കോഴിക്കോട്: അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സർക്കാർ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുൻഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണമെന്നും ഗോവിന്ദൻ പ്രതികരിച്ചു.
സംസ്ഥാനത്ത് പലയിടത്തും എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികളോട് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികള്‍ക്കൊപ്പവും നില്‍ക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങള്‍ ഉണ്ട്. വിശ്വാസികള്‍ വർഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു.
വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്‌എസല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കൈയില്‍ ആരാധനാലയങ്ങള്‍ വരണമെന്ന് തന്നെയാണ് സിപിഎം നിലപാട്.
ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോണ്‍ഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങള്‍ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തില്‍ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ നന്നായി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. അവർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു. അതാണ് മലബാറില്‍ യുഡിഎഫിന് ഇത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്.
പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വേട്ടയാടലുകള്‍ പ്രതിരോധിക്കും. കമ്ബനികള്‍ തമ്മിലുള്ള കേസുകള്‍ കമ്ബനി നോക്കട്ടെ. പിണറായിക്കെതിരെ ഒരു കേസ് പോലും ഇപ്പോള്‍ ഇല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.