കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.
എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാള്‍ പതിഞ്ഞിരിക്കുന്നത്. ബാറിലെത്തി ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ ഇപ്പോള്‍ അമ്ബലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വലിയ വീടുകളിലും അതീവ സുരക്ഷാ മുന്‍കരുതലുകളുള്ള സ്ഥാപനങ്ങളിലും കയറി ആഢംബര വസ്തുക്കള്‍ മോഷ്ടിക്കുന്ന ബണ്ടി ചോര്‍ 2013 ല്‍ കേരള പൊലീസിന്റെ പിടിയിലായിരുന്നു. 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023 ലാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ദേവീന്ദര്‍ സിംങ് എന്നാണ് ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്. 44 കാരനായ ഇയാളെ രാജ്യാന്തര മോഷ്ടാവായി കണക്കാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്.
മോഷണത്തിൽ കുപ്രസിദ്ധിയാർജിച്ച ഈ 53കാരൻ രാജ്യത്തെ ഒട്ടുമിക്ക പോലീസിനും തലവേദനയായിട്ടുണ്ട്, പ്രത്യേകിച്ച് ഡൽഹി പോലീസിന്. 14-ാം വയസ്സിൽ മോഷണം തുടങ്ങിയ ബണ്ടി 2010ൽ രാജ്യത്തെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും തലകാണിച്ചു.
ബോളിവുഡ് താരം അഭയ് ഡിയോൾ അഭിനനയിച്ച 'ഒയേ ലക്കി ലക്കി ഒയേ' എന്ന ചിത്രത്തിന് പ്രചോദനമായത് ബണ്ടി ചോറിൻ്റെ ജീവിതമാണ്.
വെസ്റ്റ് ഡൽഹിയിലെ ജനകപുരിയിലാണ് ദേവിന്ദർ സിങ് എന്ന ബണ്ടി ചോർ ജനിച്ചതും വളർന്നതും. ഒൻപതാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഡൽഹി വസന്ത് വിഹാറിലെ സ്വകാര്യ സ്ഥാപനത്തിൽ പ്രൈവറ്റ് ഡിറ്റക്ടീവായിരുന്ന ബണ്ടി ജോലി ഉപേക്ഷിച്ച്, പൂട്ടുകൾ തന്ത്രപരമായി അതിവേഗം തുറക്കാനുള്ള തൻ്റെ കഴിവുമായി നാട്ടിലേക്കിറങ്ങി. ഡൽഹിയിലെ വീടുകളിൽ പൂട്ടുപൊളിച്ചുള്ള മോഷണം പതിവായതോടെ ബണ്ടി ചോർ കുപ്രസിദ്ധിയാർജിച്ചു തുടങ്ങി. അതിനിടെ, 'സൂപ്പർ തീഫ്' എന്ന വിളിപ്പേരും ലഭിച്ചു.
2010ലെ ബിഗ് ബോസ് മത്സരത്തിലൂടെയാണ് ബണ്ടി ചോർ രാജ്യത്തുടനീളം ശ്രദ്ധനേടുന്നത്. ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയെങ്കിലും അധിക നാൾ ബണ്ടിക്ക് ബിഗ് ബോസിൽ തുടരാനായില്ല. അവതാരകൻ സൽമാൻ ഖാനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ബിഗ് ബോസ് ബണ്ടിയെ പടിക്ക് പുറത്താക്കി.