Image

ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ടാറ്റയ്ക്കും വൈഎംസിഎയ്ക്കും നിര്‍ണ്ണായക സ്ഥാനം (സനില്‍ പി. തോമസ്)

Published on 10 July, 2024
ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ടാറ്റയ്ക്കും വൈഎംസിഎയ്ക്കും നിര്‍ണ്ണായക സ്ഥാനം (സനില്‍ പി. തോമസ്)

ദേശീയ ഒളിമ്പിക് സംഘടന വേണം അതത് രാജ്യത്തെ കായികതാരങ്ങളെ ഒളിമ്പിക്‌സിന് അയയ്ക്കാന്‍ എന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ചട്ടം. 1920 ല്‍ ആന്റ് വെര്‍പ് ഒളിമ്പിക്‌സ് അടുത്തെത്തിയപ്പോള്‍ ഇന്ത്യയില്‍ അങ്ങനെയൊരു സംഘടന ഇല്ലായിരുന്നു; നാട്ടില്‍ ഒളിമ്പിക്‌സിനെക്കുറിച്ചുള്ള ചിന്തപോലും ഇല്ലായിരുന്നു. എന്നിട്ടും സര്‍ ദൊറാബ്ജി  ജംഷഡ്ജി ടാറ്റ സ്വന്തം ചെലവില്‍ ആൻ്റ് വെ'ര്‍പ് ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്ന് ഏതാനും അത്‌ലറ്റുകളെയും ഗുസ്തിക്കാരെയും അയച്ചു. ഇതില്‍ മൂന്ന് അത്‌ലറ്റികളും രണ്ടു ഗുസ്തിക്കാരും മത്സരിച്ചു. അങ്ങനെ പുമാ ബാനര്‍ജിയും ഫാദെപ് യൗ ഗ്‌ളെയും സദശീര്‍ ദത്തറും(അത്‌ലറ്റിക്‌സ്) നവാലെ കുമാറും രണ്‍ധീര്‍ ഷിന്‍ഡെയും (ഗുസ്തി) ഇന്ത്യക്കാരായ  ആദ്യത്തെ ഒളിമ്പ്യന്‍മാരായി.

സര്‍ ദൊറാബ്ങിജി ടാറ്റയ്ക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സ്വീകാര്യതയാണ് അദ്ദേഹം അയച്ച താരങ്ങളെ കളത്തില്‍ ഇറക്കാന്‍ ഐ.ഓ.സി.യെ പ്രേരിപ്പിച്ചത്. ഇതില്‍ ആവേശം ഉള്‍ക്കൊണ്ടു ദൊറാബ്ജി ടാറ്റ രാജ്യത്തെങ്ങും സ്‌പോര്‍ട്‌സ് പ്രചരിപ്പിക്കുവാനും വളര്‍ത്തുവാനും തീരുമാനിച്ചു. അക്കാലത്ത് വൈ.എം.സി.എ. കേന്ദ്രീകരിച്ചു മാത്രമായിരുന്നു ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് പരിശീലനവും മൽസരവും നടന്നിരുന്നത്. അന്ന് വൈ.എം.സി.എ.യുടെ ഫിസിക്കല്‍(എജ്യൂക്കേഷന്‍) ഡയറക്ടര്‍ ആയിരുന്ന ഡോ.എം.ജി. നിയോറെനെ  ടാറ്റ സ്വന്തം ചെലവില്‍ ഒരു അഖിലേന്ത്യാ പര്യടനത്തിനു നിയോഗിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്‌പോര്‍ട്‌സ് പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പാരിസ് ഒളിമ്പിക്‌സിനു മുന്നോടിയായി 1924 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പ്രഥമ ഇന്ത്യന്‍ ഗെയിംസ് നടത്തി. ക്രമീകരണങ്ങള്‍ ഒരുക്കിയത് ഡോ.നിയോറെനും വൈ.എം.സി.എ.യും. ഇവിടെ മത്സരിച്ചവരില്‍ നിന്ന് ഒമ്പത് പേരെ തിരഞ്ഞെടുത്തു. അതില്‍ ഏഴുപേര്‍ പാരിസിനു പോയെങ്കിലും മത്സരിച്ചത് ആറുപേര്‍ മാത്രം ഒപ്പം ആറു ടെന്നിസ് താരങ്ങളും മത്സരിച്ചു അന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രൂപമെടുത്തെങ്കിലും ഔദ്യോഗികമായി നിലവില്‍ വന്നത് 1927 മാത്രം.

1924 ലെ പാരിസ് ഒളിമ്പിക്‌സില്‍, കണ്ണൂര്‍ സ്വദേശി സി.കെ.ലക്ഷ്മണനും മത്സരിച്ചു. ജൂലൈ എട്ടിനാണ് ലക്ഷ്മണന്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ചത്. ഹീറ്റിൽ  തന്നെ പുറത്തായി.എന്തായാലും ഒരു മലയാളി ഒളിമ്പ്യന്‍ പിറന്നിട്ട് ഈ മാസം ഒരു നൂറ്റാണ്ടായി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് സര്‍ ദൊറാബ്ജി ടാറ്റ തന്നെ. പ്രഥമ സെക്രട്ടറി ഡോ.എ.ജി. നിയോറെനും ' ഒരു വര്‍ഷമേ നിയോറെൻ  ആ സ്ഥാനത്ത് ഇരുന്നുള്ളൂ. പ്രഫ.ഗുരുദത്ത്  സോന്ദിയായിരുന്നു അടുത്ത സെക്രട്ടറി, അദ്ദേഹമാണ് ഏഷ്യന്‍ ഗെയിംസിന്റെ പിതാവ്. സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്നതില്‍ മാത്രമല്ല രാജ്യത്ത് കായികവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും വൈ.എം.സി.എ. നിര്‍ണ്ണായക പങ്കുവഹിച്ചു. ഇന്നും രാജ്യത്ത് വൈ.എം.സി.എ.കേന്ദ്രീകരിച്ച് ഒട്ടേറെ കായിക പരിശീലന കേന്ദ്രങ്ങളും ടൂര്‍ണ്ണമെന്റുകളും നടക്കുന്നു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജുകളും വൈ.എം.സി.എ.യുടെ കീഴില്‍ ഉണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക