Image

വാല്‍മീകി വികസന കോര്‍പ്പറേഷൻ അഴിമതി; കര്‍ണാടക എംഎല്‍എമാരുടെ വീട്ടില്‍ റെയ്‌ഡ്

Published on 10 July, 2024
വാല്‍മീകി വികസന കോര്‍പ്പറേഷൻ അഴിമതി; കര്‍ണാടക എംഎല്‍എമാരുടെ വീട്ടില്‍ റെയ്‌ഡ്

ബെംഗളൂരു : വാല്‍മീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ രണ്ട് എംഎല്‍എമാരുടെ വീട്ടില്‍ ഇഡി റെയ്‌ഡ്. ബല്ലാരി കോണ്‍ഗ്രസ് എംഎല്‍എയും മുൻ മന്ത്രിയുമായ ബി നാഗേന്ദ്ര, റായ്ച്ചൂർ റൂറല്‍ എംഎല്‍എയും മഹർഷി വാല്‍മീകി കോർപ്പറേഷൻ പ്രസിഡന്‍റുമായ ബസനഗൗഡ ദദ്ദാല്‍ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്.

റായ്ച്ചൂർ, ബല്ലാരി, യലഹങ്ക, കോറമംഗല തുടങ്ങിയ 18 സ്ഥലങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേ സമയം റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എംഎല്‍എ ബി നാഗേന്ദ്രയെയും വാല്‍മീകി കോർപ്പറേഷൻ പ്രസിഡന്‍റ് ബസവനഗൗഡ ദദ്ദാലിനെയും എസ്‌ഐടി ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു.

ദദ്ദാലിന്‍റെ റായ്ച്ചൂർ ആശാപുര റോഡിലെ ആർആർ (റാം റഹീം) കോളനിയിലെ വാർഡ് നമ്ബർ 2-ലെ വീട്ടില്‍ ഇന്ന് രാവിലെ 7 മണിക്കാണ് പരിശോധന നടന്നത്.

ബല്ലാരി നെഹ്‌റു കോളനിയിലുള്ള ബി നാഗേന്ദ്രയുടെ വീട്ടിലും ഇന്ന് രാവിലെയോടെ നാലംഗ സംഘം റെയ്‌ഡ് നടത്തി. നാഗേന്ദ്രയുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ഇഡി നാഗേന്ദ്രയുടെ വീട്ടിലെ രേഖകളും പരിശോധിച്ചു.

അതേസമയം, ലോക്കല്‍ പൊലീസിന്‍റെ സഹായം ഇഡിക്ക് ലഭിച്ചില്ലെന്നും സിആർപിഎഫ് ജീവനക്കാരുടെ സഹകരണത്തോടെയാണ് റെയ്‌ഡ് നടത്തിയതെന്നും വൃത്തങ്ങള്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക