ഓട്ടവ : കാനഡയിലെത്തുന്ന ഇന്ത്യൻ, നൈജീരിയൻ സന്ദർശകരെ കനേഡിയൻ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ) ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുന്നു. അതിർത്തി സുരക്ഷ ഉറപ്പു വരുത്താൻ സിബിഎസ്എ കർശന നടപടി സ്വീകരിച്ചതോടെ അംഗീകൃത സന്ദർശക വീസയുള്ള കുടുംബാംഗങ്ങൾക്ക് പോലും പ്രവേശനം നിഷേധിക്കുന്നത് തുടർക്കഥയാകുന്നതായി റിപ്പോർട്ട്.
തങ്ങളുടെ കുടുംബാംഗങ്ങളെ കാണാൻ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ കാനഡ സന്ദർശിക്കുന്ന ആളുകൾക്ക് വരെ ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ടൊറൻ്റോ, മൺട്രിയോൾ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ഒന്നിലധികം നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 8-ന് മൺട്രിയോൾ വിമാനത്താവളത്തിൽ എയർ കാനഡ ഫ്‌ളൈറ്റ് നമ്പർ എസി-51-ൽ എത്തിയ നാൽപ്പതിലധികം മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള ഇന്ത്യൻ സന്ദർശകർക്ക് പ്രവേശനം നിഷേധിക്കുകയും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പകരമായി, അഭയാർത്ഥി കേസിന് അപേക്ഷിക്കുക എന്ന നിർദ്ദേശമാണ് സിബിഎസ്എ ഉദ്യോഗസ്ഥർ മുന്നോട്ടു വയ്ക്കുന്നത്.
സന്ദർശക വീസ അടക്കമുള്ള മറ്റു വീസകളിലൂടെ കാനഡയിൽ പ്രവേശിക്കാനാവില്ലെന്ന വസ്തുതയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. വിദേശ പൗരന്മാർക്ക് കാനഡയിൽ പ്രവേശനം നിഷേധിക്കാൻ സിബിഎസ്എ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ, സിബിഎസ്എ ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതിന് ശേഷം അഭയാർത്ഥി കേസ് ഫയൽ ചെയ്യാൻ നിർദ്ദേശിക്കുന്നു എന്നതാണ് ആശങ്കാജനകമായ ഒരു പ്രധാന ഘടകം.