ഗ്രീഷ്‌മാരംഭത്തിലേ കരിഞ്ഞുവീഴുന്ന
കുഞ്ഞിലകളെ നോക്കിയിരിക്കയാണ്
ശാബത്ദിനകാലേ ഞാൻ. *1
ചീറിയടുക്കും കൊടുങ്കാറ്റില്ലാതെ,
ആർത്തടുക്കും കാട്ടുതീയില്ലാതെ,
കുരുന്നിലകൾ കരിഞ്ഞുവീഴുന്നു.
അതിലുണ്ടു പാഠങ്ങൾ,
പഴുത്തിലകളിലെപ്പോലെ--
ജീവിതത്തിന്റെ ശുദ്ധഡാർവിനികത,
പ്രപഞ്ചത്തിന്റെ ഗണിതസൂക്ഷ്‌മത,
ബാഹ്യോന്മുഖതയിലെ അജ്ഞാനം . . .
കാലം നിമിഷത്തിൽ മുങ്ങുന്നു.
ഇപ്പോൾ കരഞ്ഞോളൂ എന്ന്,
ഈ ചിന്തകളെല്ലാം ആത്മപ്രേമമെന്ന്,
അസുരോപനിഷൽജ്ജൽപ്പനങ്ങളെന്ന്, *2
ശബ്ദജാലദണ്ഡകാരണ്യമെന്ന്.
എന്നുതൊട്ടേ കേൾക്കുന്നത്!
“തരികിത്യാതി വിരുദ്ധപ്രമാണങ്ങൾക്കു
സമന്വയമാകുമൊരൊറ്റ മഹാവാക്യം.” *3
ചോദ്യം ഗുരുവിനു ബോധിച്ചീല;
ഇറങ്ങിനടന്നൂ ഞാനപ്പോൾ *4
നേരെവടക്കോട്ട്. *5
സർവ്വം ന്യസിച്ചൊരാൾക്കും ഭോഗ-
ലോഭാദിയാകുമെന്നു കണ്ണാൽ കണ്ടു-
മടുത്തേ പോയതാണു ഞാൻ.
(തുടരും, ഒന്നൂടെമാത്രം)
*1 ശബത്ത്, ശാബത്ത്, ശബ്ബത്ത്, ശാബ്ബത്ത്..
*2 അസുരോപനിഷത്ത്: ഒരു ലാക്ഷണികപ്രയോഗം: അസുരനായ വിരോചനന്റെ വികലസിദ്ധാന്തത്തെ പ്രജാപതി കളിയാക്കുന്നത് (ഛാന്ദോക്യോപനിഷത്ത്)
*3 മഹാസന്ദേശം: [GUT--Grand Unified Theory, theory of everything)--ഏകശ്ലോകീ രാമാണയംപോലെ എന്നെനിക്ക്...
*4 ഗുരുവിന്റെ ‘ബ്രഹദാരണ്യോപനിഷദ്’ഭാഷ്യത്തിൽ ഇഷ്ടപ്പെട്ടതായിരുന്നു “നേതി, നേതി‘. പിന്നെയത് ഞാനങ്ങോട്ടു പ്രയോഗിച്ചുതുടങ്ങി. ഗുരൂനിന്ദ സൂര്യനിഷേധമൊക്കും-- എങ്കിലും ഗുരു എന്നെ ശപിച്ചിരിക്കില്ല, ഇല്ല.
*5 ഉത്തരായണം: ആത്മജ്ഞാനത്തിന്റെ വഴി-- അഭയത്തിന്റെയും അമൃതത്തിന്റെയും ലോകത്തിലേക്കുള്ള (അനുഭവത്തിലേക്കുള്ള} വഴി. പിന്നെ തിരിച്ചുവരേണ്ട. അതാണു തെക്കേഴി-- യാഗാദികൾ അനുഷ്ഠിച്ചവർക്കുമാത്രമുള്ളാത്
ആയിരുന്നു അതൊക്കെ!