Image

101 മഴച്ചിത്രങ്ങൾ (രാജൻ കിണറ്റിങ്കര)

Published on 10 July, 2024
101  മഴച്ചിത്രങ്ങൾ (രാജൻ കിണറ്റിങ്കര)

രാജൻ കിണറ്റിങ്കര ആറ് മണിക്കൂർ കൊണ്ടെഴുതിയ 101 ചെറു മഴക്കവിതകൾ .   101 ശ്രീകൃഷ്ണ കവിതകളും 98 അമ്മക്കവിതകളും കാറച്ച് മണിക്കൂറുകളിൽ എഴുതി രാജൻ കിണറ്റിങ്കര നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട്.

1)
മഴ കാർമേഘക്കുളിരല്ല
ഉടലുടഞ്ഞ 
കടലിൻ്റെ
ഉൾച്ചൂടാണ്

2)
ഓരോ തുള്ളിയും
ഒരു കവിതയാണ്
നീർച്ചാലുകൾ
ബാക്കിയാക്കി
ഒഴുകിപ്പോയ കവിതകൾ

3)
പെയ്യും മുന്നെ
ആർത്തലച്ച
കൊടുങ്കാറ്റു പോലെ
ദിക്കറിയാത്ത
ചില ജീവിതങ്ങൾ

4)
മഴയിലലിയുന്ന
കടലാസുതോണികൾ
കരയെ മോഹിക്കാറില്ല

5)
മഴമേഘങ്ങൾ
മൗനത്തിൻ്റെ
വാതായനങ്ങൾ
തുറക്കുന്നതാണ്
ഇടിയും മിന്നലും

6)
മഴയെ 
പ്രണയിച്ച പോലെ
ഒരു കാമുകനും
കാമുകിയെ പ്രണയിച്ചിട്ടില്ല

7)
കറുകനാമ്പിൽ
ഇറ്റു വീഴുന്ന
മഴത്തുള്ളികളിൽ
ഒരു നഷ്ടപ്പെട്ട 
ബാല്യത്തിൻ്റെ
നോവ് പടർന്നിരുന്നു

8)
ചേമ്പിലകൾ
കുടകളായപ്പോഴാണ്
സൗഹൃദങ്ങൾ
തോളുരുമ്മി നടന്നത്

9)
കിഴക്കൻ മലയിലെ
മഴക്കോളിനും
കർക്കിടകത്തിലെ
അമ്മ മുഖത്തിനും
ഒരേ ഭാവമായിരുന്നു

10)
പുഴ നിറഞ്ഞപ്പോഴാണ്
മണൽ വെന്തത്
പുഴ വറ്റിയപ്പോഴാണ്
മണൽ മണ്ണായത്

11)
മഴ തിമർക്കും മുന്നെ
മുറ്റത്ത് പൊഴിയുന്ന
മാങ്ങകളാണ്
മഴയ്ക്ക് മധുരം പകർന്നത്

12)
കാലവർഷവും
തുലാവർഷവും
ഒരമ്മ മക്കളെങ്കിലും
പരസ്പരം പുഞ്ചിരിക്കാറില്ല

13)
ആദ്യപ്രണയം
ചിത്രം വരച്ചത്
ഹൃദയത്തിലായിരുന്നു
ആദ്യമഴ
ഉമ്മറമുറ്റത്തും

14)
വിരഹത്തിൻ്റെ
യാത്ര പറച്ചിലിൽ
പുഞ്ചിരിമാഞ്ഞ മുഖത്ത്
ഒരു കരിമേഘം
പെയ്യാൻ വെമ്പി നിന്നു

15)
പാട വരമ്പിൽ
പാതി പൊക്കിയ
പാവാടയിലും
നനഞ്ഞുതിർന്ന മുടിയിലും
കൗമാരം
പ്രണയമഴ തീർത്തു

16)
സൂര്യനും 
ഉഷ്ണിച്ചപ്പോഴാണ്
വിയർപ്പു കണങ്ങൾ
ആകാശം
നനഞ്ഞു കുതിർത്തത്

17)
മഴയത്തെ
ഗസലിനും
പ്രതീക്ഷയുടെ മൗനത്തിനും
വിഷാദമായിരുന്നു

18)
നിദ്രയുടെ 
അപരാഹ്ന വേളയിൽ
ഇറയത്തെ 
മഴചാറ്റലോളം
ഒരു കുളിരുമുണ്ടായിട്ടില്ല

19)
സ്കൂൾ തുറക്കുമ്പോൾ
പെയ്ത മഴ
സ്കൂൾ വിടും വരെ
മുറ്റത്ത് കാവൽ നിന്നു

20)
അമ്മ മനസ്സിൽ
എഴുതി വച്ചിട്ടുണ്ട്
ചോരുന്ന വീടിൻ്റെ
ജാതക ഫലങ്ങൾ

21)
ഹൈഡ്രജനും
ഓക്സിജനും ചേർന്ന്
ജലതന്മാത്രയുണ്ടായപ്പോൾ
വെള്ളപ്പൊക്കത്തിൽ
ഓക്സിജൻ കിട്ടാതെ
മുങ്ങിപ്പോകുന്നവർ

22)
പ്രണയത്തിനും
പ്രളയത്തിനും
കാലഭേദങ്ങളില്ല
അകാലത്ത് വന്ന്
അവിചാരിതമായി
പടിയിറക്കം ..

23 )
ഓരോ മഞ്ഞുതുള്ളിയിലും
ഓരോ മഴത്തുള്ളിയിലും
വേർപാടിൻ്റെ നോവ്
പടർന്നിട്ടുണ്ട് ..

24)
അടുക്കളക്കിണറിലെ
മഴത്തുള്ളികളോളം
ഒരു ശൈശവവും
തുള്ളിക്കളിച്ചിട്ടില്ല

25)
നിലാവ് പടർന്ന
പാടവരമ്പത്ത്
മഴ കാത്തൊരു മൺതരി
മാനം നോക്കി കിടക്കുന്നു
അലിഞ്ഞുപോയാലും
വേരിന് വളമാകാൻ

26)
മുറ്റത്തെ
കരിയിലകൾ 
കലപില കുട്ടിയത്
മഴയെ പുൽകാനല്ല
മഴയെത്തും മുന്നെ
കരപറ്റാനായിരുന്നു

27)
മനസ്സിൽ 
ചില ഓർമ്മകൾ
മഴ നൂലുകൾ തീർക്കും
തിമർത്തു പെയ്യും മുന്നെ
നൂഴ്ന്നിറങ്ങുന്ന
അവ്യക്ത അടയാളങ്ങൾ

28)
മഴയെ
പ്രണയിക്കാൻ
തുടങ്ങിയപ്പോഴാണ്
ചാറ്റൽ മഴയിലും
നനഞ്ഞ് കുതിർന്നത്

29)
സന്ധ്യയിലെ
മഴക്കോളുകൾക്ക്
സിന്ദൂരവർണ്ണമായിരുന്നു
ജീവിത സന്ധ്യക്ക്
കാർമേഘ ഛായയും

30) 
മനസ്സ് ചോർന്നൊലിച്ചത്
കർക്കിടക പേമാരിയിലല്ല
നിൻ്റെ മുഖത്തെ
കണ്ണീർ പാടുകളിലാണ്

31)
പെയ്യും മുന്നെ
വറ്റിപ്പോകുന്ന
വേനൽ മഴപോലെ
സ്വപ്നം കാണും മുന്നെ
ഉണരുന്ന നിദ്രകൾ

32)
പ്രളയത്തിൽ
സമുദ്രം കരകവിയാറില്ല
പെറ്റമ്മ നോവറിയാം
മഴയ്ക്ക് പോലും

33)
ബാല്യത്തിൽ തീർത്ത
കടലാസ് തോണികളെല്ലാം
ഉമ്മറ മറ്റത്ത് ഒഴുകി നടന്നു
മുങ്ങിയതെല്ലാം
യൗവനത്തിൻ്റെ
സ്വപ്നത്തോണികളായിരുന്നു

34)
പെരുമഴ പെയ്ത്തിൽ
ഒറ്റമരച്ചില്ലയിൽ
ചിറകു കുടഞ്ഞൊരു
രാക്കിളി
അടയിരിക്കും മുന്നെ
കാറ്റെടുത്തൊരു
മോഹകിളിക്കൂട് ..

35)
ഇല പൊഴിഞ്ഞ
ശിശിരങ്ങൾക്ക്
മഴ തുടുത്തൊരു
പകലിൻ്റെ
കഥ പറയാനുണ്ട്

36)
ഒന്നാം ക്ലാസിലെ
മഴച്ചോർച്ചകൾ
നനഞ്ഞു കുതിരുന്ന
ജീവിതത്തിൻ്റെ
ആദ്യപാഠങ്ങളായിരുന്നു

37 )
കുടകൾ 
ചെറുതാവാൻ
തുടങ്ങിയപ്പോഴാണ്
മഴകൾ
വലുതായി പ്രളയമായത്

38)
ചേമ്പിലയും
വാഴയിലയും
മഴക്കുട തീർത്ത
ഗ്രാമവഴികളിൽ
നെഞ്ചു തകർന്നൊരു
മഴക്കുഴി 
ചോര വാർന്ന് കിടക്കുന്നു

39 )
തറപറ എഴുതിയ
സ്ളേറ്റു കഷണത്തിൽ
മഷിത്തണ്ടു മായ്ച്ച
മഴത്തുള്ളികൾ

40)
മഴ ഒരു
പുഞ്ചിരിയാണ്
ഈറൻ നിലാവു പോലെ
ആകാശം നിറയുന്ന
മുഖപ്രസാദം

41)
ഓട്ടോഗ്രാഫിലെ
പല വർണ്ണ പേജിൽ
മഴ കുതിർന്നൊരു
മഷിപ്പച്ചയുണ്ടായിരുന്നു
മായ്ക്കും തോറും
തെളിയുന്ന അക്ഷരങ്ങൾ

42)
ഇടിയും മിന്നലുമുള്ള
ഒരു രാത്രിയിലാണ്
മഴ ഒളിച്ചു വന്ന്
മനം നിറച്ചത്

43)
മഴനിറച്ച 
പായൽകുളത്തിൻ്റെ
നീന്തൽപ്പടവുകളിൽ
ഒരു പരൽമീൻ
ഈരിഴതോർത്തിൻ്റെ
ചതിയറിയാതെ

44)
കണക്കു തെറ്റിയ
ഞാറ്റുവേലകളിൽ
മഴ കുതിർന്നൊരു
നാട്ട് വഴിയും
ചോർന്നൊലിച്ചൊരു
വൈക്കോൽ കൂരയും

45)
രാമഴയിൽ
മണ്ണിൽ വീണ
ആദ്യ തുള്ളിക്ക്
വഴി തെളിച്ചൊരു
വെള്ളിടിമിന്നൽ

46)
മഴ 
നിശ്ശബ്ദതയാണ്
ശാപവും ശകാരവും
സഹിക്കാതെയാണ്
അലറിപ്പെയ്തത്

47)
ഓരോ മഴത്തുള്ളിയും
കീറി മുറിച്ചാൽ
അറിയാം
നെഞ്ചടർന്നൊരു
കടലിൻ്റെ
ഹൃദയസ്പന്ദനം

48)
കാറ്റടിച്ചു പെയ്ത
മഴയ്ക്ക്
പേറ്റു നോവിൻ്റെ
കുളിരായിരുന്നു

49)
നിഴൽ തന്നവയൊക്കെ
മഴപെയ്ത്തിൽ
താനേ മുളച്ച
നാട്ടുപച്ചകളാണ്

50)
മഴയുടെ
സംഗീതത്തിന്
പ്രകൃതിയുടെ
ശ്രുതിയാണ്
കാറ്റും ഇടിയും

51)
നെല്ലോലകളിലെ
മഴത്തുള്ളികളിൽ
എഴുതി വച്ചിട്ടുണ്ട്
നഷ്ടം വിതച്ച
വേനൽ കിനാവുകൾ

52)
പെയ്യാതെ പോകുന്ന
മേഘങ്ങളുണ്ട്
അവ കൂട്ടം തെറ്റിയ
പ്രണയപ്പക്ഷികളാണ്

53)
ചാറ്റൽ മഴയുടെ
ജലകേളികളിൽ
ഒരു ബാല്യം
ഈറനണിഞ്ഞു
നിൽപ്പുണ്ട്

54)
മുറ്റത്തും ഇടവഴിയിലും
ചളിവെള്ളം
തെറിപ്പിച്ച നഗ്നപാദങ്ങൾക്ക്
ഇന്ന് മഴ നനഞ്ഞാൽ
ജലദോഷമാണ്

55)
ഓലക്കീറുമായി
മഴച്ചോരൽ തടഞ്ഞ
അമ്മയുടെ
വൈദഗ്ധ്യമൊന്നും
ഒരു എഞ്ചിനീയർക്കുമില്ല

56)
മഴയുണരുന്നത്
സന്ധ്യക്കാണ്
ഉറങ്ങുന്നത് പുലരിയിലും

57)
കർക്കിടക മഴയിൽപൂത്ത
കവുങ്ങിൻ തോപ്പിലെ
മുക്കുറ്റി പൂക്കളാണ്
ഓണത്തെ ഓർമ്മിപ്പിച്ചത്

58)
മേടത്തിലെ
കണിക്കൊന്നപോലെ
കർക്കിടകത്തിൽ
മഴ പെയ്യുകയല്ല
മഴമരം പൂത്ത്
നിൽക്കുകയാണ്

59)
പ്രളയം ഒരു
വിനാശമല്ല
പടികടന്നെത്തുന്ന
മഴ വീട്ടിലെ
പരിവാരങ്ങളാണ്

60)
വിയർപ്പു ചിന്തിയ
വേനലിൻ്റെ
പകൽ യാത്രകളിലേക്ക്
കസവുടുത്തു വന്ന
മോഹിനിയാണ് മഴ

61)
ചിലമ്പണിഞ്ഞ
മഴയുടെ
പദനിസ്വനങ്ങളിൽ
ഒരു ചരൽ മുറ്റം
നീന്തിത്തുടിച്ചു

62)
മഴ മാറിയ
ആകാശത്ത്
ചില രാപ്പറവകൾ,
മേഘച്ചിലകളിൽ
കൂടൊരുക്കാൻ

63)
തകരപ്പാത്തിയിൽ
ഇറ്റു വീണ
മഴത്തുള്ളി കിലുക്കം
കാതോർത്ത് കിടന്ന്
എത്ര രാവുകൾ
പകൽ തീണ്ടിയിരിക്കുന്നു

64)
രാത്രിമഴയുടെ
സൗന്ദര്യം
ജാലകപ്പഴുതിലൂടെ
ഇരമ്പിയെത്തുന്ന
തെക്കൻ കാറ്റിലാണ്

65)
കാൽപ്പന്തുകളിച്ച
വേനൽപ്പാടങ്ങളിൽ
ഒരു മഴരാഗം
സംഗീത നൃത്തം
ചെയ്യുന്നുണ്ട്

66)
കാലവർഷം
കുന്നിറങ്ങും മുന്നെ
പുഴ കടന്ന്
കടത്ത് തോണികൾ

67)
ചില പ്രളയങ്ങൾ
സമത്വം പഠിപ്പിക്കുകയാണ്
പാവങ്ങളുടേയും
ധനികരുടേയും
വീടുകളിൽ ഒരു പോലെ
കയറിയിറങ്ങി

68)
പ്രണയങ്ങളെല്ലാം
മൊട്ടിട്ടത്
ആദ്യ മഴയിലാണ്
സ്വാർത്ഥതയുടെ
പെരുമഴ പെയ്ത്തിലാണ്
കുത്തിയൊലിച്ചു പോയതും

69)
ഓർമ്മകളുടെ
തിരശ്ശീലക്ക് പുറകിൽ
ഒരു മഴക്കാലം
കോലം തുള്ളുന്നുണ്ട്
കാഴ്ചക്കാരനായി
ഞാൻ മാത്രം

70)
ക്യാമ്പസിലെ
കാറ്റാടി മരങ്ങൾ
മഴ നനയാറില്ല
അവ പ്രണയവസന്തത്തിൻ്റെ
തൂവലണിഞ്ഞു
നിൽക്കുകയാണ്

71)
കൊത്താം കല്ലാടിയ
ഉമ്മറ മുറ്റത്തെ
നഖചിത്രങ്ങളാണ്
കുത്തിയൊലിച്ച
മഴത്തുള്ളികൾ
ആദ്യം മായ്ച്ചത്

72)
മഴപ്പൂക്കൾക്ക്
സുഗന്ധമില്ല
അവ എന്നും
കണ്ണീർ പൊഴിച്ച്
നിൽക്കുകയാണ്

73)
മഴ ഒരിക്കലും
ചതിക്കാറില്ല
മൂളിയും മുരണ്ടും
മുന്നറിയിപ്പ് നൽകിയേ
അലച്ച് പെയ്യാറുള്ളു

74)
ഒരു ഗണിതജ്ഞനും
കണ്ടെത്തിയിട്ടില്ല
ഒരു മഴത്തുള്ളിയിൽ നിന്ന്
മറ്റൊന്നിലേക്കുള്ള ദൂരം

75)
മഴ എന്നും
വീട്ടുമുറ്റത്തെ
അതിഥിയാണ്
വെയിൽ വരുന്നുണ്ട്
എന്ന് പറയാറില്ല
പക്ഷെ മഴ വരുന്നുണ്ട്

76)
ഒരു മഴത്തുള്ളിയുടെ
ആത്മാവറിയാൻ
അതിനെ കീറിമുറിക്കണ്ട
ഒരു കടലിൻ്റെ
മനസ്സറിഞ്ഞാൽ മതി

77)
ഒരു മഴമേഘവും
കടലിനോട്
യാത്ര പറയാറില്ല
തിരിച്ചു വരുമെന്ന
പ്രതീക്ഷകളില്ലല്ലോ

78)
അമ്മയുടെ
മിഴികളിലെ ചില
കാർമേഘങ്ങൾ
എത്ര കാറ്റടിച്ചാലും
പെയ്ത് ഉതിരാറില്ല

79)
ചാരുകസേരയിൽ
തെളിഞ്ഞു കത്തിയ
നിലവിളക്ക്
കാറ്റത്തണഞ്ഞു
പൂമുഖത്ത്
മഴ അന്ധകാരം തീർത്തു

80)
പുഴ കടലായതും
തോട് പുഴയായതും
മഴ പെയ്ത്തിലല്ല
മനുഷ്യ ചെയ്ത്തിലാണ്

81)
നാല് മണിയുടെ
കുട്ട ബെല്ലിനൊപ്പം
സ്കൂൾ മുറ്റത്ത്
ഒരു മഴ ഇരമ്പിയെത്തും
പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും
ചിലതൊക്കെ
പഠിപ്പിക്കാൻ വേണ്ടി

82)
നെൽ പൂവുകൾ
ചിത്രം വരച്ച
പാവാട ഞൊറികളിൽ
പുതുമഴ കുറിച്ചൊരു
പ്രണയ ലേഖനം

83)
മഴത്തുള്ളികളും
ഹിമകണങ്ങളും
ജല മുത്തുകളെങ്കിലും
മഴയോളം ലാളന
മഞ്ഞിനു കിട്ടിയിട്ടില്ല

84)
സ്വപ്നങ്ങൾ
ചിറകറ്റ ഒരു
നിശ്ശബ്ദ രാത്രിയിലാണ്
ഒരു മഴത്തൂവൽ
പറക്കാൻ പഠിപ്പിച്ചത്

85)
പുഴ വക്കത്തെ
മഴ നനഞ്ഞ പക്ഷികൾ
ചിറകൊതുക്കാറുണ്ട്
അവ മഴയെ
പുണരുകയാണ്

86)
ചോർന്നൊലിച്ച
വീട്ടിൻ്റെ ചോരാത്ത
കോണിൽ ഒരു
രാത്രിക്ക് കാവലിരുന്ന്
കരുതലിൻ്റെ അമ്മസ്പർശം

87)
മഴനനഞ്ഞ
കടലാസു തോണികൾ
കരയടുക്കാറില്ല
കരളുലഞ്ഞ ഓർമ്മകൾ
ചിതലരിക്കാറില്ല

88)
കടലും പുഴയും
സന്ധിക്കുന്നിടത്താണ്
മഴ സന്ധ്യ
കനലാട്ടം ചെയ്തത്

89)
മഴ ചിരിച്ച
വഴിയോരങ്ങളിൽ
കുളിർ ചൊരിഞ്ഞ്
മഴപ്പച്ചകൾ

90)
മഴ കറക്കുന്ന
കർക്കിടകത്തിലാണ്
മുഖം വെളുത്തൊരു
മാനമിരുണ്ടത്

91)
കൈയിൽ
പുസ്തകക്കെട്ടും
പുറത്ത്
കാലവർഷപെയ്ത്തും
എന്നിട്ടും
നനയാതൊരു മനസ്സ്

92)
യാത്ര പറയാതെ
പോകുന്ന വെയിലും
അനുവാദമില്ലാതെ
കടന്നു വരുന്ന മഴയും
രണ്ടും അകക്കുളിരാണ്

93)
എത്ര വാഴയിലകൾ
വെട്ടി വീഴ്ത്തിയിരിക്കുന്നു
മഴ നനയാതിരിക്കാൻ
അവസാനം
ഒരു നാക്കില ബാക്കിയാക്കി
നനഞ്ഞിറങ്ങി അമ്മ

94)
മഴ മണ്ണിനെ
പുണരും മുന്നെ
ചാറ്റൽ മഴയുടെ
തീർത്ഥ ശുദ്ധി

95)
മഴയത്ത്
ഒറ്റക്ക് നടക്കണം
കൂട്ടം തെറ്റിപ്പോയ
മേഘങ്ങളുടെ
സങ്കടങ്ങളറിയാം

96)
മഴയ്ക്കും അമ്മക്കും
ഒരേ വേഗമാണ്
അഴയിലെ തുണികളെടുത്ത്
അമ്മയും
കിഴക്കൻ മലയിറങ്ങി
മഴയും
ഒതുക്കു പടിയിൽ ഒപ്പം

97)
കരയാനറിയാത്ത
മഴ മേഘങ്ങളുടെ
ആത്മരോഷങ്ങളാണ്
ഇടിയും മിന്നലും

98)
മഴയുടെ സംഗീതം
കാതോർത്ത് കിടന്ന
ചാണക തറകളിൽ
കാലത്തിൻ്റെ പരിഷ്കാരങ്ങൾ
മഴ മാത്രമല്ല
തറയും കരയുകയാണ്

99)
മഴ നല്ലൊരു
ട്രിപ്പിൾ ജംപുകാരനാണ്
മേൽക്കൂരയിൽ കാലൂന്നി
തകര പാത്തിയിലേക്ക്
എടുത്തു ചാടി
ഉമ്മറ മുറ്റത്ത് കാലുറപ്പിക്കും

100)

മഴക്ക് മതമില്ല
നിറമില്ല, കൊടിയില്ല
അതിനാലാണ്
മഴ അനാഥനായത്

101)
നഗരത്തിൻ്റെ
അന്ത്യ കവാടത്തിൽ
മഴ നനഞ്ഞൊരു
ഏകാന്ത യാത്രികൻ
വഴികൾ അവസാനിക്കുന്നിടത്ത്
വീണ്ടും നീളുന്ന
അനന്ത യാത്രകൾ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക