Image

തുറക്കുക, അടക്കുക, ഇതാ ഒരു ഒരു ‘ഭ്രാന്തന്‍’ ഓണ്‍ലൈന്‍ ഗെയിം: വണ്‍ മില്യണ്‍ ചെക്ക് ബോക്‌സസ്

Published on 10 July, 2024
തുറക്കുക, അടക്കുക, ഇതാ ഒരു ഒരു ‘ഭ്രാന്തന്‍’ ഓണ്‍ലൈന്‍ ഗെയിം: വണ്‍ മില്യണ്‍ ചെക്ക് ബോക്‌സസ്

ലോകത്തെ ഗെയിമിങ് ഭ്രാന്തന്മാര്‍ക്കായി ഇതാ ഒരു ഭ്രാന്തന്‍ ഓണ്‍ലൈന്‍ ഗെയിം- വണ്‍ മില്യണ്‍ ചെക്ക് ബോക്‌സസ്. ഇതൊരു ഗെയിമാണോ എന്ന് ചോദിച്ചാല്‍ ഒരേസമയം അതെ എന്നും അല്ല എന്നും ഉത്തരം പറയേണ്ടിവരും. സാധാരണ ഓണ്‍ലൈന്‍ ഗെയിമുകളുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താനാകാത്ത ഈ ഭ്രാന്തന്‍ കളി രൂപപ്പെട്ടത് നോളന്‍ റോയല്‍റ്റി, നീല്‍ അഗര്‍വാള്‍ എന്നീ ഗെയിം ഡെവലപ്പര്‍മാര്‍ നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്നുമാണ്. തുടര്‍ന്ന് റോയല്‍റ്റി ഈ ഗെയിമിനായി രണ്ട് ദിവസം കൊണ്ട് ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചു. നിര്‍മ്മിച്ച് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും ലക്ഷക്കണക്കിന് പേരാണ് വണ്‍ മില്യണ്‍ ചെക്ക് ബോക്‌സസ് കളിക്കാനായി വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

ഇനി എന്താണ് ഗെയിം എന്ന് പറയാം. https://onemillioncheckboxes.com/  എന്ന വെബ്‌സൈറ്റിലാണ് ഗെയിം. ലോഗിന്‍, രജിസ്റ്റര്‍ എന്നിവയൊന്നും ഇത് കളിക്കാന്‍ ചെയ്യേണ്ടതില്ല. പേര് പോലെ തന്നെ വണ്‍ മില്യണ്‍ അഥവാ 10 ലക്ഷം ബോക്‌സുകളാണ് വെബ്‌സൈറ്റിലുള്ളത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ഇതിലെ ഓരോ ബോക്‌സ് ആയി തുറക്കുക. മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുമ്പോള്‍ ബോക്‌സ് തുറക്കും അഥവാ ചെക്ക് ചെയ്യും. അങ്ങനെ ഓരോരുത്തരും ഓരോ ബോക്‌സായി തുറക്കുമ്പോള്‍ പടിപടിയായി 10 ലക്ഷം ബോക്‌സുകളും തുറക്കപ്പെടുകയും, ഗെയിം തീരുകയും ചെയ്യും. ഇതെന്ത് ഗെയിം എന്ന് ചോദിക്കാന്‍ വരട്ടെ, ബോക്‌സുകള്‍ തുറക്കും പോലെ തന്നെ തുറന്ന ബോക്‌സുകള്‍ അടയ്ക്കാനും (അണ്‍ചെക്ക്) ഓപ്ഷനുണ്ട്. അതായത് നിങ്ങള്‍ ഒരു ബോക്‌സ് തുറക്കുകയാണെങ്കില്‍ ഉടനടി തന്നെ അത് അടയ്ക്കാനും ഗെയിം കളിക്കുന്ന പലരും കാത്തുനില്‍പ്പുണ്ടാവും. അങ്ങനെ വരുമ്പോള്‍ 10 ലക്ഷം ബോക്‌സുകളും തുറക്കുക എന്നത് എളുപ്പമാകില്ല. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായില്ലേ? അതിനാലാണ് ഈ ഗെയിമിനെ ഭ്രാന്തന്‍ കളി എന്ന് നേരത്തെ വിശേഷിപ്പിച്ചത്.

അതേസമയം ഈ ഗെയിം ഇത്രയും വൈറലാകുമെന്ന് നിര്‍മ്മിച്ച നോളന്‍ റോയല്‍റ്റി പോലും കരുതിയിരുന്നില്ല എന്നതാണ് സത്യം. 500 പേര്‍ ഗെയിം കളിച്ചാല്‍ പോലും തനിക്ക് സന്തോഷമാകുമായിരുന്നു എന്നാണ് റോയല്‍റ്റി പറയുന്നത്. എന്നാല്‍ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് ഇത് കളിച്ചിരിക്കുന്നത്. അങ്ങനെ ആറര ലക്ഷത്തിലധികം ബോക്‌സുകള്‍ നിലവില്‍ തുറന്നുകഴിഞ്ഞു. ഇനിയുള്ള ബോക്‌സുകള്‍ തുറക്കാനും, അടയ്ക്കാനുമായി കടുത്ത മത്സരമാണ് വണ്‍ മില്യണ്‍ ചെക്ക് ബോക്‌സസില്‍ നടന്നുവരുന്നത്. ചിലര്‍ ബോട്ടുകള്‍ ഉപയോഗിച്ച് പതിനായിരക്കണക്കിന് ബോക്‌സുകള്‍ ചെക്ക്, അണ്‍ചെക്ക് ചെയ്യുന്നുമുണ്ട്.

എന്തുകൊണ്ടാണ് ഈ ഗെയിം ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന്, 'നമ്പര്‍ മുകളിലേയ്ക്ക് പോകുന്നത് കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു' എന്ന ലളിതമായ ഉത്തരമാണ് റോയല്‍റ്റി നല്‍കുന്നത്. ഒപ്പം ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത ഒരു ഗെയിമാണിത്. മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുക മാത്രം ചെയ്താല്‍ മതി. ഇന്റര്‍നെറ്റ് എന്നാല്‍ രസകരമാകണം എന്ന ചിന്തയില്‍ നിന്നുകൂടിയാണ് ഈ ഗെയിം പിറന്നതെന്ന് റോയല്‍റ്റി പറയുന്നു.

അതേസമയം കളിക്കാര്‍ കൂട്ടമായി എത്തിയതോടെ പലതവണ സൈറ്റ് ക്രാഷ് ആയിരുന്നു. കൂടാതെ ഒരു തവണ സൈബര്‍ അറ്റാക്കും ഉണ്ടായി. ഇതെല്ലാം റോയല്‍റ്റി തന്നെ പരിഹരിച്ചു. ദിവസേന 60 മുതല്‍ 70 ഡോളര്‍ വരെയാണ് സൈറ്റ് നടത്തിപ്പിനായി ചെലവാകുന്നത്.

ഗെയിമിലെ വിജയി ആരാകുമെന്ന ചോദ്യത്തിന് റോയല്‍റ്റി പറയുന്ന ഉത്തരം അവസാനത്തെ അതായത് പത്താം ലക്ഷത്തിലെ ബോക്‌സ് ഓപ്പണ്‍ ചെയ്യുന്ന ആള്‍ ആയേക്കും എന്നാണ്. ഈ ഭ്രാന്തന്‍ ഗെയിമിലെ വിജയിക്കുള്ള സമ്മാനം എന്താണെന്ന് പക്ഷേ റോയല്‍റ്റി വ്യക്തമാക്കിയില്ല.

(കടപ്പാട്: വാഷിങ്ടൺ പോസ്റ്റ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക