്കുന്നത്.


🟥 പെണ്ണെഴുത്ത് പ്രസക്തം
പെണ്ണെഴുത്ത് എന്ന ലേബലിലല്ല, അതിൻ്റെ ഉള്ളടക്കത്തിലാണ് കാര്യം. സ്ത്രീ കാണുന്ന, അനുഭവിക്കുന്ന ലോകം, പുരുഷൻ്റേതിൽ നിന്നു വ്യത്യസ്തമാണ്. ഇരുട്ടു വീണു തുടങ്ങിയാൽ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ തുറിച്ചുനോക്കുന്ന അനേകം പേർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീയ്ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങൾ നടക്കുമ്പോൾ, രാത്രിയിൽ ഇറങ്ങി നടന്നിട്ടല്ലേ, പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചിട്ടല്ലേ എന്നും മറ്റുമുള്ള ന്യായീകരണങ്ങളാണ് ഇക്കാലത്തും നാം കേൾക്കുന്നത്. വിവേചനത്തിൻ്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇത്തരം നിഷേധാത്മക മനോഭാവങ്ങൾക്കെതിരെ പോരാടിത്തന്നെയാണ് ഓരോ സ്ത്രീയും ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. സ്ത്രീയെയും, പുരുഷനെയും, ട്രാൻസ്ജെൻഡറിനെയും ഒരുപോലെ ഉൾക്കൊള്ളുന്ന സമൂഹത്തിനു മാത്രമേ പരിഷ്കൃതം എന്ന വിശേഷണം ചേരുകയുള്ളൂ. ഗാർഹിക, സാമൂഹിക പരിതോവസ്ഥകളുടെ പ്രതിഫലനമാണ് എഴുത്ത്. സമൂഹത്തിൽ ലിംഗസമത്വം ഒരു യാഥാർത്ഥ്യമാകുന്നതു വരെ എഴുത്തിലെ സ്ത്രീപക്ഷം പ്രസക്തമായി തന്നെ തുടരും.


🟥 സരസ്വതിയമ്മയും അന്തർജനവും
1940-കളിലും, 50-കളിലും പുരുഷാധീശ വ്യവസ്ഥയെ തൻ്റെ കൃതികളിലൂടെ നിരന്തരം ചോദ്യം ചെയ്ത സരസ്വതിയമ്മ 'പെൺബുദ്ധി'യും, 'പുരുഷന്മാരില്ലാത്ത ലോക'വും വരെ എഴുതി. എന്നിട്ടും സരസ്വതിയമ്മ പെണ്ണെഴുത്തുകാരിയായി അറിയപ്പെടാതിരുന്നത് അവർ ജീവിച്ചിരുന്ന കാലത്ത് പെണ്ണെഴുത്ത് എന്ന സംജ്ഞ പ്രചാരത്തിൽ ഇല്ലായിരുന്നതുകൊണ്ടാണ്. പക്ഷേ, പിൽക്കാല പെൺപക്ഷ വിചിന്തനങ്ങളിലെല്ലാം സരസ്വതിയമ്മ പെണ്ണെഴുത്തിലെ മുൻഗാമിമാരിൽ ഒരാളായി രേഖപ്പെട്ടിട്ടുണ്ട്. സരസ്വതിയമ്മയുടെ കഥകൾ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നവ മാത്രമല്ല, പുരുഷനെതിരെ കലാപം പ്രഖ്യാപിക്കുന്നവയുമായിരുന്നു. പുരുഷനെ സമൂഹത്തിൽ നിന്നു മായ്ച്ചുകളഞ്ഞിട്ടല്ലല്ലൊ സ്ത്രീയെ അടയാളപ്പെടുത്തേണ്ടത്! പുരുഷനും, സ്ത്രീയും, ട്രാൻസ്ജെൻഡറും താന്താങ്ങളുടെ ഇടങ്ങളിൽ അടയാളപ്പെടുക എന്നതാണ് സാമൂഹിക നീതിയും, ജനാധിപത്യ രീതിയും. 1976-ലാണ് ലളിതാംബിക അന്തർജനത്തിൻ്റെ 'അഗ്നിസാക്ഷി' പ്രസിദ്ധീകരിക്കപ്പെട്ടത്. വീടിൻ്റെ അകത്തളങ്ങളിൽ കഴിഞ്ഞ സ്ത്രീയെയും പുറംലോകത്ത് എത്തിയവളെയും അന്തർജനം തൻ്റെ പുസ്തകത്തിൽ ചിത്രീകരിച്ചു. ഗൃഹത്തിൽ തുടങ്ങി രാജ്യം വരെ എന്ന മട്ടിൽ, ചെറുതിൽ നിന്ന് വലുതിലേക്കാണ് 'അഗ്നിസാക്ഷി'യിലെ സ്ത്രീ ഉയരുന്നത്. സ്വാതന്ത്ര്യമെന്നത് രാഷ്ട്രീയമായ സ്വാതന്ത്ര്യമായിരിക്കെ, അതിന് സ്ത്രീയുടെ സ്വാതന്ത്ര്യബോധവുമായും വിമോചനസ്വപ്നങ്ങളുമായും ബന്ധമുണ്ടെന്ന് നമ്മളിന്നു തിരിച്ചറിയുന്നു!


🟥 ഭാവനാശക്തി
ജൈവാനുഭവങ്ങളിൽ സ്ത്രീ, പുരുഷ വ്യവച്ഛേദങ്ങളുണ്ടെന്നത് സത്യം. അനുഭവസത്യത്തിൻ്റെ ആഴം ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കഴിയുന്ന ശാരീരികാനുഭവങ്ങളിൽ സ്ത്രീയ്ക്ക് മാത്രമെന്നു പറയാവുന്നവയുമുണ്ട്. എന്നാൽ, എല്ലാം അനുഭവത്തിൻ്റെ വെളിച്ചത്തിൽ മാത്രമേ എഴുതാവൂ എന്ന് ശഠിക്കാൻ കഴിയുമോ? ഭാവനാശക്തി വേണ്ടത്രയുണ്ടെങ്കിൽ, കാട്ടിൽ പോകാതെയും കാടിനെക്കുറിച്ചെഴുതാം! സ്ത്രീഹൃദയ പരിജ്ഞാനമെഴുതി ഉറൂബും, കെ.സുരേന്ദ്രനും നമ്മെ വിസ്മയിപ്പിച്ചിട്ടില്ലേ?
🟥 കുടുംബപശ്ചാത്തലം
തിരുവനന്തപുരത്ത് ജനിച്ചു. നഗരത്തിലെ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ, ആൾ സെയിൻ്റ്സ് കോളേജ്, ഗവ.വിമെൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സംസ്കൃത സർവകലാശാലയുടെ തൃശ്ശൂർ പ്രാദേശിക കേന്ദ്രത്തിലേയ്ക്കു 2000-ൽ സ്ഥലം മാറ്റം വന്നപ്പോൾ സാംസ്കാരിക തലസ്ഥാനത്തെത്തി. സാഹിത്യം വഴി ആത്മബന്ധത്തിലായ എം.കൃഷ്ണൻ നമ്പൂതിരിയെ 1996-ൽ വിവാഹം ചെയ്തു. അദ്ദേഹം സംസ്കൃത സർവകലാശാലയുടെ തിരൂർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. ഞങ്ങളുടെ മകൻ കൃഷ്ണപ്രസാദും സാഹിത്യമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ജേണലിസത്തിൽ ഡിപ്ലോമയും നേടി. അമ്മ മലയാളത്തിൻ്റെ അന്തസ്സാരം എൻ്റെയുള്ളിൽ നിറച്ച പ്രിയ മാതാവ് ഇച്ഛിച്ചതുപോലെ, എൻ്റേതിന്നൊരു അക്ഷര കുടുംബം! എഴുതാനിരിക്കുമ്പോൾ എന്നും ഞാനോർക്കും ഹൈസ്കൂൾ ക്ലാസ്സുകളിലെ 'അംബികാദേവി, എം.എ, ബി.എഡ്' എന്ന എൻ്റെ മലയാളം അധ്യാപികയെ. അംബികയെന്നാൽ അമ്മ തന്നെയല്ലേ!
----------------------------------- 
 

ഡോ.ആർ.ശ്രീലതാവർമ്മ : കവിത, നിരൂപണം, മീമാംസ! (വിജയ് സി.എച്ച്)
Join WhatsApp News
(ഡോ.കെ) 2024-07-10 21:28:42
‘മീമാംസ’ എന്ന ശബ്ദത്തിന്റെ അർത്ഥമെന്ന് പറയുന്നത് തന്നെ വീണ്ടും വീണ്ടും വിചാരത്തിന് വിധേയമാക്കുക,വീണ്ടും വീണ്ടും പഠനത്തിന് (അന്വേഷണത്തിന് )വിധേയമാക്കുക എന്നൊക്ക യാണെന്ന് പറയാം. മലയാള സാഹിത്യത്തിലെ ആദ്യ നോവലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒ.ചന്ദുമേനോന്റെ ഇന്ദുലേഖ ഇന്നും വർത്തമാനകാല സാഹിത്യമണ്ഡലത്തിലെ ചർച്ചാവിഷയമാണ്. നമ്പുതിരി സമുദായത്തിലെ സ്ത്രീക്ക് നേരെയുള്ള പുരുഷാധിപത്യമനോഘടന തുറന്ന് കാണിക്കുവാൻ ഇന്ദുലേഖക്കായി.സ്ത്രീസ്വത്വം തിരിച്ചുപിടിക്കുന്നതിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ദുലേഖ സാമൂഹിക പരിവർത്തനത്തിന്റെ ചുണ്ടുപലകയായി മാറിയ സർഗ്ഗസൃഷ്ടിയായത്.താങ്കൾ അത് കുറിക്കാൻ മറന്നു . അതുപോലെ തന്നെ നിരൂപണരംഗത്തെ അതികായകനായ ഡോ .ശ്രീമാൻ സുകുമാർ അഴിക്കോടിനെ താങ്കൾ മനഃപൂർവ്വം മറന്നു.വി .ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ,എം ആർ ബി യുടെ മറകുടക്കുള്ളിലെ മഹാനരകം,എം .ടി ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന കൃതികളെല്ലാം സ്ത്രീസമൂഹത്തിന്റെ വിമോചനത്തിനായിട്ടുള്ള ആഹ്വാനങ്ങളായിരുന്നു. ഇതെല്ലാം താങ്കൾ വിട്ടുപോയത് ചിന്താതീതമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക